Coverstory

ആന്തരിക സംഘർഷങ്ങളിലെ ആത്മഗതം

മിസ്സിസ് ശാന്തി ബിജു
  • ‘എന്റെ നാവ് ചലനം മറന്നിരിക്കുന്നു

  • ഞാൻ സംസാരിക്കുന്നത് ആത്മാക്കളോടാണ്

  • എന്റെ ഭാഷ മൂകമാണ്

  • ആത്മാക്കളുടെതും അങ്ങനെ തന്നെ.’

ഒരിക്കൽ ഞാൻ എന്റെ ഡയറി ത്താളുകളിൽ എഴുതിയ വാക്കുകൾ. ഭർത്താവ് മരിച്ചതിനുശേഷം ഒരു സ്ത്രീ അകപ്പെട്ടു പോകുന്ന ഒരു ചുഴിയുണ്ട്. അത് അവളെ മരണാഴ ങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. അതിനുള്ളിൽ കിടന്ന് അവൾ ശ്വാസംമുട്ടും. പുറത്തു കടക്കുക എന്നുള്ളത് ഇനി സാധ്യമല്ല എന്ന് ചിന്തിച്ച് വിധിക്ക് കീഴടങ്ങാൻ അവൾ തയ്യാറാകും.

ഒരു മനുഷ്യൻ ആത്മാർത്ഥമായി ഏറ്റവും അധികം സംസാരിക്കുന്നത് അവനവനോടു തന്നെ ആയിരിക്കും. ഒരു വിധവയുടെ കാര്യത്തിൽ അതിന്റെ ആഴം കൂടും. തന്റെ സങ്കടങ്ങളും ആകുലതകളും എല്ലാം തന്നോട് തന്നെ സംവദിച്ച് ‘ഞാനും ഞാനും’ എന്ന സൂത്രവാക്യം അവൾ കണ്ടെത്തുന്നു. ഒരു നൂലിഴയിടയ്ക്ക പ്പുറത്ത് ഭ്രാന്തിന്റെ ഉന്മാദത്തിലേക്ക് വഴുതിവീണു പോയേക്കാവുന്ന തലച്ചോറിന്റെ പ്രക്ഷുബ്ധതകളെ സ്വയം നിയന്ത്രിച്ച് തിരികെ ബോധത്തിലേക്ക് കൊണ്ടുവരാൻ അവൾ കഠിനപ്രയത്നം നടത്തേണ്ടി വരും. ഒറ്റപ്പെടലും ഏകാന്തതയും ഭീകരതകൾ സൃഷ്ടിക്കുമ്പോൾ അവൾ തിരിച്ചറിയും താനിപ്പോൾ ഒരു ‘വിധവ’യാണ്. പിന്നീട് വിധവകൾക്കായി തലമുറകളായി കൈമാറി കിട്ടിയിട്ടുള്ള ചട്ടക്കൂടിനക ത്തേക്ക് തന്റെ ജീവിതത്തെ അവൾ എടുത്തു വയ്ക്കുന്നു. വിധവ ചിരിക്ക രുത് (ചിരിയുടെ അളവുകോൽ ഉണ്ട്) നല്ല വസ്ത്രം ധരിക്കരുത് (കളർ, തിളക്കം, പാറ്റേൺ), അധികം സംസാരിക്കരുത് (പ്രത്യേകിച്ച് പുരുഷന്മാരോട്), പുറത്തിറങ്ങുന്ന തിന് സമയനിഷ്ഠകൾ പാലിക്കണം, ശുഭകാര്യങ്ങളിൽ മുൻ സ്ഥാന ങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം, ഉല്ലാസങ്ങളും ആഹ്ലാദപ്രകടന ങ്ങളും നിയന്ത്രിതമാക്കണം, സൗഹൃദങ്ങൾക്കും സാഹോദര്യ ങ്ങൾക്കുപോലും അതിർവരമ്പുകൾ നിശ്ചയിക്കപ്പെടും. അങ്ങനെ അങ്ങനെ അരുതായ്മകളുടെ മറ്റൊരു ലോകം. പുഴയുടെ നടുവിൽ ചിറകെട്ടി അവൾ അതിൽ സ്വയം ബലിയർപ്പണം നടത്തുന്നു.

ഉത്തരവാദിത്വങ്ങൾ ഒറ്റയ്ക്ക് തോളി ലേറ്റുമ്പോൾ ഉലഞ്ഞു പോകുന്നതും കുനിഞ്ഞു പോകുന്നതും അത്താണിയില്ലാതെ തളർന്നു പോകുന്നതും പതിയെ പതിയെ അവൾക്കൊരു ശീലമാകുന്നു. മറ്റെന്തിനെക്കാളും അധികമായി തന്നെ മാത്രം നോക്കി വളരുന്ന മക്കളുടെ മുൻപിൽ അവർക്ക് ആശ്രയമാകുന്ന അമ്മയാകുവാൻ സ്വന്തം സങ്കടങ്ങളെയും ആകുലത കളെയും നിയന്ത്രിച്ച് മക്കളുടെ വികാരങ്ങളെയും വിചാരങ്ങളെയും ചേർത്തു പിടിക്കുവാൻ അവൾ മറ്റൊരാളായി മാറേണ്ടി വരുന്നു. സ്വയം സംരക്ഷിക്കുവാനും കുടുംബത്തെ സംരക്ഷിക്കുവാനും അവൾ എടുത്തിടുന്ന പുറംകവച ത്തിന് അഹങ്കാരി, തന്റേടി തുടങ്ങിയ വിളിപ്പേരുകൾ കൂടി ചാർത്തി കിട്ടുന്നു.

ഒരു മനുഷ്യൻ ആത്മാർത്ഥമായി ഏറ്റവും അധികം സംസാരിക്കുന്നത് അവനവനോടു തന്നെ ആയിരിക്കും. ഒരു വിധവയുടെ കാര്യത്തിൽ അതിന്റെ ആഴം കൂടും. തന്റെ സങ്കടങ്ങളും ആകുലതകളും എല്ലാം തന്നോട് തന്നെ സംവദിച്ച് ‘ഞാനും ഞാനും’ എന്ന സൂത്രവാക്യം അവൾ കണ്ടെത്തുന്നു.

മാനസികവും ശാരീരികവും വൈകാരികവുമായ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നോട്ടുപോകേണ്ടത് അവളുടെ അനിവാര്യതയാണെന്നും വീഴ്ചവരുത്തിയാൽ സതിയേക്കാൾ ക്രൂരമായ മാനസിക പീഡനത്തിന് ഇരയാകേണ്ടി വരുന്നത് അവളുടെ വിധിയാണെന്നും ആരോ എവിടെയോ നിന്ന് പറയുന്നതുപോലെ. അലിഖിത നിയമങ്ങളുടെ വിചാരണക്കൂട്ടിൽ വിധി കല്പിക്കുന്നത് ആരെന്നറിയാതെ ഓരോ ഉറക്കത്തിൽ നിന്നും അവൾ ഞെട്ടി ഉണരുന്നു.

പിന്നീട് ജീവിതയാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ അവൾ തന്നെ തന്നെ ഒരുക്കി സർവേശ്വരനിൽ സർവവും സമർപ്പിച്ച് പുറത്തേക്കിറങ്ങുമ്പോൾ ലക്ഷ്യങ്ങളും നിശ്ചയ ദാർഢ്യത്താൽ ഉറച്ച മനസ്സും അവളുടെ കാലുകൾക്ക് ബലം നൽകുന്നത് അവൾ അറിയുന്നു. ഓരോരോ പടവുകളായി ചവിട്ടി ക്കയറുമ്പോൾ താൻ പോലും അറിയാതെ തന്നിൽ ഉറങ്ങിക്കിടന്നിരുന്ന കഴിവുകളെയും തന്റെ ചുറ്റിലും ഉണ്ടായിരുന്ന സാധ്യതകളെയും അദ്ഭുതത്തോടെ അവൾ നോക്കിക്കാണാൻ തുടങ്ങുന്നു. പെണ്ണകത്തിന്റെ കരുത്ത് തിരിച്ചറി യാൻ സാധിക്കുന്നവളിൽ നിന്ന് ഭയം ഇല്ലാതാകുന്നു. തന്റെ ജീവിതത്തിൽ മാത്രമല്ല മറ്റുള്ളവരുടെ ജീവിതങ്ങളിലും അദ്ഭുതങ്ങൾ സൃഷ്ടി ക്കാൻ കഴിയുന്ന മാന്ത്രിക ദണ്ഡ് ദൈവം തന്റെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു എന്ന ബോധ്യം കൂടുതൽ സാമൂഹിക പ്രതിബദ്ധത ഉള്ളവളായി മാറാൻ അവളെ പ്രചോദിപ്പിക്കുന്നു.

ഒരേ ദിശയിൽ പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ പോലെ ഒന്നിനോടൊന്ന് ചേർന്നുവന്ന് ലക്ഷ്യം വച്ച് പറക്കുവാൻ വഴി കാണിച്ചു തരുന്ന നേതൃത്വങ്ങളും കൂട്ടായ്മകളും എത്രത്തോളം വിധവാസമൂഹത്തിന് ആവശ്യമാണെന്നും അതിനായി പ്രത്യേക പ്രവർത്തന പദ്ധതികളും ഒരുപക്ഷേ നിയമനിർമ്മിതികൾ തന്നെയും അനിവാര്യമാണെന്നും ചിന്തിക്കപ്പെടേണ്ടതുണ്ട്. കാരണം, പേടിച്ചും (Fear), മരവിച്ചും (Freeze), യുദ്ധം (Fight) ചെയ്തും അവൾ തളർന്നുവീണു പോയേക്കാം.

