Coverstory

പാലായുടെ പള്ളിക്കാപ്പറമ്പില്‍ പിതാവ്

Sathyadeepam

ഫ്രാങ്ക്ളിന്‍ എം

പാലായുടെ പള്ളിക്കാപ്പറമ്പില്‍ പിതാവിന് പ്രായം 93. വൈദികനായിട്ട് 61 വര്‍ഷവും മെത്രാനായിട്ട് 45 വര്‍ഷവുമായി. 23 വര്‍ഷം രൂപതയെ നയിച്ച ശേഷം 2004-ല്‍ റിട്ടയര്‍ ചെയ്ത് അരമനയില്‍ വിശ്രമിക്കുമ്പോള്‍ വലിയ സന്തോഷത്തിന്‍റെ കാലമാണിതെന്നു പിതാവു പറയുന്നു: "റിട്ടയര്‍ ലൈഫില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലല്ലോ? ശാന്തം സുന്ദരം. ഇപ്പോള്‍ കുറേ വായിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. ഈ ജീവിതം വലിയ ഭാഗ്യമായി കരുതി തമ്പുരാനു നന്ദി പറയുന്നു." എന്നാല്‍ ഒരിക്കലും ഒരു വൈദികനോട് എങ്ങനെയുണ്ട് ജീവിതം എന്ന ചോദ്യം ഉന്നയിക്കരുതെന്നാണ് ബിഷപ് ജോസഫ് പള്ളിക്കാപ്പറമ്പില്‍ നിഷ്കര്‍ഷിക്കുന്നത്: "വൈദികന്‍റെ ജീവിതം എപ്പോഴും സന്തോഷത്തിന്‍റേതാണ്, അങ്ങനെയാകണം. ഏതു ജീവിതത്തിലും പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകും. പക്ഷെ എന്നും എപ്പോഴും ദൈവത്തോടു നന്ദി പറയേണ്ടതാണ് നമ്മുടെ ജീവിതം, വിശേഷിച്ച് ഒരു പുരോഹിതന്‍റെ ജീവിതം."

അനേക വര്‍ഷങ്ങള്‍ സെമിനാരി അധ്യാപകനായിരുന്ന പള്ളിക്കാപ്പറമ്പില്‍ പിതാവിന്‍റെ നിരീക്ഷണത്തില്‍ ഒരു വൈദികനു വേണ്ട അടിസ്ഥാനഗുണം പ്രാര്‍ത്ഥനയാണ്: "പ്രാര്‍ത്ഥനയുടെ മനുഷ്യനായിരിക്കണം പുരോഹിതന്‍, ജനങ്ങള്‍ക്കു സമീപസ്ഥനുമാകണം." മെത്രാനായിരിക്കുമ്പോള്‍ പള്ളിക്കാപ്പറമ്പില്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ ആര്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങേണ്ടിയിരുന്നില്ല. എപ്പോള്‍ വേണമെങ്കിലും അരമനയില്‍ അദ്ദേഹത്തെ കാണാം. "നമ്മുടെ ജനങ്ങള്‍ വൈദികരെ ഏറെ ബഹുമാനിക്കുന്നവരാണ്. അവരെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്" – പിതാവു പറയുന്നു.

ബിരുദാനന്തര ബിരുദം കഴിഞ്ഞാണ് പള്ളിക്കാപ്പറമ്പില്‍ പിതാവ് സെമിനാരിയില്‍ ചേര്‍ന്നത്. ഈ അനുഭവത്തില്‍, പത്താം ക്ലാസ് കഴിയുമ്പോള്‍ സെമിനാരിയില്‍ ചേരുന്നതിനേക്കാള്‍ അല്‍പം കൂടി പക്വത നേടുന്ന പ്രായത്തില്‍ അതുപോരെ എന്നു ചോദിച്ചാല്‍ പിതാവ് പൂര്‍ണമായും അതിനോടു യോജിക്കില്ല. എന്താണ് പക്വതയാര്‍ന്ന തീരുമാനം? – പള്ളിക്കാപ്പറമ്പില്‍ പിതാവ് ചോദിക്കുന്നു. "ദൈവത്തിന്‍റെ കൃപയാണ് എല്ലാം. ദൈവത്തിന്‍റെ വിളി എപ്പോള്‍, എങ്ങനെ എന്നു പറയാനാവില്ല. ശിഷ്യനായ പത്രോസിനെ വിളിച്ചതുപോലെയാണോ പൗലോസിനെ വിളിച്ചത്?"

