Coverstory

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

Sathyadeepam
  • സിയ ജോസ് കാനാട്ട്

ഞാൻ ഇത് എഴുതുമ്പോൾ, പാതിര കുർബ്ബാനയ്ക്ക് ഇടാനുള്ള പുത്തനുടുപ്പും കാത്തിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ഓർമ്മയിലാണ്. എറണാകുളത്ത് ഉണ്ടായിരുന്ന ജോസ് ബ്രദേഴ്സിൽ നിന്ന് മേടിച്ച കൊണ്ടുവരുന്ന പുതിയ ഉടുപ്പുമിട്ട് തിരുപ്പിറവി കാണാൻ പോയത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇന്ന് വീണ്ടും ഒരു ഡിസംബർ മാസത്തിലാണ് നമ്മൾ. ഇലപൊഴിയും ഹേമന്തത്തിൽ നിന്നും മഞ്ഞു പെയ്യുന്ന ശിശിരത്തിൽ എത്തി നിൽക്കുമ്പോൾ ക്രിസ്മസ്സ് ഒരു വിളിപ്പാടകലെ മാത്രമാണ്. ക്രിസ്മസ്സിന് മുന്നൊരുക്കം എന്ന പോലെ നമ്മൾ സകല വിശുദ്ധരുടെയും ദിനം (All Saints Day) ആചരിക്കാറുണ്ട്. All Hallows Eve അഥവാ സകല വിശുദ്ധരുടെയും ദിനം ( All Saints Day) മുതൽ, കിസ്മസ്സ് വരെ, നമ്മളിൽ നിന്ന് വേർപെട്ട് പോയവരെ, വിശ്ദുധരെ, മരണമടഞ്ഞ രക്തസാക്ഷികളെ ഒക്കെയും ഓർക്കുന്ന ദിവസമാണ്.

കൂടാതെ അവർ വഴിയായി നമ്മൾക്ക് ലഭിച്ച അനവധിയായ നന്മകൾക്കും കൃപകൾക്കും നന്ദി പറഞ്ഞു കൊണ്ട് ഉണ്ണിയേശുവിനെ സ്വീകരിക്കാൻ നമ്മൾക്ക് ഒരുങ്ങാം. ക്രിസ്മസ്സിനെ വരവേൽക്കാൻ ഉള്ള ഒരുക്കങ്ങളിലേക്ക് നമ്മൾ നിങ്ങുമ്പോൾ, ഞാൻ ആലോചിച്ചത് നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ആദ്യത്തെ ആ തിരുപ്പിറവിയെക്കുറിച്ചാണ്.വി. മത്തായിയുടെ സുവിശേഷത്തിൽ യേശുവിൻ്റെ ജനനത്തെ കുറിച്ച് പ്രതിപാദിക്കുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. യേശുവിൻ്റെ ജനനത്തെ പറ്റി പറയുന്നതിന് മുന്നോടിയായി വി. മത്തായി യേശുവിൻ്റെ വംശാവലിയെക്കുറിച്ച് വളരെ വിശദമായി പറയുന്നുണ്ട്. യേശുക്രിസ്തു ദാവീദിൻ്റെ പുത്രനാണ് എന്നും സകലജനതകൾക്കും രക്ഷനൽകാൻ വേണ്ടി പിറന്ന ലോകരക്ഷകനാണ് എന്നും ആ സത്യം എളുപ്പത്തിൽ ഓർത്തെടുക്കാൻ സാധിക്കുന്ന രീതിയിലുമാണ് സുവിശേഷകൻ വംശാവലിയെ വിവരിക്കുന്നത്.

ക്രിസ്തുവിൻ്റെ വംശാവലിയെ മൂന്ന് കാലഘട്ടങ്ങളിലായിട്ടാണ് വി. മത്തായി തരംതിരിച്ചിരിക്കുന്നത്. ഇതിലെ ആദ്യത്തെ കാലഘട്ടം ദാവീദ് രാജാവിൻ്റെ കാലഘട്ടമാണ്, ഇസ്രായേലിനെ അതിശക്തമായ ഒരു രാജ്യമായും യഹൂദരെ ലോകത്തിലെ ഏറ്റവും വലിയ ശക്തരായ ജനതയുമാക്കിയ വ്യക്തിയായിരുന്നു ദാവീദ്. രണ്ടാമത്തേത് ബാബിലോൺ പ്രവാസമാണ്. രാജ്യത്തിൻ്റെ അപമാനവും ദുരന്തവും ദുഃഖമാണ് ഇതിൽ പ്രതിപാദ്യമായത്. മൂന്നാമത്തേത് യേശുക്രിസ്തുവിൻ്റെ കാലഘട്ടമാണ്, തൻ്റെ ജനത്തെ അടിമത്തത്തിൽ നിന്നും ദുഃഖങ്ങളിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി ഭൂമിയിൽ ഭൂജാതനായ ദൈവത്തിൻ്റെ തിരുസുതൻ. ആ തിരുസുതനിലൂടെയാണ് മനുഷ്യകുലം മുഴുവൻ സമഗ്ര രക്ഷ കൈവരിച്ചത്.

മനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്ന് മോചിപ്പിച്ച് ദൈവത്തോട് ചേര്‍ത്ത് നിര്‍ത്തി ആ സൃഷ്ടി കര്‍മ്മത്തില്‍ വീണ്ടും പങ്കാളിയാക്കുകയാണ് യേശുക്രിസ്തു ചെയ്തത്. ദൈവത്തിന് മനുഷ്യനായുള്ള സ്വപ്നങ്ങളാണ് യേശുക്രിസ്തു തന്റെ രക്ഷാകര കര്‍മ്മത്തിലൂടെ നേടിയെടുത്തത്.

മനുഷ്യനെ ദൈവം സൃഷ്ടിച്ചത് തൻ്റെ ഛായയിലും സാദൃശ്യത്തിലുമായിരുന്നു. മനുഷ്യനെ കുറിച്ചുള്ള ദൈവത്തിൻ്റെ സ്വപ്നം മഹത്വത്തിൻ്റെ സ്വപ്നമായിരുന്നു മനുഷ്യന് ദൈവത്തോടുള്ള സ്നേഹത്തിൻ്റെയും സഹജീവനത്തിൻ്റെയും സ്വപ്നമായിരുന്നു അത്. മനുഷ്യൻ ദൈവത്തോട് ഏറ്റവും അടുത്തു അടുപ്പമുള്ളവനായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. റോമൻ ചിന്തകനായ സിസേറോയുടെ വാക്കുകളിലൂടെ പറഞ്ഞാൽ " The only difference between man and God is in point of time. Man was born to be King". പക്ഷേ മനുഷ്യൻ ദൈവത്തോട് ചേർന്നിരിക്കേണ്ടതിന് പകരം അവൻ തിന്മയുടെ സേവകനായി. G.K. Chesterton ൻ്റെ വാക്കുകൾ ഉദ്ധരിച്ചാൽ " He used his free will to defy and disobey God". അതെ തൻ്റെ സ്വന്തം തീരുമാനങ്ങളിലുടെ ദൈവത്തോട് അനുസരണക്കേട് കാണിക്കുകയും ദൈവത്തിൻ്റെ സൃഷ്ടകർമ്മത്തിൻ്റെ ഉദ്ദേശ്യതിയിൽ നിന്ന് അകന്ന് മാറുകയും ചെയ്തു. മനുഷ്യൻ്റെ തന്നിഷ്ട പ്രവൃത്തികൾ അവനെ ദൈവത്തിൽ നിന്നും അകറ്റിയെങ്കിലും ദൈവം തൻ്റെ സൃഷ്ടിയെ വിട്ടുകളയാൻ ഒരുക്കമല്ലായിരുന്നു.

