Coverstory

മോസ്കോയിൽ മഴപെയ്യുമ്പോൾ പോളണ്ടിൽ കുട ചൂടുന്നവർ!

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
“കണ്ണീരിനെക്കുറിച്ചുള്ള ധ്യാനമാണ് പൊതുപ്രവർത്തനം”
- വൈലോപ്പിള്ളി ശ്രീധരമേനോൻ

“പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്” എന്ന വിലക്കിന്റെ കാലം കഴിഞ്ഞതുകൊണ്ട് (ജനം കഥ കഴിച്ചതുകൊണ്ട്) ഒരു പോളിഷ് കഥ പറഞ്ഞു തുടങ്ങാം. പോളണ്ട്, ചെക്കോസ്ലോവാക്യ പോലുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ കഴിഞ്ഞ കാലത്താണ് ഈ സാങ്കൽപ്പിക കഥ നടക്കുന്നത്. പോളണ്ടിലെ ക്രാക്കോ നഗരത്തിൽ മഴയില്ലാത്ത സമയത്ത് ഒരു പാർട്ടി അനുഭാവി കുട ചൂടി നടക്കുകയാണ്. വെയിലും തീരെയില്ല. “ഇവിടെ മഴയില്ലാതിരു ന്നിട്ടും നിങ്ങൾ എന്തിനാണ് കുട ചൂടുന്നതെന്ന്” ചോദിച്ചയാളോട് പാർട്ടി അനുഭാവി പറഞ്ഞു: “It is Raining in Mosco - മോസ്കോയിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ട്.”

കമ്മ്യൂണിസ്റ്റ് മോസ്കോയിൽ മഴ പെയ്യുമ്പോൾ പോളണ്ടിൽ കുട നിവർത്തുന്ന അനുഭാവികളെ സൃഷ്ടിക്കുന്ന പാർട്ടി ലോകത്തിന്റെ പല ഭാഗങ്ങളിലും ഇല്ലാതായിട്ടും കേരളത്തിൽ നിലനിന്നു പോന്നത് ഒരു പക്ഷേ, കേരളത്തിലെ അതിന്റെ ആദ്യകാല നേതാക്കളുടെ സമർപ്പണ ജീവിതം കൊണ്ടും അടിസ്ഥാന വർഗത്തിനുവേണ്ടി അവർ ചെയ്ത സാമൂഹ്യ നീതിയുടെ വിളംബരങ്ങൾ കൊണ്ടുമാണ്. (ഇന്നും ഈ ഭൂതകാല കുളിരിന്റെ പലിശകൊണ്ട് ജീവിക്കുന്ന അനേകം നേതാക്കളുണ്ട്.) എന്നാൽ പാലോറ മാതയുടെ ആട് മൂലധനമായി തുടങ്ങിയ ദേശാഭിമാനി പത്രത്തിൽ ലോട്ടറി മാഫിയ തലവൻ സാന്റിയാഗോ മാർട്ടിന്റെ പരസ്യങ്ങൾ വന്നപ്പോഴും പുന്നപ്ര-വയലാറിലെ ബലികുടീരങ്ങളെ അപ്രസക്തമാക്കുന്ന മൂലധന നിക്ഷേപങ്ങളുടെ പടുകൂറ്റൻ എ കെ ജി സെന്ററുകൾ ഉയരുമ്പോഴും പാർട്ടി മറന്നു പോയത് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരുന്ന ഇ എം എസ് പാർട്ടി അണികൾക്കും നേതാക്കൾക്കും നൽകിയ ഉപദേശമാണ്. അതിങ്ങനെയാണ്: “പഴയ ചെമ്പ് പാത്രങ്ങൾ ഇടയ്ക്കിടെ ചാരവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുന്നതുപോലെ ഇടയ്ക്കിടെ പാർട്ടിയെയും വൃത്തിയാക്കി വയ്ക്കണം. അല്ലെങ്കിൽ പാർട്ടിക്കും ക്ലാവ് പിടിക്കും.”

പയ്യന്നൂരിൽ നിന്നു പാർട്ടിവിട്ടു പുറത്തുവന്ന വി. കുഞ്ഞി കൃഷ്ണന്റെ പുസ്തകത്തിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ പാർട്ടിയെ അണികൾ തിരുത്തിയില്ലെങ്കിൽ ഈ ഏകാധിപത്യ പ്രവണതകൾ ഇനിയും തുടരും.
  • പാർട്ടിക്ക് കേരളത്തിൽ ക്ലാവ് പിടിച്ചതെങ്ങനെയാണ്?

