Coverstory

പൗരോഹിത്യ സാഫല്യത്തിന് കുറുക്കുവഴികളില്ല

ഫാ. ഡോ. വിന്‍സെന്റ് കുണ്ടുകുളം
  • ഫാ. ഡോ. വിന്‍സെന്റ് കുണ്ടുകുളം

    പ്രൊഫസര്‍, സെന്റ് ജോസഫ് സെമിനാരി, മംഗലപ്പുഴ

ഏറ്റവും കൂടുതല്‍ ക്ലേശകരമായ ജീവിതവൃത്തി ഏതെന്നതിനെപ്പറ്റി ഈയിടെ നടന്ന പഠനത്തില്‍ മുന്‍നിരയില്‍ സ്ഥാനംപിടിച്ചവയില്‍ ഒന്നാണ് കത്തോലിക്കാ പൗരോഹിത്യം. ഒറ്റനോട്ടത്തില്‍ അതൊരു അത്യുക്തിയാണെന്ന് തോന്നാമെങ്കിലും സര്‍വേ നല്‍കിയിട്ടുള്ള കാരണങ്ങള്‍ മനസ്സിലാക്കിയാല്‍ അത് പക്ഷപാതപരമായ നിഗമനമെല്ലന്ന് ബോധ്യപ്പെടും. അഞ്ചു പതിറ്റാണ്ടോളം നീണ്ടു നില്‍ക്കുന്ന സേവനം, വൈവിധ്യങ്ങളായ ധര്‍മ്മങ്ങളെ ഒരേ സമയം സമന്വയിപ്പിക്കാനുള്ള ബാധ്യത, മനുഷ്യന്റെ വൈകാരിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതു വഴിയുണ്ടാകുന്ന സമ്മര്‍ദങ്ങള്‍, സമൂഹത്താല്‍ നിരന്തരം നിരീക്ഷണവിധേയമാക്കപ്പെടുന്ന അവസ്ഥ, ഒറ്റപ്പെടല്‍, ഏകാന്തത എന്നിങ്ങനെ നീണ്ടുപോകുന്നു ആ കാരണങ്ങള്‍. അവയിലെ ശരിതെറ്റുകള്‍ പരിശോധിക്കാനല്ല ഈ കുറിപ്പ്. ചില സമീപകാല സംഭവങ്ങള്‍ വൈദികരുടെ മാനസിക പിരിമുറുക്കം ഒരു യാഥാര്‍ഥ്യമാണെന്ന ചിന്തയ്ക്കു ബലം നല്‍കുന്നുണ്ട്. ഒരു തൊഴില്‍ എന്നതിനേക്കാള്‍ ഒരു വിളിയായി കണക്കാക്കപ്പെടുന്ന വൈദികാന്തസ്സ് കുറെക്കൂടി പാവനവും ആനന്ദപ്രദവുമായിത്തീരാന്‍ സഹായകമായേക്കാവുന്ന ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണിവിടെ.

പൗരോഹിത്യത്തെ ഒരു തൊഴിലായി വീക്ഷിച്ചാല്‍ സര്‍വേ ചൂണ്ടിക്കാണിക്കുന്ന ഘടകങ്ങള്‍ തീര്‍ച്ചയായും പ്രസക്തങ്ങളാണ്. എങ്കില്‍, മറ്റേതൊരു തൊഴിലിലും മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ വൈദികരുടെ ജീവിതവും അനായസകരമാകേണ്ടതല്ലേ? വേണ്ടത്ര വിശ്രമത്തിലൂടെയും വിനോദത്തിലൂടെയും ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന ക്ഷതങ്ങള്‍ പരിഹരിച്ചാല്‍ പുരോഹിതര്‍ക്കും ഉന്മേഷവും ശക്തിയും വീണ്ടെടുക്കാവുന്നതാണ്. എന്നാല്‍, കായികവ്യായാമങ്ങള്‍, സംഗീതം, കല തുടങ്ങിയ വിനോദങ്ങള്‍, കൃഷി, വായന, യോഗ മുതലായ മുറകള്‍, സുഹൃത്തുക്കളോടൊപ്പമുള്ള ഉല്ലാസം എന്നീ കുറുക്കുവഴികളിലൂടെ മാത്രം വൈദികരുടെ ജീവിതം ആനന്ദപ്രദമാകുമെന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം, ഈ വിദ്യകള്‍ അര്‍പ്പിതരുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ നേരായവണ്ണം കൈകാര്യം ചെയ്യുന്നില്ല.

