പ്രാര്‍ത്ഥനയും ഉപവാസവും വഴിയല്ലാതെ പിശാചുക്കളെ പുറത്താക്കാന്‍ പറ്റുകയില്ല (മത്താ. 17:21) എന്ന ഈശോയുടെ വാക്കുകളുടെ ഉള്‍പ്പൊരുള്‍ മനസ്സിലാക്കിക്കൊണ്ട് വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും പൈശാചികശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യാനും മാനസാന്തരത്തിന്റെ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുവാനും നോമ്പുകാലം നമ്മെ ഓര്‍മിപ്പിക്കുന്നു. ഇതിന് നമ്മള്‍ ഭക്ഷണം മാത്രം ഉപേക്ഷിച്ചാല്‍ പോരാ. നമ്മില്‍ കുടികൊള്ളുന്ന വഞ്ചനയും അസൂയയും ദ്രവ്യാസക്തിയും വര്‍ജ്ജിക്കാന്‍ നാം തയ്യാറാകണം.
സീറോ മലബാര്‍ സഭയുടെ ആരാധനാക്രമവത്സരത്തിലെ മൂന്നാമത്തെ കാലമാണ് നോമ്പുകാലം. വലിയനോമ്പ് (സൗമാ റമ്പാ) എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഈ കാലഘട്ടം പീഡാനുഭവ (ഹാശാ) ആഴ്ചയോടെയാണ് അവസാനിക്കുന്നത്. ഈ ഏഴ് ആഴ്ചകള്‍ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും മാനസാന്തരത്തിനുമായി പ്രത്യേകം നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. മോശയുടെയും (പുറ. 24:18) ഏലിയായുടെയും (രാജ. 19:8) ഈശോയുടെതന്നെയും (മര്‍ക്കോ. 1:13) നാല്പതുദിവസങ്ങളിലെ ഉപവാസത്തെ അനുസ്മരിച്ചാണ് നാല്പതുദിവസത്തെ ഉപവാസരീതി സഭയില്‍ രൂപം പ്രാപിച്ചത്. എങ്കിലും മാര്‍ത്തോമാ നസ്രാണികള്‍ പേത്തുര്‍ത്താ ഞായര്‍ റംശ മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെയുള്ള അമ്പതുദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നു. പേത്തുര്‍ത്താ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച അനു താപശുശ്രൂഷയുടെ കര്‍മങ്ങള്‍ ദൈവാലയങ്ങളില്‍ നടത്തുകയും ഉപവാസദിനം ആചരിക്കുകയും ചെയ്തുകൊണ്ട് വലിയ നോമ്പിന് തുടക്കം കുറിക്കുന്നു. ഹാശാ ആഴ്ച (പീഡാനുഭവവാരം) എന്നറിയപ്പെട്ടിരുന്ന വലിയ ആഴ്ചയ്ക്ക് പുറമെ പാതിനോമ്പാചരണം, നാല്പതാം വെള്ളിയാചരണം, ലാസറിന്റെ ശനി അഥവ കൊഴുക്കട്ട ശനി എന്നിങ്ങനെ പ്രത്യേക ദിനങ്ങളും ഓരോ ദിവസത്തിന്റെയും പ്രത്യക ഭക്ഷണങ്ങളും ആചാരങ്ങളും നോമ്പുകാലത്തെ പ്രത്യേക ആചരണങ്ങളുടെ ഭാഗമായിരുന്നു.