പള്ളിക്കാപ്പറമ്പില്‍ പിതാവിന്‍റെ ദൈവവിളിയും ഇത്തരത്തില്‍ വ്യത്യസ്തമായിരുന്നു. സിഎംഐ സ്കൂളില്‍ പഠിച്ചപ്പോഴൊന്നും വൈദികനാകണമെന്ന ചിന്ത ഉണ്ടായിരുന്നില്ല. ചങ്ങനാശ്ശേരി എസ് ബിയില്‍ ഇന്‍റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ അവധിക്കു വീട്ടില്‍ വരുമ്പോഴായിരിക്കും പറമ്പില്‍ തേങ്ങയിടല്‍. അതിനു സഹായിച്ചാല്‍ രണ്ടു കരിക്കു കിട്ടും. അങ്ങനെ ഒരവധിക്ക് അവകാശമായി കിട്ടിയ കരിക്കു വെട്ടിക്കുടിക്കവേ വിരലല്‍പം മുറിഞ്ഞു. വച്ചുകെട്ടുമായി ഹോസ്റ്റലിലെത്തിയപ്പോള്‍ വാര്‍ഡനച്ചന്‍ കാര്യം തിരക്കി. "വിരല്‍ അറ്റുപോയിരുന്നെങ്കില്‍ അച്ചനാകാന്‍ പറ്റില്ലായിരുന്നു" – അദ്ദേഹം പറഞ്ഞു. വൈദികജീവിതത്തെക്കുറിച്ചുള്ള ചെറുചിന്ത അന്നു മനസ്സിലുയര്‍ന്നു. ബിഎയ്ക്ക് തൃശ്നാപ്പള്ളിയിലായിരുന്നു പഠനം. അവിടെ ദൈവവിളി ധ്യാനമൊക്കെ കൂടിയെങ്കിലും വൈദികനാകണമെന്ന തീരുമാനത്തിലെത്തിയില്ല. തുടര്‍ന്ന് ചെന്നൈയില്‍ ലയോള കോളജില്‍ എംഎയ്ക്കു പഠിക്കുമ്പോഴാണ് ദൈവവിളി തിരിച്ചറിഞ്ഞത്.

ഇന്നു ദൈവവിളി കുറയുന്നു എന്ന പരിദേവനങ്ങള്‍ കേള്‍ക്കുമ്പോള്‍ തമ്പുരാന്‍റെ വിളിക്കു കുറവില്ല, നമ്മുടെ പ്രത്യുത്തരങ്ങള്‍ക്കാണ് കുറവു വന്നിരിക്കുന്നതെന്നാണ് ബിഷപ് പള്ളിക്കാപ്പറമ്പില്‍ സൂചിപ്പിക്കുന്നത്: "ഞാന്‍ നിന്‍റെ ഭവനത്തിന്‍റെ വാതിലില്‍ മുട്ടുന്നു. എന്‍റെ സ്വരം ശ്രവിച്ച് വാതില്‍ തുറക്കുന്ന ഭവനത്തില്‍ ഞാന്‍ പ്രവേശിക്കും – നമ്മുടെ ഹൃദയങ്ങളില്‍ കര്‍ത്താവു മുട്ടുന്നുണ്ട്. അതു കേള്‍ക്കാനുള്ള നിശബ്ദത നമുക്കുണ്ടാകണം."

കുടുംബങ്ങളില്‍ ഇതിനുള്ള പരിശീലനം നല്‍കണം. ബാല്യത്തില്‍ കുരിശുമണിയടിക്കുമ്പോള്‍ ഒരു മണിക്കൂര്‍ പ്രാര്‍ത്ഥനയുണ്ടായിരുന്നതായി പിതാവ് ഓര്‍ക്കു ന്നു. അപ്പാപ്പനും അമ്മാമ്മയും കുടുംബാംഗങ്ങളുമൊത്തുള്ള പ്രാര്‍ത്ഥന. "അന്നൊന്നും ബോധപൂര്‍വ്വമായ ഭാഗഭാഗിത്വമായിരുന്നില്ല നടന്നത്. പക്ഷെ, കുഞ്ഞുങ്ങളായിരിക്കേ അതൊരു വലിയ പരിശീലനമായിരുന്നു." പ്രാര്‍ത്ഥനയില്‍ വളരാന്‍ ബാല്യത്തിലേ കിട്ടിയ പരിശീലനം കോളജുപഠനകാലത്തും സെമിനാരിയിലുമൊക്കെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഇന്നും പ്രാര്‍ത്ഥനയിലാണു ശക്തി – പിതാവ് സൂചിപ്പിക്കുന്നു.

വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനായിരിക്കേയാണ് വയലില്‍ പിതാവിന്‍റെ സഹായമെത്രാനായി നിയമിക്കപ്പെട്ടത്. രൂപതയുടെ വളര്‍ച്ചയ്ക്കുവേണ്ടി വളരെ ത്യാഗങ്ങള്‍ സഹിച്ച വ്യക്തിയാണ് വയലില്‍ പിതാവെന്ന് ബിഷപ് പള്ളിക്കാപ്പറമ്പില്‍ അനുസ്മരിക്കുന്നു: "വലിയ കഴിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം. രൂപതയുടെ ആരംഭത്തില്‍ ഒത്തിരി കഷ്ടപ്പെട്ടു. വളരെയേറെ കാര്യങ്ങള്‍ എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് അദ്ദേഹം നിറവേറ്റി." പാലാ രൂപതയുടെ വികസനത്തില്‍ പള്ളിക്കാപ്പറമ്പില്‍ പിതാവിനും വലിയ പങ്കുണ്ട്. ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്‍ററികള്‍ തുടങ്ങാനായി. സാമ്പത്തികം ആവശ്യമായിരുന്നെങ്കിലും അഡ്മിഷനും നിയമനത്തിനും സംഭാവന വാങ്ങാതെയാണ് എല്ലാം നടത്തിയത്. ഇന്നും രൂപതയില്‍ നിയമനത്തിനും പ്രവേശനത്തിനും സംഭാവനകള്‍ വാങ്ങുന്നില്ല. പുതിയ ഇടവകകള്‍ രൂപീകരിക്കുന്നതിനും അതിനു സ്ഥലവും സൗകര്യങ്ങളും ഒരുക്കുന്നതിനും പള്ളിക്കാപ്പറമ്പില്‍ പിതാവ് മുന്‍കൈ എടുത്തിട്ടുണ്ട്. ആ വിധത്തില്‍ പുതിയ ഇടവകകള്‍ക്കു വേണ്ടി നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ സംതൃപ്തിദായകമായ അനുഭവങ്ങളാണെന്ന് പിതാവു പറയുന്നു. എന്നാല്‍ ഇതൊന്നും തന്‍റെ മിടുക്കല്ല: "വയലില്‍ പിതാവ് നിര്‍മ്മിച്ച ഭിത്തിയില്‍ ഞാന്‍ കുറച്ചു പെയിന്‍റടിച്ചു, അത്രമാത്രം."

രൂപതാഭരണത്തില്‍ ഏറെ വിഷമം തോന്നിയ ഘട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പിതാവു പറയുന്നു: "ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു പ്രശ്നവും ഉണ്ടായിട്ടില്ല." അധികാരം ഒരുതരത്തില്‍ സഹനമാണ്. "തമ്പുരാനില്‍ ആശ്രയിക്കുക, ദൈവത്തില്‍ ശരണപ്പെടുക. അതിനപ്പുറം ഒരു പരിഹാരവുമില്ല." എന്നാല്‍ ദൈവത്തില്‍ ആശ്രയിച്ചാല്‍ ഉടനടി പരിഹാരമുണ്ടാകുമെന്നും പറയാനാവില്ല: "എന്‍റെ പ്രാര്‍ത്ഥന തമ്പുരാന്‍റെ ഇഷ്ടം നിറവേറട്ടെ എന്നാണ്. എന്താണ് എനിക്കു വേണ്ടത്, രൂപതയ്ക്കു വേണ്ടത്, ഏതാണു നന്മ… അതെനിക്കറിയില്ല. തമ്പുരാനാണ് നിശ്ചയിക്കേണ്ടത്. ഒന്നും നമ്മുടെ പദ്ധതിയല്ല, ദൈവത്തിന്‍റെ പ്രവൃത്തികളാണ്" – പിതാവു പറയുന്നു.

