

ജോമോൻ തച്ചിൽ, അങ്കമാലി
അങ്കമാലിയിൽ നവതിയുടെ നിറവിൽ ഇപ്പോൾ എത്തി നിൽക്കുന്ന പ്രസിദ്ധമായ ഒരു ആശുപത്രി. നേരിന്റെ നേർവഴിയിലൂടെ തൂലിക ചലിപ്പിക്കുന്ന സത്യദീപത്തിൽ ഈ ആശുപത്രിയുടെ ഒരു ചരിത്രം (ആഗസ്റ്റ് 12) പ്രസിദ്ധീകരിച്ചതായി കണ്ടു. അത് ഒരു പരസ്യത്തിന്റെ ഭാഗമാണോ എന്നറിയില്ല.കണ്ടത്തിൽ പിതാവു മുതൽ തട്ടിൽ പിതാവു വരെയും പഞ്ഞിക്കാരനച്ചൻ മുതൽ പാറക്കലച്ചൻ വരെയുമുള്ള മേൽപട്ടക്കാരുടെയും കീഴ്പട്ടക്കാരുടെയും വിവരണങ്ങൾ ആരെയും വിട്ടു പോകാതെ ഈ ലേഖനത്തിൽ കാണാം. എന്നാൽ അതിന്റെ നെടുംതൂണുകളായിരുന്ന പലരും തിരശീലയ്ക്ക് പുറകിൽ മറഞ്ഞു പോയി.
1996-ൽ രചിച്ച, കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ അവാർഡിന് അർഹമായ ഒരു ഗ്രന്ഥത്തിൽ അങ്കമാലിയുടെ ചരിത്രങ്ങൾ കുറിച്ചിട്ടുണ്ട്. അതിൽ മുകളിൽ പറഞ്ഞ ആശുപത്രിയുടെ ഒരു പേജ് വിവരണം ഉണ്ട്. ലിറ്റിൽ ഫ്ളവർ ആശുപത്രി എന്നല്ല അതിന്റെ തലക്കെട്ട്. പകരം പള്ളിവക ആശുപത്രി എന്നാണ്.
1936-ൽ ഈ ആശുപത്രി പ്രവർത്തനം ആരംഭിച്ചത് ഇപ്പോഴത്തെ അങ്കമാലി ജംഗ്ഷനിൽ അന്നത്തെ ചന്തക്ക് സമീപം ഉണ്ടായിരുന്ന ഒരു വാടക കെട്ടിടത്തിലായിരുന്നു. ഡോ. മാണി മണിക്യത്താൻ എന്ന ഒരു ഡോക്ടറും ഒരു കമ്പൗണ്ടറും മാത്രമായിരുന്നു അന്നത്തെ ആശുപത്രി ജീവനക്കാർ. പിന്നീട് ഏതാണ്ട് ഏഴു മാസങ്ങൾക്കുശേഷം അങ്കമാലി കിഴക്കേ പള്ളിയുടെ മുമ്പിലുള്ള കൽക്കുരിശിന് മുമ്പിലുള്ള ഒരു കെട്ടിടത്തിലേക്ക് മാറ്റി. ഇക്കാലത്താണ് കോതമംഗലം ധർമ്മഗിരിയിലെ മദർ ഹൈസിന്ദ്, മദർ ഇൻഫെന്റ് എന്നിവർ ആശുപത്രി സേവനത്തിന് എത്തിയത്. 1938-ലാണ് കാലടി റോഡിലുള്ള ഇപ്പോഴത്തെ ആസ്ഥാനത്തേക്ക് മാറ്റിയത്. 1950-ൽ മിലട്ടറി ഡോക്ടറും കോട്ടയം നിവാസിയുമായിരുന്ന ഡോ. ടി.യു. പുന്നനും ഇവിടെ സേവനം ചെയ്യാൻ എത്തിയതോടെ ആശുപത്രി പടിപടിയായി ഉയർച്ചയിലേക്ക് കടന്നു.
ഡോ. പുന്നന്റെ സേവനത്തിനു ശേഷം പള്ളിവക ആശുപത്രിയിൽ പ്രഗൽഭരായ പല ആതുര സേവകരും എത്തി. പാമ്പുകടി ചികിത്സയ്ക്ക് അങ്കമാലി ആശുപത്രി കേരളത്തിൽ പ്രസിദ്ധമായതിന്റെ പിന്നിൽ ഡോ. സി കെ ഈപ്പന്റെ വിദഗ്ദ്ധ ചികിത്സയായിരുന്നു. 2025 ലെ Dr Mary Kane Award ഇദ്ദേഹത്തിനാണ് ലഭിച്ചത്. കേരളത്തിലെ ഏറ്റവും പ്രശസ്തനായിരുന്ന നേത്ര ചികിത്സാ വിദഗ്ധൻ ഡോ. ടോണി ഫെർണാണ്ടസ് പള്ളിയാശുപത്രിയിൽ എത്തിയതോടെ അങ്കമാലിക്ക് പുറത്തുള്ളവർ ഈ ആശുപത്രിയെ വിളിച്ചിരുന്നത് ‘അങ്കമാലിയിലെ കണ്ണാശുപത്രി’ എന്നാണ്. കണ്ണിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം മൂലം കേരളത്തിൽ ആദ്യമായി ഒരു നേത്ര ബാങ്ക് സ്ഥാപിതമായി (1970). ഓസാനം മിഷൻ സംഘടനയുടെ സഹായത്തോടെ ആശുപത്രിയിൽ ആതുര സേവനത്തിനായി ഒരു വാഹനവും ലഭിച്ചു. 2008 ൽ കേന്ദ്ര സർക്കാർ ഇദ്ദേഹത്തിന് പത്മശ്രീ അവാർഡ് നൽകി ആദരിച്ചിരുന്നു. പോപ്പ് ബെനഡിക്റ്റ് 16-ാമൻ അൽമായർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ഷെവലിയാർ പദവി നൽകി. ഡോ. ബി. സി. റോയി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തും ഓർമ്മിക്കപ്പെടും. നവതികൾ പിന്നിട്ട ഡോ. ഈപ്പനും ഡോ. ടോണിയും ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നിന്നു വിരമിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. അവരുടെ കാലങ്ങളാണ് ഈ ആശുപത്രിയുടെ സുവർണ്ണകാലം. അങ്കമാലി പള്ളി ഇടവക വികാരിയായിരുന്ന ഫാ.ചെറിയാൻ പാറയ്ക്കലിന്റെ കാലത്താണ് പള്ളിയാശുപത്രിയുടെ ഭരണം എറണാകുളം അതിരൂപതയിലേക്ക് മാറ്റപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആതുരസേവനം ചെയ്യുന്ന ഡോക്ടർമാരെ അനുമോദിക്കാനും പുരസ്കാരം നൽകാനായി കൈരളി ടി.വി. ചാനൽ ഒരു പ്രോഗ്രാം സംഘടിപ്പിച്ചത് പലരും കണ്ടുകാണും. അതിൽ സിനിമാതാരം മമ്മൂട്ടി ഇങ്ങനെ പറഞ്ഞു. ദൈവത്തോട് ഏറ്റവും അടുത്തു നിൽക്കുന്നവരാണ് ഡോക്ടമാർ എന്ന് നമുക്കെല്ലാവർക്കും അറിയാം. വളരെ അർത്ഥവത്തായ വാക്കുകൾ. അവരെയും ഓർക്കുന്നതാണ് യഥാർത്ഥ നവതി ആഘോഷം.