മാര്‍ത്തോമ്മാ നസ്രാണികള്‍ നോമ്പിന്റെ സ്‌നേഹിതര്‍ എന്ന് വിശേഷിപ്പിക്കാവുന്നവരാണ്. ആണ്ടുവട്ടത്തിന്റെ വലിയൊരുഭാഗം നോമ്പും ഉപവാസവുമായി ആചരിച്ചിരുന്നു. ഇരുപത്തിയഞ്ചുനോമ്പ്, മൂന്നുനോമ്പ്, അമ്പതുനോമ്പ്, പതിനഞ്ചു നോമ്പ്, മിശിഹായുടെ കുരിശുമരണത്തെ അനുസ്മരിക്കുന്ന വെള്ളിയാഴ്ചനോമ്പ്, പരിശുദ്ധ അമ്മയുടെ ബഹുമാനാര്‍ത്ഥം നടത്തിയിരുന്ന ബുധനാഴ്ചനോമ്പ്, എലീയ നോമ്പ്, കന്യകകളുടെ നോമ്പ്, രൂപാന്തരീകരണതിരുനാളിനൊരുക്കമായ ജാഗരണനോമ്പ്, യല്‍ദാ (പിറവി), പന്തക്കുസ്താ, സ്വര്‍ഗാരോപണം, പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി, ഇടവകമധ്യസ്ഥന്‍, വി. പത്രോസ്, പൗലോസ് ശ്ലീഹായുടെ തിരുനാളിന്റെ തലേനാള്‍ തുടങ്ങിയ ദിവസങ്ങളില്‍ ആചരിച്ചിരുന്ന നോമ്പുകള്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആണ്ടുവട്ടത്തില്‍ ഏതാണ്ട് 225 ദിവസങ്ങള്‍ നോമ്പുദിനങ്ങളായിരുന്നു. എന്നാല്‍, സൗമാ റമ്പാ എന്ന് വിളിച്ചിരുന്ന വലിയനോമ്പാചരണത്തിന് മാര്‍ത്തോമ്മാനസ്രാണികളുടെയിടയില്‍ വലിയ സ്ഥാനമുണ്ടായിരുന്നു.
അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയില്‍ മുന്നേറാനും ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുന്നതിനും ദുര്‍ഭാഷണം നീക്കിക്കളയുന്നതിനും വിശക്കുന്നവന് അപ്പം പങ്കുവയ്ക്കുന്നതിനും മര്‍ദിതന് ആശ്വാസം നല്കുന്നതിനും (ശൂബാഹ, ലെലിയ ഞായര്‍, നോമ്പുകാലം) ലൗകികമായ സന്തോഷങ്ങള്‍ ഉപേക്ഷിച്ച് മിശിഹായിലേയ്ക്ക് തിരിയുന്നതിനും നോമ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. മിശിഹായുടെ രക്ഷാരഹസ്യങ്ങളായ പീഡാനുഭവം, കുരിശുമരണം, സംസ്‌കാരം എന്നിവ വഴി നാഥനുമായി താദാത്മ്യപ്പെടാനുള്ള അവസരമാണ് വലിയ നോമ്പു കാലം.
നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യവും അതനുഷ്ഠിക്കുന്നവരെയും വി. ഗ്രന്ഥത്തിലുടനീളം കാണാം. ദൈവസന്നിധിയില്‍നിന്ന് പത്തുകല്പനകള്‍ സ്വീകരിക്കുന്നതിനുള്ള ഒരുക്കമായി മോശ ഒന്നും ഭക്ഷിക്കുകയോ, പാനം ചെയ്യുകയോ ചെയ്തില്ലെന്ന് പുറപ്പാടു പുസ്തകം സാക്ഷ്യപ്പെടുത്തുന്നു (പുറ. 34:28). ഫിലിസ്ത്യരുടെ കരങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിനായി ഇസ്രായേല്‍ജനത ദിവസം മുഴുവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ഒരുമിച്ചുകൂടി ഉപവസിക്കുകയും തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറയുകയും ചെയ്തു (1 സാമു. 7:6). നാബോത്തിനെതിരായി ചെയ്ത തെറ്റിനെയോര്‍ത്ത് ആഹാബ് രാജാവ് മനസ്തപിക്കുകയും ചാക്കുടുത്ത് ഉപവസിക്കുകയും ചെയ്തു (1 രാജാ. 