മനുഷ്യനെ വീണ്ടെടുക്കാൻ ദൈവം തൻ്റെ തിരുസുതനെ തന്നെയാണ് നിയോഗിക്കുന്നത്. മനുഷ്യൻ തൻ്റെ പാപത്തിൻ്റെ ചങ്ങലകളാൽ ബന്ധിതരായിരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. മനുഷ്യൻ്റെ അവസാനം ദുരന്തപൂർണ്ണമാകാൻ അവിടുന്ന് ആഗ്രഹിച്ചില്ല. മനുഷ്യനെ അവൻ്റെ പാപങ്ങളിൽ നിന്ന് മോചിപ്പിച്ച് ദൈവത്തോട് ചേർത്ത് നിർത്തി ആ സൃഷ്ടികർമ്മത്തിൽ വീണ്ടും പങ്കാളിയാക്കുകയാണ് യേശുക്രിസ്തു ചെയ്തത്. ദൈവത്തിന് മനുഷ്യനായുള്ള സ്വപ്നങ്ങളാണ് യേശുക്രിസ്തു തൻ്റെ രക്ഷാകര കർമ്മത്തിലൂടെ നേടിയെടുത്തത്. അവൻ ദൈവത്തിൻ്റെ രാജ്യത്വം പുന:സ്ഥാപിക്കുകയും മനുഷ്യൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു. മനുഷ്യന് 'ദൈവം ' എന്താണ് എന്ന് കാണിച്ചു തന്നത് യേശുവാണ് മറ്റൊരു രീതിയിൽ പറഞ്ഞാൽ ദൈവം ആരാണ് എന്നും ദൈവം നമ്മെ എങ്ങനെയാണ് സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നത് എന്നും മനസ്സിലാക്കി തന്നത് യേശുക്രിസ്തുവാണ്.

യേശുക്രിസ്തുവിന് മുമ്പ് നമ്മൾക്ക് പിതാവായ ദൈവത്തെ കുറിച്ചോ അവിടുത്തെ സ്നേഹത്തെയും കാരുണ്യത്തെയും കുറിച്ചോ പൂർണ്ണമായി അറിവുണ്ടായിരുന്നില്ല, എന്നാൽ യേശുവിലൂടെ ഇവയെല്ലാം അതിൻ്റെ പൂർണ്ണതയിൽ അനുഭവഭേദ്യമാകാൻ സാധിച്ചു. വി മത്തായി യേശുക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ച് പറയുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. അവിടുത്തെ വംശാവലി ഉദ്ധരിച്ചു കൊണ്ടാണ് സുവിശേഷകൻ ആരംഭിക്കുന്നത് തന്നെ. യേശു ദാവീദിൻ്റെ വംശാവലിയിൽ ജനിച്ചതാണ് എന്ന് അതിലൂടെ അദ്ദേഹം നിസ്സംശയം സ്ഥാപിക്കുന്നുണ്ട്. യഹൂദരെ സംബന്ധിച്ച് അവർക്ക് തങ്ങളുടെ പൈതൃകത്തിലും പാരമ്പര്യത്തിലും വളരെയേറെ ഊറ്റം കൊണ്ടിരുന്നവരായിരുന്നു. ഇസ്രായേലിനെ അതിൻ്റെ ഏറ്റവും മഹത്വത്തിലേയ്ക്ക് എത്തിച്ച ദാവീദ് രാജാവിൻ്റെ ഗോത്രത്തിൽ പിറന്ന യേശുക്രിസ്തു അനിഷ്യേധനായ നേതാവാണ് എന്നും മനുഷ്യനെ തങ്ങളുടെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ച് സ്വർഗ്ഗരാജ്യത്തിലേയ്ക്ക് നയിക്കാൻ വന്ന രക്ഷകനാണ് ക്രിസ്തു എന്ന് വളരെ അസ്സനിഗ്ദ്ധമായി വി. മത്തായി പറഞ്ഞുവെയ്ക്കുകയാണ്.

