Coverstory

യന്ത്രത്തിന്റെ അടിമയോ; യന്ത്രം നമ്മുടെ അടിമയോ?

Sathyadeepam
  • ഫാ. റോക്‌വിന്‍ പ്രകാശ് പിന്റോ

റോമിലെ അല്‍ഫോന്‍സിയാനും അക്കാദമിയില്‍, നിര്‍മ്മിതബുദ്ധിയുടെ ധാര്‍മ്മികതയും സഭയുടെ സാമൂഹ്യ പ്രബോധനവും എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ഫാ. റോക്‌വിന്‍ പ്രകാശ് പിന്റോ. മംഗലാപുരം രൂപത വൈദികനും വത്തിക്കാന്‍ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫില്‍ അംഗവുമായ അദ്ദേഹം മംഗലാപുരം സെമിനാരിയില്‍ മോറല്‍ തിയോളജി പ്രൊഫസര്‍ ആയിരുന്നു. നിര്‍മ്മിത ബുദ്ധിയെയും സഭാ പ്രബോധനങ്ങളെയും കുറിച്ച് അദ്ദേഹം ഫാ. മാര്‍ട്ടിന്‍ ശങ്കൂരിക്കലും ഫാ. ഷെറിന്‍ മാടവനയുമായി സംസാരിക്കുന്നു:

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പേരില്‍ നിന്ന് തന്നെ ആരംഭിക്കാം. ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെടുന്നത് ഈ വാക്കില്‍ തന്നെ നിരവധി പരിമിതികള്‍ ഉണ്ട് എന്നതാണ്. എന്തു പറയുന്നു?

ശരിയാണ്. ഒന്നാമതായി, നമ്മള്‍ മനുഷ്യരുമായി ബന്ധപ്പെടുത്തി പറയുന്ന ഇന്റലിജന്‍സ് എന്ന ആശയത്തിന്റെ വളരെ പരിമിതവും ചുരുങ്ങിയതുമായ മാനമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ആശയത്തിലുള്ളത്. ഒരു യന്ത്രത്തിന് ഇന്റലിജന്‍സ് എന്ന് പറഞ്ഞാല്‍ കണക്ക് കൂട്ടാനുള്ള ശേഷിയായിരിക്കാം. എന്നാല്‍ മനുഷ്യനു ബുദ്ധി എന്ന് പറഞ്ഞാല്‍ അവന്റെ സമഗ്രമായ അസ്തിത്വത്തിന്റെ ഭാഗമാണ്. രണ്ടാമത്തെ പ്രശ്‌നം, നമ്മള്‍ ഇന്റലിജന്‍സ് എന്ന് പറയുമ്പോള്‍ അതെന്താണ് എന്ന് ചോദ്യം ഉയരും. ഇന്നുവരെ ശാസ്ത്രത്തിനു പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പറ്റാത്ത ഒന്നാണ് ഇന്റലിജന്‍സ്.

ഒരു യന്ത്രത്തിന് മോറല്‍ ഏജന്റാവാനുള്ള സാധ്യതയില്ല. മെഷീന് ചിന്തിക്കാന്‍ സാധിക്കുമോ എന്ന അലന്‍ ടൂറിങ്ങിന്റെ ചോദ്യവും വളരെ പ്രസക്തമാണ്. ഞാന്‍ ചോദിക്കുന്നത് മെഷീന് നുണ പറയാന്‍ പറ്റുമോ എന്നുള്ളതാണ്. അവിടെയാണ് ഈ വിഷയത്തിന്റെ സങ്കീര്‍ണ്ണത ആരംഭിക്കുന്നത്.

അപ്പോള്‍, യന്ത്രങ്ങള്‍ മനുഷ്യര്‍ക്ക് തുല്യമായ ഇന്റലിജന്‍സില്‍ എത്തിച്ചേരും എന്നു പറയുമ്പോള്‍, എവിടേക്കാണ് ഈ എത്തിച്ചേരല്‍ എന്നു പോലും അറിയാതെയാണ് നാം ഈ വാക്ക് ഉപയോഗിക്കുന്നത്. നിഴലിനെ യാഥാര്‍ഥ്യമായി കണ്ടു നിഴലില്‍ നടക്കുന്നതുപോലെയാണിത്. (മഞ്ഞിനെ ഐസായി തെറ്റിധരിക്കുന്നതു പോലെയും.) ഇന്റലിജന്‍സ് എന്ന വാക്കു മാത്രമല്ല, മനുഷ്യരുമായി ബന്ധപ്പെട്ട പല വാക്കുകളും ഇങ്ങനെ പരിമിതമായ അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ലേണിങ്, മെമ്മറി തുടങ്ങിയ വാക്കുകള്‍ ഉദാഹരണങ്ങളാണ്. മനുഷ്യന്റെ പരിമിതികളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണിത്.

ഈ വാക്കുകളുടെ ഉപയോഗം യന്ത്രങ്ങളെ മനുഷ്യരായി സങ്കല്‍പ്പിക്കാനുള്ള പ്രവണതയുടെ ഫലമാണോ?

ഈ പ്രവണത മനുഷ്യസഹജമാണ്. ആന്ത്രപ്പോമോര്‍ഫിസം എന്നാണ് ഇതിനെ വിളിക്കുക. ഒരു കുഞ്ഞുകുട്ടി കളിപ്പാവയില്‍ ഒരു മനുഷ്യവ്യക്തിയെ സങ്കല്‍പ്പിക്കുന്നതില്‍ പോലും ഇതുണ്ട്. പക്ഷേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ ഇത് വളരെ അപകടം പിടിച്ച ഒന്നാണ്. ആര്‍ട്ടിഫിഷല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്തിയവര്‍ തന്നെ പറയുന്ന കാര്യം ഇത് മനുഷ്യരെപ്പോലെ ചിന്തിക്കുന്നു എന്നല്ല. പകരം ഒരു പരിധിവരെ മനുഷ്യര്‍ ചിന്തിക്കുന്നത് പോലെയാണ് ഇത് പ്രവര്‍ത്തിക്കുക എന്നാണ്. പക്ഷേ മനുഷ്യര്‍ക്കു മാത്രം ഇണങ്ങുന്ന വാക്കുകള്‍ ഉപയോഗിക്കുക വഴിയായി യന്ത്രങ്ങളില്‍ ഒരു മനുഷ്യവ്യക്തിയെ സങ്കല്‍പ്പിക്കുവാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നു. നിയമത്തിന്റെ കണ്ണില്‍ ലഭിക്കുന്ന വ്യക്തിയെന്ന സാധുത അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. വ്യക്തിയെന്ന സാധുത വലിയ കമ്പനികള്‍ക്ക് പോലും ഉള്ള കാര്യമാണ്. ഇവിടെ കമ്പനി ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, അല്ലെങ്കില്‍ ഒരു കൂട്ടം മനുഷ്യര്‍ ആ ഉത്തരവാദിത്തം പങ്കിടുന്നു. പക്ഷേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക?

അപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു മോറല്‍ ഏജന്റാവാന്‍ സാധ്യതയില്ല എന്നാണോ?

മോറല്‍ ഏജന്‍സിക്ക് ആവശ്യമായിരിക്കുന്നത് പൂര്‍ണ്ണമായ സ്വാതന്ത്ര്യവും അവബോധവുമാണ്. ഇത് രണ്ടും യന്ത്രങ്ങള്‍ക്കുണ്ട് എന്ന് പറയാന്‍ പറ്റില്ല. കാരണം യന്ത്രങ്ങളുമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോള്‍ ഓട്ടോണമി എന്ന വാക്കല്ല പകരം ഓട്ടോമേഷന്‍ എന്ന വാക്കാണ് നാം ഉപയോഗിക്കുന്നത്. അതെന്തുകൊണ്ടാണ്? പൂര്‍ണ്ണമായ സ്വാതന്ത്ര്യമോ അവബോധമോ നിലവില്‍ യന്ത്രങ്ങള്‍ക്കില്ല.

