മരണധ്യാനം ഭയത്തിലേക്കു നമ്മെ തള്ളിയിടാനല്ല, ജീവിതത്തെ കുറെക്കൂടി കുലീനമായി സ്വീകരിക്കാനാണ്. നല്ല മരണം (happy death) എന്നത് ഏതുവിധം നാം മരിക്കുന്നു എന്നതിലല്ല, എന്തൊരു ആത്മസ്ഥിതിയിൽ (state of one’s soul) നാം മരിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
വല്ലാത്ത ആന്തരിക വേദനയിലും ഭീതിയിലും ക്ഷോഭത്തിലും കടന്നുപോയ നാളുകളായിരുന്നു അത്. ഒരു റോഡപകടത്തിൽ അമ്മ ഞങ്ങളെ വിട്ടുപോയ നാളുകൾ. നന്നേ ചെറുപ്പത്തിൽ മാത്രമല്ല, വളരെ വൈകിയും ഒരാൾക്ക് അനാഥത്വം അനുഭവപ്പെടാം എന്നറിഞ്ഞത് അപ്പോഴാണ്. ഒരുതരം adult orphanhood. പുരോഹിതനെന്ന നിലയിൽ ചിലരെ മരണത്തിനൊരുക്കാനും മരണാനന്തരചടങ്ങു കൾക്ക് നേതൃത്വം വഹിക്കാനും പലപ്പോഴും അവസരമുണ്ടാ യിട്ടുണ്ട്. എന്നാൽ, ആകസ്മിക മായി കടന്നുപോയ അമ്മയുടെ മൃതശരീരത്തിനു മുമ്പിൽ മകനായി നിന്നപ്പോൾ, പുരോഹിതനെങ്കിലും, ഉമിത്തീയിലെന്നപോലെ ഉരുകി നിന്നതോർക്കുന്നു. ജീവിത ത്തിലെ ഒഴിവാക്കാനാകാത്ത മരണമെന്ന സത്യത്തെ അഭിമുഖീകരിക്കുക എളുപ്പമല്ലെന്ന് നെഞ്ചിൽ പതിഞ്ഞ നാളുകളായിരുന്നു അത്.
നീണ്ടയാത്രകളും നോമ്പുകാലധ്യാനങ്ങളും കഴിഞ്ഞ് ടെക്സസിലെ ഭവന ത്തിൽ തിരികെയെത്തിയത് രണ്ടുമാസം കഴിഞ്ഞാണ്. ഈസ്റ്ററിന്റെ രാത്രി. സുരക്ഷിത ഭവനങ്ങൾ പലതുണ്ടെങ്കിലും സ്വഭവനം പോലെ ആകില്ലല്ലോ. നല്ലയുറക്കത്തിനിടയിലാണ് കൂടെക്കൂടെ നാട്ടിൽനിന്നും ഫോൺ കോൾ. ‘അമ്മ യാത്ര ചെയ്ത ഓട്ടോയിൽ ഒരു ബസു വന്നു തട്ടി. അങ്കമാലി എൽ.എഫിലെ ഐ.സി.യു.വിലാണ്. നാട്ടിലേക്കു വരണം.’ അപ്രതീക്ഷിത വാർത്തയിൽ കാര്യമായൊന്നും പിടികിട്ടിയില്ല. ആ ദിവസങ്ങളിൽ കിട്ടിയ ആരുടെയോ ഒരു മരണ വാർഷികത്തിന്റെ മെമെന്റോ കൈയിൽ കരുതിയാണ് യാത്രതിരിച്ചത്. എന്തുകൊണ്ട് അതു കരുതി എന്നു ഇപ്പോഴും പിടിയില്ല. യാത്രയിലുടനീളം ആശുപത്രിയിൽ നിന്നും സിസ്റ്ററിന്റെ സന്ദേശം കേൾക്കാം, അമ്മയുടെ സ്ഥിതി വഷളാകുന്നതിനെക്കുറിച്ച് അറിയിച്ചുകൊണ്ട്.
നിങ്ങളുടെ പ്രിയർ തൊട്ടടുത്ത സമയം എന്നന്നേക്കുമായി കടന്നുപോകുമെന്നും നിങ്ങൾക്കെത്തിപ്പെടാൻ ആകുമോ എന്ന ആശങ്കയിലുമായിരിക്കുമ്പോൾ നിങ്ങളെന്തു ചെയ്യും? കോവിഡുകാലത്തെ ഓർക്കുന്നു.
ഇരുപതുമണിക്കൂർ വിമാന യാത്ര ഇരുനൂറു മണിക്കൂർ പോലെ അനുഭവപ്പെട്ടതോർ ക്കുന്നു. സ്ഥലത്തെത്തിയ പ്പോൾ, ആപാദചൂഢം തുന്നിക്കെട്ടി എന്നു തോന്നും വിധമുള്ള അമ്മയെക്കണ്ടപ്പോൾ വേദനയല്ല, ഒരു മരവിപ്പാണ് അനുഭവപ്പെട്ടത്. തുടർന്നുള്ള ഒരു മാസത്തോളം ചികിത്സ രാജഗിരിയിലായിരുന്നു. എല്ലാ ദിവസവും ഐ.സി.യു.വിൽ കയറി അമ്മയെക്കാണും. മകൻ അടുത്തുനിൽക്കുമ്പോൾ ഒരു നൂറു വർഷം കൂടി ജീവിക്കാ നുള്ള അമ്മയുടെ കൊതി ആ കണ്ണുകളിൽ എനിക്കു വായി ച്ചെടുക്കാനാകുമായിരുന്നു. ജീവിതം ക്ലേശകരമെങ്കിലും, ഈ ക്ലേശത്തിന്റെ പാനപാത്രം കുടിച്ചു കൊതിതീർന്നു മടങ്ങു ന്നവർ ചുരുക്കമല്ലേ.
രാജഗിരിയിലെ ചാപ്പലിൽ എല്ലാ ദിവസവും മൂന്നോ നാലോ മണിക്കൂർ ചിലവിടും. ഞാനവിടെ എന്തുചെയ്യുക യായിരുന്നു എന്നറിയില്ല. അവിടെയിരിക്കും. എന്തെങ്കിലും അഭൗമികമായ ദൈവാനു ഭവമോ, എന്തിനു ദൈവസാന്നിധ്യമോ പോലും ആ നാളുകളിൽ എനിക്കനുഭവപ്പെട്ടില്ല. വെറുതെ കാത്തിരിക്കുന്നു. ഐ.സി.യു.വിൽ നിന്നു പേഷ്യന്റിന്റെ കൂടെപ്പിറപ്പുകളെ തേടി പേരു വിളിക്കുമ്പോൾ നെഞ്ചിടിപ്പു കൂടും. അന്നാണറി ഞ്ഞത്, മരണത്തോടു മല്ലിടുന്ന ഒരാളുടെ മാത്രമല്ല, അവരുടെ പ്രിയരുടെ ജീവിതവും ആശുപത്രി വരാന്തകളും ഇത്രയും ഹൃദയഭേദകമാണെന്ന്. കണ്ടെത്തേണ്ട പണം, മക്കളുടെ പഠനം, വിദേശ ത്തേക്ക് മടങ്ങേണ്ടവർ, നടത്തേണ്ട തീരുമാനങ്ങൾ, ചികിത്സയുടെ ഭീകരത എന്നു തുടങ്ങി പലതും. ഒരാൾ മരിക്കുമ്പോൾ ആ വീട്ടിൽ അയാൾ മാത്രമല്ല, അനേകർ അവർക്കൊപ്പം വലിഞ്ഞു കീറപ്പെടുന്നുണ്ട്.
