Coverstory

നവീകരണ കാറ്റിന് 50 വയസ്സ്

Sathyadeepam

ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ OFMCap
ചെയര്‍മാന്‍, കെ.എസ്.ടി.

ആഗോള കത്തോലിക്കാ സഭയില്‍ കരിസ്മാറ്റിക് നവീകരണം ആരംഭിച്ചതിന്‍റെ സുവര്‍ണ്ണജൂബിലി വര്‍ഷമാണ് 2017. പുതിയൊരു പന്തക്കുസ്താ അനുഭവത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള വി. ജോണ്‍ 23-ാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം സഭ ഹൃദയത്തില്‍ ഏറ്റെടുത്തപ്പോള്‍ കരിസ്മാറ്റിക് നവീകരണം എന്ന കൃപ സഭയ്ക്ക് സ്വന്തമായി.

കരിസ്മാറ്റിക് നവീകരണത്തിന് പ്രത്യേക ഒരു സ്ഥാപകനില്ല. ഇതൊരു പ്രസ്ഥാനമോ സംഘടനയോ അല്ല. മറിച്ച് ഇതൊരു നവീകരണമുന്നേറ്റമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത് കരിസ്മാറ്റിക് നവീകരണം പരിശുദ്ധാത്മാവ് സഭയ്ക്ക് നല്കിയ കൃപയുടെ പ്രവാഹമെന്നാണ്. ലോകത്തില്‍ 235 രാജ്യങ്ങളില്‍ ഈ കൃപയുടെ പ്രവാഹം ഇന്ന് അനുഗ്രഹമായി മാറിയിട്ടുണ്ട്. ബ്രസ്സല്‍സിലെ കാര്‍ഡിനല്‍ സ്യൂനന്‍സിന്‍റെ ഭാഗഭാഗിത്വവും നേതൃത്വവും മാര്‍ഗനിര്‍ദ്ദേശവും ആരംഭകാലങ്ങളില്‍ സഭാത്മ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവച്ചു.

കരിസ്മാറ്റിക് നവീകരണത്തിന്‍റെ ലക്ഷ്യം അടിസ്ഥാന ക്രിസ്തീയ ജീവിതനവീകരണമാണ്. ആത്മാവില്‍ നിറഞ്ഞ് അഭിഷേകത്തോടെ സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിക്കാന്‍ കരിസ്മാറ്റിക് നവീകരണം ഇന്ന് നമ്മെ പ്രാപ്തരാക്കുന്നു. 1967-ല്‍ ആഗോള സഭയില്‍ കരിസ്മാറ്റിക് നവീകരണം ആരംഭിച്ചു എങ്കിലും 1972-ല്‍ ബോംബെയില്‍ നടന്ന കരിസ്മാറ്റിക് ധ്യാനത്തോടെയാണ് ഭാരത സഭയ്ക്ക് ഈ കൃപ സ്വന്തമായത്. നാലു വര്‍ഷങ്ങള്‍ക്കുശേഷം 1976-ല്‍ കരിസ്മാറ്റിക് നവീകരണം കേരളത്തില്‍ വേരുപാകി. പിന്നീട് കെ.സി.ബി.സി.യുടെ കീഴില്‍ ഒരു കമ്മീഷനായിത്തീരുകയും ലത്തീന്‍, സീറോ-മലബാര്‍, സീറോ-മലങ്കര എന്നി മൂന്നു റീത്തുകളിലുമായി മൂവായിരത്തോളം ഇടവക പ്രാര്‍ത്ഥനാഗ്രൂ പ്പുകളും 150 സബ്സോണുകളും 24 സോണുകളും നൂറോളം ധ്യാനകേന്ദ്രങ്ങളും വിവിധ മാധ്യമശുശ്രൂഷകളും ജീവകാരുണ്യഭവനങ്ങളുമൊക്കെയായി കരിസ്മാറ്റിക് നവീകരണം ഈ കൊച്ചു കേരളത്തില്‍ സഭയുടെ വലിയൊരു സമ്പത്തായി വളര്‍ന്നിരിക്കുകയാണ്.

ഏതൊരു മുന്നേറ്റവും പോലെ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ തന്നെയാണ് നവീകരണം കേരളത്തില്‍ വളര്‍ന്നത്. പക്ഷെ കൊല്ലംരൂപതയുടെ മുന്‍മെത്രാന്‍ പുണ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ജറോം പിതാവിനെപ്പോലെയുള്ള പിതാക്കന്മാരും വൈദികരും സന്യസ്തരും നിരവധി അല്മായ സഹോദരങ്ങളും നവീകരണത്തെ ഹൃദയത്തില്‍ സ്വീകരിച്ച് സ്നേഹിച്ച് വളര്‍ത്തി.

ജൂബിലി ആഘോഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിനാളുകള്‍ കഴിഞ്ഞ മെയ് 30 മുതല്‍ ജൂണ്‍ നാലുവരെ വത്തിക്കാനില്‍ ഒരുമിച്ചു കൂടിയെന്നു പറഞ്ഞാല്‍ കരിസ്മാറ്റിക് നവീകരണത്തെ സഭ ഇന്ന് എത്രമാത്രം വിലമതിക്കുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ്. 1998-ലെ പന്തക്കുസ്താ പൊതുദര്‍ശനവേളയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. "സഭയിലും ലോകത്തിലും തങ്ങളുടെ ദൗത്യം പൂര്‍ണ്ണമായി മനസ്സിലാക്കി മാമ്മോദീസായിലൂടെ തങ്ങള്‍ക്ക് ലഭിച്ച അഭിഷേകവും ഉത്തരവാദിത്വവും അറിഞ്ഞ്, പക്വതയോടെ പെരുമാറുന്ന അല്മായ സമൂഹം ഇവിടെ വളര്‍ന്ന് പന്തലിക്കേണ്ടിയിരിക്കുന്നു."

സഭയിലാണ് നവീകരണം ആരംഭിച്ചതും വളര്‍ന്നതും ഇനിയും വളരേണ്ടതും. ഇതിനാല്‍ തന്നെ കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷന്‍ ഈ ജൂബിലി വര്‍ഷത്തില്‍ എടുത്തിരിക്കുന്ന ആപ്തവാക്യം 'ആത്മനിറവോടെ സഭയുടെ ഹൃദയത്തില്‍' എന്നാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ പി.ഒ.സി.യില്‍ നടന്ന കരിസ്മാറ്റിക് സുവര്‍ണ്ണ ജൂബിലി അസംബ്ലി പുറപ്പെടുവിച്ച സമാപനസംക്ഷിപ്ത കരടുരേഖ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുന്‍പും പിന്‍പുമായി സഭയിലുണ്ടായ ഏറ്റവും ജനകീയവും ഏറ്റവും തുറവുള്ളതുമായ ഈ നവീകരണ ശുശ്രൂഷ നിലനിര്‍ത്തിയും വളര്‍ത്തിയും പരിപോഷിപ്പിച്ചും ദൈവമക്കളുടെ വിശ്വാസജീവിതത്തേയും സഭാത്മകബന്ധത്തേയും ധാര്‍മ്മിക ഉത്തരവാദിത്വങ്ങളേയും ശക്തിപ്പെടുത്തുവാന്‍ സഭയുടെ ഹൃദയത്തില്‍ തന്നെയായിരുന്നുകൊണ്ട് സഭയുടെ അജപാലനദൗത്യത്തോട് ചേര്‍ന്നു നിന്ന് സഭയ്ക്കുവേണ്ടിതന്നെ പിതാവായ ദൈവത്തിന്‍റെ സ്നേഹത്തിലും, യേശുക്രിസ്തുവിന്‍റെ രക്ഷാകരമായ കര്‍തൃത്വത്തിലും പരിശുദ്ധാത്മാവിന്‍റെ നയിക്കലിലും ഞങ്ങളെത്തന്നെ ഒരിക്കല്‍ കൂടി സമര്‍പ്പിച്ചുകൊണ്ട് ശുശ്രൂഷ ചെയ്യുവാന്‍ പ്രതിബദ്ധതയുള്ളവരായി പ്രവര്‍ത്തിക്കുമെന്ന് ദൈവകൃപയില്‍ ഞങ്ങള്‍ ഉറപ്പു തരുന്നു.

ആഗസ്റ്റ് 12 മുതല്‍ 15 വരെ ഇരിങ്ങാലക്കുട അടുത്തുള്ള ആളൂരില്‍ നടക്കുന്ന ജൂബിലി ആഘോഷം പതിനായിരം കരിസ്മാറ്റിക് ലീഡേഴ്സ് പങ്കെടുക്കുന്ന അഖില ലോക മലയാളി കരിസ്മാറ്റിക് സംഗമമാണ്. നവീകരണത്തിന്‍റെ ആനന്ദം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പങ്കുവയ്ക്കുന്ന പതിനായിരക്കണക്കിന് മലയാളികളുടെ പ്രതിനിധികളായി പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന ജൂബിലി സംഗമം. ആത്മാവില്‍ കുറേക്കൂടി നിറയാന്‍, ആനന്ദത്തില്‍ കുറേക്കൂടി നിറയാന്‍, സഭയില്‍ ആയിരിക്കുന്നതില്‍ അഭിമാനിക്കാന്‍ അമ്പതാണ്ടുകളുടെ സമ്പന്നതയെ ഒരു കൂടക്കീഴില്‍ ഒരുമിച്ചുകൂട്ടാന്‍, അഭിഷേകത്തില്‍ ജ്വലിക്കാന്‍ കര്‍ത്താവൊരുക്കിയ പുണ്യദിനങ്ങള്‍.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം