Coverstory

സത്യം പ്രഘോഷിക്കുന്ന അക്ഷരശുശ്രൂഷ

Sathyadeepam

ജസ്റ്റിസ് കുര്യന്‍ ജോസഫ്

സത്യം ലോകത്തെ അറിയിക്കുക എന്നതും ആ സത്യത്തിലേക്ക് സമൂഹത്തെ നയിക്കുക എന്നുള്ളതുമാണ് യഥാര്‍ത്ഥത്തില്‍ മാധ്യമപ്രവര്‍ത്തനം എന്നു പറയുന്നത്. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ മാധ്യമങ്ങള്‍ സത്യം ലോകത്തെ അറിയിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ സത്യമല്ല, സത്യത്തെക്കുറിച്ചുള്ള വീക്ഷണങ്ങളാണ് അറിയിക്കുന്നതെന്നു പറയേണ്ടിവരും. ചിലപ്പോള്‍ അര്‍ദ്ധസത്യം, ചിലപ്പോള്‍ വികല സത്യം, ചിലപ്പോള്‍ അസത്യം. അപൂര്‍വമായിട്ടേ മാധ്യമങ്ങള്‍ സത്യം ലോകത്തില്‍ അവതരിപ്പിച്ചു കാണുന്നുള്ളൂ. ഇതൊരു ച്യുതിയാണെന്നു ഞാന്‍ പറയും.

മാധ്യമങ്ങള്‍ സത്യം പ്രഘോഷിക്കാനോ പ്രകാശിപ്പിക്കാനോ സത്യത്തെ അറിയിക്കാനോ പോലും തയ്യാറല്ലാത്ത ഒരു അന്തരീക്ഷത്തിലാണ് സത്യദീപത്തിന്‍റെ 90 വര്‍ഷത്തെ പ്രവര്‍ത്തനത്തെ ദൈവതിരുമുമ്പാകെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് നവതി ആഘോഷിക്കുന്നത്. 1960-കളില്‍ സത്യദീപത്തിന്‍റെ ബാലപംക്തിയില്‍ ഞാന്‍ അംഗമായിരുന്നു. അന്ന് നമ്മുടെ പേര് അച്ചടി മാധ്യമത്തില്‍ വരിക എന്നുള്ളത് വലിയൊരു കാര്യമായിരുന്നു. ഞാന്‍ പിന്നീട് സത്യദീപത്തില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എന്‍റെ അഭിമുഖങ്ങള്‍ അതില്‍ വന്നിട്ടുണ്ട്. എന്‍റെ പ്രസംഗങ്ങള്‍ ലേഖനങ്ങളായി ഏറ്റവുമധികം അച്ചടിച്ചുവന്നത് സത്യദീപത്തിലാണെന്നത് നന്ദിയോടെ ഞാന്‍ ഓര്‍ക്കുന്നു.

സത്യത്തിന്‍റെ ദീപമാണ് സത്യദീപം. വേറൊരു ധര്‍മ്മവും സത്യദീപത്തിനില്ല. സത്യത്തിലേക്കു സമൂഹത്തെ നയിക്കുന്ന, സഭയെ നയിക്കുന്ന ദീപമാണ് സത്യദീപം. പലപ്പോഴും സത്യദീപത്തെ മറ്റു മാധ്യമങ്ങള്‍ കാണുന്നത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക പത്രമായിട്ടാണ്. ഒരര്‍ത്ഥത്തില്‍ അങ്ങനെയാണു താനും. സത്യദീപം ആരംഭിക്കുന്ന കാലഘട്ടത്തില്‍ വേറൊരു മാധ്യമം കത്തോലിക്കാ സഭയ്ക്കില്ലായിരുന്നു. മാധ്യമശുശ്രൂഷയിലെ ആദ്യത്തെ കുഞ്ഞാണ് സത്യദീപം. അന്നും ഇന്നും എന്നും പൊതുസമൂഹം സത്യദീപത്തെ കാണാന്‍ ആഗ്രഹിക്കുന്നത് കത്തോലിക്കാ സഭയുടെ ഒരു ഔദ്യോഗിക ജിഹ്വയായിട്ടാണ്. സത്യത്തിന്‍റെ ദീപമായി മാത്രം നിലകൊള്ളണം എന്നു ശഠിച്ചുകൊണ്ട് പുരോഹിതര്‍ തന്നെ ഇതിന്‍റെ പത്രാധിപത്യത്തില്‍ മുഖ്യപങ്കുവഹിച്ചുകൊണ്ട് 90 വര്‍ഷക്കാലമായി മുന്നോട്ടുപോകുന്നു. കര്‍ദിനാള്‍ പിതാവു നിയമിക്കുന്ന വൈദികരാണ് ഇതിന്‍റെ പത്രാധിപര്‍.

കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം സത്യം ഒന്നേയുള്ളൂ. അതിനു പാര്‍ശ്വവീക്ഷണങ്ങളില്ല. പാര്‍ശ്വവീക്ഷണങ്ങളില്ലാതെ സത്യത്തെ അവതരിപ്പിക്കുന്നത് സത്യദീപമാണ്. ആ ധര്‍മ്മം സത്യദീപം എക്കാലവും നിര്‍വഹിച്ചിട്ടുണ്ട്, ഇനിയും നിര്‍വഹിക്കണം. സത്യദീപത്തിന്‍റെ പ്രസക്തി എന്തെന്നു ചോദിച്ചാല്‍ വാര്‍ത്തയെ വീക്ഷണമാക്കുന്ന ഇന്നത്തെ മാധ്യമരംഗത്തെ നിലപാടില്‍ അതിന്‍റെ സ്വാധീനം ഒട്ടുമേല്‍ക്കാതെ സത്യദീപം തലയുയര്‍ത്തിയും ചങ്കുവിരിച്ചും നട്ടെല്ലോടുകൂടിയും നിലകൊണ്ടിട്ടുണ്ട് എന്നുള്ളതാണ്. സത്യത്തെ തമസ്ക്കരിക്കാതെ, സത്യത്തെ വികലമാക്കാതെ, സത്യത്തില്‍ വെള്ളം ചേര്‍ക്കാതെ അതില്‍ മായം ചേര്‍ക്കാതെ സത്യം സത്യമായിത്തന്നെ അവതരിപ്പിക്കാനും ആ സത്യത്തിലേക്ക് ലോകത്തെ നയിക്കാനും വേണ്ടിയാണ് സത്യദീപം നിലകൊള്ളുന്നത്.

കത്തോലിക്കാ സഭയുടെ സമൂഹത്തിലെ പ്രസക്തി എന്താണ്, സഭ എന്തിനു വേണ്ടി നിലകൊള്ളുന്നു, കത്തോലിക്കാ സഭയുടെ വീക്ഷണം എന്താണ് സമൂഹത്തിലെ നിരവധിയായ പ്രശ്നങ്ങളില്‍ സഭയുടെ നിലപാട് എന്താണ്? ഇതെല്ലാം പ്രതിഫലിപ്പിക്കണം. എന്തിനുവേണ്ടി സത്യദീപം നിലകൊള്ളുന്നുവോ ആ ആശയത്തിനനുസരിച്ചു മാത്രമേ നിലപാട് സ്വീകരിക്കാവൂ. ഇപ്പോള്‍ സുഖിപ്പിച്ചു വായിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സുഖിപ്പിച്ചു വായിപ്പിക്കുക, സുഖിപ്പിച്ചു കാണിക്കുക…. അതിലൂടെ ആളുകളെ ആകര്‍ഷിക്കുക. സത്യദീപത്തിന് ആരെയും സുഖിപ്പിച്ചു വായിപ്പിക്കേണ്ട കാര്യമില്ല.
സത്യദീപത്തില്‍ പലപ്പോഴും വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ കാണാറുണ്ട്. സത്യം തമസ്ക്കരിക്കപ്പെടാതിരിക്കാന്‍ വിമര്‍ശനം ആവശ്യമാണ്. പക്ഷെ രണ്ടുവിധത്തില്‍ സത്യത്തെ വിമര്‍ശിക്കാം. ഒന്ന്, വിമര്‍ശിച്ച് പരിഹസിച്ച് അവസാനിപ്പിക്കാം. രണ്ടാമത്തേത്, അ പഗ്രഥിച്ച് വ്യാഖ്യാനിച്ച് സത്യത്തെ അവതരിപ്പിക്കലാണ്. സത്യദീപം ഉപയോഗപ്പെടുത്തുന്ന പത്രപ്രവര്‍ത്തനം സത്യത്തെ പരിഹസിച്ച് വിമര്‍ശിക്കാനുള്ളതാകരുത്. ചിലപ്പോള്‍ സത്യദീപത്തിലെ 'കത്തുകള്‍' പംക്തിയിലെ ചില എഴുത്തുകള്‍ വായിക്കുമ്പോള്‍ ഒരു പുച്ഛവും പരിഹാസവുമായിട്ടുള്ള നിലവാരത്തിലേക്ക് അവ പോകുന്നില്ലേ എന്നു സംശയിച്ചിട്ടുണ്ട്. സത്യദീപത്തിന്‍റേത് ഒരു മാധ്യമ ശുശ്രൂഷയാണ്. കേവലമായ മാധ്യമപ്രവര്‍ത്തനമല്ല. ഈ അക്ഷരശുശ്രൂഷയില്‍ പരിഹസിച്ചു വിമര്‍ശിച്ചുകൊണ്ടല്ല സഭയുടെ തിരുത്തല്‍ ശക്തിയാകേണ്ടത്. മറിച്ച് അപഗ്രഥിച്ചു വ്യാഖ്യാനിച്ചു സത്യത്തെ തുറന്നു കാട്ടാനുള്ള ആ ത്മാര്‍ത്ഥശ്രമമാണു വേണ്ടത്.
സത്യദീപം അതിന്‍റെ നവതി ആഘോഷിക്കുമ്പോള്‍ സത്യത്തിന്‍റെ ദീപമായി എന്നും നിലകൊള്ളാനും ഏക സത്യത്തിന്‍റെ നിലപാട് ലോകത്തെ അറിയിക്കാനുമുള്ള മാധ്യമശുശ്രൂഷ എന്നും ചങ്കുറപ്പോടെ തല ഉയര്‍ത്തി അവതരിപ്പിക്കാനും സത്യദീപത്തിനു തുടര്‍ന്നും കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും