Coverstory

വിശുദ്ധ ഫ്രാൻസിസ് ഇന്നും ജീവിക്കുന്നു

ഫാ. എബിൻ മടത്തുംകുടി OFM Conv.
അസ്സീസിയുടെ തെരുവുകളിൽ ദൈവസ്നേഹം നിറഞ്ഞു തുളുമ്പി, സർവസൃഷ്ടജാലങ്ങളെയും സഹജീവികൾ ആയി കണ്ട്, സൗമ്യമായും, ശാന്തമായും ലോകം മുഴുവനും സമാധാനവും ശാന്തിയും നിറയാൻ വേണ്ടി പ്രാർത്ഥിച്ചും, പ്രവർത്തിച്ചും ജീവിച്ച വിശുദ്ധ ഫ്രാൻസിസിന്റെ സാന്നിധ്യം ഇന്നും ഒട്ടും ഒളിമങ്ങാതെ നിറഞ്ഞു നിൽക്കുന്നു.

“വിശുദ്ധ ഫ്രാൻസിസ് ഇന്നും ജീവിക്കുന്നു” (SAN FRANCESCO VIVE) എന്നതാണ് വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം മരണവാർഷിക ത്തോടനുബന്ധിച്ചുള്ള മുഖ്യ ചിന്താ പ്രമേയം. യഥാർത്ഥത്തിൽ അതുതന്നെയാണ് അസ്സീസിയിലെ ഈ ദിവസങ്ങളിൽ നിന്നുള്ള അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. 800 വർഷങ്ങൾക്ക് മുൻപ് ജീവിച്ചു മരിച്ച ഒരു മനുഷ്യൻ ഇന്നും ജനഹൃദയങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നും എത്രമാത്രം സ്വാധീനിച്ചു കൊണ്ടിരിക്കുന്നു എന്നതിനും തെളിവാണ് അസ്സീസിയിലെ തീർത്ഥാടകരുടെ തിരക്ക്. അനേകായിരങ്ങൾ ഓരോ ദിവസവും വന്ന് കണ്ടു വണങ്ങി അനുഗ്രഹങ്ങൾ പ്രാപിച്ച് കടന്നു പോകുന്നു.

ഈ ഒരു അവസരത്തിൽ ഇവിടെയായിരിക്കാൻ സാധിച്ചതിലുള്ള ദൈവാനുഗ്രഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.. നമ്മുടെ സന്യാസ ജീവിതത്തിന്റെ പിതാവും അടിസ്ഥാനവും ഐഡൻറിറ്റിയുമായ വിശുദ്ധ ഫ്രാൻസിസ് ജീവിച്ചു മരിച്ച സ്ഥലം.... നിലത്തുവീണ അഴിഞ്ഞ ഗോതമ്പുമണിയെ അനുസ്മരിപ്പിക്കും വിധം വളരെ ശിഥിലമായ പുണ്യാവശിഷ്ടങ്ങൾ. ഇത് ആരെയും ഒരു നിമിഷം ഒന്ന് ചിന്തിപ്പിക്കുന്നതും, ഉള്ളിൽ വിങ്ങൽ നിറക്കുന്നതുമായ ഒരു അനുഭവം നൽകുന്നതാണ്. ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് കബറിടത്തിൽ, വിശുദ്ധന്റെ പുണ്യജീവിത ശരീരഭാഗങ്ങൾ കണ്ട് അതിനടുത്ത് ചെന്നപ്പോൾ ശരീരവും മനസ്സും ഒരു പ്രത്യേക അവസ്ഥയിലേക്ക് മാറുന്നതും ഉള്ളിൽ ഒരു വേദന നിറയുന്നതായും ഒരു തണുപ്പ് അനുഭവപ്പെടുന്നതായും തോന്നി. ഇതുവരെ കേട്ടതും, ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ളതുമായ ലോകത്തിലെ ഏറ്റവും വലിയ “ചെറിയ മനുഷ്യൻ”(THE POVERELLO) ഇതാ കൺമുമ്പിൽ. ആദ്യമായി അസ്സീസിയിൽ വന്നപ്പോൾ ഉണ്ടായതിനേക്കാൾ ശക്തവും വ്യക്തവുമായ വിശുദ്ധ ഫ്രാൻസിസിന്റെ പിതൃസാമീപ്യവും, വാത്സല്യവും, സന്തോഷവും, സങ്കടവും എല്ലാം ഉള്ള സമ്മിശ്ര വികാരങ്ങൾ മനസ്സിൽ ആഴത്തിൽ സൃഷ്ടിക്കുന്ന വർണ്ണനാതീതമായ ഒരു അവസ്ഥ. അൽപനേരത്തെ നിശബ്ദതയും ആ പ്രത്യേക അവസ്ഥയും കഴിഞ്ഞപ്പോൾ കാഴ്ച മെല്ലെ മങ്ങിയിരുന്നു. കാരണം എവിടെ നിന്നോ ഒരു നോവ് അറിയാതെ മിഴികളെ നിറച്ചു. പിന്നീട് പിതാവിന്റെ മുൻപിൽ മണിക്കൂറുകൾ ചെലവഴിക്കാൻ സാധിച്ചു. അതുവരെ വിശുദ്ധന്റെ പുണ്യ ശരീര ഭാഗങ്ങൾ ഒന്ന് കാണുവാൻ, ആ ചില്ലുപെട്ടിയിൽ ഒന്ന് തൊടുവാൻ സാധിക്കുമോ, എന്നൊക്കെ വിചാരിച്ചിരുന്ന എനിക്ക് ഇത് വളരെ അവിശ്വസനീയമായി അനുഭവപ്പെട്ടു. തുടർന്ന് അവിടെ ഇരുന്ന സമയം ദൈവത്തിനു നന്ദി പറയണമോ, വിശുദ്ധ ഫ്രാൻസിസിനോട് പ്രാർത്ഥിക്കണമോ, സന്തോഷിക്കണമോ, ദുഃഖിക്കണമോ എന്നുള്ള പ്രത്യേക അവസ്ഥയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സ് വലിയൊരു ശാന്തതയിലേക്കും ആർദ്രതയിലേക്കും അറിയാതെ മാറി. പിന്നീട് ടിവി ചാനലുകാർക്കുവേണ്ടി ഫ്രയേഴ്സ് പുറത്തു പോകണം എന്നു പറഞ്ഞപ്പോഴാണ് സമയം എത്ര വേഗത്തിൽ കടന്നുപോയി എന്ന് മനസ്സിലായത്. അതിനുശേഷം വൈകുന്നേരം നാലു മണിക്കുള്ള ആഘോഷമായ വിശുദ്ധന്റെ ശരീരം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിനുവേണ്ടി ഒരുങ്ങി, പറഞ്ഞതിലും വളരെ നേരത്തെ തന്നെ എല്ലാവരും തയ്യാറായിരുന്നു. വളരെയേറെ ഭക്തിയോടും ഒരുക്കത്തോടും കൂടെ എല്ലാ സഹോദരന്മാരും അവിടെ നിശബ്ദതയിൽ ഒത്തുകൂടി. എല്ലാവരുടെയും മുഖത്ത് എന്തോ ഒരു പ്രത്യേക മുഖഭാവം നിറഞ്ഞു നിൽക്കുന്നതായി തോന്നി.

ആദ്യ തീരുമാനം അനുസരിച്ച് കബറിടത്തിൽ നിന്നും നാല് ജോലിക്കാർ വിശുദ്ധന്റെ ശരീരം താഴത്തെ ബസിലിക്കയിലേക്കു കൊണ്ടുവരികയും തുടർന്ന് നാല് സഹോദരന്മാർ അൾത്താരയുടെ മുൻപിലേക്ക് വഹിക്കുകയും ചെയ്യും എന്നായിരുന്നു. എന്നാൽ ദൈവത്തിന്റെ പ്രത്യേക പദ്ധതി എന്നതുപോലെ വിശുദ്ധന്റെ കബറിടത്തിൽ നിന്നും നാല് സഹോദരന്മാർ ബസിലിക്കയിലേക്ക് ശരീരം എടുക്കണമെന്നും അതിലേക്ക് നാലു പേരെ തിരഞ്ഞെടുക്കുകയും അതിൽ എനിക്ക് അവസരം ലഭിക്കുകയും ചെയ്തു. ആ പുണ്യ ശരീരഭാഗങ്ങൾ കൈകളിൽ വഹിച്ചപ്പോൾ വാക്കുകളാൽ വർണിക്കാനാവാത്ത ഒരു പ്രത്യേക അനുഭവവും, പേടിയും എല്ലാം ഒരുമിച്ച് ഉണ്ടായി. പേടിക്കു കാരണം വിശുദ്ധന്റെ പുണ്യ ശരീരഭാഗങ്ങൾ ഒന്നും തന്നെ ആ ചില്ലുപെട്ടിക്കുള്ളിൽ ഉറപ്പിച്ചിട്ടുള്ളതല്ല. രണ്ടുതവണ ലിറ്റർജി പ്രാക്ടീസ് നടന്നപ്പോഴും എല്ലാവരും ഓർമ്മിപ്പിച്ചതും കബറിടത്തിൽ നിന്നും ബസിലിക്കയിലേക്കുള്ള മൂന്ന് സെക്ഷൻ നടകൾ കയറുമ്പോൾ ഉണ്ടാകേണ്ട കൃത്യതയും, സൂക്ഷ്മതയേയും, ശ്രദ്ധയെയും കുറിച്ചായിരുന്നു. എന്നാൽ ദൈവാനുഗ്രഹത്താൽ എല്ലാം വളരെ ഭംഗിയായി നടന്നു.

22 ഞായർ മുതൽ പിന്നീടുള്ള ദിവസങ്ങൾ അസ്സീസി പട്ടണം വേനൽക്കാലത്തേത് എന്നതുപോലെ ജനനിബിഡമായി. ശരീരത്തിലേക്ക് അവരറിയാതെ തന്നെ അരിച്ചിറങ്ങുന്ന തണുപ്പിനുള്ളിലും ജനങ്ങൾ വളരെ ക്ഷമയോടും, അച്ചടക്കത്തോടും, നിശബ്ദതയോടും പ്രാർത്ഥനയോടും കൂടെ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധനെ കാണുവാൻ വേണ്ടി കാത്തു നിന്നു. എല്ലാം നല്ല രീതിയിൽ ക്രമീകരിച്ചിരുന്നുവെങ്കിലും ആദ്യ ദിനത്തിന്റെ ആശങ്കയും ആകുലതകളും എല്ലാം അധികാരികളിലും മറ്റ് സഹോദരന്മാരിലും നിറഞ്ഞു നിന്നിരുന്നു. എന്നാൽ മണിക്കൂറുകൾക്കുശേഷം അത് സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, മന്ദസ്മിതങ്ങൾ ആയി അവർ പരസ്പരം കൈമാറി. ഈ തണുപ്പ് കാലാവസ്ഥയിലും ജനങ്ങൾക്ക് വിശുദ്ധന്റെ ജീവസാന്നിധ്യം എന്നതുപോലെ സൂര്യ സഹോദരൻ പതിവിലും ഭംഗിയായി കത്തിനിന്നു. പിന്നീട് ആ വിശുദ്ധ സാന്നിധ്യം എല്ലാ ദിവസവും, ഏത് കാലാവസ്ഥയിലും എല്ലാ തീർത്ഥാടകർക്കും, തങ്ങളുടെ ജീവിതത്തിലെ ഒരു അവിസ്മരണീയ ദിനം ആക്കി മാറ്റി. എല്ലാ ദിവസവും പത്തിലേറെ വൈദികർ രാവിലെ ഏഴര മുതൽ വൈകിട്ട് എട്ടു മണിവരെ കുമ്പസാരം എന്ന കൂദാശയ്ക്കായി എപ്പോഴും ഉണ്ട്. ജനങ്ങളുടെ ആഴത്തിലുള്ള ഒരുക്കവും, വിശുദ്ധനോടുള്ള സ്നേഹവും, വിശുദ്ധന്റെ പുണ്യ ശരീരഭാഗങ്ങൾ കണ്ടതിനുശേഷം ഉള്ള അവരുടെ അനുഭവങ്ങളും, പ്രാർത്ഥനകളും, എവിടെയും വെച്ച് തീർത്ഥാടകർ ഫ്രയേഴ്‌സുമായ് പങ്കുവെച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധനെ കണ്ടു വണങ്ങുന്നതിനായി വരുന്ന നല്ലൊരു ശതമാനംപേർക്കും വിശുദ്ധന്റെ ആത്മീയ സാന്നിധ്യം ശക്തമായ ഒരു അനുഭവമായി തോന്നിയിട്ടുണ്ട്, എന്നുള്ളത് നിസ്സംശയമായ ഒരു വസ്തുതയാണ്. കാരണം സന്തോഷ സങ്കട സമ്മിശ്ര വികാരങ്ങളോടുകൂടെയാണ് പലരും തങ്ങളുടെ അനുഭവം പങ്കുവെച്ചത്.

ഈ വിശുദ്ധ ജീവിതം ഇന്നും എങ്ങനെ ജനങ്ങളെ സ്വാധീനിക്കുന്നു എന്നും, ഈ ജീവിതം എത്ര വിലപ്പെട്ടതാണെന്നും, സുവിശേഷം എത്രമേൽ ഭംഗിയായി ജീവിക്കാം, എന്നും ദാരിദ്ര്യ, അനുസരണ, ബ്രഹ്മചര്യ വ്രതങ്ങളുടെ ആഴവും പരപ്പും എത്ര സമുന്നതമാണെന്നും, സൗമ്യമാണെന്നും ഉള്ള വലിയ ഓർമ്മപ്പെടുത്തലുകളും, വെല്ലുവിളിയും, വിശുദ്ധ ഫ്രാൻസിസിന്റെ പുണ്യ ശരീരഭാഗങ്ങൾ വിളിച്ചോതുന്നതുപോലെ. “എപ്പോഴും സുവിശേഷം പ്രസംഗിക്കുക, ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക” എന്നു പറഞ്ഞ വിശുദ്ധ ഫ്രാൻസിസിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ഇന്നും ജനങ്ങളോട് സംവദിക്കുന്നതായി നമുക്ക് തോന്നും. അസ്സീസിയുടെ തെരുവുകളിൽ ദൈവസ്നേഹം നിറഞ്ഞു തുളുമ്പി, സർവസൃഷ്ടജാലങ്ങളെയും സഹജീവികൾ ആയി കണ്ട്, സൗമ്യമായും, ശാന്തമായും ലോകം മുഴുവനും സമാധാനവും ശാന്തിയും നിറയാൻ വേണ്ടി പ്രാർത്ഥിച്ചും, പ്രവർത്തിച്ചും ജീവിച്ച വിശുദ്ധ ഫ്രാൻസിസിന്റെ സാന്നിധ്യം ഇന്നും ഒട്ടും ഒളിമങ്ങാതെ നിറഞ്ഞു നിൽക്കുന്നു. മാതൃകയും വെല്ലുവിളിയുമായി വിശുദ്ധ ഫ്രാൻസിസ് ഇന്നും ജീവിക്കുന്നു...

സാമുവൽ - Chap 02 [3 of 3]

സഭയും ഫ്യൂഡലിസവും

രാജ്ഞിയായ മേരി : ആഗസ്റ്റ് 22

🐛 ശലഭങ്ങൾക്ക് പഴയ ഓർമ്മകൾ കാണുമോ?🦋✨

സ്വാഗതം