മനുഷ്യജീവന്റെ സമഗ്ര സംരക്ഷണ ശുശ്രൂഷകളില്‍ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണം : ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി

Published on

കൊച്ചി: മനുഷ്യജീവന്റെ സമഗ്ര സംരക്ഷണ ശുശ്രൂഷകളില്‍ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് കെ സി ബി സി പ്രൊ ലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ആഹ്വാനം ചെയ്തു.

ജീവനെതിരെയുള്ള മനോഭാവവും, മനുഷ്യജീവിതത്തെ അനാദരിക്കുകയും, അമ്മയുടെ ഉദരത്തില്‍ വച്ചുപോലും നിസ്സഹായരും നിശബ്ദരുമായ മനുഷ്യജീവനെ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ഥ ദൈവവിശ്വാസികള്‍, അതിനെതിരെ പ്രതികരിക്കുകയും, പ്രതിരോധിക്കുകയും ചെയ്യണമെന്ന് പി ഒ സി യില്‍ ആരംഭിച്ച തൃദിന ജീവാഭിഷേകം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതിയുടെ റിട്രീറ്റ് ടീമിന്റെ നേതൃത്വത്തില്‍ 'ഈ കാലഘട്ടം വിവേകമതികളെ തേടുന്നു'വെന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടുക്കൊണ്ട് ജീവനുവേണ്ടി നിലകൊള്ളുന്ന നിരവധി മുഴുവന്‍ സമയ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് പരിശീലന പദ്ധതിയുടെ ലക്ഷ്യം.

കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി റവ. ഫാ. തോമസ് തറയില്‍ പ്രോ ലൈഫ് സമിതി ഡയറക്ടര്‍ ഫാ ക്ലീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡണ്ട് ജോണ്‍സണ്‍ ചൂരേപറമ്പില്‍ ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, പ്രഥമ ഡയറക്ടര്‍ ഫാ. ജോസ് കോട്ടയില്‍, ആനിമേറ്റര്‍ സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു.

റിട്രീറ്റ് കോഡിനേറ്റര്‍ യുഗേഷ് പുളിക്കന്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ് സേവ്യര്‍, ഡോ. ഫ്രാന്‍സിസ് ജെ ആറാടന്‍, ഡോ. ഫെലിക്‌സ് ജെയിംസ്, സിസ്റ്റര്‍ ഡോ. സെല്‍മ എസ് വി എം, മാര്‍ട്ടിന്‍ ന്യൂനസ്, ജെസ്ലിന്‍ ജോ, നോബര്‍ട്ട് കക്കാരിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. മുപ്പതാം തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് സമാപിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org