വി. ബൈബിൾ പറയുന്നത് യേശു ബേത്ലഹേമിൽ ജനിച്ചു എന്നാണ്. ബേത്ലേഹം എന്ന വാക്കിൻ്റെ അർത്ഥം The house of bread ' അപ്പത്തിൻ്റെ ഭവനം ' എന്നാണ്. വളരെ സമൃദ്ധമായിരുന്ന ഒരു പട്ടണമായിരുന്നു ബേത്ലേഹം. ചെറുതെങ്കിലും തലയെടുപ്പോടെ നിൽക്കുന്ന ഒരു ഭൂപ്രദേശം. ഒരു രാജാവിന് ജന്മമെടുക്കാൻ വേണ്ടി പ്രൗഡിയുള്ള സ്ഥലം. അനവധി ചെറുകുന്നുകളുടെ ഇടയിൽ ഏകദേശം 2500 അടി ഉയരത്തിൽ നിന്നിരുന്ന ഒരു amphitheatre പോലെയായിരുന്നു ബേത്ലേഹം. ഈ നഗരത്തിന് യാക്കോബിൻ്റെ കാലം മുതലുള്ള പാരമ്പര്യം അവകാശപ്പെടാനുണ്ട്. യാക്കോബിൻ്റെ ഭാര്യയായ റാഹേലിനെ മരണശേഷം ബേത്ലഹേമിലാണ് അടക്കം ചെയ്തിരിക്കുന്നത്. ദാവീദ് രാജാവിൻ്റെ ഭവനവും ബേത്ലേഹം നഗരത്തിൽ ആയിരുന്നു.

യേശുക്രിസ്തുവിന് മുമ്പ് നമ്മള്‍ക്ക് പിതാവായ ദൈവത്തെ കുറിച്ചോ അവിടുത്തെ സ്‌നേഹത്തെയും കാരുണ്യത്തെയും കുറിച്ചോ പൂര്‍ണ്ണമായി അറിവുണ്ടായിരുന്നില്ല. എന്നാല്‍ യേശുവിലൂടെ ഇവയെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവ വേദ്യമാകാന്‍ സാധിച്ചു.

ഫിലിസ്ത്യർ ബേത്ലേഹം ആക്രമിച്ചപ്പോൾ ദാവീദ് തൻ്റെ പട്ടണത്തിൻ്റെ കവാടത്തിനരികിൽ നിന്നുള്ള കിണറ്റിൽ നിന്നും തനിക്ക് കുടിക്കാനായി വെള്ളം ലഭിച്ചിരുന്നെങ്കിൽ എന്ന് ആർത്തിയോടെ ചോദിക്കുന്നത് സാമുവേൽ പ്രവാചകൻ്റെ പുസതകത്തിൽ പറയുന്നുണ്ട്. അത് പോലെ തന്നെ മീഖ പ്രവാചകൻ 5: 2 ൽ പറയുന്നത് ഇപ്രകാരമാണ് " ബേത്ലേഹം എഫ്രാത്താ യൂദാ ഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽ നിന്നും പുറപ്പെടും അവൻ പണ്ടേ യുഗങ്ങൾക്ക് മുൻപേ ഉള്ളവനാണ്". ബേത്ലേഹമിൽ അക്കാലത്ത് വീടുകളോട് ചേർന്ന് ചെറുഗുഹാലയങ്ങൾ ഉണ്ടായിരുന്നു. തങ്ങളുടെ വളർത്തു മൃഗങ്ങളെയും മറ്റും ഈ ഗുഹാലയങ്ങളിൽ ആണ് അവർ പരിപാലിച്ചിരുന്നത്. അങ്ങനെയുള്ള ഒരിടത്താണ് യേശുക്രിസ്തു ജനിച്ചത് എന്നാണ് വി മത്തായിയുടെ സുവിശേഷം പറയുന്നത്. ഇന്നത്തെ ബേത്ലേഹമിൽ യേശുവിൻ്റെ തിരുപ്പിറവിയുടെ ദേവലായം സ്ഥിതി ചെയ്യുന്നത് യേശു ജനിച്ച ഗുഹാലയതിൻ്റെ മുകളിലാണ്. അവിടേയ്ക്ക് ഇറങ്ങി ചെല്ലണമെങ്കിൽ വളരെ ഉയരം കുറഞ്ഞ ഒരു വാതിലിലൂടെ നൂണു കടക്കണം. ഇതിൻ്റെ ഉപമേയം വളരെ മനോഹരമാണ് ഉണ്ണിയേശുവിനെ കാണാൻ താണുവണങ്ങി വേണം പ്രവേശിക്കാൻ. അതെ ദൈവപുത്രൻ്റെ മുമ്പിൽ നമ്മൾക്ക് വിനീതഹൃദയത്തോടെ നമ്രശിരസ്കരായി നിൽക്കാം.