21:27). രാത്രി മുഴുവന്‍ ഉപവാസത്തില്‍ കഴിഞ്ഞ രാജാവിന്റെ പ്രാര്‍ത്ഥന വഴി ദാനിയേലിനെ സിംഹങ്ങള്‍ ഉപദ്രവിച്ചില്ല (ദാനി. 6:18). ഇസ്രായേല്‍ജനതയുടെ നാശം മുന്‍കൂട്ടിക്കാണുന്ന എസ്‌തേര്‍രാജ്ഞി മൂന്നുരാത്രിയും മൂന്നു പകലും ഉപവാസം പ്രഖ്യാപിച്ചു (എസ്‌തേ. 12:16). ദൈവ സന്നിധിയില്‍ തങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും തങ്ങളുടെ യാത്ര സുഗമമാക്കുന്നതിനുംവേണ്ടി എസ്രാ ഉപവാസം പ്രഖ്യാപിക്കുകയും തത്ഫലമായി അവര്‍ക്ക് ദൈവം സംരക്ഷണം നല്കുകയും ചെയ്തു (എസ്രാ. 8:21). നിനിവേനഗരത്തിന്റെ നാശത്തെക്കുറിച്ചുള്ള യോനാപ്രവാചകന്റെ പ്രസംഗം കേട്ട് അവിടെയുള്ളവര്‍ ഉപവാസം പ്രഖ്യാപിക്കുകയും നാശത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു (യോന. 3:5). ഫനുവേലിന്റെ പുത്രിയും ആ ഷേര്‍വംശജയുമായ അന്നപ്രവാചിക രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിയുകയായിരുന്നുവെന്ന് ലൂക്കായുടെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു (ലൂക്കാ 2:37). കര്‍ത്താവിനു വഴിയൊരുക്കാന്‍ വന്ന യോഹന്നാന്‍ മാം ദാന താപസജീവിതമാണ് നയിച്ചിരുന്നത് (മത്താ. 3:4). ഈശോ നാല്പതുരാവും നാല്പതു പകലും മരുഭൂമിയില്‍ വച്ച് ഉപവസിച്ചു (മത്താ. 4:2). മനുഷ്യനെന്ന രീതിയില്‍ ഈശോ മരുഭൂമിയില്‍ നാല്പതുദിവസങ്ങള്‍ ഉപവസിക്കുകയും ദൈവമെന്ന രീതിയില്‍ മാലാഖമാര്‍ അവനെ ശുശ്രൂഷിക്കുവാന്‍ താഴ്ന്നിറങ്ങുകയും ചെയ്തുവെന്ന് പൗരസ്ത്യപിതാവായ നിസിബിസിലെ നര്‍സായി സാക്ഷ്യപ്പെടുത്തുന്നു. രഹസ്യമായി ഉപവസിക്കുന്നതാണ് ഉചിതമെന്ന് ഈശോ പഠിപ്പിക്കുന്നു. എന്തെന്നാല്‍ രഹസ്യങ്ങള്‍ അറിയുന്ന പിതാവ് പ്രതിഫലം നല്കും (മത്താ. 6:16). പിശാചുബാധിതനെ സുഖപ്പെടുത്തുവാന്‍ ശിഷ്യര്‍ക്ക് കഴിയാതെവരുന്ന ഘട്ടത്തില്‍, പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ടല്ലാതെ പിശാചുക്കളെ പുറത്താക്കുവാന്‍ കഴിയുകയില്ലെന്നാണ് ഈശോ ശിഷ്യരെ ഉദ്‌ബോധിപ്പിക്കുന്നത് (മത്താ. 9:28). സാവൂളിന്റെ മാനസാന്തരത്തിനുശേഷം മൂന്നുദിവസത്തേക്ക് അദ്ദേഹം ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ലെന്ന് അപ്പസ്‌തോലപ്രവര്‍ത്തനം രേഖപ്പെടുത്തുന്നു (അപ്പ. 9:9) ഇവയെല്ലാം നോമ്പിന്റെയും ഉപവാസത്തിന്റെയും പൊരുളും ശക്തിയും നമ്മുടെ മുന്‍പില്‍ വരച്ചുകാണിക്കുന്ന വിശുദ്ധഗ്രന്ഥ സംഭവങ്ങളാണ്.
ശാരീരിക ഉപവാസവേളകളില്‍ ചില പ്രത്യേക ഭക്ഷണ-പാനീയങ്ങള്‍, വിനോദങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നത് ഉചിതമാണ്. എന്നാല്‍ നോമ്പിന്റെ ആത്മീയമാനമെന്നത് വഞ്ചന, വെറുപ്പ്, അസൂയ, തഴക്കദോഷങ്ങള്‍, ദുഃസ്വഭാവങ്ങള്‍ എന്നിവയില്‍ നിന്നുള്ള പിന്മാറ്റമാണ്.