എത്രയെത്ര വാഹനാപകടങ്ങളുടെയും ആകസ്മിക വേർപാടുകളുടെയും കഥകൾ എളുപ്പം വായിച്ചു പേജു മറച്ചിരി ക്കുന്നു. മറ്റൊരാളുടെ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ നമുക്കു വെറും കഥകളല്ലേ, പങ്കുവയ്ക്കാൻ കൊള്ളാവുന്ന കഥകൾ. അതു സ്വന്തം ജീവിത ത്തിലാകുമ്പോൾ നീറ്റലും പൊള്ളലുമാണ്. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ, വേനൽ മഴയത്ത് കുടയില്ലാതെ അകപ്പെട്ടു പോകുന്ന ഒരു കുഞ്ഞിന്റെ വെപ്രാളം കണക്കേ. ദൈവം തുണയായി ഉണ്ടെന്നറിയുകയും പ്രസംഗിക്കുകയും ചെയ്യുന്നവൻ അങ്ങനെ ആകാൻ പാടില്ലാത്ത താണ്. എന്തു പറയാൻ. ജീവിതം മറച്ചു പിടിക്കാൻ ശ്രമിക്കുന്നതൊക്കെ മരണം മറനീക്കി പുറത്തുകൊണ്ടുവരും. ദൈവത്തിന്റെ നിശ്ശബ്ദത അവിടുത്തെ ഭാഷയെന്നു അറിയുമ്പോഴും, ആ നിശ്ശബ്ദത നെഞ്ചുകീറുന്നതാണെന്നറിയാൻ അത് അനുഭവിക്കുകതന്നെ വേണം.
ട്രെക്യോസ്റ്റമി ചെയ്തതു കൊണ്ട് അമ്മയുടെ ശബ്ദം പുറത്തുവരിക എളുപ്പമായി രുന്നില്ല. ഒന്നു സംസാരിച്ചിരു ന്നെങ്കിൽ എന്നു പ്രാർത്ഥിച്ച് പെങ്ങന്മാരും ഞാനും അടുത്തു നിൽക്കുമ്പോൾ ശേഷിക്കുന്ന ശ്വാസം ചേർത്തുപിടിച്ച് അമ്മ ചോദിച്ചു, “നിങ്ങളവന് ചോറു കൊടുത്തോ?” പെങ്ങന്മാരോ ടാണ്. ഇതായിരുന്നു അന്ത്യ വാക്ക്. ക്രിസ്തുവിന്റെ അന്ത്യമൊഴികൾ അധികരിച്ച് ധ്യാനപ്രഭാഷണം കഴിഞ്ഞു മടങ്ങിയെത്തിയ മകനായി അമ്മ കാത്തുവെച്ച അവസാന വാക്ക്, നിങ്ങളവനു ചോറു കൊടു ത്തോ! മക്കൾ എന്തെങ്കിലും കഴിച്ചോ എന്ന ആവലാതിയി ലാണ് അമ്മമാർ എന്നും, ജീവിതത്തിലും മരണത്തിലും. പിന്നെ അമ്മ മിണ്ടിയിട്ടില്ല, മിഴിപൂട്ടുംവരെ.
അടക്കം കഴിഞ്ഞപ്പോൾ ചില വൈദികർ പരസ്പരം അടക്കം പറക്കം പറയുന്നതു ഞാൻ ശ്രദ്ധിച്ചു: ‘വല്ലാത്ത മരണമായിപ്പോയി. അച്ചൻ എപ്പോഴും ദൈവത്തിന്റെ സ്നേഹത്തെയും കരുണയെയും കുറിച്ച് പറഞ്ഞുനടന്നിട്ട്, പുള്ളിക്ക് കിട്ടിയത് ഇതാണല്ലോ!’ ടെക്സസിൽ മടങ്ങിയെത്തിയപ്പോഴാണ് ഈ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിൽ വരുന്നത്. നാം തനിയെ ഇരിക്കുമ്പോഴാണല്ലോ ഓർമ്മ നമ്മെ നയിക്കാനും ഭരിക്കാനും തുടങ്ങുന്നത്. എന്റെ ജീവിതത്തിന്റെ വിരുന്നുമേശയിൽ ഇത്രയും കയ്പേറിയ വിഭവം ഉടയവൻ വിളമ്പിയതെന്തേ? ദിവസത്തിൽ രണ്ടു നേരമെങ്കിലും നന്മരണ ത്തിനായി പ്രാർത്ഥിച്ച ഒരമ്മ യുടെ ജീവിതം നടുറോഡിൽ തകരാനും ഐ.സി. യൂണിറ്റിൽ അണയാനും ഇടവരുത്തിയ തെന്തേ? ഈവിധമുള്ള ഒരു മകനടുത്ത ചോദ്യങ്ങൾ ഉള്ളിൽ ഉയരുമ്പോഴും പുരോഹിത നടുത്ത വിധത്തിൽ ആ ദിവസങ്ങളിലും കരുതുന്ന ദൈവത്തിന്റെ കരത്തെക്കു റിച്ചും പ്രസംഗിച്ചുപോന്നു.
ചങ്കുലയുന്ന നേരത്തും സദസ്സിനെ ചിരിപ്പിച്ചുകൊണ്ടിരി ക്കാനുള്ള വിധിയാണ് കോമാളിയുടേത്. കോമാളിക്ക് ദുഃഖിക്കാൻ അവകാശമില്ല. എന്താണ്ടിതുപോലെതന്നെ പുരോഹിതനും. അവനു പൊട്ടിക്കരയാൻ അവകാശമില്ല! ഒന്നും സംഭവിക്കാത്തതു പോലെ നടക്കാനും എഴുതാനും സംസാരിക്കാനും ശ്രമിച്ചു. കാര്യം അത്ര എളുപ്പമല്ലെന്നു മനസ്സിലായി. കരയേണ്ടവ കരഞ്ഞുതീർക്കണം. കരയാന ല്ലെങ്കിൽ പിന്നെ കണ്ണീരിന്റെ ചാലുകൾ എന്തിനാണവൻ നമുക്കു തന്നിരിക്കുന്നത്. ഉയിരു നൽകാൻ കഴിവുള്ള ക്രിസ്തുതന്നെ സ്നേഹിതനായ ലാസറിന്റെ മരണത്തിൽ നെടുവീർപ്പിട്ട് ആ കുഴിമാട ത്തിൽ നിന്നുകൊണ്ട് വാവിട്ടു കരഞ്ഞത് ഓർക്കുന്നില്ലേ. മരണത്തെ അഭിമുഖീകരിക്കുക എളുപ്പമല്ല. അതിൽനിന്നു കുതറിമാറാനുമാകില്ല.
“എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും വിശ്വസിക്കു കയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല” (യോഹ 11:26). രണ്ടു കാര്യങ്ങളാണ് അന്ന് ഈശോ പറഞ്ഞത്: ഒന്ന്, വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. വിശ്വസിക്കുന്നവന്റെ ഉറപ്പാണിത്. രണ്ട്, അവർ ഒരിക്കലും മരിക്കുകയില്ല. വിശ്വാസിക്കുള്ള രക്ഷകന്റെ ഉറപ്പാണിത്.
മരിച്ചവരൊക്കെ ജീവിച്ചിരുന്നപ്പോൾ എന്നതിനെക്കാൾ ചൈതന്യ വത്തായി ഇന്നും നമുക്കിടയിൽ ജീവിക്കുന്നു എന്നറിയുക. അവരെ പ്രത്യേകമാംവിധം ഓർക്കുകയാണ്, നവംബർ മാസത്തിൽ. മരണധ്യാനം ഭയത്തിലേക്കു നമ്മെ തള്ളിയിടാനല്ല, ജീവിതത്തെ കുറെക്കൂടി കുലീനമായി സ്വീകരിക്കാനാണ്. നല്ല മരണം (happy death) എന്നത് ഏതു വിധം നാം മരിക്കുന്നു എന്നതിലല്ല, എന്തൊരു ആത്മസ്ഥിതിയിൽ (state of one’s soul) നാം മരിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. A happy death is not defined merely by the manner of dying, but by the state of one’s soul. ആർക്കായി ഒരു മനുഷ്യായുസ്സു സമർപ്പിച്ചുവോ, ഏതൊരു പരാശക്തിയുടെ അൾത്താരയിൽ നിരന്തരം ബലിയർപ്പിച്ചുവോ, ഏതൊരു ക്രൂശിത രൂപത്തെ നിരന്തരം താണു