യേശുവിൻ്റെ തിരുപ്പിറവിയോളം മനോഹരമായ മറ്റൊരു ആഘോഷം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾക്ക് ചുറ്റും നോക്കിയാൽ പ്രകൃതി പോലും ഏറ്റവും സുന്ദരമായ ഒരു സമയമാണ് ഒരുക്കുന്നത്. എങ്ങും നക്ഷത്രദീപങ്ങൾ, ക്രിസ്മസ്സ് ട്രീകൾ, ബേക്കറിയിലെ തട്ടുകളിൽ നിറയുന്ന കേക്കുകൾ, പുത്തൻ ഉടുപ്പുകളും. തോരണങ്ങളും, നക്ഷത്രങ്ങളും, ദീപാലങ്കാരങ്ങളും എല്ലാം കൊണ്ട് ഭവനങ്ങളും ദേവാലയങ്ങളും അലങ്കരിക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ ആണ് ചുറ്റിലും.

വീണ്ടും മനസ്സ് ആ കൊച്ചുകുട്ടിയുടെ ഓർമ്മകളിലേയ്ക്ക് പോകുന്നു. ക്രിസ്മസ്സിനു രണ്ടു ദിവസം മുമ്പാണ് വീട്ടിൽ പുൽക്കൂട് വയ്ക്കുന്നത്. അപ്പച്ചനാണ് പുൽക്കൂട് ഉണ്ടാക്കാറ്, പുല്ലോ വൈക്കോലോ കൊണ്ട് മേൽക്കൂര കെട്ടിമേഞ്ഞ് മരത്തിൻ്റെ കമ്പുകളൊക്കെ ചേർത്ത് വെച്ച് ഒരു കൊച്ച് പുൽകൂട്. ഞങ്ങൾ അമ്മയും മക്കളും അപ്പച്ചന് കടും കാപ്പിയൊക്കെ ഇട്ട് കൊടുത്ത് കൂട്ടിരിക്കും. പുൽക്കൂട് ഉണ്ടാക്കുമ്പോൾ അപ്പച്ചൻ തൻ്റെ കുട്ടിക്കാലത്ത് നക്ഷത്രമുണ്ടാക്കിയതും പുൽക്കൂട് വയ്ക്കുന്നതിനെ പറ്റിയുമൊക്കെ ഓർത്ത് പറയും. അമ്മാമ്മ വട്ടയപ്പം ചുടുന്നതും അവസാനം കലത്തിൻ്റെ ചുവടിലെ പച്ചമാവ് കഴിയ്ക്കുന്നതുമൊക്കെ അപ്പ ഓർത്തെടുക്കും. വീട്ടിലെ പുൽക്കുടിൻ്റെയും നക്ഷത്രത്തിൻ്റെയും പണികൾ നടക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ മൈക്കിളേട്ടൻ്റെ മക്കൾ മുള കൊണ്ട് തീർത്ത നക്ഷത്രത്തിൻ്റെ ചട്ടക്കൂടിൻ്റെ മുകളിൽ വെള്ളയും ചുവപ്പും നിറമുള്ള ബട്ടർ പേപ്പർ ഒട്ടിച്ച് മിനുക്കുന്ന തിരക്കിലാകും. അവസാനം രണ്ടു വീട്ടിലെയും നക്ഷത്രങ്ങൾ തെളിയുമ്പോൾ മനസ്സ് പറയും ഉണ്ണിയേശു ഇതാ ഇവിടെ വീണ്ടും പിറന്നിരിക്കുന്നു എന്ന്, സ്നേഹത്തിൻ്റെ കരുണയുടെ പങ്കുവെയ്ക്കലിൻ്റെ ഒക്കെ പ്രതീകമായി.