2022 ല്‍ ഗൂഗിളില്‍ ജോലി ചെയ്തിരുന്ന ബ്രേക്ക് ലെമോന്‍ എന്ന എഞ്ചിനീയര്‍, തങ്ങളുടെ AI സംവിധാനത്തിന് ഈ അവബോധം ഉണ്ടെന്ന് അവകാശപ്പെടുകയും അതിനെ തുടര്‍ന്ന് ഗൂഗിള്‍ അദ്ദേഹത്തെ പിരിച്ചുവിടുകയും ചെയ്തത് വാര്‍ത്ത ആയിരുന്നല്ലോ. അതുകൊണ്ട് നിലവില്‍ ഒരു യന്ത്രത്തിന് മോറല്‍ ഏജന്റാവാനുള്ള സാധ്യതയില്ല. മെഷീന് ചിന്തിക്കാന്‍ സാധിക്കുമോ എന്ന അലന്‍ ടൂറിങ്ങിന്റെ ചോദ്യവും വളരെ പ്രസക്തമാണ്. ഞാന്‍ ചോദിക്കുന്നത് മെഷീന് നുണ പറയാന്‍ പറ്റുമോ എന്നുള്ളതാണ്. അവിടെയാണ് ഈ വിഷയത്തിന്റെ സങ്കീര്‍ണ്ണത ആരംഭിക്കുന്നത്.

എങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയില്‍ ധാര്‍മ്മികതയെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് എന്തിനാണ്? യന്ത്രത്തെ ധാര്‍മ്മികത പഠിപ്പിക്കാന്‍ സാധിക്കുമോ?

പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. ഒരു കാല്‍ക്കുലേറ്റര്‍ നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കമ്പ്യൂട്ടര്‍ നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ധാര്‍മ്മികതയുടെ പ്രശ്‌നം വരുന്നില്ല. സ്വാഭാവികമായും നമ്മള്‍ ചിന്തിക്കും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും നിഷ്പക്ഷമായിട്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് എന്ന്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണ്. കാരണം ഇതിനെ നിയന്ത്രിക്കുന്ന ഡാറ്റ നിഷ്പക്ഷമാവണമെന്നില്ല. ഇവിടെയാണ് ധാര്‍മ്മികതയുടെ ആവശ്യം. അതുകൊണ്ടാണ് സഭ പറയുന്നത്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും ഉപയോഗത്തിലും അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം മനുഷ്യര്‍ ഏറ്റെടുക്കണമെന്ന്. ഇനി യന്ത്രത്തെ ധാര്‍മ്മികത പഠിപ്പിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്നത് ധാര്‍മ്മികതയെ വിവരമായി വിവര്‍ത്തനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കുന്നതാണ്.

ചില സന്ദര്‍ഭങ്ങളില്‍ നാം എന്തുകൊണ്ട് ഇങ്ങനെ പ്രവര്‍ത്തിച്ചു എന്ന് മറ്റൊരു വ്യക്തിയോട് പോലും വിശദീകരിച്ചു കൊടുക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്. ആ അനുഭവത്തെ വിവരങ്ങളിലേക്ക് ചുരുക്കാന്‍ പറ്റാത്തതു കൊണ്ടാണത്.

