Coverstory

അൽമായരുടെ സഭാപങ്കാളിത്തം സഹകരണമോ സഹഉത്തരവാദിത്വമോ?

ഫാ. ഡോ. ജോസഫ് മാത്യു ഒലക്കേങ്കിൽ
സഭയില്‍ അൽമായര്‍ ആരാണ്? സഭാജീവിതത്തില്‍ അൽമായര്‍ക്കുള്ള പങ്കാളിത്തം എപ്രകാരമാണ്? ഇപ്രകാരം ചോദ്യങ്ങള്‍ ഉയരുന്നതിനു കാരണം, പ്രായോഗികതലത്തില്‍ അൽമായര്‍ക്ക് അധികാരങ്ങളോ ഉത്തരവാദിത്വങ്ങളോ ഇല്ല എന്നുള്ളതാണ്.

സഭ ദൈവജനമാണ്. തത്വത്തില്‍ അതില്‍ ഓരോരുത്തര്‍ക്കും അവരവരുടെ ഉത്തര വാദിത്വങ്ങളുണ്ട്. എങ്കിലും അവധാനതയോടെ ചിന്തിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. സഭയില്‍ അൽമായര്‍ ആരാണ്? സഭാജീവിതത്തില്‍ അൽമായർക്കുള്ള പങ്കാളിത്തം എപ്രകാരമാണ്? ഇപ്രകാരം ചോദ്യങ്ങള്‍ ഉയരുന്നതിനു കാരണം, പ്രായോഗികതലത്തില്‍ അൽമായര്‍ക്ക് അധികാരങ്ങളോ ഉത്തരവാദിത്വങ്ങളോ ഇല്ല എന്നുള്ളതാണ്. പുരോഹിതന്മാരും പുരോഹിതശ്രേഷ്ഠരും ദൈവജനത്തിന്റെ സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരാണ്. സഭാശുശ്രൂഷയില്‍ കൂദാശകള്‍ പരികര്‍മ്മം ചെയ്യുകയും ദൈവജനത്തിനും ദൈവത്തിനും മദ്ധ്യേ നിന്നു കൊണ്ട് മാദ്ധ്യസ്ഥ്യം വഹിക്കുകയുമാണ് അവരുടെ ചുമതല. എങ്കിലും കാലാകാലങ്ങളായുള്ള നാട്ടുനടപ്പനുസരിച്ച് പുരോഹിതരും പുരോഹിതശ്രേഷ്ഠരും സഭാസമൂഹത്തില്‍ പങ്കാളിത്ത ഭാഗമായി ചെയ്യേണ്ട എല്ലാ ജോലികളും ഏറ്റെടുത്തു ചെയ്യുന്ന നാട്ടാചാരമാണ് നടക്കുന്നത്. അതിനാല്‍ മുന്നേ ചോദിച്ച ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു, അൽമായര്‍ സഭയുടെ ദൗത്യത്തില്‍ സഹഉത്തരവാദിത്വമുള്ള പങ്കാളികളാണോ? ഈ ചോദ്യത്തിന്റെ അടിസ്ഥാനത്തില്‍ മാമ്മോദീസ സ്വീകരിച്ച ഒരു വിശ്വാസിയുടെ സ്വത്വമെന്തെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ സഭയില്‍ അൽമായ ദൗത്യമെ ന്തെന്നും വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. മാത്രമല്ല ഇത് അജപാലന ശുശ്രൂഷയെക്കുറിച്ചുള്ള നവീന കാഴ്ചപ്പാടിനും ഇടവകകളില്‍ പുതിയ ശൈലിയിലുള്ള അജപാലന ശുശ്രൂഷകള്‍ രൂപകല്പന ചെയ്യുന്നതിനും ഇടയാക്കും. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ സൂചിപ്പിക്കുന്നതുപോലെ എല്ലാ വിശ്വാസികളും യേശുവിന്റെ പൗരോഹിത്യ, രാജകീയ, പ്രവാചക ദൗത്യങ്ങളില്‍ പങ്കുചേരുന്നു (Lumen Gentium, no.31). സഭയെ യേശുവിന്റെ കൂട്ടുത്തരവാദിത്വമുള്ള ഒരു ശിഷ്യസമൂഹമായി കാണാന്‍ ഇതു നമ്മെ ക്ഷണിക്കുന്നു. എങ്കിലും വൈദികസമൂഹത്തെ സഭാ ദൗത്യത്തിന്റെ പ്രധാനവക്താക്കളായും അൽമായസമൂഹത്തെ അവരുടെ സഹായികൾ മാത്രമായും കാണുന്ന ഒരു പ്രതിഭാസം ഇപ്പോഴും നിലനില്ക്കുന്നു.

  • സഭയില്‍ പുരോഹിതന്റെ പങ്ക്

വചനപ്രഘോഷണം, കൂദാശകളുടെ പരികര്‍മ്മം, വിശ്വാസികളുടെ അജപാലന മാർഗനിർദേശങ്ങള്‍ എന്നിവയിലൂടെ സഭയിലും ഇടവകജീവിതത്തിലും ഇടവക വികാരി നിര്‍ണ്ണായകമായ സ്ഥാനം വഹിക്കുന്നു. ആധികാരികമായ അജപാലന നേതൃത്വം ആഴമായ അജപാലന പരിവര്‍ത്തനം ആവശ്യപ്പെടുന്നുവെന്ന് സുവിശേഷത്തിന്റെ ആനന്ദം (Evangelii Gaudium) എന്ന ചാക്രികലേഖനം പറയുന്നു: അധികാരം മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള ഉപാധിയല്ല പ്രത്യുത മറ്റുള്ളവരിലുള്ള നന്മകളും കഴിവുകളും ഉപയോഗപ്പെടുത്താ നുള്ള സേവനവഴിയായി അതിനെ കാണണം (EG 27). ഇപ്രകാരം ചിന്തിക്കുമ്പോള്‍ സമൂഹത്തിലുള്ള വിവിധ നന്മകളെയും കഴിവുകളെയും പ്രത്യേക കാരിസങ്ങളെയും വളര്‍ത്താനും ഉജ്ജീവിപ്പിക്കാനും പെതുനന്മയ്ക്കായി ഉപകാരപ്പെടു ത്താനും നിയോഗിക്കപ്പെട്ടവനാണ് ഇടവക വൈദികന്‍.

വൈദിക സമൂഹത്തെ സഭാദൗത്യത്തിന്റെ പ്രധാന വക്താക്കളായും അൽമായ സമൂഹത്തെ അവരുടെ സഹായികൾ മാത്രമായും കാണുന്ന ഒരു പ്രതിഭാസം ഇപ്പോഴും നിലനില്ക്കുന്നു.
  • അൽമായ സഭാശുശ്രൂഷകള്‍

അനുവദിക്കപ്പെട്ട ശുശ്രൂഷ കള്‍ക്കൊപ്പം സഭയില്‍ ഘടനാപരവും പ്രത്യേകവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന അൽമായശുശ്രൂഷകരുടെ സംഖ്യ കൂടിവരുന്നുണ്ട്. സഭാ ശുശ്രൂഷകളെന്നാല്‍ പ്രത്യേകം നിയോഗിക്കപ്പെട്ട വ്യക്തികള്‍ ചെയ്യുന്ന കൗദാശികവും ആത്മീയവുമായ ശുശ്രൂഷകൾ മാത്രമല്ല മറ്റനേകം ശുശ്രൂഷകളുമുണ്ട്. മതബോധന പ്രവര്‍ത്തനങ്ങള്‍, യുവജന പ്രോത്സാഹനങ്ങള്‍, അജപാലന സഹായ ങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, ഇടവക നടത്തിപ്പിന്റെ ശുശ്രൂഷ തുടങ്ങിയവ ഇടവക ജീവിതത്തിന്റെ ചൈതന്യത്തിനും തുടര്‍ച്ചയ്ക്കും ഗണ്യമായ സംഭാവന നല്കുന്നു. മതിയായ ദൈവശാസ്ത്ര രൂപീകരണവും അജപാലന പരിശീലനവുമുള്ള വ്യക്തികളിലൂടെ ഇക്കാര്യങ്ങള്‍ നിലനിറുത്താന്‍ കഴിയും. വിശ്വാസരൂപീകരണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നിഷ്‌ക്കളങ്ക വനിതാ സമര്‍പ്പിതരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ശാന്തവും സ്ഥിരോത്സാഹ പൂർണ്ണവും ആഴമായ പ്രതിബദ്ധതയോടു കൂടിയതുമാണ് അവരുടെ നേതൃത്വം.

  • അൽമായരുടെ പ്രവര്‍ത്തനോന്മുഖ പങ്കാളിത്തം

സഭയ്ക്കുള്ളിലെ ഘടനാപരമായ ശുശ്രൂഷകള്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെങ്കിലും അത് അൽമായ ദൈവവിളിയുടെ അർഥം ഇല്ലാതാക്കുന്നില്ല. ഭൂരിഭാഗം അൽമായരും സഭാഘടനകളുടെ ദൃശ്യമായ അതിരുകൾക്കപ്പുറം തങ്ങളുടെ വഴിയെ ജീവിക്കുന്നു. ലൗകികകാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് ദൈവത്തിന്റെ പദ്ധതിപ്രകാരം അവയെ ക്രമീകരിച്ച് ദൈവരാജ്യം അന്വേഷിക്കാന്‍ അൽമായര്‍ വിളിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ പ്രകാശം എന്നു വിളിക്കപ്പെടുന്ന തിരുസഭയെക്കുറിച്ചുള്ള സൂനഹദോസ് പഠനങ്ങള്‍ ഇതു ശരി വയ്ക്കുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളുള്ള വിദ്യാര്‍ത്ഥികൾക്കിടയില്‍ ബൗദ്ധിക കഴിവുകള്‍ മാത്രമല്ല, ആത്മീയവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ കത്തോലിക്കാധ്യാ പകര്‍ പ്രധാന പങ്കുവഹിക്കുന്നു. നഴ്‌സുമാരും ആരോഗ്യ പരിപാലന വിഭാഗവും ജീവകാരുണ്യ ശുശ്രൂഷ ചെയ്യുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നു.