മാര്‍തോമ്മാനസ്രാണികള്‍ വലിയനോമ്പിന്റെ ചൈതന്യത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത് അമ്പതുനോമ്പിനുള്ള ഒരുക്കം എന്ന് വിശേഷിപ്പിക്കാവുന്ന മൂന്നു നോമ്പാചരണത്തോടെയാണ്. ദനഹാക്കാലത്തിന്റെ അവസാനത്തെ ആഴ്ചയില്‍നിന്ന് പുറകോട്ട് എണ്ണി മൂന്നാമത്തെ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ ആചരിക്കുന്നതാണ് മൂന്നു നോമ്പ്. 'നിനവെക്കാരുടെ പ്രാര്‍ത്ഥന' എന്നും ഇത് അറിയപ്പെടുന്നു. മാര്‍ത്തോമ്മാ നസ്രാണികളുടെ പാരമ്പര്യപ്രകാരം 'പതിനെട്ടാമിട നോമ്പ്' എന്നും ഇതിനെവിളിക്കാറുണ്ട്. കാരണം വലിയനോമ്പ് ആരംഭിക്കുന്നതിന് പതിനെട്ടു ദിവസം മുമ്പാണ് ഇതവസാനിക്കുന്നത്. പഴയനിയമത്തെ ആധാരമാക്കി ഇപ്പോഴും നമ്മള്‍ പിന്‍തുടരുന്ന ഒന്നാണ് മൂന്നുനോമ്പ്. യോനാപ്രവാചകന്‍ മൂന്നുരാവും മൂന്നുപകലും മത്സ്യത്തിന്റെ ഉദരത്തിലായിരുന്നുവല്ലോ. മത്സ്യംവഴി യോനാ നിനവേ ദേശത്ത് എത്തിച്ചേരുകയും നിനവേക്കാരോട് അനുതപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകന്റെ വാക്കുകള്‍ വിശ്വസിച്ച് നിനവേയിലുള്ള എല്ലാവരും തങ്ങളുടെ പാപങ്ങളോര്‍ത്ത് പശ്ചാത്തപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു. ആറാം നൂറ്റാണ്ടിന്റെ അവസാനകാല ഘട്ടത്തില്‍ (570-581) ബേസ് ഗര്‍മായി, ആതൂര്‍, മെസെപ്പെട്ടോമിയായിലെ നിനവേ പ്രദേശങ്ങളില്‍ ഉണ്ടായ പ്ലേഗുബാധയെത്തുടര്‍ന്നുള്ള നോമ്പാചരണവുമായി ബന്ധപ്പെടുത്തിയാണ് ഈ തിരുനാള്‍ അറിയപ്പെടുന്നത്. മെസെപ്പെട്ടോമിയാ നിവാസികള്‍ മൂന്നു ദിവസം തുടര്‍ച്ചയായി നടത്തിയ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി പ്ലേഗുബാധയില്‍നിന്ന് രക്ഷപ്പെട്ടതിന് കൃതജ്ഞത പ്രകാശിപ്പിക്കാനാണത്രേ ഈ നോമ്പ് ആരംഭിച്ചത്. പില്ക്കാലത്ത് നിനവെക്കാരുടെ നോമ്പാചരണത്തിന്റെ (യോനാ 3:4-10) അനുകരണമായി മൂന്നു നോമ്പ് പരിഗണിക്കുവാന്‍ തുടങ്ങി. മൂന്നു നോമ്പ് എന്നത് അമ്പതുനോമ്പിനുള്ള മുന്നൊരുക്കവും പരിശീലനഘട്ടവുമായി മനസ്സിലാക്കാം. മൂന്നുനോമ്പിനും വലിയനോമ്പിനും ഇടയിലുള്ള രണ്ട് വെള്ളിയാഴ്ചകളില്‍ മരിച്ചുപോയ പുരോഹിതരെയും അല്മായരെയും സഭ അനുസ്മരിക്കുന്നു. അപ്രകാരം വലിയനോമ്പിലേക്ക് പ്രവേശിക്കാനും നോമ്പാകുന്ന യുദ്ധത്തില്‍ വിജയിക്കാനുമുള്ള സഹായം പരേതരോട് ഈ അവസരത്തില്‍ നമ്മള്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നു.
കര്‍ത്താവിന്റെ പെസഹാത്തിരുനാളിന് ഒരുക്കമായിട്ടാണ് സഭ നാല്പതുദിവസത്തെ വലിയനോമ്പ് ആചരിക്കുന്നത്. തെര്‍ത്തുല്യന്റെയും (+ 220) ഹിപ്പോളിറ്റസിന്റെയും (+ 235) കാലഘട്ടത്തില്‍ ദുഃഖ വെള്ളിയും ദുഃഖശനിയും ഉപവാസദിനങ്ങളായി പാശ്ചാത്യസഭ ആചരിച്ചിരുന്നു. പാശ്ചാത്യസഭയില്‍ വിഭൂതിബുധനാഴ്ചയും ദുഃഖവെള്ളിയാഴ്ചയും നിര്‍ബന്ധിത ഉപവാസദിനങ്ങളാണെങ്കില്‍ പൗരസ്ത്യര്‍ക്ക് വലിയ നോമ്പാരംഭ ദിവസമായ തിങ്കളാഴ്ചയും പീഡാനുഭവവെള്ളിയാഴ്ചയും ഉപവാസദിനങ്ങളാണ്. അവര്‍ ഉപവാസദിനങ്ങളില്‍ ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. മത്സ്യ മാംസാദികള്‍ നോമ്പു കാലത്ത് ആരും ഉപയോഗിച്ചിരുന്നില്ല. പൗരസ്ത്യസുറിയാനി ആരാധനക്രമമനുസരിച്ച് നാല്പതു ദിവസത്തെ നോമ്പ് പൂര്‍ത്തിയാകുന്നത് പെസഹാവ്യാഴാഴ്ചയിലെ മധ്യാഹ്നപ്രാര്‍ത്ഥന (എന്ദാന) യോടുകൂടിയാണ്. തന്മൂലം തിരുവത്താഴശുശ്രൂഷയും കാലു കഴുകല്‍ശുശ്രൂഷയും പെസഹാ വ്യാഴാഴ്ചയിലെ സായാഹ്നപ്രാര്‍ത്ഥനയോടുകൂടി നടത്തുന്നതാണ് കൂടുതല്‍ അര്‍ത്ഥപൂര്‍ണമായിട്ടുള്ളത്. ഇസ്രായേല്‍ക്കാര്‍ പെസഹാക്കുഞ്ഞാടിനെ ബലിയര്‍പ്പിച്ചത് സായാഹ്നത്തിലായിരുന്നു (പുറ. 12:6). കൂടാതെ ഈശോയുടെ തിരുവത്താഴം സന്ധ്യയോടു കൂടിയായിരുന്നുവെന്ന് സുവിശേഷകന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു (മത്താ. 26:20, മര്‍ക്കോ. 14:17, ലൂക്കാ 22:14). പെസഹാവ്യാഴാഴ്ചയിലെ റംശാപ്രാര്‍ത്ഥനയോടു കൂടിയാണ് പെസഹാത്രിദിനാചരണത്തിന് തുടക്കംകുറിക്കുന്നത്. പീഡാനുഭവവെള്ളി, വലിയ ശനി, ഉയിര്‍പ്പുഞായര്‍ എന്നീ ദിവസങ്ങള്‍ പെസഹാ ത്രിദിനമായി (Paschal Triduum) ആചരിക്കുന്നു. മനുഷ്യപുത്രന്‍ മൂന്നുരാവും മൂന്നുപകലും ഭൂഗര്‍ഭത്തിലായിരിക്കും (മത്താ. 12:40) എന്ന ഈശോയുടെ വാക്കുകള്‍ ത്രിദിന പെസഹാചരണത്തിന്റെ അടിസ്ഥാനമായി ആരാധനക്രമ വ്യാഖ്യാതാവായ അര്‍ബേലിലെ ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നു. നോമ്പുകാലത്തില്‍ സ്ഫുരിച്ചുനില്‍ക്കുന്ന ആരാധനാചിന്തകള്‍ അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും അവശ്യകത പ്രകടമാക്കുന്നവയാണ്. ഈശോയുടെ പീഡാനുഭവ-മരണ-ഉത്ഥാനം മാനവകുലത്തിന്റെ രക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയുള്ളതാണന്ന് നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ധാരാ ളം പ്രാര്‍ത്ഥനകള്‍ ഇക്കാലത്തു നമ്മള്‍ ചൊല്ലുന്നു.