“കണ്ണീരിനെക്കുറിച്ചുള്ള ധ്യാനമാണ് പൊതുപ്രവർത്തനം” എന്ന് പറഞ്ഞത് മലയാള കവിയായ വൈലോപ്പിള്ളിയാണ്. എന്നാൽ വൈലോപ്പിള്ളി വിസ്മൃതിയിലാഴ്ന്നപ്പോൾ കണ്ണീരിന് പകരം കട്ടച്ചോരയെക്കുറിച്ചുള്ള ധ്യാനമായി മാറി ചിലരുടെ പാർട്ടി പ്രവർത്തനം. ഏകാധിപത്യം, അഴിമതി, സ്വജനപക്ഷപാതം, വോട്ട്ബാങ്ക് അടിസ്ഥാനത്തിലുള്ള സാമുദായികപ്രീണനം എന്നിവയ്ക്കുള്ള ലൈസൻസായി രാഷ്ട്രീയ പ്രവർത്തനത്തെ ചില പാർട്ടിനേതാക്കൾ മാറ്റിയപ്പോൾ ആക്റ്റണ്‍ പ്രഭു പറഞ്ഞതുപോലെ രാഷ്ട്രീയം “തെമ്മാടികളുടെ മാത്രമല്ല, അമ്പത്തൊന്ന് വെട്ട് വെട്ടുന്നവരുടെയും അവസാന അഭയകേന്ദ്ര”മായി. കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന കാട്ടുനീതി ലോകക്രമമാകുന്നിടത്ത്, ചെടിച്ചെട്ടികൊണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരുടെ തല പൊളിക്കുന്ന പരിപാടി “രക്ഷാപ്രവർത്തന”മായി.

  • എ കെ ജിയെപ്പോലുള്ളവർ പിടിച്ച ചെങ്കൊടി ഇപ്പോൾ പിടിക്കുന്നത് കൊടി സുനിമാരാണ്.

“ഞാനാണു രാഷ്ട്രം - I am the State” എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് രാജാവ് ലൂയി പതിനാലാമനെ പോലുള്ള ഏകാധിപതികൾ “കാരണഭൂത” രൂപത്തിൽ കേരളത്തിലും അവതരിക്കുമ്പോഴാണ് പാർട്ടിക്ക് ക്ലാവ് പിടിക്കുന്നത്. ഇത്തരം ഭരണകൂടങ്ങളുടെ ശീതളിമയിൽ രമിക്കുന്ന അഭിനവ മേരി അന്റോണറ്റുമാർ, സമരം ചെയ്യുന്ന അത്താഴ പട്ടിണിക്കാരായ ആശാവർക്കർമാരോട് “അപ്പമില്ലെങ്കിൽ കേക്ക് തിന്നട്ടെ” എന്ന് പറയും. “ഞാനാണ് രാഷ്ട്രമെന്നും” ഞാൻ തന്നെയാണ് എല്ലാത്തിന്റേയും “കാരണഭൂതനെന്നും” പറയുന്നവരോട് ജനം ഒടുവിൽ പറഞ്ഞു: “നീയല്ല, ഞങ്ങളാണ് രാഷ്ട്രം.” അതേ, വിപ്ലവത്തിലെ രാജാവിന്റെ തലവെട്ടൽ പോലെയാണ്, ജനാധിപത്യത്തിൽ വോട്ട് കൊണ്ടുള്ള ഭരണമാറ്റങ്ങളും തലമാറലുകളും.

“കണ്ണീരിനെക്കുറിച്ചുള്ള ധ്യാനമാണ് പൊതുപ്രവർത്തനം” എന്ന് പറഞ്ഞത് മലയാള കവിയായ വൈലോപ്പിള്ളിയാണ്. എന്നാൽ വൈലോപ്പിള്ളി വിസ്മൃതിയിലാഴ്ന്നപ്പോൾ കണ്ണീരിന് പകരം കട്ടച്ചോരയെക്കുറിച്ചുള്ള ധ്യാനമായി മാറി ചിലരുടെ പാർട്ടി പ്രവർത്തനം.

രാജാധികാരം ദൈവദത്തമാണെന്ന് (Kingship is divinely ordained) പ്രഖ്യാപിച്ച ഈജിപ്തിലെ ഫറവോ മുതൽ ലൂയി പതിനാലാമനെ പോലുള്ള രാജാക്കന്മാർ വരെ തങ്ങൾക്ക് മൂലമറ്റത്തുനിന്ന് നേരിട്ട് കറന്റ് കിട്ടുന്നവരാണെന്ന് വിശ്വസിച്ചവരാണ്. എന്നുവച്ചാൽ, ആരോടും ഒന്നിനു കാരണം ബോധിപ്പിക്കേണ്ട എന്ന് ധരിച്ചവരാണവർ. ജനത്തോടോ നിയമസഭകളോടോ തങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള അക്കൗണ്ടബിലിറ്റിയും ഇല്ല എന്ന് കരുതിയ ഇത്തരക്കാരെ ജനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് നിക്ഷേപിച്ചത്. കേരളത്തിലെ ചില പാർട്ടി നേതാക്കളും ഏകാധിപതികളുടെ ചുവടു പിടിച്ച് “കടക്കൂ പുറത്ത്” എന്ന് ജനത്തോട് പറഞ്ഞു തുടങ്ങിയിടത്ത് പാർട്ടിക്ക് ക്ലാവ് പിടിച്ചു.

