
സ്‌പെയിനില്‍ സെഗോവിയയാണ് അല്‍ഫോന്‍സിന്റെ ജന്മസ്ഥലം. 1532 ജൂലൈ 25 ന് ജനിച്ച അദ്ദേഹം കമ്പിളി വസ്ത്രങ്ങള്‍ വിറ്റാണ് ജീവിച്ചിരുന്നത്. ഭാര്യയുടെയും മക്കളുടെയും അവിചാരിതമായ മരണത്തോടെ പ്രാര്‍ത്ഥനയില്‍ അഭയം തേടിയ അദ്ദേഹം ഉപവാസവും പ്രായശ്ചിത്തപ്രവൃത്തികളും ചെയ്തുകൊണ്ടിരുന്നു.
അങ്ങനെ മുപ്പത്തൊമ്പതാമത്തെ ഈശോസഭയിലെ ഒരു അത്മായ സഹോദരനായി മജോര്‍ക്കാദ്വീപില്‍ ജീവിതം ആരംഭിച്ചു. അവിടെ മൗണ്ട് സിയോന്‍ കോളേജിന്റെയും സെമിനാരിയുടെയും 'ഗെയിറ്റ് കീപ്പര്‍' ആയിരുന്നു അദ്ദേഹം. സുദീര്‍ഘമായ നാല്പത്താറുവര്‍ഷം ആ ജോലിയില്‍ തുടര്‍ന്നു.
ആവശ്യത്തിന് വിദ്യാഭ്യാസം ചെയ്യാന്‍ സാധിക്കാതെ പോയ അല്‍ഫോന്‍സ് തന്റെ ഹൃദ്യമായ ഇടപെടലിലൂടെ, ഈശോസഭാ വൈദികരുടെ പക്കല്‍ ഉപദേശത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും മറ്റും വേണ്ടി വരുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിനു സ്വാഭാവികമായി ലഭിച്ച അറിവും പ്രായോഗിക ബുദ്ധിയും തേടി ആളുകള്‍ അദ്ദേഹത്തെ സമീപിക്കാന്‍ തുടങ്ങി. മാതാവിനോടുണ്ടായിരുന്ന ശിശുസഹജമായ ഭക്തിവളര്‍ന്ന്, പരിശുദ്ധ കന്യകയെപ്പറ്റി ഒരു ഒപ്പീസു തന്നെ രചിച്ച്, പകര്‍ത്തി സന്ദര്‍ശകര്‍ക്കു നല്‍കിക്കൊണ്ടിരുന്നു.
ഗെയിറ്റിങ്കല്‍ ഓരോ പ്രാവശ്യം മണിമുഴങ്ങുമ്പോഴും അല്‍ഫോന്‍സ് വിചാരിക്കും, ക്രിസ്തുവാണ് പ്രവേശനം കാത്ത് വാതില്‍ക്കല്‍ എത്തിയി രിക്കുന്നതെന്ന്. "ഞാനിതാ വരുന്നു, കര്‍ത്താവേ" എന്നു പറഞ്ഞുകൊണ്ടാണ് ആഹ്ലാദത്തോടെ വാതില്‍ തുറക്കാന്‍ ചെല്ലുന്നത്. അദ്ദേഹത്തിന്റെ വിനയവും വിശുദ്ധിയും അവിടത്തെ വൈദികരെല്ലാം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട്, ഭക്ഷണസമയത്ത് ഒരു ലഘു പ്രസംഗം നടത്താന്‍ അവര്‍ അദ്ദേഹത്തോട് കൂടെക്കൂടെ ആവശ്യപ്പെട്ടിരുന്നു. അതദ്ദേഹം വളരെ ഹൃദ്യമായി, നിഷ്‌കളങ്കമായി നിര്‍വഹിച്ചിരുന്നു. ഒരിക്കല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ അവിടെ സന്ദര്‍ശനത്തിനു വന്നപ്പോള്‍ ബ്രദര്‍ അല്‍ഫോന്‍ സിനോട് ഗ്രീക്കില്‍ ഒരു പ്രസംഗം നടത്താന്‍ കൗതുകത്തിനുവേണ്ടി ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ലാറ്റിന്‍ അല്പമൊക്കെ അറിയാമായിരുന്നെങ്കിലും ഗ്രീക്ക് ഒട്ടും വശമില്ലായിരുന്നു. എങ്കിലും പ്രസംഗപീഠത്തില്‍ കയറി നിന്ന് സ്ഫുടമായി "കിറിയേലൈസോന്‍" എന്ന പ്രാര്‍ത്ഥന ആവര്‍ത്തിച്ചു ചൊല്ലി.
ഏതായാലും അനേകം പേര്‍ ആ വൃദ്ധന്റെ അനുഭവജ്ഞാനം തേടി എത്തിയിരുന്നു. വി. പീറ്റര്‍ ക്ലാവര്‍പോലും അല്‍ഫോന്‍സിന്റെ ഉപദേശം തേടിയിരുന്നു. അവസാന നാളുകളില്‍ രോഗങ്ങള്‍ മൂലം കഷ്ടപ്പെട്ട അദ്ദേഹം 1617 ഒക്‌ടോബര്‍ 31 ന് മരണമടഞ്ഞു. അദ്ദേഹത്തിന്റെ ആദ്ധ്യാത്മികമായ കുറിപ്പുകള്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. "ക്രിസ്തീയ പരിപൂര്‍ണ്ണത" എന്ന ഗ്രന്ഥം പ്രസിദ്ധമാണ്.
1825 ജൂണ്‍ 12 ന് പോപ്പ് ലിയോ XII അല്‍ഫോന്‍സിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1888 ജനുവരി 15 ന് പോപ്പ് ലിയോ XIII പീറ്റര്‍ ക്ലാവര്‍ക്കൊപ്പം അല്‍ഫോന്‍സസ് റൊഡ്രിഗ്‌സിനെയും വിശുദ്ധ പദവിയിലേക്കുയര്‍ത്തി.