കൗദാശിക ജീവിതവും പ്രാർഥനയും ആന്തരിക തുറവിയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങൾക്കായി തന്നെത്തന്നെ സമര്‍പ്പിക്കലും ക്രിസ്തീയ സാക്ഷ്യജീവിതത്തിന് അനിവാര്യമായിത്തീരുന്നു.

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ സമര്‍പ്പണത്തോടും വിനയത്തോടും അവര്‍ സേവനം ചെയ്യുന്നു. നിയമം, ബിസിനസ്, പൊതുസേവനം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ ധാര്‍മ്മിക സമഗ്രതയ്ക്കും സാമൂഹിക ഉത്തരവാദിത്വത്തിനും സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല, പാര്‍ശ്വവൽക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വാദിക്കുന്നതിനും സ്ത്രീകളുടെ അന്തസ് വർധിപ്പിക്കുന്നതിന് പ്രോത്സാ ഹനം നല്കുന്നതിനും വിദ്യാഭ്യാസാവസരങ്ങള്‍ വികസിപ്പിക്കുന്ന തിനുമുള്ള സംരംഭങ്ങളില്‍ അൽമായ പങ്കാളിത്തം സഭയിലെ അൽമായരുടെ പൊതു ദൗത്യത്തെ വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് മാർപാപ്പ പറയുന്നതുപോലെ ഇത് ഒരുമിച്ചു സഞ്ചരിക്കുന്ന സഭയുടെ സഹ ഉത്തരവാദിത്വം വെളിപ്പെടുത്തുന്നു.

  • പരസ്പര സഹകരണത്തിനുള്ള പരിശീലനം

സഭയില്‍ അൽമായരുടെ പ്രാതിനിധ്യം അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ബോധ്യം ജനിപ്പിക്കുന്നു. ഈ ഉത്തരവാദിത്വങ്ങള്‍ ശരിയായ വിധം നടപ്പാകണമെങ്കില്‍ അതിനുയോഗ്യമായ അറിവും ഉണ്ടാകേണ്ടതുണ്ട്. അതിന്‍പ്രകാരം നന്നായി ഒരുങ്ങുന്നില്ലായെങ്കില്‍ അത് തെറ്റിധാരണകൾ ക്കും കക്ഷിചേരലുകള്‍ക്കും സഭാവിരുദ്ധ ചിന്തകള്‍ക്കും കാരണമാകും. ശരിയായ രൂപീകരണം വ്യക്തികളുടെ ഉത്തരവാദിത്വങ്ങളുടെ കാര്യത്തില്‍ നടക്കുന്നില്ലായെങ്കില്‍ പരസ്പര സഹകരണമെന്നത് കക്ഷിചേരലിനും തല്‍പരകക്ഷികളോടുള്ള പ്രത്യേക താല്പര്യങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും ഓരോരുത്തരും ചെയ്യേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള അസ്വാരസ്യങ്ങള്‍ക്കും കാരണമാകും. മാത്രമല്ല വിശ്വാസാടിത്തറയില്ലാത്ത അമിതാവേശങ്ങള്‍ക്കും അതു വഴിതെളിക്കും. ജോൺ പോള്‍ രണ്ടാമന്‍ പാപ്പ ക്രിസ്തിഫിദേലിസ് ലായിച്ചി (Christifidelis Laici) എന്ന ചാക്രികലേഖനത്തില്‍ പറയുന്നുണ്ട്: വിശ്വാസികള്‍ തങ്ങളുടെ യഥാര്‍ത്ഥ ഐക്യത്തില്‍ ജീവിക്കാന്‍ ആവശ്യമായ പരിശീലനം അവര്‍ക്കു നല്കണം എന്ന് (CL, no.59).

ആത്മീയ പരിശീലനം: പരിശീലനത്തിന്റെ പ്രധാനഭാഗം ആത്മീയപരിശീലനമാണ്. ക്രിസ്തുവിനോട് ജീവസ്സുറ്റ ബന്ധം പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എല്ലാ ശുശ്രൂഷകളും ജീവിതവും തൊഴിലിന്റെയും ജോലിയുടെയും ഭാഗമായി മാറും. അതിനാല്‍ കൗദാശിക ജീവിതവും പ്രാർഥനയും ആന്തരിക തുറവിയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തന ങ്ങള്‍ക്കായി തന്നെത്തന്നെ സമര്‍പ്പിക്കലും ക്രിസ്തീയ സാക്ഷ്യ ജീവിതത്തിന് അനിവാര്യമായിത്തീരുന്നു.

ബൗദ്ധിക പരിശീലനം: ഇതും പ്രാധാന്യമര്‍ഹിക്കുന്നു. സങ്കീർണ്ണവും വൈവിദ്ധ്യമാര്‍ന്ന തുമായ ഇന്നത്തെ സമൂഹത്തില്‍ മനസിലാക്കാനും അവതരിപ്പി ക്കാനും വിശ്വാസത്തെ ശരിയായി പ്രതിരോധിക്കാനും സംരക്ഷിക്കാനും അതിന്റെ ആഴവും വ്യാപ്തിയും അറിയാനും കഴിയുന്നവിധം ബൗദ്ധിക പരിശീലനം ആവശ്യമാണ്. വിശുദ്ധഗ്രന്ഥം, സഭാപഠനങ്ങള്‍, ദൈവശാസ്ത്ര പാരമ്പര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ആഴമായ ജ്ഞാനം ലഭ്യമാകു ന്നതിനുള്ള ബൗദ്ധിക സാഹ ചര്യം ഉണ്ടാകണം.