ഈ അശ്ലീലത്തിന് വാഴ്ത്ത് പാട്ട് പാടുന്ന ന്യായീകരണ തൊഴിലാളികളും സൈബർ സഖാക്കളും ചതുര വടിവിൽ സംസാരിക്കുന്ന സഖാക്കളും ചേർന്ന് ക്യാപിറ്റൽ പണിഷ്.മെന്റ് വിധിച്ചത് ഉൾപ്പാർട്ടി ജനാധിപത്യത്തിനു തന്നെയാണ്. പാർട്ടി സെക്രട്ടറി, സന്ദേശം സിനിമയിലെ ബുദ്ധിജീവി കുമാരപിള്ളസാറിനെപ്പോലെ, വന്ദേ ഭാരതിൽ ആർക്കും ദഹിക്കാത്ത ആശയങ്ങളുടെ അപ്പം വിറ്റ് നടന്ന പ്പോൾ റാഡിക്കലായ തിരുത്തലുകൾ നടത്താൻ പാർട്ടി സെക്രട്ടറിയേറ്റിന് കഴിഞ്ഞില്ല. പാർട്ടിക്കുള്ളിലെ അനുചിത പ്രവണതകളെ തിരുത്തി യിരുന്ന അച്യുതാനന്ദൻമാർ ബക്കറ്റിലെ വെള്ളമെന്ന് പരിഹസിക്കപ്പെട്ട് തിരയൊഴിഞ്ഞ കടലായപ്പോൾ “വിജയസ്തുതി”കളെഴുതുന്ന “പെറുക്കിത്തീനി കൾ” (പ്രമോദ് പുഴങ്കരയോട് കടപ്പാട്) ഭരണത്തിന്റെ തണലിൽ തഴച്ചു വളർന്നു. കൊലക്കേസ് പ്രതിയെ കാണുമ്പോൾ ക്രിസ്തുവിനെ ഓർമ്മ വരുന്നു എന്ന് പറഞ്ഞ ചെരിവുള്ള അശോകന്മാർ (അശോക ചക്രവർത്തി ക്ഷമിക്കുക) മുള്ളുമുരിക്കിനെ മുന്തിരിച്ചെടിയാക്കി. ഇന്ന് ക്രിസ്തു ഒറ്റിക്കൊടുക്കപ്പെടുന്നത് ചുംബനങ്ങൾ കൊണ്ടല്ല, വ്യാഖ്യാനങ്ങൾ കൊണ്ടാണെന്ന് ഡാനിഷ് ചിന്തകൻ സോറൻ കീർക്കഗോർ! സ്ഥാനമോഹികളുടെയും രാഷ്ട്രീയ ഭിക്ഷാം ദേഹികളുടെയും തള്ളിക്കയറ്റത്തിൽ ബലികുടീരങ്ങൾ കെ പി എ സി യുടെ നാടക ഗാനത്തിൽ മാത്രമായ് ഒതുങ്ങി. ഒരിക്കൽ ജനമനസ്സുകളിൽ അലയടിച്ചിരുന്ന ചെങ്കൊടിയുടെ വിശ്വാസ കടൽ ഇപ്പോൾ ബക്കറ്റിലെ വെള്ളമായി മാറുന്ന കാഴ്ച്ച!

കേരളത്തിലെ നവോത്ഥാനത്തിന്റെ പതാക വാഹകരെന്നു “അവകാശപ്പെടുന്ന” ഇടതുപക്ഷം നേരിടുന്ന സൈദ്ധാന്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികൾ ഈ തിരഞ്ഞെടുപ്പ് ഫലം അനാവരണം ചെയ്യുന്നുണ്ട്. സൈദ്ധാന്തിക അടിത്തറയ്ക്ക് ശോഷണം സംഭവിക്കുമ്പോൾ ഏതു പ്രസ്ഥാനത്തിനും വന്നു ഭവിക്കാവുന്ന സ്വാഭാവിക പ്രതിസന്ധി തന്നെയാണ് ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളും നേരിടുന്നത്. ഇ എം എസിനെയും പി ഗോവിന്ദ പിള്ളയെയും പോലുള്ളവരുടെ അഭാവം പാർട്ടി അണികൾ തിരിച്ചറിയുന്നുണ്ട്.