ഇന്ന് യൂദിത്ത് ഫോറം പോലെ വിധവകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സഭാ തലങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനകൾ പ്രത്യേകമാംവിധം പ്രശംസ അർഹിക്കുന്നുണ്ട്. വിധവകൾ തന്നെ വിധവ കളെ ശാക്തീകരിക്കുക, വൈധവ്യത്തിന്റെ തനിമയെ കണ്ടെത്തുക, പരസ്പരം സൗഹൃദ ങ്ങൾ സൃഷ്ടിക്കുക, വൈധവ്യജീവിതം എന്ന വിളിയെ വിവേചിച്ചറിയാൻ സഹായിക്കുക, കേവലം സ്വീകർത്താവിൽ നിന്ന് ദാതാവിലേക്ക് വളരുന്ന വിധത്തിൽ വൈധവ്യത്തെ പുനർനിർവചിക്കുക, പ്രത്യേക പരിശീലനത്തി ലൂടെ ജീവിതനൈപുണികളെ സ്വായത്തമാക്കി വൈധവ്യജീവിതത്തെ പരിപോഷിപ്പിക്കുവാൻ സഹായിക്കുക തുടങ്ങി ഒട്ടനവധി പുത്തൻ സമീപനങ്ങൾ വിധവകളുടെ ക്ഷേമത്തിനു വേണ്ടി യൂദിത്ത് ഫോറം ചെയ്തു വരുന്നു. എന്നിരുന്നാലും ഒരു സഭാസമൂഹത്തിൽ മാത്രം ഒതുങ്ങാതെ ക്രിസ്ത്യനും ഹിന്ദുവും മുസ്ലീമും എന്ന അതിർവരമ്പുകൾക്കപ്പുറം അവൾ ഒരു സ്ത്രീയാണെന്നും ഒരു മനുഷ്യനാണെ ന്നുമുള്ള ബോധത്തിൽ, ഞങ്ങളുണ്ട് കൂടെ എന്നു പറഞ്ഞ് കരം പിടിക്കു വാൻ, വിലക്കപ്പെട്ട ജീവിതമല്ല നിന്റേത് വിലയുള്ള ജീവിതമാണെന്ന് അവളെ പ്രചോദിപ്പിക്കുവാൻ മനസ്സിന് തുറവിയുള്ള ഒരു സമൂഹം ഉണ്ടാകട്ടെ.

അപ്രകാരമുള്ള ഒരു സമൂഹ രൂപീകരണത്തിൽ ചുവടെ ചേർക്കുന്ന ചില ചോദ്യങ്ങളും പ്രസക്തമാണ്.

  • 1. ഇന്നും നമ്മുടെ സമൂഹത്തിൽ വിധവകൾക്ക് പ്രതികൂലമായി നിൽക്കുന്ന സാമൂഹിക മനോഭാവ ങ്ങളും ശീലങ്ങളും എന്തെല്ലാമാണ് ?

  • 2. ഇപ്രകാരമുള്ള സാമൂഹിക കാഴ്ചപ്പാടുകളുടെ അടിസ്ഥാന കാരണങ്ങൾ എന്തെല്ലാമാണ് ?

  • 3. വൈധവ്യ ജീവിതാന്തസ്സിനെ ബഹുമാനിക്കാൻ തക്കവിധത്തിൽ ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യങ്ങൾ ഏവ ?

  • 4. വിഷാദ അവസ്ഥയിൽ നിന്ന് ആനന്ദാവസ്ഥയിലേക്ക് വിധവകളെ നയിക്കാൻ ഇന്നത്തെ സമൂഹത്തിൽ രൂപപ്പെടുത്തേണ്ട പദ്ധതികൾ ഏവ?

  • 5. ഈ പദ്ധതി രൂപീകരണത്തിൽ എറണാകുളം-അങ്കമാലി അതിരൂപത യൂദിത്ത് ഫോറത്തെ എങ്ങനെ മാതൃകയാക്കാം?