  • പ്രതിസന്ധി സ്വത്വാത്മകമാണ്

പുരോഹിതര്‍ നേരിടുന്ന പ്രതിസന്ധികള്‍ കൂറെക്കൂടി ആന്തരികവും ആഴമേറിയവയുമാണ്. അത് മനുഷ്യാസ്തിത്വത്തിന്റെ ആത്മീയാംശങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു: സ്വതന്ത്രമായി സ്വത്വം നിര്‍മ്മിക്കാനുള്ള അവകാശം, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ദാഹം, വെട്ടിപ്പിടിക്കാനും ഭരിക്കാനുമുള്ള അഭിനിവേശം, സ്വരുക്കൂട്ടാനും ആസ്വദിക്കാനുമുള്ള തൃഷ്ണ എന്നിവ അവയില്‍ ചിലതുമാത്രം. കത്തോലിക്കാ പൗരോഹിത്യത്തെ സങ്കീര്‍ണ്ണമാക്കുന്നത് ഈ ജന്മവാസനകള്‍ സഫലമാക്കാന്‍, ഒരുപക്ഷേ, മറ്റേതൊരു ജീവിതാന്തസ്സിലുമുള്ളതിനേക്കാള്‍ സാധ്യതകള്‍ ഉണ്ടായിരിക്കുമ്പോഴും, അവയെല്ലാം ആത്മസാക്ഷാല്‍ക്കാരത്തേക്കാള്‍ അപരരുടെ സാക്ഷാല്‍ക്കാരത്തിനായി ചിലവഴിക്കാന്‍ ആവശ്യപ്പെടുന്ന ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങളില്‍ ബന്ധിതമാണെന്നതാണ്.

പൗരോഹിത്യത്തിന്റെ ലക്ഷ്യം സമുദായ ശാക്തീകരണമായാല്‍ വൈദികരുടെ ഉറകെട്ടുപോകും; ജനം ചവിട്ടിയരയ്ക്കുകയും ചെയ്യും. ദൈവരാജ്യ ശുശ്രൂഷ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കോ ഇതുപോലെ ലഹരി തരുന്ന മറ്റൊരു ജീവിതാന്തസ്സ് ഇല്ല തന്നെ.

എല്ലാവരേയും സ്‌നേഹിക്കുമ്പോഴും എല്ലാവരാലും സ്‌നേഹിക്കപ്പെടുമ്പോഴും ആരെയും സ്വന്തമാക്കാതെയും ആരുടെയും സ്വന്തമാകാതെയും ജീവിക്കാനാവുക, താരമായി മാറാനും അധികാരം പ്രയോഗിച്ച് ഭരിക്കാനും സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുമ്പോഴും അറിയപ്പെടാതിരിക്കുവാനും പാദസേവ ചെയ്യുന്നതില്‍ സന്തോഷിക്കുവാനും, ധനാഗമമാര്‍ഗങ്ങളും ജീവിതസൗകര്യങ്ങളും വന്നുചേരുമ്പോഴും ദരിദ്രനായിരിക്കാനും ലാളിത്യത്തില്‍ കഴിയാനും സാധിക്കുക എന്നീ സുകൃതങ്ങള്‍ ഒരു മനുഷ്യജന്മത്തില്‍ മാംസം ധരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദൈവത്തിന് മനുഷ്യനാവുക എത്ര ക്ലേശകരമായിരുന്നുവോ അതുപോലെ ആയാസകരമാണ് മനുഷ്യന് ദൈവമായിത്തീരുക എന്നതും.