കേരളത്തിലെ നവോത്ഥാനത്തിന്റെ പതാക വാഹകരെന്നു “അവകാശപ്പെടുന്ന” ഇടതുപക്ഷം നേരിടുന്ന സൈദ്ധാന്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികൾ ഈ തിരഞ്ഞെടുപ്പ് ഫലം അനാവരണം ചെയ്യുന്നുണ്ട്.

ഉൾപാർട്ടി ജനാധിപത്യം എന്നാൽ ഒരുമിച്ച് ദിനേശ് ബീഡി വലിക്കാനും കട്ടൻചായയും പരിപ്പ് വടയും തിന്നാനുള്ള സ്വാതന്ത്ര്യം മാത്രമാണെന്നും പാർട്ടി നയങ്ങളെയൊ പാർട്ടിയുടെ നേതാക്കന്മാരെയോ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അല്ലെന്നും ശ്രീനിവാസൻ സന്ദേശം എന്ന സിനിമയിൽ മുപ്പത്തഞ്ച് വർഷങ്ങൾക്കു മുമ്പെഴുതിയത് ജയരാജ-വിജയന്മാരുടെ കാലത്തും പ്രസക്തം തന്നെയാണ്. പയ്യന്നൂരിൽ നിന്നു പാർട്ടിവിട്ടു പുറത്തുവന്ന വി. കുഞ്ഞി കൃഷ്ണന്റെ പുസ്തകത്തിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ പാർട്ടിയെ അണികൾ തിരുത്തിയില്ലെങ്കിൽ ഈ ഏകാധിപത്യ പ്രവണതകൾ ഇനിയും തുടരും.

ജോർജ് ഓർവലിന്റെ നോവലിലെ “വല്യേട്ടൻ” (കൈരളി ചാനലിൽ വർഷങ്ങളായി വിശേഷ ദിനങ്ങളിൽ പ്രദർശിപ്പി ക്കുന്ന “വല്യേട്ടൻ” അല്ല) എല്ലാവരെയും നിശ്ശബ്ദരാക്കിയ പോലെ എതിർ ശബ്ദങ്ങളെ നിശ്ശബ്ദരാക്കുന്നതിൽ അഗ്രഗണ്യ രാണ് പുതിയ കാലത്തെ ബിഗ് ബ്രദർ. ചതുര വടിവിൽ സംസാരിക്കുന്ന പാർട്ടിയിലെ പുതു തലമുറക്കാരും രാജാവ് നഗ്നനാണെന്ന് പറയാൻ മടിക്കുന്നത് ക്യാപിറ്റൽ പണിഷ് മെന്റിന്റെ ഭയം കൊണ്ടായിരിക്കും. ഇനിയെങ്കിലും പാർട്ടി യിലെ ഏകാധിപത്യ പ്രവണതകളും സ്വജനപക്ഷപാതവും അവസാനിപ്പിച്ചില്ലെങ്കിൽ പ്രൊഫ. എം എൻ വിജയൻ പറഞ്ഞ തുപോലെ “ഇവിടെ പാർട്ടി ഉണ്ടാകും. പക്ഷെ അതിനു പുറകിൽ ആളുണ്ടാകില്ല.” രക്തപതാക നിറം മാറി പലയിട ത്തും കാവിയാകുന്നത് പാർട്ടിക്കാരൊന്ന് ശ്രദ്ധിച്ചാൽ നല്ലത്! ചുവപ്പ് മങ്ങിയാൽ സ്വാഭാവികമായും കാവിയാകുമല്ലോ!

  • പിൻകുറിപ്പ്:

“മുന്നറിയിപ്പ്” എന്ന സിനിമയിൽ ചെഗുവേരയുടെ പോസ്റ്റർ കാണുമ്പോൾ ഒരു ചെറിയ പയ്യൻ പറയുന്ന ഒരു ഡയലോഗുണ്ട്: “ഏതോ വല്യ ഡി വൈ എഫ് ഐ ക്കാരനാ.” ശക്തൻ തമ്പുരാനെ സൗദി അറേബ്യയിലെ രാജാവാക്കുന്ന കിണർഗോലുമാരുടെ കാലമാണ്. സൂക്ഷിക്കണം! മോസ്കോയിൽ മഴപെയ്യുമ്പോൾ പോളണ്ടിൽ ആരും കുട ചൂടേണ്ടതില്ല.

മിന്നാമിന്നി ക്യാമ്പിന് തുടക്കമായി

പുതിയ മതബോധന ഡയറക്ടറി പ്രസിദ്ധീകരിച്ചു

കെസിബിസി ഒരുക്കുന്ന നാടക ശില്പശാല

കത്തോലിക്കാ വിശ്വാസികൾക്കും, പുരോഹിതർക്കും സന്യസ്തർക്കുമായി സോഷ്യൽ മീഡിയ മാർഗനിർദേശങ്ങളുമായി സിസിബിഐ

വിശുദ്ധ മഗ്ദലേന കനോസ (1774-1835) : മെയ് 8