യുവാല്‍ നോവ ഹരാരി പറയുന്നതുപോലെ വിവരം ഒരിക്കലും സത്യമാകുന്നില്ല, നമുക്ക് അങ്ങനെ തോന്നിയാലും. മനുഷ്യര്‍ ധാര്‍മ്മികത ആര്‍ജിക്കുന്നത് വിവരശേഖരണത്തിലൂടെയല്ല അനുഭവങ്ങളിലൂടെയും വിചിന്തനങ്ങളിലൂടെയും മറ്റുമാണ്. തത്വചിന്തയില്‍ ഇതിനെ ടാസിറ്റ് നോളേജ് (Tacit Knowledge) എന്നാണ് പറയുക. ചില സന്ദര്‍ഭങ്ങളില്‍ നാം എന്തുകൊണ്ട് ഇങ്ങനെ പ്രവര്‍ത്തിച്ചു എന്ന് മറ്റൊരു വ്യക്തിയോട് പോലും വിശദീകരിച്ചു കൊടുക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്. ആ അനുഭവത്തെ വിവരങ്ങളിലേക്ക് ചുരുക്കാന്‍ പറ്റാത്തതു കൊണ്ടാണത്. ധാര്‍മ്മികത അടിസ്ഥാനപരമായി അപരോന്മുഖമാണ്. വ്യക്തികള്‍ക്കിടയില്‍ നിലകൊള്ളുന്ന ഒന്ന്. അല്‍ഗരിതത്തില്‍ എല്ലാ മനുഷ്യരും നമ്പറുകള്‍ മാത്രമാണ്.

എങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണമുണ്ടാ കുന്ന ധാര്‍മ്മിക പ്രശ്‌നങ്ങളെ നാം എങ്ങനെ കാണണം?

തീര്‍ച്ചയായും ഈ പ്രശ്‌നങ്ങളെ നാം പ്രാധാന്യത്തോടെ തന്നെ കാണണം. നേരത്തെ നാം പറഞ്ഞതുപോലെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്ന ഡാറ്റ നിഷ്പക്ഷമല്ലെങ്കില്‍ അതുല്‍പാദിപ്പിക്കുന്ന അനന്തരഫലങ്ങള്‍ ധാര്‍മ്മികമാകണമെന്നില്ല. ഒരുദാഹരണം അസമത്വമാണ്. പല കമ്പനികളിലും ജോലിക്കാരെ തിരഞ്ഞെടുക്കുന്നത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സാണ്. അതിന് അവര്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഫേഷ്യല്‍ എക്‌സ്പ്രഷനാണ്. ഇവിടത്തെ ഒരു പ്രശ്‌നം, യൂറോപ്പിലെ ഒരു മനുഷ്യന്റെ ഫേഷ്യല്‍ എക്‌സ്പ്രഷന്‍ ആയിരിക്കില്ല ആഫ്രിക്കയിലെ ഒരു മനുഷ്യന്റെ എക്‌സ്പ്രഷന്‍ എന്നുള്ളതാണ്. ഇത് വളരെ ചെറിയ ഒരു ഉദാഹരണം മാത്രമാണ്. ഇന്ന് ലോകത്തെ ഡാറ്റയുടെ ഭൂരിഭാഗവും കൈവശം വച്ചിരിക്കുന്നത് രണ്ട് ലോകരാജ്യങ്ങളാണ്. ഡാറ്റ നിങ്ങള്‍ക്ക് നിയന്ത്രിക്കാനുള്ള ശക്തി തരുന്നു എന്ന് പറയുമ്പോള്‍ ലോകം മുഴുവന്‍ ഇന്ന് രണ്ട് രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന് വരുന്നു. അതോടൊപ്പം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ എത്രപേര്‍ പ്രാപ്തരാണ് എന്നുള്ളതും അസമത്വത്തിന്റെ ഒരു ഉറവിടമാണ്.

എങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താനുള്ള മാതൃകയോ മേഖലകളോ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ?