മനുഷ്യന്റെ സ്വഭാവികത്വരകള്‍ക്ക് എതിര്‍ദിശയില്‍ സഞ്ചരിക്കാനുള്ള വിളിയായതുകൊണ്ടാകാം സമര്‍പ്പിതജീവിതത്തെ ഉദ്യോഗമെന്നതിനേക്കാള്‍ ദൈവവിളിയായിട്ടാണ് സഭ പരിഗണിക്കുന്നത്. അതിസ്വാഭാവിക കൃപ ലഭിക്കാതെ ആ വിളിക്കു ശരിയായ പ്രത്യുത്തരം നല്കാന്‍ മനുഷ്യനാവില്ല. അതുകൊണ്ടായിരിക്കാം യേശു പ്രാര്‍ഥിച്ചത്, ''ഞാന്‍ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല. അവരെ സത്യത്താല്‍ വിശുദ്ധീകരിക്കണമേ'' (യോഹ. 17:16-17). അതെ, അഹത്തെ നിരുപാധികം ബലികഴിച്ച് അപരകേന്ദ്രീകൃതജീവിതത്തില്‍ തൃപ്തി കണ്ടെത്തുന്നവര്‍ക്കേ ലോകത്തിലായിരിക്കുമ്പോഴും ലോകത്തിന്റേതല്ലാതായി ജീവിക്കാനാവൂ. അതിന് പ്രാഥമികമായി വേണ്ടത് ആരോഗ്യമുള്ള ശരീരവും പക്വതയുള്ള മനസ്സുമാണ്. രണ്ടാമതായി, ആത്മീയാഭിനിവേശമുള്ള ആത്മാവും ഉണ്ടാവണം. ഇവ മൂന്നും ജന്മാര്‍ജ്ജിതമായി ലഭിച്ചിട്ടുണ്ടെങ്കില്‍ സമര്‍പ്പിതജീവിതം സൗഭാഗ്യകരമായിത്തീരും. അഥവാ ഇവ സ്വാഭാവികമായി വ്യക്തിത്വത്തിലില്ലെങ്കില്‍ ദൈവാശ്രയത്താലും കഠിനമായ പ്രയത്‌നത്താലും ഒരു പരിധിവരെ വിജയിച്ചേക്കാം. അതിനുതക്ക അടിത്തറയില്ലാത്തവരെ പൗരോഹിത്യം ചുമക്കാന്‍ ക്രിസ്തു നിര്‍ബന്ധിക്കുന്നില്ല; ആരും അവരെ നിര്‍ബന്ധിക്കയുമരുത്. അപകര്‍ഷതയിലും അരക്ഷിതത്വത്തിലും സ്‌നേഹരാഹിത്യത്തിലും പണിയപ്പെട്ട ബാല്യത്തിന്മേല്‍ ആത്മീയസൗധം ശാശ്വതമായി നിലനില്‍ക്കില്ല. രോഗങ്ങളും പ്രതിസന്ധികളും ആഞ്ഞടിക്കുമ്പോള്‍ അത്തരം ഗോപുരങ്ങള്‍ തകര്‍ന്നടിയും (മത്താ. 7:27).

  • സ്വത്വത്തിന്റെ പുനര്‍നിര്‍മ്മിതി

ഈ കുറിപ്പ് വായിക്കുന്നവരില്‍ സ്വാഭാവികമായി ഉയര്‍ന്നുവരാവുന്ന ചില ചോദ്യങ്ങളുണ്ട് : ഇന്ന് സഭയിലുള്ള വൈദികരെല്ലാം പൗരോഹിത്യ ഗുണങ്ങള്‍ ജന്മാര്‍ജ്ജിതമായി ഉണ്ടായിരുന്നതിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണോ? ഇന്നുള്ള വൈദികരില്‍ എത്രപേര്‍ പുരോഹിതരായതിനുശേഷം 'വിളിയുടെ സ്വത്വം' തിരിച്ചറിഞ്ഞ് സംതൃപ്തിയോടെ ശുശ്രൂഷ ചെയ്യന്നവരാണ് ? ഈ രണ്ടു വിഭാഗത്തിലും ഉള്‍പ്പെടാത്തവരാകുമോ പൗരോഹിത്യത്തെ ഒരു ഉദ്യോഗമായി ജീവക്കുന്നത്?

പൗരോഹിത്യം സുഗമമാകാന്‍ സൂത്രവഴികളില്ല. ആ വിളിയുടെ അതിസ്വാഭാവികമാനം തിരിച്ചറിഞ്ഞ് അതിനുതകുന്ന മനോഭാവങ്ങള്‍ സ്വീകരിച്ചും ആത്മീയനിഷ്ഠകള്‍ പാലിച്ചും ജീവിക്കുകയാണ് കരണീയം.

വൈദിക വിദ്യാര്‍ഥികളുടെ പരിശീലനത്തില്‍ വ്യാപൃതനായ ഒരാളെന്ന നിലയിലും അതിനിടയില്‍ ക്രിസ്തീയ പൗരോഹിത്യത്തിന്റെ സ്വത്വവുമായി ഐക്യപ്പെടാന്‍ സ്വയം പരിശ്രമിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിലും മേലുദ്ധരിച്ച ചോദ്യങ്ങള്‍ക്കു വ്യക്തിപരമായ പല ഉത്തരങ്ങളും മനസ്സിലുണ്ട്. പക്ഷേ, അവയിലേക്കു കടക്കുന്നതിനേക്കാള്‍ ഉപകാരപ്രദമായത്, എങ്ങനെ ക്രിസ്തു ആഗ്രഹിക്കുന്ന പൗരോഹിത്യത്തിന്റെ ശീലുകളുമായി താദാത്മ്യപ്പെടാന്‍ വൈദികര്‍ക്കു ശ്രമിക്കാം എന്നതിനെപ്പറ്റി ചില കാര്യങ്ങള്‍ പറയുന്നതായിരിക്കും.

ആദ്യപടി സ്വായാവബോധമാണെന്ന് തോന്നുന്നു; മാതാപിതാക്കളിലൂടെ വംശീയമായി തന്നിലേക്കു സംക്രമിച്ചിട്ടുള്ള കഴിവുകളേയും മനോഭാവങ്ങളെയും അഭിനിവേശങ്ങളെയും പറ്റിയുള്ള അവബോധം. സിഗ്മണ്ട് ഫ്രോയിഡിന്റെ വാക്കുകള്‍ കടമെടുത്താല്‍ തന്നിലെ ഇദ്(12)നെപ്പറ്റിയുള്ള വ്യക്തമായ അറിവ്. രണ്ടാമതായി, സഭയും സമൂഹവും പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതുമായ പൗരോഹിത്യസങ്കല്‍പങ്ങളെ (സൂപ്പര്‍ ഈഗോയ്ക്കു - Super Ego - തുല്യം) പ്പറ്റിയുള്ള വ്യക്തമായ ബോധ്യം. ഇവ രണ്ടിനെയുംപ്പറ്റിയുള്ള അവഗാഹം ലഭിച്ചാല്‍ ഇതിനിടയില്‍ ഒരു പെന്‍ഡുലം കണക്കെ ഇരുവശങ്ങളിലേക്കും ആടിക്കൊണ്ടിരിക്കുന്ന എന്നിലെ ''ഞാനി'' (Self) ന്റെ ചിത്രം തെളിഞ്ഞുവരും. വ്യക്തിത്വത്തിലെ പ്രസ്തുത അവസ്ഥകളെ യാഥാര്‍ഥ്യബോധത്തോടെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ പ്രശ്‌ന പരിഹാരത്തിനുള്ള പ്രഥമ ഘട്ടമായി; വാതില്‍ തുറന്നിട്ടു കഴിഞ്ഞു.

ഇരുപത്തിമൂന്നു ഇരട്ട ക്രോമോസോമുകളിലൂടെ മാതാപിതാക്കളില്‍ നിന്ന് വന്നുചേരുന്ന ജനതിക ഘടകങ്ങളെ മാറ്റി മറിക്കുക എളുപ്പമല്ല, എന്നാല്‍ പതിനഞ്ചു വയസ്സുവരെയുള്ള ബാല്യകാലത്തില്‍, അതില്‍ പ്രത്യേകമായി എട്ടു വയസ്സുവരെയുള്ള ശൈശവദശയില്‍, രൂപപ്പെട്ട മനസ്സിന്റെ ചട്ടക്കൂടിനെപ്പറ്റിയുള്ള ജ്ഞാനത്തിലൂടെ സ്വത്വത്തിന്റെ പുനര്‍നിര്‍മ്മിതിയിലേക്കു പ്രവേശിക്കാനാകും എന്നാണ് കാള്‍ ഗുസ്താവ് യുങ്ങിന്റെ പഠനങ്ങള്‍ കാണിക്കുന്നത്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, ഗ്രാമവാസികള്‍, സുഹൃത്തുക്കള്‍, ഗുരുഭൂതര്‍, മതനേതാക്കള്‍, മാധ്യമങ്ങള്‍ എന്നിങ്ങനെ വ്യക്തിയുടെ സാമൂഹ്യവല്‍ക്കരണ പ്രക്രിയയില്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ ഇടപെടുന്ന വ്യക്തികളോടും ആ കാലഘട്ടങ്ങളിലുണ്ടായ അനുഭവങ്ങളോടും സംഭവങ്ങളോടും താന്‍ സ്വയം പ്രതികരിച്ച രീതികളെപ്പറ്റി പഠിക്കുക എന്നതാണ് ദ്വിതീയഘട്ടത്തിലെ ഒന്നാമത്തെ കര്‍ത്തവ്യം.