വണങ്ങിയോ, ആ രൂപം തന്നെ പ്രഹരമെന്നു തോന്നുംവിധം തലയ്ക്കു പതിച്ച് ഒരു പുരോഹിതന്റെ ജീവിതം പൊലിഞ്ഞു തീരുമ്പോഴും, ഓർക്കുക. അതും നല്ല മരണം തന്നെയാണ്, അയാളുടെ ആത്മസ്ഥിതി പരിശുദ്ധമെങ്കിൽ. അതേസമയം നല്ല ശീതീകരിച്ച മുറിയിൽ എല്ലാ മക്കളും ഉണ്ടായിരിക്കേ ആരോടും പൊറുക്കാനാകാത്ത ആത്മസ്ഥിതിയിലാണ് ഒരാൾ മടക്കയാത്ര നടത്തുന്നതെങ്കിൽ, ഹാ, കഷ്ടം. അതാണ്, ഭയാനക മരണം. ദുർമരണം (bad death). നല്ല മരണത്തിനു സമയമില്ല, ദുർമരണത്തിനും അങ്ങനെതന്നെ. പിന്നെ, എന്തിനാണീ മനുഷ്യരൊക്കെ കാറ്റും കോളും അപകടമരണങ്ങളും ഒഴിവാക്കാൻ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത്? ലളിതമാണ് ഉത്തരം. മടക്കയാത്രയിൽ ഒരുക്കം നടത്താൻ കഴിയാതെ വരും, ആകസ്മികമായ മരണങ്ങളിൽ എന്നറിയാവുന്നതുകൊണ്ടു തന്നെ. എല്ലാം ദൈവത്തിനു കൊടുത്ത ഒരാത്മാവിന് മടക്കയാത്രയിലെ വാഹനം പ്രധാനപ്പെട്ടതല്ല, ലക്ഷ്യമാണ് പ്രധാനം.
രണ്ടാമതായി, ഇനിയും സ്നേഹിക്കാനും സ്നേഹം പ്രകടിപ്പിക്കാനും കാത്തിരിക്കരുത്. ടെക്സസിലെ രാവിലത്തെ പത്തുമണിയാണ് നാട്ടിലെ വൈകുന്നേരത്തെ എട്ടരമണി സമയം. മിക്കവാറും ദിവസങ്ങളിൽ അമ്മയുടെ ഫോൺ കോൾ വരുമ്പോൾ ഞാൻ കുർബാന കഴിഞ്ഞു കാപ്പികുടിക്കുകയായിരിക്കും. അമ്മമാർക്ക് മിക്കവാറും പറയാനുള്ള വിശേഷങ്ങൾ ഒന്നുതന്നെയാണ്. കുഞ്ഞുമക്കളുടെ മൊബൈൽ നോട്ടം, ബഹളം, പള്ളിയിൽ പോകാനുള്ള മടി, എന്നിങ്ങനെയുള്ള കുറെ പരിഭവങ്ങളും കുറെ വിശേഷങ്ങളും. കാപ്പി ഉണ്ടാക്കുന്ന തിരക്കിൽ കുറച്ചു കേൾക്കും, കുറെയൊക്കെ മൂളി സമ്മതിക്കും. അന്നാ ശരി, പിന്നെ കേൾക്കാം എന്നു പലവട്ടം പറയും. അതു മാത്രം അമ്മ കേൾക്കില്ല. ആൾ കടന്നുപോയിക്കഴിഞ്ഞപ്പോൾ എത്രയോ ദിവസങ്ങളിൽ എട്ടരമണിയുടെ കോളിനായി കൊതിച്ചുവെന്നോ. ചില കോളുകൾ നിലയ്ക്കുമ്പോഴേ അതിന്റെ മൂല്യം നാമറിയൂ. കാര്യമിതാണ്: സ്നേഹിക്കാൻ മരണത്തോളം കാത്തുനിൽക്കരുത്. ഇന്നീ കുറിപ്പ് വായിക്കുന്നത് ആരെന്നെനിക്ക് പിടിയില്ല. ചിലത്, ഉറപ്പു വരുത്തുക, അമ്മയെ ചുംബിക്കാൻ വൈകരുത്. അപ്പന്റെ കരം ചേർത്തുപിടിക്കാൻ ഐ.സി.യു. യൂണിറ്റോളം കാത്തുനിൽക്കരുത്. മാതാപിതാക്കൾ കൊണ്ട വെയിലാണ് മക്കൾ അനുഭവിക്കുന്ന തണലെന്ന് അറിയാത്തവർ ആരാണുള്ളത്. പിതാവിനെ ആദരിക്കുന്നവൻ പാപപരിഹാരം നടത്തുന്നുവെന്നും അമ്മയെ ചേർത്തു പിടിക്കുന്നവൻ നിക്ഷേപം കരുതുന്നവനെന്നും പ്രഭാഷകൻ (3:3-4) പറയും. അമ്മ മരിച്ചതിന്റെ പിറ്റേന്നാണ് മക്കൾ തീപ്പെട്ടിക്കായി പരതിയതെന്നു ഒരു കുടുംബത്തെക്കുറിച്ചു പറഞ്ഞത് ഓർക്കുന്നു. അന്നേവരെ, മക്കൾക്കറിയില്ല, തീപ്പെട്ടി എവിടെയാണ് എന്ന്. അത് അന്വേഷിക്കേണ്ടി വന്നിട്ടില്ല. കാരണം, അവൾ എല്ലാം നോക്കുമായിരുന്നു. കുടുംബത്തിലെ വിളക്കുകൾ അണയും മുമ്പേ അതു തെളിച്ചവരോടു ചോദിക്കൂ, ആ എണ്ണയും തിരിയും എവിടെയാണമ്മേ എന്ന്.
മൂന്നാമതായി, മരണം നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്, പക്ഷേ, നാം പഠിക്കു ന്നില്ല, പ്രിയരുടെ മരണത്തിൽനിന്നു പോലും. ആറടി മണ്ണിന്റെ കഥ പറഞ്ഞു കൊണ്ടേയിരിക്കും, പതഞ്ഞും കിതച്ചും നാം വീഴുംവരെ. സുഹൃത്തു മരിച്ചു സംസ്കാരത്തിനായി വയനാട്ടിൽ എത്തിയ ഒരാൾ. അയാളവിടെ എത്താൻ വൈകി. ശരീരം ചിതയിൽ വച്ചു കഴിഞ്ഞു. കോട മഞ്ഞിന്റെ തണുപ്പ്. ബന്ധുക്കൾ ചിതയ്ക്കരി കെയിരുന്നു തീ കായുന്നു. അയാൾക്ക് വല്ലാത്ത ദേഷ്യം തോന്നി. ഇങ്ങനെ യുണ്ടോ മനുഷ്യർ! രാത്രി വൈകി, തണുപ്പു കടുത്തു. പിന്നെ അയാളും അവരോടു ചേർന്നു തീ കാഞ്ഞു. ചിതയ്ക്കരികെ ഇരുന്ന് തണുപ്പിനെക്കുറിച്ചോർത്ത് വ്യാകുല പ്പെടുകയാണ് നമ്മൾ! മരണത്തിൽനിന്നും പഠിക്കാൻ കഴിയുമ്പോഴേ ജീവിതത്തിന്റെ നിരുന്മേഷതകളെ മറികടക്കാനും നിത്യമായവയെ തേടാനുമാകൂ. തമ്പുരാന്റെ അമ്മേ, മരണനേരത്തും ഞങ്ങൾക്കു കൂട്ടായിരിക്കണമേ.
മരുഭൂമിയിലെ പിതാക്കളെയും മാതാക്കളെയും വായിച്ചപ്പോൾ ഒരു കാര്യം അവർ എല്ലാവരും പറഞ്ഞു തന്നു: “If you know how to die before you die, you will not die when you die.” മരിക്കുംമുമ്പേ എങ്ങനെ മരിക്കണമെന്നു നിങ്ങൾക്ക് അറിയാമെങ്കിൽ, മരിക്കുമ്പോൾ നിങ്ങൾ മരിക്കില്ല.