അജപാലന പരിശീലനം: ഇത് പ്രായോഗികമായി തന്റെ സമൂഹത്തെ നയിക്കേണ്ടവിധം, സമൂഹത്തിനു നേതൃത്വം നൽകേണ്ടവിധം, തുടങ്ങിയവ യെക്കുറിച്ച് ഒരുവനില്‍ അവ ബോധം ഉണ്ടാക്കുന്നു. ഇതില്‍ വിശ്വാസപരിശീലനം നടത്തി ക്കാനുള്ള കാര്യങ്ങള്‍, പരിശീ ലനം തേടുന്ന വ്യക്തിയുടെ കൂടെയായിരിക്കാനുള്ള നല്ല മനസ്, ഭരണനൈപുണ്യം, ഗ്രൂപ്പുകളെ നയിക്കാനുള്ള പാടവം എന്നിവ പഠിക്കുകയും പരിശീലിക്കുകയും വേണം.

സഭയില്‍ പങ്കാളിത്ത ഉത്തരവാദിത്വം അഥവാ ദൈവജനത്തിന്റെ പരസ്പര ഉത്തരവാദിത്വം പ്രാവര്‍ത്തികമാക്കുന്ന പ്രവൃത്തി അത്ര എളുപ്പമല്ല. കാരണം അത് ദൈവശാസ്ത്രപരവും, സാംസ്‌കാരികവും സംവിധാനാത്മ കവുമായ നിരവധി കാര്യങ്ങളില്‍ കുരുങ്ങിക്കിടക്കു ന്നതാണ്.

മാനുഷിക പരിശീലനം: മാനുഷിക പരിശീലനത്തിലെ പ്രധാന ഭാഗം പക്വമായ ബന്ധങ്ങള്‍ വളരാന്‍ അവസരം സൃഷ്ടിക്കുന്നതും അപ്രകാരം വളരുന്നതുമാണ്. ഉപകാരപ്രദ മായവിധം ആശയവിനിമയം നടത്തുക, സഹാനുഭൂതി, കൂട്ടായപ്രവര്‍ത്തനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്രകാര മുള്ള ഗുണങ്ങള്‍ വളര്‍ത്തപ്പെടു ന്നില്ലെങ്കില്‍ സമൂഹത്തില്‍ സഹകരണ മനോഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്ന നടക്കുകില്ല. പരസ്പര ബഹുമാനം, ക്ഷമ, ക്രിയാത്മക സംവാദങ്ങള്‍ എന്നിവ പാരസ്പര്യ മനോഭാവം വളര്‍ത്താന്‍ ഉതകുന്ന ഗുണങ്ങളാണ്. ഇവ സഭ നന്മയുള്ള സമൂഹമായി രൂപംപ്രാപിക്കാന്‍ ഇടയാക്കു ന്നതുമാണ്.

വൈദിക സമൂഹത്തിന് തുടര്‍പരിശീലനം ആവശ്യമായ മേഖലയാണ് സഹകരണവും, സഹഉത്തരവാദിത്വവും. കേട്ടും മനസ്സിലാക്കിയും പരസ്പരം തിരിച്ചറിഞ്ഞും ഉത്തരവാദിത്വ ങ്ങള്‍ പങ്കുവച്ചുമുള്ള ഒരു പാരസ്പര്യ-പങ്കാളിത്ത നേതൃത്വ ത്തിലേക്കുള്ള വളര്‍ച്ച അനി വാര്യമാണ്. അടുപ്പമുള്ളതും അനുകമ്പാര്‍ദ്രവും ശക്തിപ്പെടു ത്തുന്നതുമായ ഒരു നേതൃത്വ ശൈലി അജപാലകര്‍ രൂപപ്പെടു ത്താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പ സുവിശേഷ ത്തിന്റെ ആനന്ദം എന്ന അപ്പ സ്‌തോലിക പ്രബോധനത്തില്‍ പറഞ്ഞിരിക്കുന്നത് ഇതിനാ ലാണ് (EG 31). ഇപ്രകാരമുള്ള നേതൃത്വശൈലി അധികാര ത്തിന്റെ ശക്തി കുറയ്ക്കുകയല്ല; എല്ലാവരെയും പങ്കുകാരാക്കുന്ന വിധം സാഹചര്യങ്ങളെ പുനർ സംവിധാനം ചെയ്യുകയാണ്. അതിനാല്‍ പരിശീലനവും രൂപീകരണപ്രക്രിയയും വ്യക്തികളെ നവ്യമായൊരു സമൂഹരൂപീകരണത്തിനും ദൈവജനമെന്നതിന്റെ തനിമ മനസിലാക്കുന്നതിനും കാരണ മാക്കുന്നു. സഭ ഒരു കൂട്ടായ്മ, ഒരുമിച്ചുചേരല്‍ ആണ്. സഭ ഒരു ഹയരാര്‍ക്കിയല്ല, അത് ഒരു സമൂഹസംഗമമാണ് എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആവര്‍ത്തിച്ചു പറയുന്നു.

