വിശുദ്ധ ബിബിയാന (363) - ഡിസംബര്‍ 2

വിശുദ്ധ ബിബിയാന (363) - ഡിസംബര്‍ 2

വിശുദ്ധ ബിബിയാനയുടെ നാമത്തില്‍ റോമില്‍ ഒരു പള്ളിയുണ്ട്. അഞ്ചാം നൂറ്റാണ്ടിലാണ് അതു നിര്‍മ്മിച്ചിരിക്കുന്നത്. പോപ്പ് സിമ്പ്‌ളീച്ചിയസാണ് ആ പള്ളി പണിയിപ്പിച്ചതെന്നും അതിനുള്ളില്‍ ബിബിയാനയുടെ മൃതദേഹം അടക്കം ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍, അവള്‍ ജീവിച്ചു മരിച്ച കാലം വ്യക്തമല്ല.
ബിബിയാന റോമിലാണു ജനിച്ചതെന്നു കരുതുന്നു. അച്ഛന്‍ ഫ്‌ളാവിയന്‍, നഗരത്തിലെ മുന്‍പ്രീഫെക്ടായിരുന്നു. അമ്മ ഡഫ്രോസയും ഫ്‌ളാവിയനും തീക്ഷ്ണതയുള്ള ക്രിസ്ത്യാനികളായിരുന്നു. അതുകൊണ്ടു തന്നെ ഫ്‌ളാവിയന്റെ മുഖം പഴുത്ത കമ്പിവച്ചു പൊള്ളിക്കുകയും അയാളെ നാടു കടത്തുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഫ്‌ളാവിയന്‍ മരിച്ചു. ഡഫ്രോസയെ കുറച്ചുകാലം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ട് ശിരഛേദം ചെയ്ത് വധിച്ചു. ബിബിയാനയും സഹോദരി ഡമത്രിയയും തടവിലാക്കപ്പെടുകയും സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയും ചെയ്തു. അങ്ങനെ അഞ്ചുമാസം ജീവിച്ചു. ആ സമയമെല്ലാം അവര്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞുകൂടി.
ജൂലിയന്റെ ഭരണകാലത്ത് അപ്രോനിയാനസ് റോമിന്റെ ഗവര്‍ണറായി. അയാള്‍ ബിബിയാനെയും സഹോദരിയെയും വിളിപ്പിച്ചു. ഡമുത്രിയ കൂസലില്ലാതെ തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞു. എന്നിട്ട് ഗവര്‍ണറുടെ മുമ്പില്‍ തന്നെ വീണു മരിക്കുകയും ചെയ്തു. ബിബിയാനയെ ദുഷ്ടയായ റൂഫിന എന്ന സ്ത്രീയെ ഏല്പിച്ചു. അവള്‍ ക്രൂരയും വേശ്യയുമായിരുന്നു. ബിബിയാനയെ പലവിധത്തില്‍ വഴിതെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ വഴങ്ങിയില്ല. അവള്‍ വിശ്വാസത്തിലും കന്യകാത്വത്തിലും ഉറച്ചുനിന്നു. പിന്നീട്, അവളെ ക്രൂരമായി മര്‍ദ്ദിച്ചു.
അതിനുശേഷം ഒരു തൂണില്‍ കെട്ടി ഇരുമ്പുചമ്മട്ടി കൊണ്ട് ബിബിയാന മരിക്കുന്നതുവരെ അടിച്ചു. എല്ലാം സന്തോഷത്തോടെ സഹിച്ച ബിബിയാനയുടെ മൃതശരീരം പുറത്ത് ചെന്നായ്ക്കള്‍ക്ക് ഇട്ടുകൊടുത്തു. പക്ഷേ, രണ്ടുദിവസം അങ്ങനെ കിടന്നിട്ടും ചെന്നായ്ക്കള്‍ തൊട്ടില്ല. പിന്നീട്, ജോണ്‍ എന്ന പുരോഹിതന്‍ ബിബിയാനയുടെ മൃതദേഹം രാത്രിയില്‍ എടുത്തുകൊണ്ടുപോയി അവളുടെ അമ്മയെയും സഹോദരിയെയും സംസ്‌കരിച്ച വീട്ടില്‍തന്നെ സംസ്‌കരിച്ചു.

സംഭവിക്കുന്നതെല്ലാം ദൈവേഷ്ടമാണ്.
വി. അല്‍ഫോന്‍സ് ലിഗോരി

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org