മനസ്സിലാക്കപ്പെടലിന് അളവു കോൽ നിശ്ചയിക്കുവാൻ സാധിക്കു കയില്ല. എന്നിരുന്നാലും എല്ലാ വിധവകളും കടന്നുപോകുന്ന വൈധവ്യ വെല്ലുവിളികൾ ഏറെ ക്കുറെ സമാനതകൾ നിറഞ്ഞ താണ്. വൈധവ്യ ജീവിതത്തിന്റെ കാല പ്രയാണങ്ങളിൽ ചില്ലുകൂട്ടിലെ പ്രതിബിംബങ്ങളെ എന്നപോലെ ഓരോ വിധവയും പരസ്പരം കണ്ടു മുട്ടുന്നുണ്ട്. കുറച്ചുകൂടി ശാസ്ത്രീയ മായ രീതിയിൽ പറഞ്ഞാൽ ഒരു വിധവ കടന്നുപോകുന്ന ചില ഘട്ടങ്ങളുണ്ട് (Stages).

1. Reaction stage - കരയുവാൻ മാത്രം സാധിക്കുന്നു.

2. Reality stage - യാഥാർത്ഥ്യം മനസ്സിലാക്കുന്നു.

3. Rebounding stage - തിരിച്ചടി കൾ നേരിടുന്നു.

4. Revival stage - ക്രിയാത്മകമായ തിരിച്ചുവരവ്

5. Reach out stage - പ്രകാശിത യായി സമൂഹത്തിലേക്ക് ഇറങ്ങുന്നു.

ഭൂമിയുടെ അടിത്തട്ടിൽ കിലോ മീറ്റർ ആഴത്തിൽ അത്യുഷ്ണവും അതി കഠിനമായ മർദവുമേറ്റ് വജ്രങ്ങൾ രൂപം കൊള്ളുന്നതുപോലെ അനേകം വെല്ലുവിളികളെ (Challenges) അതിജീവിച്ചാണ് ഒരു വിധവ പ്രകാശിതയായി മാറുന്നത്.

വളർന്നു പന്തലിച്ച വൃക്ഷത്തിലെ കായ്കളും കനികളും അപരന് അന്ന മാകുവാൻ അതിന്റെ വേര് കല്ലുകൾ ക്കും മണ്ണുകൾക്കും ഇടയിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത് ആഴങ്ങളിലേക്ക് പടരുന്നതുപോലെ ഓരോ വിധവയും ആഴങ്ങളെ അതി ജീവിച്ച് അപരനിലേക്ക് നീളുന്ന ശിഖരങ്ങളായി ഉയരുവാൻ അവൾ കടന്നുപോകേണ്ടിവരുന്ന സമ്മർദ ങ്ങളും അതിജീവനങ്ങളും നാം കാണാതെ പോകരുത്.

എന്തിനാണ് ഒരു സ്ത്രീയെ സ്വയം പൊരുതി നേടാൻ ഈ സമൂഹം ഭ്രഷ്ട് കല്പിക്കുന്നത്? പറ്റുമെങ്കിൽ നേടിക്കൊള്ളുക എന്ന് കല്പിച്ച് കയ്യൊഴിയുന്നത്? എന്നിട്ട് അവളുടെ ജീവിതത്തിൽ അല്ലെങ്കിൽ സമൂഹ ത്തിൽ അരാജകത്വം സംഭവിക്കു മ്പോൾ എന്തുകൊണ്ടാണ് അവളെ എറിയാൻ കല്ലുകൾ പെറുക്കുന്നത്? കല്ലെറിയാൻ ഉയർത്തുന്ന കരങ്ങൾ ക്ക് എന്തുകൊണ്ട് കണ്ണീരൊപ്പാൻ കഴിയുന്നില്ല.

തനിക്ക് മുന്നേ നടന്നു കയറിയ വർ അവശേഷിപ്പിച്ച കാല്പാടുകളിൽ ഇന്നും തങ്ങി നിൽക്കുന്ന വിയർപ്പ് തുള്ളികൾ അവരുടെ യാത്രകളുടെ കാഠിന്യം വിളിച്ചോതുന്നുണ്ട്. പൊടിഞ്ഞു വീണ രക്തത്തുള്ളികളെ സ്വീകരിച്ച ആ വഴിയോരങ്ങൾക്ക് ഒരുപക്ഷെ തങ്ങൾ കണ്ട ജീവിത ങ്ങളുടെ കഥകൾ ഇനിയും പറയുവാനുണ്ടാകും.

കാണാൻ കണ്ണുള്ളവർ കാണട്ടെ. കേൾക്കാൻ കാതുള്ളവർ കേൾക്കട്ടെ.

ദാമ്പത്യബന്ധങ്ങളിലെ മുഖ്യ നവീകരണ മേഖലകൾ

വാർദ്ധക്യകാല പരിചരണവും നമ്മുടെ സഭാസമൂഹവും

വിശുദ്ധ സിറില്‍ (370-444) : ജൂണ്‍ 27

പുതിയ തലമുറയ്ക്ക് പുതിയ രീതി

ദമ്പതികൾക്കായുള്ള സഹയാത്ര [Accompaniment]