  • നേരിടേണ്ട വെല്ലുവിളികള്‍

സഭയില്‍ പങ്കാളിത്ത ഉത്തരവാദിത്വം അഥവാ ദൈവജന ത്തിന്റെ പരസ്പര ഉത്തരവാദിത്വം പ്രാവര്‍ത്തികമാക്കുന്ന പ്രവൃത്തി അത്ര എളുപ്പമല്ല. കാരണം അത് ദൈവശാസ്ത്രപരവും, സാംസ്‌കാ രികവും സംവിധാനാത്മകവു മായ നിരവധി കാര്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്നതാണ്. അവ ശരിയാകുന്നതിന് നിസ്തന്ദ്രമായ ക്ഷമയും അതോടൊപ്പം അതിനെക്കുറിച്ചുള്ള ആവശ്യ ബോധവും ഉണ്ടാകേണ്ടിയിരി ക്കുന്നു. വൈദികമേല്‌ക്കോയ്മ അഥവാ ക്ലെരിക്കലിസം (Clericalism) ഇതിന് വലിയൊരു തടസമാണ്. അറിഞ്ഞോ അറിയാതെയോ സാഹചര്യങ്ങൾ വഴിയോ സഭാസംവിധാനത്തില്‍ വന്നുകൂടിയ ആത്മീയ ശുശ്രൂഷ യുടെയും അധികാരത്തിന്റെയും ഭാഗമാണിത്. കൈവയ്പ്പു ശുശ്രൂഷയിലൂടെ ഒരുവനു കൈവരുന്ന ആത്മീയാധികാര ത്തെ സര്‍വ്വാധികാരമായി കാണാൻ തുടങ്ങിയതുമുതലാണ് ഇത് സംവിധാനാത്മകമായ പ്രശ്‌നമായത്. ഇപ്രകാരമൊരു സാഹചര്യത്തില്‍ അൽമായരുടെ പ്രവര്‍ത്തനങ്ങള്‍, പറയുന്നതു ചെയ്യുക എന്നതല്ലാതെ ഉത്തരവാദിത്വപൂര്‍ണമായ അഭിപ്രായപ്രകടനത്തിനോ പരസ്പര ഉത്തരവാദിത്വങ്ങളേറ്റെടുക്കുന്നതിനോ കഴിയാതെ പോകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സുവിശേഷത്തിന്റെ ആനന്ദം എന്ന അപ്പസ്‌തോലിക പ്രബോധനം ഇതിനെ വിലയിരുത്തുന്നത്: വൈദികമേല്ക്കോയ്മ എന്ന പ്രശ്നം അൽമായവിശ്വാസികളുടെ ജീവിതത്തില്‍ മാമ്മോദീസയിലൂടെ ലഭ്യമായ ദൈവികവരപ്രസാദം ഫലദായകമാകാതെ പോകാനുള്ള സാദ്ധ്യത വർധിപ്പിക്കുന്നു എന്നാണ് (EG,no.102).

മേല്‍പറഞ്ഞതിനോടു ചേര്‍ന്നുപോകുന്നതാണ് അറിവില്ലായ്മ. ഇതിനു കാരണം ക്രിസ്തീയജീവിത വളര്‍ച്ചയ്ക്ക് ആവശ്യമായ പരിശീലനമോ തദനുസാരരൂപീകരണമോ അവര്‍ക്കു ലഭിക്കുന്നില്ല; അതിനു വഴിയൊരുക്കുന്നുമില്ല. അറിവുലഭിച്ചാല്‍ വൈദികമേല്‍ക്കോയ്മയ്ക്കു ഭംഗം വരാന്‍ സാദ്ധ്യതയുണ്ടെന്ന അടിസ്ഥാനമില്ലാത്തല്ലാത്ത ഭയം അവരെ അലട്ടുന്നു. അതോടൊപ്പം ഒരുതരത്തിലുള്ള വിശ്വാസക്കുറവും ഉണ്ടാകുന്നു. കുടുംബപ്രാരാബ്ധങ്ങളും ബാദ്ധ്യതകളും ഉണ്ടാകുന്നതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ പൂർണ്ണമായും അവരെ ഇടപെടുത്താൻ കഴിയുമോ എന്ന സന്ദേഹം ന്യായമായും അവരെ അലട്ടും. അൽമായര്‍ക്കാവശ്യമായ ദൈവശാസ്ത്ര, ആത്മീയശാസ്ത്ര പരിശീലനങ്ങള്‍ നാടിന്റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ആവശ്യമായവിധം നല്കാന്‍ കഴിയാതെ പോകുന്നതും ഇതിനു കാരണമാകുന്നുണ്ട്. ഇതേക്കുറിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ ക്രിസ്തിഫിദേലിസ് ലായിച്ചി എന്ന ചാക്രികലേഖനം പറയുന്നത് അൽമായ പരിശീലനം ആപേക്ഷികമല്ല അത് അൽമായ ദൈവവിളിയില്‍ അന്തര്‍ലീനമാണ്.

സാംസ്‌ക്കാരിക സാമൂഹ്യ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പുരാതനവും സാംസ്‌കാരിക വൈജാത്യങ്ങളുള്ളതുമായ ഒരു സാമൂഹ്യ സംവിധാനത്തില്‍ ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമല്ല. കാരണം ജാതീയവും വർഗീയവുമായ പല നിമ്‌നോന്നതങ്ങളും ചട്ടവട്ടങ്ങളും നവീനവും പ്രസക്തവുമായ പല കാര്യങ്ങളും ശരവേഗത്തില്‍ നടപ്പാക്കുന്നതിന് തടസ്സമാകും. കാരണം അവയെല്ലാം സ്വാഭാവികമായും സഭാജീവിതത്തെയും ബാധിക്കുന്നതാണ്. ചില സമൂഹങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് വളരെ ചുരുങ്ങിയ വ്യക്തികളായിരിക്കും. യുവാക്കള്‍, സ്ത്രീകള്‍, കുട്ടികള്‍, സമൂഹത്തിന്റെ മുന്‍നിരയിൽപ്പെടാത്തവര്‍ എന്നിവര്‍ക്കു പലപ്പോഴും പ്രാതിനിധ്യമോ അഭിപ്രായ സ്വാതന്ത്ര്യമോ ഉണ്ടായിരിക്കില്ല. ഇത് രണ്ടാം വത്തിക്കാന്‍ കൗൺസിലിന്റെ തിരുസഭ എന്ന പ്രമാണരേഖയില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ക്ക് വിരുദ്ധമാണ്. കാരണം എല്ലാ വിശ്വാസികളും അടിസ്ഥാനപരമായി തങ്ങളുടെ ദൗത്യത്തിലും മാന്യതയിലും തുല്യരാണെന്ന് അതില്‍ പറയുന്നുണ്ട് (LG. no.32). അതിവേഗം നഗരവൽക്കരി പ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിലും പ്രശ്‌നങ്ങളുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങള്‍, ജോലിയുടെ പിരിമുറുക്കങ്ങള്‍, സമയക്കുറവും ജീവിത വേഗവുമെല്ലാം സമൂഹത്തിനുവേണ്ടിയും സമൂഹത്തിലും ഇടവകയിലും സമയം ചെലവഴിക്കുന്നതിനും ആഴത്തില്‍ ഇടപഴകുന്നതിനും കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നു.

വൈദികര്‍ തങ്ങളുടേതുമാത്രമായ പ്രത്യേക ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ അൽമായനേതൃത്വത്തിലുള്ളവര്‍ അവരുടെ കഴിവും കാരിസവുമനുസരിച്ച് അതിനോടു സഹകരിക്കണം. പങ്കാളിത്ത നേതൃത്വം വ്യക്തിഗത അധികാര ങ്ങളെ കെടുത്തികളയുന്നില്ല പകരം അതിനെ ആഴപ്പെടു ത്തുകയും പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മേല്‍പ്പറഞ്ഞ വെല്ലുവിളികള്‍ വ്യത്യസ്തങ്ങളാണെന്നു തോന്നിയാലും ഇവയെല്ലാം പരസ്പര ബന്ധിയാണെന്നു കാണാന്‍ കഴിയും. വൈദിക മേധാവിത്തം വ്യക്തികളുടെ സര്‍ഗ്ഗാത്മകത ഇല്ലാതാക്കും. പരിശീലനമില്ലായ്മ ആത്മധൈര്യം കുറയ്ക്കും അല്ലെങ്കില്‍ ഇല്ലാതാക്കും. സാംസ്‌കാരിക വ്യത്യാസങ്ങള്‍ പരസ്പരം ഉള്‍ക്കൊള്ളാനുള്ള കഴിവ് നശിപ്പിക്കും. നാഗരികത പ്രവര്‍ത്തനശേഷി കുറയ്ക്കുകയും കടപ്പാട് ഇല്ലാതാക്കുകയും ചെയ്യും. ഇവയെയൊക്കെ നേരിട്ട് വിജയം വരിക്കണം. അതിനായി എല്ലാം ഉൾക്കൊള്ളുന്ന, സാംസ്‌ക്കാരികതയും സംവിധാനാത്മകതയും ഉള്‍ക്കൊള്ളുന്നതും അജപാലനപരവും ദൈവശാസ്ത്രപരവുമായ ഒരു നിലപാടു സ്വീകരിക്കാൻ മനസ്സു വയ്ക്കണം.

