ധന്യൻ ജോസഫ് പഞ്ഞിക്കാരനച്ചൻ: ആത്മീയതയുടെ സൗരഭ്യമായി

venerable fr Joseph Panjikaran: A Fragrance of Spirituality
Published on: 
കുടിൽവ്യവസായങ്ങൾ, ബോട്ട് സർവീസുകൾ, സത്യവേദാശ്രമം, മലബാർ മെയിൽ, സത്യദീപം വാരിക, മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് എന്ന സന്യാസിനീസമൂഹം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഉള്ളിൽ ജ്വലിച്ചിരുന്ന ദൈവിക തീക്ഷ്ണതയുടെ അടയാളങ്ങളായിരുന്നു.

ദൈവസ്നേഹം മനുഷ്യസ്നേഹ മായി പൂത്തുലയുമ്പോഴാണ് ആത്മീയത ജീവിതത്തിന്റെ സൗരഭ്യ മായി മാറുന്നത്. പ്രാർത്ഥനയുടെ നിശ്ശബ്ദതയിൽ ദൈവത്തെ കണ്ടെത്തുകയും സഹജീവികളുടെ കണ്ണീരിൽ അവിടുത്തെ മുഖം ദർശിക്കുകയും ചെയ്ത ജീവിതങ്ങളാണ് വിശുദ്ധിയുടെ യഥാർഥ അർത്ഥം ലോകത്തിനു വെളിപ്പെടുത്തുന്നത്. അത്തരമൊരു ആത്മീയസൗരഭ്യം സ്വന്തം ജീവിത ത്തിലൂടെ പകർന്നുനൽകിയ ധന്യനാണ് ജോസഫ് പഞ്ഞിക്കാരനച്ചൻ.

2025 ഡിസംബർ 18-ന് തിരുസഭ ധന്യപദവിയി ലേക്ക് ഉയർത്തിയ അദ്ദേഹത്തിന്റെ ജീവിതം, വിശ്വാസത്തിൽ വേരൂന്നി പ്രാർത്ഥനയിലൂടെ വളർന്ന് ത്യാഗത്തിലും സ്നേഹത്തിലും ഫലം ചൂടിയ ആത്മീയവൃക്ഷത്തിനു തുല്യമാണ്. 1888 സെപ്തംബർ 10 ന് ചേർത്തല, ഉഴുവയിൽ ജനിച്ച അദ്ദേഹത്തിന് കുടുംബത്തിൽനിന്നു പകർന്നു കിട്ടിയ വിശ്വാസപൈതൃകം ആത്മീയവളർച്ചയ്ക്ക് അടിത്തറയായി. ദൈവസ്നേഹവും ക്രൈസ്തവമൂല്യ ങ്ങളും ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ച ആ ബാലന്റെ ഹൃദയത്തിൽ, കാലക്രമേണ ആഴമേറിയ ദൈവസമർപ്പണത്തിന്റെ വിത്തുകൾ മുളച്ചുവളർന്നു. 1918-ൽ എറണാകുളം-അങ്കമാലി അതിരൂപത വൈദികനായി പൗരോഹിത്യാഭിഷേകം സ്വീകരിച്ച അദ്ദേഹം, പൗരോഹിത്യത്തെ ഒരു ഔദ്യോഗിക പദവിയായല്ല, ദൈവ ത്തിനും മനുഷ്യർക്കും വേണ്ടിയുള്ള സമ്പൂർണ സമർപ്പണമായാണ് കണ്ടത്.

ക്രൂശിതരൂപത്തിനു മുന്നിൽ മണിക്കൂറുകളോളം മുട്ടുകുത്തി ഈശോയുടെ പീഡാനുഭവങ്ങൾ ധ്യാനിച്ചിരുന്ന ബാലൻ, വളർന്ന പ്പോൾ പ്രാർത്ഥനയെ ജീവിതത്തിന്റെ ശ്വാസമാക്കി. ബൈബിൾ വായനയും ആത്മീയഗ്രന്ഥപാരായ ണവും അദ്ദേഹത്തിന്റെ അനുദിന ജീവിതത്തിന്റെ അവിഭാജ്യഘടക ങ്ങളായിരുന്നു. ഈശോയുടെ തിരുഹൃദയത്തോടും പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പിതാ വിനോടും കാവൽമാലാഖയോടു മുള്ള ഭക്തി അദ്ദേഹത്തിന്റെ ആന്തരികജീവിതത്തെ സമ്പന്ന മാക്കി. അമലോൽഭവ മാതാവിന് ജീവിതം സമർപ്പിച്ച അദ്ദേഹം, വിശുദ്ധ യൗസേപ്പിതാവിന്റെ നിശ്ശബ്ദ സേവനവും എളിമയും ദൈവഹിത ത്തോടുള്ള വിധേയത്വവും തന്റെ ജീവിതത്തിലും പകർത്തി.