തീര്‍ച്ചയായും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് പൊതു നന്മയ്ക്കായി ഉപയോഗപ്പെടുത്തേണ്ടതാണ്. ആരോഗ്യം, വിദ്യാഭ്യാസം, പ്രകൃതിസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇതിന്റെ ഉപയോഗം ഏറെ പ്രയോജനപ്പെടുന്നതാണ്. ഉദാഹരണമായി ആരോഗ്യ മേഖലയില്‍ വളരെ വലിയ നേട്ടങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൈവരിച്ചിരിക്കുന്നത്. നേരത്തെ തന്നെ ക്യാന്‍സര്‍ രോഗാണുക്കളെ തിരിച്ചറിയാനുള്ള സംവിധാനങ്ങളും, പെട്ടെന്നുള്ള രോഗ നിര്‍ണ്ണയങ്ങളും വലിയ നേട്ടങ്ങളാണ്. ഒരു വാക്‌സിനോ മരുന്നോ കണ്ടുപിടിക്കാന്‍ നമ്മള്‍ എടുത്തിരുന്ന സമയത്തിന്റെ പകുതി പോലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വേണ്ട എന്നുള്ളതാണ് മറ്റൊരു നേട്ടം. ഒരു വ്യക്തിയുടെ പല ഹെല്‍ത്ത് റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തു ഒരു മനുഷ്യന് ഉത്തമമായ ചികിത്സാരീതികള്‍ കണ്ടുപിടിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും.

ഇന്ന് ലോകത്തെ ഡാറ്റയുടെ ഭൂരിഭാഗവും കൈവശം വെച്ചിരിക്കുന്നത് രണ്ട് ലോകരാജ്യങ്ങളാണ്. ഡാറ്റ നിങ്ങള്‍ക്ക് നിയന്ത്രിക്കാനുള്ള ശക്തി തരുന്നു എന്ന് പറയുമ്പോള്‍ ലോകം മുഴുവന്‍ ഇന്ന് രണ്ട് രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ്.

പക്ഷേ ഇവിടെയും നാം ശ്രദ്ധ ചെലുത്തേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഡോക്ടര്‍ പേഷ്യന്റ് ബന്ധത്തില്‍ ഉണ്ടാകുന്ന മാറ്റം ഉദാഹരണമാണ്. മനുഷ്യന്റെ സാന്നിധ്യം ചികിത്സയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതിനുള്ള ഒന്നാമത്തെ കാരണം അണ്‍പ്രെഡിക്ടബിലിറ്റിയാണ്, രണ്ടാമത്തേത് കോമണ്‍സെന്‍സും. ഏതൊരു ചികിത്സയിലും നമ്മുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന സാഹചര്യങ്ങള്‍ കടന്നുവരാം. ഇവിടെ കോമണ്‍സെന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യന്റെ സാന്നിധ്യം ആവശ്യമായിവരും. ഇത് യന്ത്രത്തിന് സാധ്യമല്ല. മാത്രമല്ല മനുഷ്യന്റെ ജീവനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങളുടെ ഉത്തരവാദത്തം ആരെറ്റെടുക്കും എന്നുള്ള ചോദ്യവും ധാര്‍മ്മികതയുടെ കാര്യത്തില്‍ പ്രസക്തമാണ്.

മറ്റൊരു ചോദ്യം ആര്‍ട്ടിഫിഷല്‍ ജനറല്‍ ഇന്റലിജന്‍സായി ബന്ധപ്പെട്ടാണ്. ഇത് യാഥാര്‍ഥ്യമാവുക യാണെങ്കില്‍ ഭാവിയില്‍ യന്ത്രങ്ങള്‍ മനുഷ്യരെ നിയന്ത്രിക്കുന്ന അവസ്ഥ സാധ്യമാകുമോ?