സംവിധാനങ്ങളുടെ പുനരുജ്ജീവനം എന്നുപറഞ്ഞാല്‍ പാരീഷ് കൗണ്‍സില്‍ അഥവാ അജപാലന സമിതി ശക്തിപ്പെടുത്തുക, പരിശീലന പരിപാടികള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുക, എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന പ്രോഗ്രാമുകള്‍ പ്ലാന്‍ ചെയ്യുക തുടങ്ങിയവ ഉൾപ്പെടുന്നു. ഇതോടുകൂടി സംഭവിക്കേണ്ട മറ്റുചില കാര്യങ്ങള്‍കൂടിയുണ്ട്. സാംസ്‌കാരികമായ കാര്യങ്ങളിലും പരമ്പരാഗത ശീലങ്ങളിലും നിന്ന് പുതുമയിലേക്കുള്ള മാനസാന്തരം, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍നിന്നും മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുന്ന മനോഭാവത്തിലേക്കുള്ള വളര്‍ച്ച, നിസംഗതയില്‍ നിന്നും ഉത്തരവാദിത്വത്തിലേക്കുള്ള മാറ്റം, തള്ളിക്കളയുന്ന മനോഭാവത്തില്‍ നിന്നും ഉള്‍ക്കൊള്ളാനുള്ള മനോഭാവത്തിലേക്കുള്ള ചുവടുവയ്പ് തുടങ്ങിയവയും പ്രാധാന്യമര്‍ഹിക്കുന്നു. ഈ മാറ്റം - മാനസാന്തരം - അൽമായരിലും വൈദികരിലും ഒരുപോലെ സംഭവിക്കണം. കാരണം സഹകരണവും സഹവര്‍ത്തിത്തവും ഒരു കൂട്ടരുടെ മാത്രം പരിപാടിയല്ല, അത് സഭയിലെ എല്ലാവരെയും ബാധിക്കുന്നതും എല്ലാവരും പങ്കുചേരുന്നതുമാണ്.

അധികാരത്തിന്റെ പങ്കുവയ്പ്പ്, നിരന്തര പരിശീലനവും രൂപീകരണവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലഹൃദയം, പ്രാര്‍ത്ഥനാനിര്‍ഭരമായ വിവേചനകള്‍ ഇവയെല്ലാം ഒരുമിച്ചു ചേരുമ്പോള്‍ ഇടവക സമൂഹത്തിന് വലിയ വ്യതിയാനം സംഭവിക്കും.
  • ദൗത്യം പങ്കുവയ്ക്കുന്ന സഹവര്‍ത്തിത്വം

ഭാവിയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് സംവിധാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കിക്കൊണ്ടോ സഹകരണം വര്‍ദ്ധിപ്പിച്ചുകൊണ്ടോ ആയിരിക്കരുത്, പിന്നെയോ ഒരു നവീകൃത സഭാസംസ്‌കാരത്തിന്റെ നിര്‍മ്മിതിയിലൂടെയാകണം. ഐക്യത്തിന്റെയും സഹഉത്തരവാദിത്വത്തിന്റെയും മാനദണ്ഡങ്ങള്‍ ഉള്‍ക്കൊണ്ട് ക്രൈസ്തവ ദൗത്യത്തെക്കുറിച്ചുള്ള നവീകൃത അവബോധം സൃഷ്ടിക്കണം. അപ്രകാരമൊരു മാറ്റം താല്ക്കാലികമോ അവബോധരഹിതമോ ആകരുത്. അത് സുനിശ്ചിതവും സുചിന്തിതവും ഉറപ്പുള്ളതും ഇടവക സമൂഹത്തിന്റെ നവീകൃത മനോഭാവങ്ങളുടെയും ബന്ധങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ആകെത്തുകയുമായിരിക്കണം. ഇതിന്റെ പ്രചോദനഹേതു ഒരേ മനസോടെയും ഒരേ ഹൃദയത്തോടെയും പ്രവര്‍ത്തന നിരതരായിരുന്ന ആദിമ സഭയാണ് (അപ്പ. പ്രവ. 4:32). ഈ വചന പ്രചോദനം ആത്മാവിനാല്‍ നയിക്കപ്പെടുന്ന സഭയുടെ ജീവിക്കുന്ന ഐക്യത്തിന്റെ പ്രതീകമായി മാറുന്നു.

ഇപ്രകാരം നവീകരിക്കപ്പെട്ട അജപാലന സംസ്‌കാരം പ്രഥമത ഒരു പങ്കുവയ്ക്കപ്പെടുന്ന നേതൃത്വത്തിന് വഴിതുറക്കണം. സഭാസമൂഹത്തില്‍ അധികാര വികേന്ദ്രീകരണം സാധിതമാകണം. സഭയിലെ അധികാരങ്ങള്‍ ഒരുവ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെടേണ്ടതല്ല. അത് പരസ്പരബന്ധിതവും വ്യത്യസ്ത ഉത്തരവാദി ത്വങ്ങളെ അതതിന്റെ തനിമയില്‍ കാണേണ്ടതുമാണ്. സുവിശേഷത്തിന്റെ ആനന്ദം എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ പറയുന്നതുപോലെ സഭ ഒരു സിനഡല്‍ സ്വഭാവം ഉള്‍ക്കൊള്ളുകയും അതനുസരിച്ച് എല്ലാവര്‍ക്കും വിവേചനയോടെ സഭാദൗത്യത്തില്‍ ഉത്തരവാദിത്വമുള്ള ഭാഗഭാഗിത്വം വഹിക്കാന്‍ സാധിക്കുകയും വേണം (EG 32). വൈദികര്‍ തങ്ങളുടെതുമാത്രമായ പ്രത്യേക ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ അൽമായനേതൃത്വത്തിലുള്ളവര്‍ അവരുടെ കഴിവും കാരിസവുമനുസരിച്ച് അതിനോടു സഹകരിക്കണം. പങ്കാളിത്ത നേതൃത്വം വ്യക്തിഗത അധികാരങ്ങളെ കെടുത്തികളയുന്നില്ല പകരം അതിനെ ആഴപ്പെടുത്തുകയും പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