അധികാരത്തിലിരിക്കുമ്പോള്‍ ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും. പാലായുടെ പശ്ചാത്തലത്തില്‍ സഭയെ നിരന്തരം വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് ജോസഫ് പുലിക്കുന്നേല്‍. പള്ളിക്കാപ്പറമ്പില്‍ പിതാവ് ആ വിമര്‍ശനങ്ങള്‍ വളരെയേറെ നേരിട്ടയാളാണ്. "അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങളില്‍ എനിക്കു വേദന തോന്നിയിട്ടുണ്ട്. പലരേയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഒരുകാര്യം പോലും അദ്ദേഹം എന്നെക്കുറിച്ച് നല്ലതായി എഴുതിയിട്ടില്ല." എന്നാല്‍ ഒരിക്കല്‍പോലും പുലിക്കുന്നേലിനോടു വിദ്വേഷം പുലര്‍ത്തിയിട്ടില്ലെന്ന് പിതാവു സാക്ഷ്യപ്പെടുത്തുന്നു. വിമര്‍ശനങ്ങള്‍ കൊണ്ട് എക്കാലത്തും വിഷമിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത പുലിക്കുന്നേലിനോട് പക്ഷെ താന്‍ 'പ്രതികാരം' ചെയ്തതായി പിതാവു പറയുന്നു: "അദ്ദേഹം അസുഖബാധിതനായി കിടന്നപ്പോള്‍ ഞാന്‍ ചെന്നുകണ്ടു. എന്നെ സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു കൊന്തയും നല്‍കിയാണു തിരിച്ചു പോന്നത്." ഇക്കാര്യം അധികമാരോടും പങ്കുവച്ചിട്ടില്ല.

പാലായില്‍ വി. അല്‍ഫോന്‍സാമ്മയുടെ നാമകരണത്തില്‍ പങ്കാളിയാകാനും അതിനു നേതൃ ത്വം നല്‍കാനും കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് പള്ളിക്കാപ്പറമ്പില്‍ പിതാവു കാണുന്നത്. ഇന്നു ഭാരതത്തില്‍ ഏറ്റവുമധികംപേര്‍ വണങ്ങുന്ന വിശുദ്ധയാണ് അല്‍ഫോന്‍സാമ്മ. 2014-ല്‍ പാലായില്‍ സിബിസിഐ സമ്മേളനം നടന്നപ്പോള്‍ ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാനും വി. ബലിയര്‍പ്പിക്കാനും ഭാരതത്തിലെ എല്ലാ മെത്രാന്മാരും വലിയ താത്പര്യം കാണിച്ച കാര്യം പള്ളിക്കാപ്പറമ്പില്‍ പിതാവ് അനുസ്മരിച്ചു.

കക്ഷിരാഷ്ട്രീയത്തില്‍ പള്ളിക്കാപ്പറമ്പില്‍ പിതാവിനു താത്പര്യമില്ല. ഇന്ന് ആദര്‍ശരാഷ്ട്രീയം എവിടെയും കാണാനില്ല. പക്ഷെ പാലായില്‍ കെ.എം. മാണിയോട് അടുപ്പം സൂക്ഷിച്ചിരുന്നു. സഭയോട് എന്നും ആദരവു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു മാണി സാര്‍. "രാഷ്ട്രീയത്തിലൊന്നും ഞാന്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ ഞങ്ങളുടെ കാലഘട്ടം മാണിസാറില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു. പാലായുടെ മണ്ണിനോട് ഇഴുകിച്ചേര്‍ന്ന വ്യക്തിയാണദ്ദേഹം"-പിതാവ് അനുസ്മരിക്കുന്നു.

കത്തോലിക്കാ സഭ ഇന്നു പല പ്രതിസന്ധികളും നേരിടുന്നുണ്ട്. കേരളത്തിലും ഇന്ത്യയിലും ലോകമെങ്ങും അതു ദര്‍ശിക്കാം. എന്നാല്‍ സഭയ്ക്ക് ഇതു മോശപ്പെട്ട കാലമാണെന്നൊന്നും പിതാവ് കരുതുന്നില്ല. "സഭ സുഗമമായി പോകുന്നതിനേക്കാള്‍ നല്ലത് അല്‍പം സഹനങ്ങളിലൂടെ കടന്നുപോകുന്നതാണ്. കര്‍ത്താവിന്‍റെ ജീവിതവും അതായിരുന്നില്ലേ? നോക്കൂ, സഭ എത്രമാത്രം സമ്പന്നവും വിശുദ്ധവുമാണ്. ഈ കാലഘട്ടത്തില്‍ മൂന്നു മാര്‍പാപ്പമാര്‍ വിശുദ്ധരായില്ലേ?"