ഞാന്‍ ഇതിനെ മനഃശാസ്ത്രപരമായ ഒരു ഭീതിയായാണ് കാണുന്നത്. മനഃശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് അഡ്‌ലര്‍ അഭിപ്രായപ്പെടുന്നത് എല്ലാ മനുഷ്യര്‍ക്കും മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള ഒരു ആഗ്രഹമുണ്ട് എന്നാണ്. അദ്ദേഹം അതിനെ വിളിക്കുന്നത് Will to Power എന്നാണ്. മറ്റുള്ളവരെ നിയന്ത്രിക്കുമ്പോള്‍ നാം സന്തോഷിക്കുകയും നാം നിയന്ത്രിക്കപ്പെടുമ്പോള്‍ സങ്കടപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുമോ എന്ന ഈ ഭയം തന്നെയാണ് ഇത്തരം ചോദ്യങ്ങളുടെ പിന്നിലുള്ളത്. ഈ ഭയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടും തോന്നുന്നു എന്നു മാത്രമല്ല, ഈ ഭയത്തെ സയന്‍സ് ഫിക്ഷനും മറ്റു സിനിമകളും കൂടുതല്‍ ജനകീയമാക്കി തീര്‍ക്കുകയും ചെയ്തു. നമ്മെ കീഴടക്കാന്‍ റോബോട്ടിന് സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ആദ്യത്തെ ഉത്തരം നമുക്കിപ്പോള്‍ അറിയില്ല എന്നുള്ളത് തന്നെയാണ്.

ഇന്റലിജന്‍സ് എന്ന വാക്കു മാത്രമല്ല, മനുഷ്യരുമായി ബന്ധപ്പെട്ട പല വാക്കുകളും ഇങ്ങനെ പരിമിതമായ അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ലേണിങ്, മെമ്മറി തുടങ്ങിയ വാക്കുകള്‍ ഉദാഹരണങ്ങളാണ്. മനുഷ്യന്റെ പരിമിതികളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണിത്.

ഇതില്‍ കൗതുകകരമായ ഒരു കാര്യമുണ്ട്, റോബോട്ട് എന്ന വാക്കിന്റെ അര്‍ഥം തന്നെ അടിമ എന്നാണ്. ഈ അടിമ നമ്മളെ അടിമയാകുമോ എന്നുള്ള ഭയമാണ് നമുക്കിന്നുള്ളത്. അതിനേക്കാള്‍ വലിയ ഒരു പ്രശ്‌നം നമ്മള്‍ ഇപ്പോള്‍ തന്നെ ഇതിന്റെ അടിമയാണ് എന്നുള്ളതാണ്. ബോസ്റ്റണിലെ എം ഐ ടി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് Chat Gpt ഉപയോഗം മനുഷ്യരിലെ ക്രിട്ടിക്കല്‍ തിങ്കിങ്ങിനെ സാരമായി ബാധിച്ചിട്ടുണ്ട് എന്നാണ്. ചിന്തയില്ലാത്ത അടിമകളായി നാം ഇപ്പൊള്‍ തന്നെ മാറിക്കഴിഞ്ഞു. അതുമാത്രമല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അമിതമായി ആശ്രയിക്കുന്നതു വഴി ഇതിനെ ആരാണോ നിയന്ത്രിക്കുന്നത് അവരുടെ നിയന്ത്രണത്തില്‍ പെട്ടുപോയ മനുഷ്യരാണ് ലോകത്ത് ഭൂരിഭാഗവും. അതുകൊണ്ടുതന്നെ സഭയുടെ ശ്രദ്ധ വിദൂര ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിനേക്കാളുപരി തൊട്ടുമുന്നില്‍ നടക്കുന്ന സാമൂഹ്യ അനീതിയിലും അസമത്വത്തിലും ആണുണ്ടാകേണ്ടത്.

സഭയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം എന്താണ്? വ്യവസായ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ സഭ ചാക്രികലേഖനം ലോകത്തിന് സമ്മാനിച്ചിരുന്നല്ലോ. ഒരു പുതിയ ചാക്രിക ലേഖനം ഇറങ്ങാനുള്ള സാധ്യത എത്രത്തോളമാണ്?