  • ക്രിയാത്മകവും നില നില്ക്കുന്നതുമായ രൂപീകരണം

പരസ്പര സഹകരണവും ഉത്തരവാദിത്വ പങ്കാളിത്തവുമുള്ള ഒരു സഭ നല്ല മനസുകൊണ്ടുമാത്രം രൂപീകൃതമാകുന്നില്ല. അതിന് ക്രിയാത്മകവും അനുയോജ്യവുമായ രൂപീകരണം അഥവാ പരിശീലനവും ആവശ്യമുണ്ട്. അതുണ്ടായാല്‍ മാത്രമേ ഇക്കാര്യത്തെക്കുറിച്ച് ബോദ്ധ്യവും താല്പര്യവും ഉണ്ടാവുകയുള്ളൂ, ക്രിസ്തിഫിദേലിസ് ലായിച്ചി പ്രബോധനം പറയുന്നതുപോലെ രൂപീകരണമെന്നത് ഒരു തുടര്‍പരിശീലനം അഥവാ ആവര്‍ത്തന പരിശീലനം ആവശ്യമുള്ള പ്രക്രിയയാണ്. കാരണം ഇതുവഴിയാണ് അൽമായര്‍ അവരുടെ വിളിയും ദൗത്യവും ശരിയായി മനസിലാക്കുന്നത് (CL,no. 57). വൈദികരും അൽമായരും താന്താങ്ങള്‍ക്കു യോജിച്ച സാഹചര്യങ്ങളനുസരിച്ച് ആത്മീയജീവിതം, ദൈവശാസ്ത്രപരമായ കാര്യങ്ങള്‍, അജപാലന കഴിവുകള്‍ എന്നിവ ഉപയോഗിക്കണം.

നവീകൃത അജപാലന സംസ്‌കാരപ്രകാരം എല്ലാ ശബ്ദങ്ങളും ശ്രദ്ധിക്കപ്പെടാന്‍ സാധിക്കുന്നവിധം പ്രത്യേകിച്ച് സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാകാന്‍ കഴിയാത്ത സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പാവങ്ങളും അവഗണിക്കപ്പെട്ടവരുമായ എല്ലാവര്‍ക്കും അനുയോജ്യമായ അവസരങ്ങൾ ലഭിക്കാന്‍ ഇടയാകണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ പറയുന്നതുപോലെ എല്ലാ വിശ്വാസികളും താന്താങ്ങള്‍ക്കു യോജിച്ചവിധം അടിസ്ഥാനപരമായ നീതിയും മാന്യതയും അര്‍ഹിക്കുന്നവരും സഭാസമൂഹത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ കടമയുള്ളവരുമാണ്.

ഒരു നവീകൃത ഇടവകസമൂഹം പ്രാര്‍ത്ഥനക്കും ആത്മാവിന്റെ വിവേചനകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന സമൂഹമായിരിക്കും. നിയതമായ ആത്മീയാടിത്തറയില്ലെങ്കില്‍ പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ സംവിധാനാത്മകമായി പരിണമിക്കും. പ്രാര്‍ത്ഥനാജിവിതം ഇടവക സമൂഹത്തില്‍ ഇല്ലാതായാല്‍ ഇടവക ജീവിതം മൃതമായി എന്നര്‍ത്ഥം. കാരണം പ്രാര്‍ത്ഥനാജീവിതം ഇടവക സമൂഹഗാത്രത്തിന്റെ ജീവരക്തമാണ്. പ്രാര്‍ത്ഥന വഴിയാണ് സമൂഹം ദൈവവചനം ശ്രവിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളെത്തന്നെ തുറന്നു നല്കുന്നതും വ്യത്യസ്തതകളുടെ മദ്ധ്യേ ഐക്യത്തിന്റെ അനിവാര്യത അന്വേഷണ വിധേയമാക്കുന്നതും.

അധികാരത്തിന്റെ പങ്കുവയ്പ്പ്, നിരന്തര പരിശീലനവും രൂപീകരണവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലഹൃദയം, പ്രാര്‍ത്ഥനാനിര്‍ഭരമായ വിവേചനകള്‍ ഇവയെല്ലാം ഒരുമിച്ചു ചേരുമ്പോള്‍ ഇടവക സമൂഹത്തിന് വലിയ വ്യതിയാനം സംഭവിക്കും. ഇടവക ഒരു അജപാലന ഭരണ സംവിധാനം, ആത്മീയശുശ്രൂഷ നല്കുന്ന സംവിധാനം എന്ന ശൈലി അവസാനിക്കും. പകരം സജ്ജീവവും ഊര്‍ജ്ജസ്വലവുമായ ഒരു ഹൃദയ സമൂഹമായി രൂപാന്തരം പ്രാപിക്കും.

സഭാപ്രസംഗകൻ - Chap.2 [1of3]

വിശുദ്ധരായ ജൂസ്തായും റൂഫിനായും  (287) : ജൂലൈ 19

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 82]

മരുഭൂമിയിലെ പിതാക്കന്മാരുടെ കഥകൾ

🕷️ വെള്ളക്കെട്ടിൽ ഒരു 'സ്പൈഡർമാൻ'; ഭിവണ്ടിയിലെ കൗതുകക്കാഴ്ച! 🕸️🌊