കാരണം, നമ്മെ നാമാക്കിത്തീര്‍ക്കുന്ന മാനസിക ഘടനയില്‍ സ്ഥിതി ചെയ്യുന്ന രൂപകങ്ങളെയും കോഡുഭാഷകളെയും വാസനകളെയും വീക്ഷണങ്ങളെയും ധാരണകളെയും സംബന്ധിച്ച അവബോധമില്ലാതെ നമ്മെ നിരന്തരം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഉപബോധമനസ്സിനെ നിയന്ത്രിക്കുവാന്‍ നമുക്കു കഴിയുകയില്ല. ഉപബോധമനസ്സിന്റെ കടിഞ്ഞാണ്‍ നമ്മില്‍ ഭദ്രമായിരുന്നാലേ ആഗ്രഹിക്കുന്നിടത്തേക്കു നമ്മുടെ ശരീരത്തെയും മനസ്സിനെയും കൊണ്ടുവരാന്‍ കഴിയൂ.

അപരരെ സുഖപ്പെടുത്തി സ്വയം സുഖപ്പെടുന്ന രീതി പ്രധാനമാണ്. ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒരാളില്‍ ആത്മീയമായി ഇടപെടാന്‍ അവസരം ലഭിക്കുന്ന വൈദികര്‍ അവരില്‍ മുറിവുകളുള്ളവരെ മനസ്സിലാക്കാനും സഹഗമിക്കാനും ശ്രമിക്കുമ്പോള്‍ ആത്മാവിന്റെ പ്രവര്‍ത്തനങ്ങളുള്ളതിനാല്‍ സ്വയമേവ സുഖപ്പെടുമെന്നതാണ് എന്റെ അനുഭവം.

ഉപബോധമനസ്സിന്റെ അടരുകളില്‍ സുഷുപ്താവസ്ഥയില്‍ കിടക്കുന്ന മൂലകങ്ങളെ ഒരു കണ്ണാടിയിലെന്നപോലെ സുതാര്യമായി കാണാനാകണം. ഓരോരോ സന്ദര്‍ഭങ്ങളിലും സ്വീകരിച്ച വ്യത്യസ്തങ്ങളായ സമീപനങ്ങള്‍ വഴി ഒരാള്‍ സ്വായത്തമാക്കിയ ധാരണകളില്‍ തെറ്റുകളോ തെറ്റിദ്ധാരണകളോ വന്നിട്ടുണ്ടെങ്കില്‍ അവയെ തിരിച്ചറിഞ്ഞ് തിരുത്തുകയാണ് ഈ ഘട്ടത്തിലെ പ്രധാനകര്‍മ്മം. ഈ വിധമുള്ള സ്വത്വത്തിന്റെ പുനരെഴുത്തിലൂടെ മാത്രമെ പുരോഹിതരുടെ ജീവിതത്തില്‍ അവസ്ഥാന്തരം സംഭവിക്കൂ. ഇത്തരം ഇടപെടലുകള്‍ നടത്തുക ഏറെ ശ്രദ്ധയോടെ നിര്‍വഹിക്കപ്പെടേണ്ടതിനാല്‍ മനഃശാസ്ത്രപ്രാവീണ്യമുള്ളവരുടെ സഹായം ഈ ഘട്ടത്തില്‍ ഉപകാരപ്രദമായിരിക്കും; ആവശ്യമെങ്കില്‍ മനഃശാസ്ത്രരോഗവിദഗ്ധരുടെയും.

സ്വത്വ പുനര്‍നിര്‍മ്മിതിയുടെ മൂന്നാമത്തെ ഘട്ടം കൂടി പരാമര്‍ശിച്ച് ഈ ചിന്തകള്‍ക്കു വിരാമമിടാം. സ്വത്വത്തിന്റെ ഉദ്ഗ്രഥനമാണത്. സ്വയാവബോധത്തിലൂടെയും പുനരെഴുത്തിലൂടെയും സമാരംഭിച്ച രൂപാന്തരീകരണം സമാപ്തിയിലെത്തുന്നത് വ്യക്തിത്വത്തിന്റെ സമഗ്രമായ നവീകരണത്തിലാണ്. ഈ ഘട്ടത്തില്‍ അഭിവൃദ്ധിപ്പെടുന്നതിന് രണ്ടു രീതികള്‍ ഉപകാരപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഒന്ന് ചിന്തകള്‍ക്ക് അപ്പുറം കടന്നുള്ള അനുഭവധ്യാനമാണ്. യേശുവിന്റെ നെഞ്ചിലിരുന്നുള്ള സുഖപ്പെടല്‍. യേശു സാമീപ്യം കൊണ്ടും സ്പര്‍ശംകൊണ്ടും രൂപാന്തരപ്പെട്ട വ്യക്തികളുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച് മുറിവുകളെ നിറവുകളാക്കുന്ന സാധന.