ആത്മശോധന, ആത്മാർഥമായ കുമ്പസാരം, വാർഷികധ്യാനം, ധ്യാനപ്രതിജ്ഞകളുടെ വിശ്വസ്തമായ പാലനം എന്നിവയിലൂടെ സ്വന്തം ജീവിതത്തെ നിരന്തരം നവീകരി ക്കാൻ അദ്ദേഹം പരിശ്രമിച്ചു. ഭക്ഷണത്തിലും ഉറക്കത്തിലും ആത്മസംയമനം പാലിച്ചും ഇഷ്ട പ്പെട്ട പലതും ത്യജിച്ചും നോമ്പും ഉപവാസവും അനുഷ്ഠിച്ചും ആത്മീയ വളർച്ചയ്ക്കായി സ്വയം സമർപ്പിച്ചു. തിരുസഭാധികാരികളോടുള്ള അനുസരണവും ദൈവഹിതത്തോ ടുള്ള വിശ്വസ്തതയും അദ്ദേഹത്തിന്റെ ജീവിതത്തെ കൂടുതൽ അർഥവത്താക്കി.

ഒരാളെ ധന്യപദവിയിലേക്ക് ഉയർത്തു മ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവികപുണ്യങ്ങളും വിവേകം, നീതി, ധൈര്യം, ആത്മസംയമനം എന്നീ മാനുഷികപുണ്യങ്ങളും വീരോചിതമായ രീതിയിൽ ജീവിതത്തിൽ അഭ്യസിച്ചുവെന്ന താണ് തിരുസഭ അംഗീകരിക്കുന്നത്. ധന്യൻ ജോസഫ് പഞ്ഞിക്കാരനച്ചന്റെ ജീവിതം ഈ പുണ്യങ്ങളുടെ സാക്ഷ്യമായി നില കൊള്ളുന്നു. ദൈവകൃപയോട് വിശ്വസ്തത യോടെ സഹകരിക്കുന്ന ഹൃദയത്തിൽ വിശുദ്ധി അനുദിനം വിടരുമെന്ന സത്യമാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്.

അറിവും സാങ്കേതികവിദ്യയും വളരുമ്പോഴും ഏകാന്തതയും നിസ്സംഗതയും മനുഷ്യഹൃദയങ്ങളെ വരിഞ്ഞുമുറുക്കുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ആത്മീയസന്ദേശത്തിന് ഏറെ പ്രസക്തി യുണ്ട്. പ്രാർത്ഥിക്കുന്ന ഹൃദയം കരുണയുള്ള കൈകളായി മാറണം; ദൈവത്തെ സ്നേഹിക്കുന്നവർ സഹജീവികളെയും സ്നേഹിക്കണം. സാമൂഹ്യക്ഷേമ പ്രവർത്തന ങ്ങളിലൂടെയും മാധ്യമപ്രവർത്തനങ്ങളിലൂടെയും ക്രിസ്തുവിന് സാക്ഷ്യം വഹിച്ച അദ്ദേഹത്തിന്റെ കുടിൽവ്യവസായങ്ങൾ, ബോട്ട് സർവീസുകൾ, സത്യവേദാശ്രമം, മലബാർ മെയിൽ, സത്യദീപം വാരിക എന്നിവയെല്ലാം ഉള്ളിൽ ജ്വലിച്ചിരുന്ന ദൈവിക തീക്ഷ്ണതയുടെ മികവുറ്റ ബഹിർസ്ഫുരണങ്ങളായിരുന്നു.

അനുഗ്രഹീത വാഗ്മി എന്ന നിലയിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ അദ്ദേഹം നടത്തിയ വിലയേറിയ പ്രഭാഷണ ങ്ങൾ ഇന്നും ആഗോളസഭയ്ക്ക് മുതൽക്കൂ ട്ടാണ്. ഡബ്ലിനിലെ ദിവ്യകാരുണ്യ കോൺഗ്രസിലും കറാച്ചിയിലും മദ്രാസിലും (മറിയം നമ്മുടെ അമ്മ) നടത്തിയ പ്രഭാഷണങ്ങൾ ശ്രോതാ ക്കളുടെ മുക്തകണ്ഠമായ പ്രശംസ നേടിയവയിൽ ചിലതു മാത്രം.

കാലഘട്ടത്തിന്റെ ചുവരുകൾ ക്കപ്പുറത്തേക്ക് ദർശനം നീട്ടിയ, പതിതരോടും പാർശ്വവത്കരിക്ക പ്പെട്ടവരോടും അഗാധമായ കരുണ യോടെ ഹൃദയം തുറന്ന, പിന്നാക്കം നിൽക്കുന്നവരിലേക്കും സമൂഹ ത്തിന്റെ അരികുകളിലേക്കും സ്നേഹത്തിന്റെ സുവിശേഷവുമായി കടന്നുചെന്ന മഹത്തായ ജീവിതം. പ്രാദേശിക അതിരുകൾ ഭേദിച്ച് ആഗോളതലത്തിൽ സ്വാധീനം ചെലുത്തിയ ആ ജീവിതം മനുഷ്യ സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും നിസ്വാർഥ സേവനത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായിരുന്നു.

സുവിശേഷം കേവലം പ്രസംഗിക്കുകയല്ല, ജീവിതംകൊണ്ട് പകർന്നുനൽകുകയായിരുന്നു ധന്യൻ ജോസഫ് പഞ്ഞിക്കാരൻ. പ്രാർത്ഥനയെ പ്രവർത്തനമാക്കി, വിശ്വാസത്തെ സേവനമാക്കി, കരുണയെ ജീവിതദൗത്യമാക്കി, പ്രേഷിതതീക്ഷ്ണതയെ തന്റെ ഓരോ ചുവടിലും ജ്വലിപ്പിച്ച അദ്ദേഹം, ക്രിസ്തുവിന്റെ സ്നേഹം മനുഷ്യഹൃദയങ്ങളിലേക്ക് പകർന്നുനൽകിയ ധന്യനായ മിഷനറിയായിരുന്നു. ദരിദ്രരിൽ ദരിദ്രരായ രോഗികൾക്ക് അദ്ദേഹം കാരുണ്യ പൂർവ്വം എളിയ ശുശ്രൂഷചെയ്‌തു തുടങ്ങിയപ്പോൾ അത് കേരള മണ്ണിൽ സമഗ്രവിമോചനത്തിന്റെ സദ്വാർത്തയായി; സ്നേഹ സംസ്ക്കാരത്തിന്റെ ശംഖൊലിയായി; ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്‌തു കൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്‌തുതന്നത്’ എന്ന തിരുവചനത്തിന്റെ മാംസം ധരിക്കലായി! 1929-ൽ അച്ചൻ ഒരു രോഗി ശുശ്രൂഷാകേന്ദ്രം നിർമ്മിക്കുവാനായി കോതമംഗലത്ത് സ്ഥലം വാങ്ങുകയും അതിന് ചാരിറ്റി മൗണ്ട് അഥവാ ധർമഗിരി എന്ന് പേരിടുകയും ചെയ്തു. 1934-ൽ ധർമഗിരി ആശുപത്രിയും 1946-ൽ കരുണാമസൃണമായ രോഗീശുശ്രൂഷയ്ക്കായി “മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് എന്ന സന്യാസിനീസമൂഹവും അദ്ദേഹം സ്ഥാപിച്ചു. ധന്യൻ ജോസഫ് പഞ്ഞിക്കാരന്റെ അന്തരാത്മാവിൽ ക്രിസ്തുവിന്റെ ദാഹം കരുണയുടെ ഉൾക്കാഴ്ചയായി വിരിഞ്ഞു; രോഗികളിൽ ക്രിസ്തുവിന്റെ തിരുമുഖം ദർശിച്ച ആ ആത്മീയാനുഭവം ധർമഗിരിയെന്ന പ്രേഷിതദൗത്യമായി ചരിത്രത്തിൽ മാംസം ധരിച്ചു. 1949 നവംബർ 4-ന് അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കു ന്നത് കോതമംഗലം രൂപതയിലെ ധർമ്മഗിരിയിലാണ്. 2025 ഡിസംബർ 18-ന് അദ്ദേഹത്തെ സഭ ധന്യൻ എന്ന് വിളിച്ചു.

പ്രാർത്ഥനയിൽ വേരൂന്നി, കരുണയിൽ വളർന്ന്, സേവനത്തിൽ ഫലം ചൂടുന്ന ജീവിതം! ധന്യൻ ജോസഫ് പഞ്ഞിക്കാരനച്ചൻ നമുക്കു പകർന്നുനൽകുന്ന കാലാതീതമായ സന്ദേശമാണിത്.