പിതാവ് പൊതുവേ ഒരു കണിശക്കാരനും ഗൗരവപ്രകൃതക്കാരനുമായിട്ടാണ് കാണപ്പെട്ടിരുന്നത്? "ഞാന്‍ എന്നോടു തന്നെ ഒരു കണിശക്കാരനും കാര്‍ക്കശ്യക്കാരനുമാണ്. ചില കാര്യങ്ങളില്‍ എനിക്കു നിര്‍ബന്ധങ്ങളുണ്ടായിരുന്നു. അതെല്ലാം നടക്കണമെന്നില്ല. പക്ഷെ, അച്ചടക്കമുള്ള നല്ലൊരു വൈദികനായി ജീവിക്കാന്‍ ഈ കാര്‍ക്കശ്യം എന്നെ സഹായിച്ചിട്ടുണ്ട്" – പിതാവു പറയുന്നു.

ഇത്രയും കാലത്തെ ജീവിതത്തെ വിലയിരുത്തുമ്പോള്‍ പറയുന്നതില്‍ അഹന്തയുണ്ടോ എന്നു സംശയിച്ചുകൊണ്ടാണ് പള്ളിക്കാപ്പറമ്പില്‍ പിതാവ് പ്രതികരിക്കുന്നത്: "സംതൃപ്തിയുടെ ജീവിതമാണ്. എന്നാല്‍ ദൈവം എന്നെ എങ്ങനെ കാണുന്നു എന്നറിയില്ല. ഭൂമിയില്‍ നീ ഒന്നും ചെയ്തിട്ടില്ലല്ലോ എന്നു കര്‍ത്താവ് ചോദിച്ചാല്‍, അധികാരികള്‍ പറഞ്ഞ ഒന്നും എതിര്‍ത്തിട്ടില്ല എന്നു ഞാന്‍ മറുപടി നല്‍കും. അനുസരിക്കാനേ ശ്രമിച്ചിട്ടുള്ളൂ, ഒന്നും ധിക്കരിച്ചിട്ടില്ല." ഒരു വൈദികനായില്ലെങ്കില്‍ ജീവിതത്തില്‍ മറ്റാരാകുമായിരുന്നു എന്നു ഇതുവരെ ചിന്തിച്ചിട്ടില്ല. "എന്തായാലും കിട്ടാവുന്നതില്‍ നല്ലതും വലുതുമാണ് കിട്ടിയത് വൈദികനാകുക എന്നത് വലിയ ഭാഗ്യമാണ്, അനുഗ്രഹമാണ്. ദൈവം എന്നെ എന്നും കൈപിടിച്ചു നടത്തി, അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ തന്നു."

ഇനിയും വലിയ ആഗ്രഹങ്ങളൊന്നുമില്ല ഒറ്റ ചിന്തയും പ്രാര്‍ത്ഥനയുമേയുള്ളൂ: "ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗ്രഹീത ഫലമായ ഈശോയെ കാണിച്ചു തരേണമേ." പരി. മറിയത്തോടും വി.യൗസപ്പിനോടും പ്രത്യേകം പ്രാര്‍ത്ഥിക്കുമ്പോള്‍ അല്‍ഫോന്‍സാമ്മയെയും വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയെയും പള്ളിക്കാപ്പറമ്പില്‍ പിതാവ് ചേര്‍ത്തു പിടിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തിന്‍റെ കവാടത്തില്‍ വി. പത്രോസ് കാത്തുനില്‍ക്കുകയും, കര്‍ത്താവു കണക്കെടുക്കുകയും ചെയ്യുന്ന വേളയില്‍ പരി. മാതാവിന്‍റെ പിന്നിലൂടെ, അമ്മയുടെ ഔദാര്യത്തില്‍ പറുദീസയിലേക്കു കയറിപ്പറ്റാമെന്നാണ് പള്ളിക്കാപ്പറമ്പില്‍ പിതാവു കണക്കു കൂട്ടുന്നത്. പിതാവിന്‍റെ ഈ കണക്കു കൂട്ടല്‍ തെറ്റാനിടയില്ല. കാരണം, എന്നും ദൈവത്തിന്‍റെ വിശ്വസ്ത ദാസനായിട്ടു തന്നെയാണല്ലോ തൊണ്ണൂറു സംവത്സരങ്ങള്‍ പിന്നിട്ട ആ പ്രയാണം തുടരുന്നത്.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