കായികവ്യായാമങ്ങള്‍, സംഗീതം, കല തുടങ്ങിയ വിനോദങ്ങള്‍, കൃഷി, വായന, യോഗ മുതലായ മുറകള്‍, സുഹൃത്തുക്കളോടൊപ്പമുള്ള ഉല്ലാസം എന്നീ കുറുക്കുവഴികളിലൂടെ മാത്രം വൈദികരുടെ ജീവിതം ആനന്ദപ്രദമാകുമെന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം, ഈ വിദ്യകള്‍ അര്‍പ്പിതരുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ നേരായവണ്ണം കൈകാര്യം ചെയ്യുന്നില്ല.

മറ്റൊന്ന് അപരരെ സുഖപ്പെടുത്തി സ്വയം സുഖപ്പെടുന്ന രീതിയാണ്. തന്നെപോലെ ജീവിതാനുഭവങ്ങളോട് അപക്വമായ വിധത്തില്‍ പ്രതികരിച്ചതിന്റെ ഭവിഷ്യത്തുകള്‍ പേറുന്ന അജഗണങ്ങളെ മനസ്സിലാക്കുകയും സഹഗമിക്കുകയും ചെയ്യലാണത്. ഇതിന് അജപാലകരായ വൈദികര്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ സുലഭമാണ്. ഇക്കാര്യത്തില്‍ സഹായം ആവശ്യമെങ്കില്‍ ഇവിടെയും മനഃശാസ്ത്രജ്ഞരുടെ സഹായം തേടണം. ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒരാളില്‍ ആത്മീയമായി ഇടപെടാന്‍ അവസരം ലഭിക്കുന്ന വൈദികര്‍ അവരില്‍ മുറിവുകളുള്ളവരെ മനസ്സിലാക്കാനും സഹഗമിക്കാനും ശ്രമിക്കുമ്പോള്‍ ആത്മാവിന്റെ പ്രവര്‍ത്തനങ്ങളുള്ളതിനാല്‍ സ്വയമേവ സുഖപ്പെടുമെന്നതാണ് എന്റെ അനുഭവം.

ചുരുക്കത്തില്‍, പൗരോഹിത്യ ജീവിതം സുഗമമാക്കാന്‍ സൂത്രവഴികളില്ല. ഇതര ഉദ്യോഗങ്ങളിലുള്ളവര്‍ പിരിമുറുക്കം അയയ്ക്കായനായി സ്വീകരിക്കുന്ന വ്യായാമം - വിനോദരീതികള്‍ വൈദികര്‍ക്കും അവലംബിക്കാം. മസ്തിഷ്‌ക്ക രസ പദാര്‍ഥങ്ങളുടെ ഭാവാത്മക പ്രവര്‍ത്തനത്തിലൂടെ താല്‍ക്കാലിക സന്തോഷവും ശാന്തിയും ലഭിക്കും; പ്രവര്‍ത്തനോര്‍ജം വീണ്ടെടുക്കുകയും ആവാം. എന്നാല്‍ ശാശ്വതമായ ആനന്ദത്തില്‍ ജീവിക്കാന്‍ അവര്‍ വിളിയുടെ അതിസ്വാഭാവികമാനം തിരിച്ചറിഞ്ഞ് അതിനുതകുന്ന മാനസിക-ആത്മീയ മുറകളിലൂടെ സ്വത്വത്തിന്റെ പുനര്‍നിര്‍മ്മിതി സാധിക്കണം. സ്വയം ഇല്ലാതാകുന്നതില്‍ സന്തോഷം അനുഭവിക്കുന്നത് ജൈവിക സ്വഭാവവും, ദുര്‍ബലരെ സഹഗമനത്തിലൂടെ ശാക്തീകരിക്കുന്നത് അജപാലന രീതിയും, ആന്തരികമായ ധ്യാനത്തിലൂടെ യേശു മനസ്സുമായുള്ള സംയോഗം ജീവിതചര്യയുമായ വൈദികര്‍ക്കു ദൈവവിളി ആനന്ദത്തിലേക്കുള്ള വിളിയായിത്തീരുമെന്നതില്‍ സംശയമില്ല.

സ്‌നേഹത്തിന്റെ സയന്‍സ്!

വൈദികജീവിതം : ഒറ്റപ്പെട്ടും ഒരുമിച്ചും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 50]

മോഹം

സ്‌നേഹ സ്പര്‍ശം