ഫാ. ഡോ. ജോജു കോക്കാട്ട്
സെക്രട്ടറി, കെ സി ബി സി ബൈബിള്‍ കമ്മീഷന്‍
പരിഷ്‌കരിച്ച ബൈബിള്‍ പി ഒ സി പുറത്തിറക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ബൈബിള്‍ എങ്ങനെയാണു പരിഷ്‌കരിക്കുന്നത്, നമ്മള്‍ പുതിയ ബൈബിള്‍ എഴുതുകയാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ സാധാരണ വിശ്വാസികളില്‍ ഉണ്ടായിട്ടുണ്ട്. മലയാളം സമ്പൂര്‍ണ്ണ ബൈബിള്‍ പുറത്തുവന്നത് 1981 ലാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'ദൈവവചനം' എന്ന പ്രമാണ രേഖയുടെ ഖണ്ഡിക 22-ല്‍, ബൈബിള്‍ തെറ്റുകൂടാതെ വിവര്‍ത്തനം ചെയ്തു വിശ്വാസികള്‍ക്ക് അവരവരുടെ ഭാഷകളില്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് പ്രത്യേകമായി അനുശാസിക്കുന്നുണ്ട്. അതിന്റെ ഫലമായിട്ടാണ് കേരളത്തില്‍ കെ സി ബി സി യുടെ നേതൃത്വത്തില്‍, പി ഒ സി യില്‍ നിന്ന് ബൈബിള്‍ പരിഭാഷ പുറത്തുവന്നത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം, 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 'കര്‍ത്താവിന്റെ വചനം' എന്ന രേഖയിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രമാദരഹിതമായ ബൈബിള്‍ വിവര്‍ത്തനങ്ങള്‍ ഓരോ ഭാഷയിലും ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍, അതിനു നേതൃത്വം വഹിക്കുന്നവരുടെ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നാണ് മാര്‍പാപ്പ നിര്‍ദേശിച്ചത്.
മൂലഭാഷയോടുള്ള വിശ്വസ്തതയാണോ ബൈബിളിന്റെ വിവര്‍ത്തന പരിഷ്‌കരണത്തിന്റെ മുഖ്യപ്രചോദനം?
1981-ല്‍ മലയാളം ബൈബിള്‍ കേരളസഭ പ്രസിദ്ധീകരിച്ചിരുന്നു വെങ്കിലും ഇന്നുള്ള അത്രയും ബൈബിള്‍ പണ്ഡിതര്‍ അന്ന് നമുക്ക് ലഭ്യമായിരുന്നില്ല. പില്‍ക്കാലത്ത് ബൈബിള്‍ വിജ്ഞാനീയത്തിലും ദൈവശാസ്ത്രത്തിലും അനേകം കേരളസഭാംഗങ്ങള്‍ മികച്ച ഗവേഷണങ്ങള്‍ നടത്തുകയും നിരവധി പണ്ഡിതര്‍ ഇവിടെ രൂപപ്പെടുകയും ചെയ്തു. കെ സി ബി സി ബൈബിള്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും വളരെ ശക്തമായി മുന്നോട്ടുപോയി. ഈ പശ്ചാത്തലത്തില്‍ ബൈബിള്‍ വിവര്‍ത്തനത്തിന്റെ പരിഷ്‌കരണം ആവശ്യമാണെന്ന് നാം കണ്ടു.
വചനം പഠിക്കുന്ന ആളുകളെ സംബന്ധിച്ച് പരിഷ്‌കരിച്ച കോപ്പി കൂടി കയ്യില്‍ കരുതുന്നത് നല്ലതായിരിക്കും. ബൈബിള്‍ വിജ്ഞാനീയത്തെ സംബന്ധിച്ച് ബൈബിള്‍ വിവര്‍ത്തന ശേഖരത്തിലേക്ക് പരിഷ്‌കരിച്ച പി ഒ സി ബൈബിള്‍ വലിയ മുതല്‍ക്കൂട്ടായിരിക്കും.
ഹീബ്രു, ഗ്രീക്ക് ഭാഷകളിലാണ് ബൈബിളിന്റെ മൂലഗ്രന്ഥങ്ങള്‍ നാം കാണുന്നത്. ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തിലെ ചില അധ്യായങ്ങള്‍ അരമായ ഭാഷയിലും വന്നിട്ടുണ്ടെന്നാണു പണ്ഡിതാഭിപ്രായം. ഈ മൂലഗ്രന്ഥങ്ങളാണ് തെറ്റില്ലാത്ത, മൗലികമായ ദൈവനിവേശിത ഗ്രന്ഥങ്ങള്‍. അവശേഷിക്കുന്ന, ഇതര ഭാഷകളിലുള്ള വിവര്‍ത്തനങ്ങളെയെല്ലാം ഒരു പരിധി വരെ വ്യാഖ്യാനങ്ങള്‍ എന്ന് നാം വിളിക്കേണ്ടിവരും.
ബാക്കി ഭാഷകളിലെല്ലാം ഈ ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ ആയതിനാല്‍, വിവര്‍ത്തനത്തിലുള്ള പോരായ്മകളും അതത് ഭാഷകളുടേതായ പ്രശ്‌നങ്ങളും അവയില്‍ വന്നിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് മൂലഗ്രന്ഥങ്ങളോട് അടുത്തുനില്‍ക്കുന്ന ഒരു പരിഷ്‌കരണം ആവശ്യമായി വരുന്നത്. ഈ പശ്ചാത്തലത്തില്‍ 2008-ല്‍ കെ സി ബി സി ബൈബിള്‍ പരിഷ്‌കരണം ആവിഷ്‌കരിക്കുകയും പുതിയ നിയമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
പുതിയ നിയമത്തിന്റെ പരിഷ്‌കരണ ജോലികള്‍ 2012-ല്‍ പൂര്‍ത്തീകരിച്ചു. 2024-ലാണ് പഴയ നിയമവും പുതിയ നിയമവും പൂര്‍ണ്ണമായി പരിഷ്‌കരിച്ച് പൂര്‍ത്തീകരിക്കുന്നത്. അതായത് ഏറെക്കുറെ 16 വര്‍ഷത്തോളം ഈ ജോലികള്‍ക്കായി ചെലവഴിക്കപ്പെട്ടു. ബൈബിള്‍ പണ്ഡിതരും ഭാഷാ പണ്ഡിതരും സാങ്കേതിക വിദഗ്ധരുമായ നിരവധിപേര്‍ ഈ പരിശ്രമത്തില്‍ പങ്കാളികളായി. അതിനുശേഷം നിരവധി പേര്‍ അത് വായിച്ചു. ജൂണ്‍ മൂന്നിന് പരിഷ്‌കരിച്ച ബൈബിളിന്റെ വിപുലമായ പ്രകാശനം നമ്മള്‍ നിര്‍വഹിച്ചു.
പരിഷ്‌കരിച്ച ബൈബിളിന്റെ മേന്മകള്‍ എന്തൊക്കെയാണെന്നാണ് താങ്കള്‍ കരുതുന്നത്?
ഗവേഷണ ലക്ഷ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തി ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്ന പരിഭാഷ, മൂലഗ്രന്ഥങ്ങളോട് പരമാവധി വിശ്വസ്തത പുലര്‍ത്തുകയും ഒപ്പം പി ഒ സി പഴയ ബൈബിളിനെ കഴിയുന്നത്ര ആശ്രയിക്കുകയും ചെയ്യുക എന്ന സമീപനമാണ് പുലര്‍ത്തിയത്. ഹീബ്രു ഗ്രീക്ക് മൂലഗ്രന്ഥങ്ങളിലെ വാക്കുകള്‍ക്ക് തത്തുല്യമായ മലയാള പദങ്ങള്‍ കണ്ടെത്തുകയും വാക്യഘടനകള്‍ പരമാവധി മൂലഗ്രന്ഥത്തോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന വിധത്തിലാണ് പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത്.
അധ്യായങ്ങളും വാക്യങ്ങളും ഹീബ്രൂ, ഗ്രീക്ക് മൂലഗ്രന്ഥങ്ങള്‍ക്ക് അനുസൃതമാക്കിത്തീര്‍ക്കുവാനുള്ള ശ്രദ്ധചെലുത്തിയിട്ടുണ്ട്. വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആവശ്യമായ ഇടങ്ങളില്‍ പരിഷക്കരിച്ച പി ഒ സി ബൈബിള്‍ അതിനുവേണ്ടി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ലോകത്തിലെ പല പ്രധാന ഭാഷകളിലെയും ബൈബിളുകള്‍ ഇത്തരത്തില്‍ വിവര്‍ത്തനങ്ങള്‍ക്കും പിന്നീട് പരിഷ്‌കരണങ്ങള്‍ക്കും ഇതിനകം വിധേയമായി കഴിഞ്ഞിട്ടുള്ളവയാണ്. അവര്‍ക്ക് അതിനുള്ള സാധ്യതകളും അവസരങ്ങളും നേരത്തെ ലഭിച്ചു. എങ്കില്‍ പോലും ഭാഷ വളരുകയും മൂലഗ്രന്ഥത്തോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്താനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തപ്പോള്‍ അവരും ബൈബിളുകള്‍ പില്‍ക്കാലത്ത് പരിഷ്‌കരിച്ചിട്ടുണ്ട്.
ലോകഭാഷകളോടൊപ്പം മലയാളത്തിലും ഇങ്ങനെ ഒരു പരിഷ്‌കരണം നമുക്കിപ്പോള്‍ ചെയ്യാനായി എന്നത് വലിയൊരു കാര്യം തന്നെയാണ്. മാര്‍പാപ്പമാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ലോകഭാഷകളില്‍ എല്ലാം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തനം തന്നെയാണ് ഈ ബൈബിള്‍ പരിഭാഷ പരിഷ്‌കരണം എന്നത്. വചനം പഠിക്കുന്ന ആളുകളെ സംബന്ധിച്ച് പരിഷ്‌കരിച്ച കോപ്പി കൂടി കയ്യില്‍ കരുതുന്നത് നല്ലതായിരിക്കും. ബൈബിള്‍ വിജ്ഞാനീയത്തെ സംബന്ധിച്ച് ബൈബിള്‍ വിവര്‍ത്തന ശേഖരത്തിലേക്ക് പരിഷ്‌കരിച്ച പി ഒ സി ബൈബിള്‍ വലിയ മുതല്‍ക്കൂട്ടായിരിക്കും.
ഇതുവരെ ഉപയോഗിച്ച ബൈബിള്‍ ഇനിയും ഉപയോഗത്തില്‍ ഉണ്ടാകുമോ?
പഴയ ബൈബിള്‍ 40 വര്‍ഷത്തോളം നിലനിന്നു.
ആ ബൈബിള്‍ വായിച്ചും പഠിച്ചും ധ്യാനിച്ചും വളര്‍ന്ന ഒരു തലമുറയാണ് ഇപ്പോള്‍ കേരളസഭയില്‍ ഉള്ളത്. കണക്കെടുക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ദശലക്ഷക്കണക്കിന് കോപ്പികള്‍ ആ ബൈബിള്‍ അച്ചടിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അവ ഇന്ന് ആളുകളുടെ കൈകളില്‍ ഇരിക്കുന്നു. ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയതും വളരെ മനോഹരവുമായ ഒരു ബൈബിള്‍ പരിഭാഷ തന്നെയായിരുന്നു ആദ്യത്തെ പി ഒ സി ബൈബിള്‍. ആ ബൈബിള്‍ വളരെയധികം ഉപകാരപ്പെടുകയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തു. ജനഹൃദയങ്ങളില്‍ അതിലെ വാക്കുകളും വാക്യങ്ങളും ഇന്നും നിറഞ്ഞു നില്‍ക്കുന്നു. ആ ബൈബിള്‍ നമ്മള്‍ ഉത്തരവാദിത്തപൂര്‍വം ഇനിയും കാത്തുസൂക്ഷിക്കുകയും വേണം.
ഇപ്പോഴത്തെ ബൈബിള്‍ നാം അനുദിനം വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്തു, വാക്യങ്ങള്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നത് കൊണ്ട് അതിന്റെ വായനാസുഖം പരിഷ്‌കരിച്ച ബൈബിളില്‍ നിന്ന് വളരെ പെട്ടെന്ന് ലഭിച്ചെന്നുവരികയില്ല. എന്നാല്‍ ഹീബ്രു, ഗ്രീക്ക് മൂലഗ്രന്ഥങ്ങളെ വച്ചുനോക്കുമ്പോള്‍ അവയോട് പരമാവധി കൃത്യത പുലര്‍ത്തുന്നു എന്നതാണ് പുതിയ പരിഭാഷയുടെ സവിശേഷത. എന്തൊക്കെയായാലും, മുന്‍ ബൈബിള്‍ ദൈവവചനം വായിക്കാനും ധ്യാനിക്കാനും നമ്മെ പഠിപ്പിച്ച അടിസ്ഥാന ഗ്രന്ഥം തന്നെയാണ്. അതിന്റെ സ്വാധീനം അളന്നെടുക്കാന്‍ കഴിയുന്നതിനേക്കാള്‍ ഉപരിയാണ്. ആ ബൈബിള്‍ പ്രചരിച്ചിരിക്കുന്നത്രയും കോപ്പികള്‍ പുതിയ ബൈബിള്‍ എത്തണമെങ്കില്‍ ഇനിയും ഒരുപക്ഷേ കാല്‍നൂറ്റാണ്ടിലധികം കാലം വേണ്ടിവരുമായിരിക്കും. അതുകൊണ്ടുതന്നെ പഴയ ബൈബിള്‍ നമ്മള്‍ റദ്ദാക്കുകയല്ല ചെയ്യുന്നത്. അതിന്റെ ഉപയോഗം തുടരും, തുടരണം.
ബൈബിള്‍ പഠനത്തിനും പ്രചാരണത്തിനും കെ സി ബി സി ബൈബിള്‍ കമ്മീഷന്‍ എന്തൊക്കെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്?
ബൈബിള്‍ പ്രചാരണം തന്നെയാണ് ബൈബിള്‍ കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം. എല്ലാ രൂപതകള്‍ക്കും ഓരോ ബൈബിള്‍ അപ്പസ്‌തോലറ്റുകള്‍ അഥവാ കമ്മീഷനുകള്‍ ഉണ്ട്. അവരുടെ നേതൃത്വത്തില്‍ ഫൊറോനാ തലത്തിലേക്കും ഇടവക സമൂഹങ്ങളിലേക്കും ബൈബിള്‍ ക്ലാസുകളും ബൈബിള്‍ ധ്യാനങ്ങളും എത്തിക്കുന്നു.
ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയതും വളരെ മനോഹരവുമായ ഒരു ബൈബിള്‍ പരിഭാഷ തന്നെയായിരുന്നു ആദ്യത്തെ പി ഒ സി ബൈബിള്‍. ആ ബൈബിള്‍ വളരെയധികം ഉപകാരപ്പെടുകയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തു. ജനഹൃദയങ്ങളില്‍ അതിലെ വാക്കുകളും വാക്യങ്ങളും ഇന്നും നിറഞ്ഞു നില്‍ക്കുന്നു.
അതോടൊപ്പം ബൈബിള്‍ കുറഞ്ഞ വിലയില്‍ പാവപ്പെട്ടവരിലേക്കും ആവശ്യക്കാരിലേക്കും എത്തിക്കാനും ശ്രമിക്കുന്നു. കുഞ്ഞുങ്ങളെ ബൈബിള്‍ വചനങ്ങളെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ക്ലാസുകളും യുവജനങ്ങള്‍ക്ക് അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ പറ്റുന്ന തരത്തിലുള്ള ക്ലാസുകളും ബൈബിള്‍ കമ്മീഷന്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
ബൈബിള്‍ ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ പുതിയ പതിപ്പിനോടുള്ള ആഗ്രഹം വര്‍ധിപ്പിക്കണം. പരിഷ്‌കരിച്ച ബൈബിള്‍ വായിക്കുമ്പോള്‍ ഹീബ്രു ഗ്രീക്ക് മൂലഗ്രന്ഥങ്ങളിലേക്ക് കൂടുതല്‍ അടുക്കുവാന്‍ സാധിക്കും എന്ന വസ്തുത നമ്മള്‍ ഓര്‍ക്കണം. പരിഷ്‌കരിച്ച ബൈബിളിന്റെ പ്രസിദ്ധീകരണത്തോടനുബന്ധിച്ച് നിരവധി സമ്മേളനങ്ങളും സെമിനാറുകളും നാം നടത്തുന്നുണ്ട്. ആ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു.
ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍ പരിഷ്‌കരിച്ച ബൈബിളിന്റെ പ്രയോജനങ്ങളും നേട്ടങ്ങളും മനസ്സിലാക്കിയതുകൊണ്ട്, അതിന്റെ നന്മകള്‍ തന്റെ ക്ലാസുകളിലൂടെയും വായനയിലൂടെയും ജനത്തിന് നല്കിവരുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ധാരാളം അല്‍മായര്‍ ഇപ്പോള്‍ വലിയ താല്‍പര്യത്തോടെ ബൈബിള്‍ പഠിക്കണം എന്ന ചിന്തയോടെ മുന്നോട്ടുവരുന്നുണ്ട്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായമേറിയവര്‍ക്കും അവരവര്‍ക്ക് മനസ്സിലാക്കാവുന്ന രീതിയില്‍ ബൈബിളിന്റേതായ വിവിധ ഘടകങ്ങള്‍ പഠിപ്പിക്കുന്ന, ബൈബിളിനോടുള്ള സ്‌നേഹം വര്‍ധിപ്പിക്കുന്ന ക്ലാസുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ബൈബിളിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഇന്നത്തെ മാധ്യമങ്ങളില്‍ യുവജനങ്ങളെ ലക്ഷ്യമാക്കി പ്രചരിക്കുന്നുണ്ട്. അവരുടെ തെറ്റിദ്ധാരണകള്‍ മാറ്റാനും സംശയങ്ങള്‍ ദൂരീകരിക്കാനും കഴിയുന്ന തരത്തിലുള്ള ക്ലാസുകള്‍ നമുക്ക് കൊടുക്കാനാവും. ആഴമേറിയ ബൈബിള്‍ വിജ്ഞാനം പകരുന്ന ക്ലാസുകള്‍ എല്ലാവര്‍ക്കും നല്‍കാനുള്ള പദ്ധതികള്‍ ഉണ്ടാകണം. അവ ആവിഷ്‌കരിച്ചിട്ടുണ്ട്.
കേരളത്തിലെ നവീകരണ പ്രസ്ഥാനം എത്രമാത്രം ബൈബിള്‍ പ്രേഷിതത്വത്തെ വളര്‍ത്തുന്നതില്‍ എത്രമാത്രം സഹായിച്ചിട്ടുണ്ട്?
ബൈബിള്‍ സ്‌നേഹം കേരളത്തില്‍ വര്‍ധിപ്പിക്കാന്‍ കരിസ്മാറ്റിക് നവീകരണകാലം വളരെ സഹായിച്ചിട്ടുണ്ട്. അല്മായര്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങിയത് കരിസ്മാറ്റിക് നവീകരണത്തിന്റെ വലിയൊരു ഗുണമായിരുന്നു. അതേസമയം ബൈബിള്‍ നാം വ്യാഖ്യാനിക്കുമ്പോള്‍ സഭാപഠനങ്ങളോട്, വ്യാഖ്യാനത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളോട് ചേര്‍ന്നുനില്‍ക്കുവാന്‍ ശ്രദ്ധിക്കണം. വെളിപാട് പുസ്തകത്തിലെയും മറ്റും വചനങ്ങള്‍ നാം വാച്യാര്‍ഥത്തില്‍ വ്യാഖ്യാനിച്ചു പോയാല്‍, നമ്മുടേതായ വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും തെറ്റുകള്‍ പറ്റാന്‍ സാധ്യതയുണ്ട്. കേള്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനും സാധ്യതയുണ്ട്. ബൈബിള്‍ എല്ലാവര്‍ക്കും വായിക്കാനും അവരവര്‍ക്ക് ലഭിക്കുന്ന വ്യാഖ്യാനം മറ്റുള്ളവരോട് പങ്കുവെക്കാനും സാഹചര്യമുള്ളതുകൊണ്ട്, സഭയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചുള്ള ശരിയായ വ്യാഖ്യാനം ജനത്തിന് നല്‍കാന്‍ നാം ബാധ്യസ്ഥരാണ്.
ലോഗോസ് ക്വിസിന് ബൈബിളിന്റെ പരിഷ്‌കരിച്ച പതിപ്പാണോ ഉപയോഗിക്കുന്നത്?
ലോഗോസ് ക്വിസിന് പരിഷ്‌കരിച്ച ബൈബിള്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന് നാം ഇനിയും ചുരുങ്ങിയത് 15 വര്‍ഷം കാത്തിരിക്കണം. കാരണം ലോഗോസ് ക്വിസില്‍ ഓരോ വര്‍ഷവും പങ്കെടുക്കുന്നത് അഞ്ചു ലക്ഷത്തിനടുത്ത് ആളുകളാണ്. പരിഷ്‌കരിച്ച ബൈബിളിന്റെ അഞ്ചു ലക്ഷം കോപ്പികള്‍ ജനങ്ങളിലേക്ക് എത്തണമെങ്കില്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവരും. അതിനുശേഷമേ ലോഗോസ് ക്വിസിന് പരിഷ്‌കരിച്ച ബൈബിള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, ലോഗോസിന്റെ രണ്ടാംഘട്ടത്തിലേക്ക് വരുന്ന വിജയികള്‍ക്ക് പരിഷ്‌ക്കരിച്ച ബൈബിളിന്റെ പഠനഭാഗംകൂടി ചേര്‍ത്തുകൊണ്ട് അവരെ പഠിപ്പിക്കാന്‍ ശ്രദ്ധിക്കും.