അതെ ക്രിസ്മസ് ഒരു ആഘോഷമാണ്, വീണ്ടെടുപ്പിൻ്റെ, നന്മയുടെ, ഒത്തു ചേരലിൻ്റെ ഒക്കെ ഒരു ഓർമ്മപ്പെടുത്തൽ. ക്രിസ്തുമസ് ദിവസം പാതിരാക്കുർബ്ബാനയ്ക്ക് പുത്തൻ ഉടുപ്പിട്ട് പള്ളിയിൽ പോകുമ്പോൾ ലോകം കീഴടക്കിയ സന്തോഷമാണ്. ആ പുത്തനുടുപ്പിൻ്റെ മണവും, ജോസ് ബ്രദേഴ്സിൻ്റെ കടയും ഇന്നലെ കണ്ട് മറന്ന പോലെ. പാതിരാ കുർബ്ബാന കഴിഞ്ഞ് വരുമ്പോൾ അമ്മ ഒരു വട്ടയപ്പം പുഴുങ്ങി തരും. അത് കഴിച്ച് പള്ളിയിലെ വിശേഷമൊക്കെ പങ്കുവെച്ച് പിന്നെ ക്രിസ്മസ്സ് ആഘോഷങ്ങളിലേയ്ക്കാണ്. എങ്കിലും ഡിസംബർ 25 കഴിയുമ്പോൾ ഒരു സങ്കടമാണ് ഇനിയൊരു വർഷം കാത്തിരിക്കണമല്ലോ ക്രിസ്മസ്സിനായെന്ന്. ഒരു കുഞ്ഞു കഥ കൂടെ പറഞ്ഞ് ഞാൻ എൻ്റെ ഈ കുറിപ്പ് ചുരുക്കട്ടെ ബൈബിളിൽ ഉണ്ണിയേശുവിനെ കാണാൻ വന്ന മൂന്ന് ജ്ഞാനികളെ പറ്റി പറയുന്നുണ്ട്.

ഇവർ മൂവരെ കൂടാതെ നാലാമത്തെ ജ്‌ഞാനിയെ പറ്റി 'Harry Van Dyke' എഴുതിയ 'The Other wise man' എന്ന ഒരു കഥയുണ്ട്. ഈ നാലാമൻ്റെ പേര് അർതബാൻ എന്നായിരുന്നു. ഉണ്ണിയേശുവിനെ കാണുന്നതിന് അദ്ദേഹവും മറ്റ് മൂന്ന് പേരുടെ കൂടെ കുതിരപ്പുറത്ത് യാത്ര തിരിക്കുകയാണ്, ഉണ്ണിയേശുവിന് സമർപ്പിക്കാൻ വേണ്ടി അദ്ദേഹം അമൂല്യമായ മൂന്ന് രത്നങ്ങൾ കരുതിയിരുന്നു. യാത്രാമദ്ധ്യേ അർതബാൻ വഴിയിൽ മുറിവേറ്റു മരണാസന്നനായി കിടക്കുന്ന ഒരാളെ കാണുകയാണ്, അയാളെ വഴിയിൽ ഉപക്ഷിച്ച് പോകാൻ മനസ്സുവരാത്തത് കൊണ്ട് അദ്ദേഹം അയാളെ പരിചരിച്ച് സുഖപ്പെടുത്തിയതിനുശേഷം യാത്ര തുടരുകയാണ്. പക്ഷേ അദ്ദേഹത്തിന് തൻ്റെ കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് പേരെയും യാത്രാമദ്ധ്യ കണ്ടെത്താൻ സാധിക്കുന്നില്ല. കുതിരപ്പുറത്ത് മരുഭൂമിയിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം തൻ്റെ കൈയ്യിലെ ഒരു രത്നം വിറ്റ്, യാത്ര ചെയ്യാൻ വേണ്ടിയുള്ള ഒട്ടകത്തെയും മറ്റു സാമഗ്രികളും മേടിച്ചു യാത്ര തുടരുകയാണ്.

അവസാനം അർതബാൻ ബേത് ലേഹമിൽ എത്തുമ്പോൾ അറിയുന്നത് ഉണ്ണിയേശുവും കുടുംബവും ഈജീപതിലേയ്ക്ക് പാലയനം ചെയ്തു എന്നാണ്. അവിടെ വച്ച് അദ്ദേഹം തൻ്റെ കൈയ്യിലെ രണ്ടാമത്തെ രത്നം ഹേറോദോസ് രാജാവ് മരണശിക്ഷയ്ക്ക് വിധിച്ച ഒരു കുഞ്ഞിൻ്റെ ജീവൻ രക്ഷിയ്ക്കാൻ വേണ്ടി വിൽക്കുകയാണ്. അതിനുശേഷം അദ്ദേഹം ഈജിപ്തിലും മറ്റു പല രാജ്യങ്ങളിലും ഉണ്ണിയേശുവിനെ കാണുന്നതിന് വേണ്ടി സഞ്ചരിക്കുകയാണ്. അങ്ങനെ നീണ്ട 33 വർഷങ്ങൾക്കിപ്പുറം അർതബാൻ യെരുശലേമിൽ എത്തുകയാണ്. അർതബാൻ എത്തുന്ന അന്നാണ് യേശുവിനെ ക്രൂശിക്കുന്ന ദിവസവും. അർതബാൻ അന്ന് യെരുശലേമിൽ അടിമയായി വിൽക്കാൻ വച്ച ഒരു പെൺകുട്ടിയെ മോചിപ്പിക്കുന്നതിനുള്ള മോചനദ്രവ്യത്തിനായി അദ്ദേഹം തൻ്റെ കൈയ്യിലുള്ള അവസാനത്തെ രത്നവും വിൽക്കുകയാണ്. പക്ഷേ അർതബാന് യേശുവിനെ നേരിൽ കാണാൻ സാധിക്കും മുൻപേ അദ്ദേഹത്തിൻ്റെ ശിരസ്സിൽ ഒരു ഓടിൻ്റെ പാളി വീണ് ഗുരുതരമായി മുറിവേറ്റ് വീഴുകയാണ് , മരണത്തോട് അടുക്കുമ്പോൾ അർതബാൻ ഒരു ശബ്ദം കേൾക്കുകയാണ് " എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണു ചെയ്തു തന്നത്". തൻ്റെ കാഴ്ചദ്രവ്യങ്ങൾ എല്ലാം സ്വീകരിക്കപ്പെട്ടതിൻ്റെ നിർവൃതിയിൽ അർതബാൻ ദൈവസന്നിധിയിൽ ചേർക്കപ്പെടുകയാണ്. അതെ ചുറ്റുമുള്ള എളിയവരിൽ യേശുവിനെ കണ്ടെത്തിയ നാലാമത്തെ ജ്ഞാനിയുടെ കഥ അവിടെ അവസാനിക്കുകയാണ്.

ഉണ്ണിയേശുവിനെ നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സ്വീകരിക്കാൻ നമ്മൾക്ക് നമ്മെ തന്നെ ഒരുക്കാം. Edna Faber പറഞ്ഞത് പോലെ " Christmas is not a season it's a feeling". അതെ ഒന്നാകലിൻ്റെ, പങ്കുവെയ്ക്കലിൻ്റെ, സ്നേഹത്തിൻ്റെ ഒക്കെ അനുഭവമാണ് ക്രിസ്മസ്. ഏറ്റവും മനോഹരവും അനുഗ്രഹപ്രദവുമായ ഒരു ക്രിസ്മസ് ഏവർക്കും ആശംസിച്ചു കൊണ്ട് നിർത്തട്ടെ.

പുതുവെളിച്ചം

സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും സമത്വവും തുല്യതയും ഉറപ്പുവരുത്തണം - മന്ത്രി വി.എന്‍. വാസവന്‍

വനിതാദിനാഘോഷവും ആദരവും മാര്‍ച്ച് 12, വ്യാഴാഴ്ച വൈകുന്നേരം 5.30ന് 

ക്രൈസ്തവ സമുദായം നേരിടുന്ന ഭരണ രാഷ്ട്രീയ രംഗത്തെ അവഗണന പ്രത്യാഘാതം സൃഷ്ടിക്കും: മാർ ആൻഡ്രൂസ് താഴത്ത്

ദൈവവിളി വിചാരം