

അതിതീവ്ര മഴ കേരളത്തിന്റെ മലയോരത്തും തീരദേശത്തും ഒരുപോലെ കണ്ണീരായി പെയ്ത നാളുകളാണു കടന്നുപോയത്. ഒരു വശത്ത് ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെടുന്ന മലയോര ജനത, മറുവശത്ത് കടലാക്രമണത്തിൽ ജീവിതം തകരുന്ന തീരദേശവാസികൾ. വിഭിന്നമായ ഭൂപ്രദേശങ്ങളിൽ, വ്യത്യസ്തമായ ജീവിതവൃത്തിയുമായി കഴിയുന്നവരാണെങ്കിലും, ഇവർ നേരിടുന്ന ദുരന്തങ്ങളുടെ കാരണം പോലെ അതിന്റെ ആഘാതവും സമാനമാണ്, അതീവദുഃഖകരമാണ്. ഫലപ്രദമായ ഒരു പ്രതിരോധമോ കൃത്യമായ പരിഹാരമോ ഈ ദുരന്തങ്ങൾക്കു കണ്ടെത്താൻ നമുക്കിനിയും കഴിയുന്നില്ല.
ആഗസ്റ്റ് ആദ്യവാരം വരെയുള്ള കണക്കുകൾ പ്രകാരം മുപ്പതോളം മനുഷ്യർ മഴക്കെടുതിയിൽ കൊല്ലപ്പെട്ടു. ഇരുപതിനായിരത്തോളം പേർക്കു ദുരിതാശ്വാസ ക്യാമ്പുകളിലേക്കു താമസം മാറ്റേണ്ടി വന്നു. അനേകർക്കു സ്വന്തം വീടുകളും ഉപജീവനമാർഗങ്ങളും കൃഷിസ്ഥലങ്ങളും നഷ്ടപ്പെട്ടു. ജീവിതം സാധാരണനിലയിലെത്തിക്കാൻ അവർ ഏറെക്കാലം ഇനിയും കാത്തിരിക്കേണ്ടിവരും, കഠിനമായി പണിയെടുക്കേണ്ടി വരും.
തീരദേശത്തു കാണാതായ മത്സ്യത്തൊഴിലാളികളിൽ മൂന്നു പേരെ ഇതെഴുതുന്നതുവരെയും കണ്ടെത്താനായിട്ടില്ല. ഒരേയപകടത്തിൽപ്പെട്ട് മുത്തച്ഛനും അച്ഛനും മരിച്ചുപോയ, നീണ്ടകരയിലെ ഗൗതം കൃഷ്ണയാണ് കണ്ടെത്തപ്പെടേണ്ട ഒരാൾ എന്നു പറയുമ്പോൾ പ്രിയപ്പെട്ടവരുടെ വേദന മനസ്സിലാകും. മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമാണ് പ്രിയപ്പെട്ടവരുടെ വിവരം കാത്തിരിക്കുന്ന മറ്റു കുടുംബങ്ങൾ. മത്സ്യത്തൊഴിലാളിസമൂഹത്തോട് മത്സ്യബന്ധനവകുപ്പ് മന്ത്രിയും സർക്കാരും സ്വീകരിച്ച സമീപനത്തോട് കടുത്ത വിമർശനം കുടുംബങ്ങൾ ഉന്നയിക്കുന്നുണ്ട്. അതു ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണ്. തീരദേശജനസമൂഹത്തെ അവഗണിക്കുകയോ അവമതിക്കുകയോ ചെയ്യുന്ന വാക്കോ നോക്കോ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. 2018-ലെ മഹാപ്രളയകാലത്ത്, അനേകരെ ജീവന്റെ തീരത്തേക്ക് കൈപിടിച്ചെത്തിച്ച കേരളത്തിന്റെ സ്വന്തം സൈന്യമാണവർ. 2019-ലും തീരദേശദേവാലയങ്ങളിലെ അറിയിപ്പുകളും മണിനാദവും കേട്ട് സ്വന്തം ബോട്ടുകളുമായി അവർ പ്രളയജലധികളിലേക്കു കുതിച്ചെത്തി. ഇപ്പോൾ ഈ മഴക്കെടുതിയിലും പത്തനംതിട്ടയിലും കോട്ടയത്തുമെല്ലാം കേരളത്തിന്റെ ഈ അഭിമാനസേന രക്ഷാപ്രവർത്തനം സ്വന്തം ദൗത്യമായി കണ്ട് ഏറ്റെടുത്തിരുന്നു. അവരൊരു പ്രതിസന്ധിയെ നേരിടുമ്പോൾ സാധ്യമായതെല്ലാം ചെയ്യുക കേവലം സാമാന്യനീതി മാത്രമാണ്. അതു ലഭിച്ചില്ലെന്ന അവരുടെ തോന്നൽ കേരളം ഗൗരവമായി കാണും.
ദുരന്തങ്ങളുടെ മുന്നറിയിപ്പുകൾ ഫലപ്രദമായി ഉപയോഗ പ്പെടുത്തുന്നതിലും ദുരന്തനിവാരണ സംവിധാനങ്ങൾ മുൻകൂട്ടി സജ്ജമാക്കുന്നതിലും പുനരധിവാസം കൃത്യസമയത്ത് പൂർത്തിയാക്കുന്നതിലും വീഴ്ചകൾ വരുന്നുണ്ടോ എന്ന പരിശോധന ആവശ്യമാണ്.
ദുരന്തങ്ങളുടെ മുന്നറിയിപ്പുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും ദുരന്തനിവാരണ സംവിധാനങ്ങൾ മുൻകൂട്ടി സജ്ജമാക്കുന്നതിലും പുനരധിവാസം കൃത്യസമയത്ത് പൂർത്തിയാക്കുന്നതിലും വീഴ്ചകൾ വരുന്നുണ്ടോ എന്ന പരിശോധന ആവശ്യമാണ്. കാലാവസ്ഥാവ്യതിയാനം മൂലമുള്ള തീവ്രമഴയും കടുത്ത ചൂടും പതിവില്ലാത്ത കാറ്റുമെല്ലാം ലോകത്തിന്റെ എല്ലാ ഭാഗത്തും അനുഭവപ്പെടുന്നുണ്ട്. കേരളത്തിനും ഇതെല്ലാം ഇനിയും അഭിമുഖീകരിക്കേണ്ടി വരും എന്നു തന്നെ നാം ചിന്തിക്കണം. അതനുസരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളിലേക്കു കടക്കേണ്ടതുണ്ട്.
കാലാവസ്ഥാവ്യതിയാനത്തോടുള്ള ദീർഘകാലപ്രതികരണത്തിനും നാം സന്നദ്ധരാകണം. പരിസ്ഥിതിസംരക്ഷണവും പാരിസ്ഥിതിക നീതിയും നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാകണം. “ഭൂമിയുടെ നിലവിളിയും ദരിദ്രരുടെ നിലവിളിയും” തമ്മിലുള്ള ബന്ധം ലൗദാത്തോ സി എന്ന ചാക്രികലേഖനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിക്കുന്നുണ്ട്. പരിസ്ഥിതി തകരുമ്പോൾ അതിന്റെ ആദ്യ ഇരകളായിത്തീരുന്നത് നിർധനരാണ്. പരിസ്ഥിതി സൗഹാർദപരമായ സമീപനം എല്ലാ കാര്യങ്ങളിലും സ്വീകരിക്കുക, അതൊരു ജീവിതശൈലിയും സംസ്കാരവുമാക്കി മാറ്റുക എന്നതാവശ്യമാണ്. ഇതാകട്ടെ, പാവപ്പെട്ടവരുടെയും കർഷകരുടെയും ചെലവിലാകരുതുതാനും.
സഭയ്ക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വലിയ പങ്കുവഹിക്കാനുണ്ട്. ശ്ലാഘനീയമായ നിരവധി സംഭാവനകൾ കേരള കത്തോലിക്കാസഭയുടെ സംവിധാനങ്ങൾ പ്രകൃതിദുരന്തങ്ങളിലെ ദുരിതാശ്വാസ - പുനരധിവാസപ്രവർത്തനങ്ങൾക്കു നല്കിയിട്ടുണ്ട്. ലൗദാത്തോ സി പകർന്ന പാരിസ്ഥിതികാവബോധം സഭയുടെ എല്ലാ തലങ്ങളിലും പടർന്നിട്ടുണ്ട്. ഈ രണ്ടു ധാരകളെയും സമന്വയിപ്പിച്ചുകൊണ്ട്, കർമ്മരംഗത്തും ആശയപ്രചാരണരംഗത്തുമായി, കേരളത്തിന്റെ പ്രകൃതിയെയും മനുഷ്യരെയും പരിചരിച്ചുകൊണ്ട്, ഈ ‘യുദ്ധഭൂമിയിലെ ആശുപത്രിയായി’ സഭ സജീവമായി തുടരട്ടെ.