പുതിയ മാര്‍പാപ്പയുടെ പേര് തന്നെ നിര്‍മ്മിതബുദ്ധിയോടുള്ള സഭയുടെ നിലപാടിന്റെ സൂചനയാണ് എന്ന് വേണമെങ്കില്‍ പറയാം. കാരണം ഓരോ മാര്‍പ്പാപ്പയും താന്‍ എന്തുകൊണ്ട് ആ പേര് സ്വീകരിച്ചു എന്ന് കര്‍ദിനാള്‍മാരുടെ സംഘത്തോട് വ്യക്തമാക്കാറുണ്ട്. ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞ കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി നേരിട്ടു ബന്ധമുള്ളതാണ്. ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ചുവടുപിടിച്ചാണ് അദ്ദേഹം പേര് സ്വീകരിച്ചത്.

ആദ്യത്തെ വ്യവസായ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ സഭയുടെ ആദ്യത്തെ സാമൂഹ്യപ്രബോധനമായ റേരും നൊവാരും പുറപ്പെടുവിച്ച മാര്‍പാപ്പയെ പോലെ നാലാമത്തെ വ്യവസായ വിപ്ലവമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രതികരിക്കാനാണ് ഈ പേര് സ്വീകരിക്കുന്നത് എന്നാണ് പുതിയ മാര്‍പാപ്പ പറഞ്ഞത്. ആദ്യത്തെ വ്യവസായ വിപ്ലവത്തില്‍ മനുഷ്യന്റെ കായിക ജോലികളെ യന്ത്രങ്ങള്‍ പകരം വച്ചെങ്കില്‍ പുതിയ വ്യവസായ വിപ്ലവത്തില്‍ മനുഷ്യന്റെ ധൈഷണിക ജോലികളെയാണ് യന്ത്രങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. ഇത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള ഈ സാഹചര്യത്തില്‍ സഭയില്‍ നിന്നും വലിയ ഇടപെടലുകള്‍ പ്രതീക്ഷിക്കാം എന്ന് തന്നെയാണ് മാര്‍പാപ്പയുടെ പുതിയ പേര് പോലും സൂചിപ്പിക്കുന്നത്.

അവസാനമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തിലും വളര്‍ച്ചയിലും സഭയുടെ നിലപാടും നിര്‍വഹിക്കേണ്ട പങ്കും എന്തായിരിക്കണം എന്നാണ് അഭിപ്രായം?

സഭ എന്നും ഊന്നല്‍ നല്‍കുന്നത് മനുഷ്യന്റെ അന്തസ്സും പൊതുനന്മയും ആണ്. ഇതുതന്നെയാണ് ഇവിടെയും പ്രസക്തമായ കാര്യം. മനുഷ്യന്റെ അന്തസ്സ് അടങ്ങിയിരിക്കുന്നത് അവനിലുള്ള ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തി ലുമാണ്. എന്നാല്‍ മനുഷ്യര്‍ ദൈവ ത്തിന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള മറ്റൊന്നിനെ ഉണ്ടാക്കാന്‍ തുടങ്ങുന്നത് മനുഷ്യന്റെ തന്നെ പതനമാണ്. കാരണം നമ്മള്‍ സ്രഷ്ടാക്കളല്ല, സഹസ്രഷ്ടാക്ക ളാണ് എന്നാണ് സഭ മനസ്സിലാക്കുക. അതുകൊണ്ടുതന്നെ മനുഷ്യനെയും സമൂഹത്തെയും അതിന്റെ യഥാര്‍ഥ ധര്‍മ്മത്തില്‍ നിലനിര്‍ത്താനും നയിക്കാനും സഭ തന്റെ സാമൂഹ്യ പ്രബോധനങ്ങളി ലൂടെ എപ്പോഴും ഇടപെട്ടുകൊണ്ടിരി ക്കുന്നു. സഭാ മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യനീതി, പൊതുനന്മ എന്നീ ആശയങ്ങള്‍ സമൂഹത്തെ അധമത്വത്തില്‍ നിന്നും വിഭാഗീയതയില്‍ നിന്നും സംരക്ഷിച്ചു നീതിപൂര്‍വകമായ മെച്ചപ്പെട്ട ഒരു സമൂഹമാക്കി മാറ്റാന്‍ പര്യാപ്തമാണ്.

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു