ജസ്റ്റിസ് കുര്യന്‍ ജോസഫ്
വചനം മനുഷ്യനായി എന്ന തലക്കെട്ടോടു കൂടിയാണ് പുതിയ നിയമത്തിലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത്. വചനം മനുഷ്യനായതിന്റെ പശ്ചാത്തലം അതിലൂടെ ഓര്‍മ്മപ്പെടുത്തുന്നു. വിശുദ്ധ ഗ്രന്ഥം ആരംഭിക്കുന്നതു തന്നെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന തലവാചകത്തോടെയാണല്ലോ. 'ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു, ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു, ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു...' പിന്നീടുള്ള വചനങ്ങളെല്ലാം ദൈവം അരുളിച്ചെയ്തു, ദൈവം വീണ്ടും അരുളിച്ചെയ്തു എന്നിങ്ങനെയാണു തുടങ്ങുന്നത്. ദൈവം സൃഷ്ടി നടത്തുന്നത് വചനത്താലാണ്. ദൈവത്തിന്റെ അരുളപ്പാടാണ് ഓരോ സൃഷ്ടിക്കും കാരണമാകുന്നത്. ഈ വചനം തന്നെ ദൈവമായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്താനാണ് വിശുദ്ധ യോഹന്നാന്‍ നേരത്തെ സൂചിപ്പിച്ച തലക്കെട്ട് ഉപയോഗിച്ചിരിക്കുന്നത്.
'ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു' എന്ന് പറയുമ്പോള്‍, ഈ സൃഷ്ടികര്‍മ്മത്തിനു മുമ്പുതന്നെ ദൈവം ഉണ്ടായിരുന്നു എന്നു വ്യക്തമാണല്ലോ. കാരണം ദൈവത്തിന് ആദിയും അന്തവുമില്ല. ആ ദൈവത്തിന്റെ കാരുണ്യത്താല്‍ ഈ പ്രപഞ്ചവും മനുഷ്യനും സൃഷ്ടിക്കപ്പെട്ടു എന്ന് ഓര്‍മ്മിപ്പിക്കുകയാണു വചനം. അങ്ങനെ ദൈവം തന്റെ കാരുണ്യംകൊണ്ട് സൃഷ്ടിച്ച ഈ പ്രപഞ്ചത്തെ കീഴടക്കാനായി സൃഷ്ടിയുടെ മകുടമായി മനുഷ്യനെ നിയോഗിക്കുകയും ചെയ്തു. എല്ലാത്തിന്റെയും അധികാരം അവനു കൊടുത്തു എന്നാണ് എഴുതിയിരിക്കുന്നത്. അങ്ങനെ അധികാരം ലഭിച്ച മനുഷ്യന്‍ ഒരു വലിയ പ്രലോഭനത്തില്‍ വീണു. ഏത് അധികാരത്തിനും സംഭവിക്കാവുന്ന പ്രലോഭനമാണ് അമിത അധികാരം ആഗ്രഹിക്കുക എന്നത്. അതാണു മനുഷ്യജീവിതത്തിന്റെ ചരിത്രത്തിലുടനീളം കാണുന്ന പ്രലോഭനങ്ങള്‍.
ദൈവത്തെപ്പോലെയാകാം എന്ന പിശാചിന്റെ പ്രലോഭനത്തില്‍ മനുഷ്യന്‍ വീണുപോയി. ആ വീഴ്ചയുടെ ഫലമായി മനുഷ്യന്‍ എന്നെന്നേക്കുമായി ദൈവത്തിന്റെ സ്‌നേഹത്തിന്റെയും കരുണയുടെയും വലയത്തില്‍ നിന്നും പുറത്തു പോയി. ഇങ്ങനെ പോയതിലുള്ള വേദന മനുഷ്യനെക്കാള്‍ കൂടുതല്‍ ദൈവത്തിനാണ് ഉണ്ടായത്.
മനുഷ്യന്‍ വളരെ സ്വസ്ഥമായും സന്തോഷമായും ദൈവത്തിനോടൊപ്പം ഉലാത്തി എന്നാണ് വചനം പറയുന്നത്. ദൈവത്തോടൊപ്പം ഉദ്യാനത്തില്‍ ഒരുമിച്ചു നടക്കാന്‍ പോലും ഭാഗ്യം ലഭിച്ച മനുഷ്യനുണ്ടായ പ്രലോഭനം, ദൈവത്തെ പോലെ ആകാം എന്നതാണ്. ആ മോഹം മനുഷ്യമനസ്സിലുദിപ്പിച്ചതു പിശാചാണ്. പിശാച് എന്ന യാഥാര്‍ഥ്യം തന്നെ അധികാരത്തിന്റെ അഹങ്കാരം ഉള്ളില്‍ കയറിയവനാണ് എന്നത് മറക്കരുത്. അധികാരം അഹങ്കാരമായോ അഹങ്കാരം അധികാരമായോ ഉപയോഗിക്കാന്‍ തീരുമാനിച്ചപ്പോഴാണ് പിശാച് ഉടലെടുത്തത് തന്നെ. അതുവരെ അവര്‍ മാലാഖമാരായിരുന്നു. മാലാഖയുടെ പതനമാണല്ലോ പിശാച്. ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ, ദൈവത്തില്‍ വിശ്വാസമുണ്ടോ എന്നിങ്ങനെയുള്ള സന്ദേഹങ്ങള്‍ക്ക് മനുഷ്യനെ വിധേയനാക്കാനുള്ള അധികാരം ലഭിച്ചിട്ടുള്ളവരാണ് പിശാചുക്കള്‍. അതു മറക്കരുത്. മനുഷ്യരെ പരീക്ഷിക്കാനും പരിശോധിക്കാനുമുള്ള അധികാരം പിശാചിനുണ്ട് എന്നത് സത്യമാണ്. തിന്മയെക്കുറിച്ചും തിന്മയുടെ ശക്തികളെക്കുറിച്ചും പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട സത്യം തന്നെയാണത്.
ദൈവത്തെപ്പോലെയാകാം എന്ന പിശാചിന്റെ പ്രലോഭനത്തില്‍ മനുഷ്യന്‍ വീണുപോയി. ആ വീഴ്ചയുടെ ഫലമായി മനുഷ്യന്‍ എന്നെന്നേക്കുമായി ദൈവത്തിന്റെ സ്‌നേഹത്തിന്റെയും കരുണയുടെയും വലയത്തില്‍ നിന്നും പുറത്തു പോയി. ഇങ്ങനെ പോയതിലുള്ള വേദന മനുഷ്യനെക്കാള്‍ കൂടുതല്‍ ദൈവത്തിനാണ് ഉണ്ടായത്. ഇതാണ് ദൈവത്തിന്റെ കരുണയെക്കുറിച്ച് പഠിക്കുമ്പോള്‍ നാം മനസ്സിലാക്കുന്ന വലിയ ചിത്രം. താന്‍ നഗ്‌നനാണെന്ന നാണം മനുഷ്യനില്‍ ഉണ്ടായപ്പോള്‍, തെറ്റ് ചെയ്തതിന്റെ ലജ്ജ അവനെ ആവസിച്ചപ്പോള്‍, തെറ്റുമൂലം തന്നില്‍ നിന്ന് അകന്നു പോകുന്ന മകനെക്കുറിച്ചുള്ള സങ്കടമാണ് ദൈവത്തിനുണ്ടായത്. ആ സങ്കടമാണ് ദൈവത്തിന്റെ വാഗ്ദാനമായി മാറുന്നത്. ഉല്പത്തി പുസ്തകം മൂന്നാം അധ്യായത്തില്‍ അതിനെക്കുറിച്ച് വീണ്ടും നാം വായിക്കുന്നുണ്ട്.
ആ കാരുണ്യത്തിന്റെ ആഴം മനസ്സിലാക്കണമെങ്കില്‍ ദൈവം ആരാണ് എന്നും മനുഷ്യനാരാണെന്നും ഓര്‍മ്മിപ്പിക്കുന്ന ഒരു വചനം കൂടെ വായിക്കണം. ജീവിതത്തില്‍ ഒരുപാട് പ്രാവശ്യം നാം പങ്കെടുത്തിട്ടുള്ള ശുശ്രൂഷയാണല്ലോ മൃതസംസ്‌കാരത്തിന്റേത്. അവിടെ 'മനുഷ്യാ നീ പൊടിയാകുന്നു, പൊടിയിലേക്ക് മടങ്ങും' എന്ന് പറയുന്നത് ഉല്പത്തി 3:19 ല്‍ നിന്ന് എടുത്തിട്ടുള്ളതാണ്. മണ്ണില്‍ നിന്നാണ് നീ വന്നത് എന്നും മണ്ണിലേക്കു തന്നെ മടങ്ങേണ്ടവനാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍. അഹങ്കരിക്കേണ്ട, അഹങ്കരിച്ചാല്‍ നിനക്ക് എങ്ങും എത്താന്‍ സാധിക്കില്ല, അഹങ്കരിക്കാന്‍ നിനക്ക് അവകാശവുമില്ല, എന്ന ഓര്‍മ്മപ്പെടുത്തല്‍. നിന്നെ സൃഷ്ടിച്ചവനേക്കാള്‍ വലിയവനാണ് നീയെന്നും നിന്നെ സൃഷ്ടിച്ചവനെ കബളിപ്പിക്കാന്‍ നിനക്കു കഴിയുമെന്നുമുള്ള വ്യര്‍ഥചിന്തയും മിഥ്യാബോധവും നിന്നില്‍ ഉളവാകുന്നതാണ് അഹങ്കാരം. മനുഷ്യന്‍ മനുഷ്യനായിരിക്കേണ്ടവനാണ്. നീ മണ്ണില്‍ നിന്ന് വന്നവനും മണ്ണിലേക്ക് മടങ്ങേണ്ടവനുമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ മനുഷ്യനു കൊടുക്കുകയാണു ദൈവം. അതു ദൈവത്തിന്റെ കരുണയുടെ ഭാഗമാണ്. മണ്ണില്‍ നിന്നു വന്നു മണ്ണിലേക്ക് മടങ്ങേണ്ട മനുഷ്യന്‍ ഇനിയും ഇപ്രകാരം തെറ്റിലേക്ക് വീഴാതിരിക്കാന്‍ അവനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നതിനായി നിരവധി ഉപദേശങ്ങള്‍ അവിടെ കൊടുക്കുന്നുണ്ട്. അത് ശാപവാക്കുകള്‍ അല്ല, മറിച്ച് ഉപദേശങ്ങളാണ്. എങ്ങനെയാണ് മനുഷ്യന്‍ അധ്വാനിച്ച് ജീവിക്കേണ്ടതെന്നും അധ്വാനിച്ചാല്‍ ജീവിതത്തില്‍ സമ്പാദിക്കുക മാത്രമല്ല ജീവിതം തന്നെ ഒരു സമ്പാദ്യമായി മാറ്റാനും കഴിയുമെന്നുമുള്ള ഒരുപാട് ഓര്‍മ്മപ്പെടുത്തലുകള്‍ അവിടെയുണ്ട്. കാരുണ്യം മൂലമാണു ദൈവം ഇതെല്ലാം മനുഷ്യനു പറഞ്ഞുകൊടുക്കുന്നത്. ദൈവം മനുഷ്യനെ ഉപേക്ഷിക്കുന്നില്ല.
പറുദീസയില്‍ നിന്ന് മനുഷ്യനെ പുറത്താക്കിയതിന്റെ വേദന ഉള്ളില്‍ വഹിക്കുന്ന ദൈവം മനുഷ്യരെ രക്ഷിക്കാനായി അബ്രാഹത്തെയാണ് ആദ്യം നിയോഗിക്കുന്നത്. മനുഷ്യനെ രക്ഷയിലേക്ക് കൊണ്ടുവരാനായി അബ്രാഹത്തെ വിളിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെ തിരിച്ചു രക്ഷയിലേക്ക് കൊണ്ടുവരാനുള്ള വലിയ നിയോഗം ദൈവം അബ്രാഹത്തെ ഏല്‍പിക്കുന്നു.
താന്‍ സൃഷ്ടിച്ച മനുഷ്യന്‍ തനിക്കു തന്നെ എതിരായി പ്രവര്‍ത്തിച്ചതിന്റെ വേദന ഉണ്ടെങ്കിലും, എന്നെന്നേക്കുമായി മനുഷ്യനെ നഷ്ടപ്പെടുത്താന്‍ ദൈവം ആഗ്രഹിച്ചില്ല. മനുഷ്യനിലൂടെ തന്നെ ഈ ജനത്തെ തിരിച്ചുകൊണ്ടുവരണം. അതിനാണ് അബ്രാഹത്തെ തിരിഞ്ഞെടുത്തത്. അബ്രാഹത്തെ തിരിഞ്ഞെടുക്കുമ്പോള്‍ തന്നെ ദൈവം പറയുന്നുണ്ട് (ഉല്പത്തി 22:18), അവന്റെ സന്തതികളിലൂടെ സകല ജനതകളെയും അനുഗ്രഹിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന്. അനുഗ്രഹിക്കുക എന്നുവച്ചാല്‍ തന്നിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നാണര്‍ഥമാക്കുന്നത്. അബ്രാഹത്തിന്റെ സന്തതികളിലൂടെ സംഭവിക്കുന്ന ഈ തിരിച്ചുകൊണ്ടുവരലിന്റെ പൂര്‍ത്തീകരണമാണ് വചനം മാംസമാകുന്ന വലിയ സംഭവം. ആ മഹത്തായ രക്ഷാകരസംഭവത്തിന്റെ അനുസ്മരണമാണ് ക്രിസ്മസ് എന്ന് മനസ്സിലാക്കിയാല്‍ മാത്രമേ ക്രിസ്മസിന്റെ പശ്ചാത്തലം മനസ്സിലാക്കാനും ക്രിസ്മസ് അനുഭവം എന്താണെന്ന് തിരിച്ചറിയാനും സാധിക്കുകയുള്ളൂ. അതുകൊണ്ട് നമ്മള്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്നും ദൈവത്തിന്റെ സൃഷ്ടിയായ നാമോരോരുത്തരും മനുഷ്യരാണെന്നും മനുഷ്യനു പരിധിയും പരിമിതിയും ഉണ്ടെന്നും ആ പരിധിയും പരിമിതിയും വിട്ട് പറക്കാന്‍ ആഗ്രഹിക്കുമ്പോഴാണ് അഹങ്കാരം അവനില്‍ കയറുന്നതെന്നും ആ പരിധിയും പരിമിതിയും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരുപാട് അനുഭവങ്ങള്‍ ക്രിസ്മസും തരുന്നുണ്ടെന്നും പുല്‍ക്കൂട് തന്നെ അതിന്റെ വലിയൊരു അനുഭവ മാണെന്നുമൊക്കെയുള്ള തിരിച്ചറിവ് നമുക്ക് ഇപ്പോള്‍ ഉണ്ടാകണം. പൊടിയില്‍ നിന്നു വന്ന മനുഷ്യര്‍ പൊടിയിലേക്ക് മടങ്ങേണ്ടവരാണ് എന്ന വലിയൊരു ഓര്‍മ്മപ്പെടുത്തലും രക്ഷാകര ചരിത്ര ത്തിന്റെ ഭാഗമായ ക്രിസ്മസ് അനുഭവ ത്തില്‍ നിന്ന് നമുക്ക് ഉണ്ടാകണം. ആ ചരിത്രം മനസ്സില്‍ വച്ചു വേണം ക്രിസ്മസ് ആഘോഷങ്ങളിലേക്ക് നാം പ്രവേശിക്കാന്‍.