ഉപവാസം, പ്രാര്‍ത്ഥന, പ്രായശ്ചിത്തം, പരിഹാരപ്രവൃത്തികള്‍ എന്നിവയാണ് അനുതാപത്തിനും മാനസാന്തരത്തിനുമുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍. തിന്മയില്‍ നിന്നുള്ള മാനസാന്തരം സാധ്യമാകുവാന്‍ ആത്മാവിന്റെ വൈദ്യനായ മിശിഹായെ സമീപിക്കണം (മത്താ. 9:12). ധൂര്‍ത്തപുത്രന്റെ മനോഭാവത്തോടെ പിതൃസന്നിധിയിലേക്ക് തിരിച്ചുവരാന്‍ നോമ്പുകാലപ്രാര്‍ത്ഥനകളും കര്‍മ്മങ്ങളും നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. പ്രാര്‍ത്ഥനയും ഉപവാസവും വഴി ആത്മാവില്‍ ശക്തിപ്പെട്ടാണ് ഈശോ തന്റെ പരസ്യജീവിതം ആരംഭിച്ചത്. പഴംകൊണ്ടു ആദത്തെ കീഴടക്കിയവനെ ഉപവാസം എന്ന ആയുധം വഴി രണ്ടാം ആദമായ ഈശോ കീഴടക്കുന്നു. അങ്ങനെ, പൈശാചികശക്തിയെ പരാജയപ്പെടുത്താനും പ്രലോഭനങ്ങള്‍ക്ക് വശംവദനാകാതിരിക്കാനും ഉപവാസത്തിലൂടെ ഈശോയ്ക്കുസാധിച്ചു. ഈശോയുടെ മഹനീയ മാതൃക അനുകരിച്ചുകൊണ്ട് തിന്മകളെയും പ്രലോഭനങ്ങളെയും പരാജയപ്പെടുത്തുവാന്‍ ഉപവാസമെന്ന ആയുധമെടുക്കുവാന്‍ ഇക്കാലം നമ്മെ ആഹ്വാനം ചെയ്യുന്നു. 'നമ്മുടെ ബലഹീനമായ സ്വഭാവത്തിനു ചുറ്റുമുള്ള ശക്തിയേറിയ കോട്ടയാണ് ഉപവാസം. പ്രാര്‍ത്ഥനയും ഉപവാസവും വഴിയല്ലാതെ പിശാചുക്കളെ പുറത്താക്കാന്‍ പറ്റുകയില്ല (മത്താ. 17:21) എന്ന ഈശോയുടെ വാക്കുകളുടെ ഉള്‍പ്പൊരുള്‍ മനസ്സിലാക്കിക്കൊണ്ട് വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും പൈശാചികശക്തികള്‍ക്കെതിരെ സന്ധിയില്ലാസമരം ചെയ്യാനും മാനസാന്തരത്തിന്റെ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുവാനും നോമ്പു കാലം നമ്മെ ഓര്‍മിപ്പിക്കുന്നു. ഇതിന് നമ്മള്‍ ഭക്ഷണം മാത്രം ഉപേക്ഷിച്ചാല്‍ പോരാ. നമ്മില്‍ കുടികൊള്ളുന്ന വഞ്ചനയും അസൂയയും ദ്രവ്യാസക്തിയും വര്‍ജ്ജിക്കാന്‍ നാം തയ്യാറാകണം. അതായത് ശരീരത്തെ ഭക്ഷണത്തില്‍ നിന്നും ആത്മാവിനെ തിന്മകളില്‍ നിന്നും സ്വതന്ത്രമാക്കാനുള്ളതാണ് ഈ കാലം. തിന്മകളെയും കുറവുകളെയും പരിഹരിക്കുവാനും നന്മ പരിശീലിക്കുവാനും നോമ്പു കാലത്ത് നാം പരിശ്രമിക്കണം. പ്രാര്‍ത്ഥനയും ദാനധര്‍മങ്ങളുമായി സംയോജിക്കാത്ത ഉപവാസം ഫലം പുറപ്പെടുവിക്കുകയില്ല. 'നീ മാംസം ഭക്ഷിക്കാതിരിക്കുകയും വിമര്‍ശനവും അപവാദങ്ങളും വഴി നിന്റെ സഹോദരനെ വിഴുങ്ങുകയും ചെയ്താല്‍ നീ അനുഷ്ഠിക്കുന്ന നോമ്പിന് പ്രയോജനമുണ്ടാവുകയില്ല, എന്ന് വി. ബേസില്‍ ഓര്‍മ്മിപ്പിക്കുന്നു. സഹോദരങ്ങളെ ഉപദ്രവിച്ചുകൊണ്ട് സാത്താന് ആനന്ദിക്കാനുള്ള അവസരമായി നാം ഉപവാസത്തെ മാറ്റരുത്. നാബോത്തിന്റ മുന്തിരിത്തോട്ടം ആഹാബ്‌രാജാവ് ആഗ്രഹിക്കുകയുണ്ടായി. ഇതറിഞ്ഞ രാജാവിന്റെ ഭാര്യയായ ജസബെല്‍ രാജ്ഞി രാജാവിന്റെ പേരും മുദ്രയും വച്ച് നഗരത്തില്‍ നാബോത്തിനോടൊപ്പം വസിക്കുന്ന ശ്രേഷ്ഠര്‍ക്കും പ്രഭുക്കന്മാര്‍ക്കും കത്തയയ്ക്കുന്നു. അതില്‍ ഇപ്രകാരമെഴുതിയിരുന്നു, നിങ്ങള്‍ ഒരു ഉപവാസം പ്രഖ്യാപിക്കുകയും ജനത്തെ വിളിച്ചുകൂട്ടി അവിടെ നാബോത്തിനെ ഒരു പ്രധാനസ്ഥാനത്ത് ഇരുത്തുകയും ചെയ്യുവിന്‍. നാബോത്ത് ദൈവത്തിനും രാജാവിനുമെതിരെ ദൂഷണം പറഞ്ഞതായി കള്ളസാക്ഷ്യം പറയുകയും തുടര്‍ന്ന് അവനെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം (1 രാജ. 21:8-10). അപ്രകാരം അവരുടെ ഉപവാസത്തില്‍ തിന്മയുടെ ശക്തികളാണ് ആനന്ദിച്ചത്. ഭക്ഷണത്തിനുപകരം അവര്‍ മനുഷ്യ മാംസം ഭക്ഷിക്കുകയും സഹോദരന്റെ രക്തം കുടിക്കുകയും ചെയ്തു. ഇപ്രകാരമുള്ള ഉപവാസ ശൈലികളില്‍നിന്ന് നാം പിന്മാറുകയും നമ്മുടെ അനുതാപവും മാനസാന്തരവും സഹോദരന്റെ നന്മയും ഉയര്‍ച്ചയും ഉപവാസ ലക്ഷ്യങ്ങളായി മനസ്സിലാക്കുകയും വേണം.
ശാരീരിക ഉപവാസവേളകളില്‍ ചില പ്രത്യേക ഭക്ഷണ-പാനീയങ്ങള്‍, വിനോദങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നത് ഉചിതമാണ്. എന്നാല്‍ നോമ്പിന്റെ ആത്മീയമാനമെന്നത് വഞ്ചന, വെറുപ്പ്, അസൂയ, തഴക്കദോഷങ്ങള്‍, ദുഃസ്വഭാവങ്ങള്‍ എന്നിവയില്‍ നിന്നുള്ള പിന്മാറ്റമാണ്. ഉപവാസമെന്നത് ഭക്ഷണം കഴിക്കാതിരിക്കല്‍ മാത്രമല്ല പ്രത്യുത, നയനങ്ങളെ അശുദ്ധമായ കാഴ്ചകളില്‍നിന്നും, ചെവികളെ അപവാദപ്രചരണങ്ങളില്‍നിന്നും, കൈകാലുകളെ അനീതിയില്‍നിന്നും, ശരീരത്തിന്റെ മറ്റ് അവയവങ്ങളെ തിന്മകളില്‍നിന്നും അകറ്റിനിര്‍ത്തല്‍കൂടിയാണെന്ന സഭാപിതാവായ ജോണ്‍ ക്രിസോസ്‌തോമിന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്.