Coverstory

മറിയം ത്രേസ്യാമ്മ ഒരു മിസ്റ്റിക്കൽ വിശുദ്ധ

ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഉണ്ണിയേശുവിനെ ദേവാലയത്തിൽ സമർപ്പിക്കുന്ന വേളയിൽ ശിശുവിനെ കയ്യിലെടുത്ത് ശിമയോൻ നടത്തുന്ന പ്രവചനം ഇങ്ങനെയാണ്: “ഇവൻ വിവാദ വിഷയമായ അടയാളമായിരിക്കും. അനേകരുടെ ഹൃദയ വിചാരങ്ങൾ വെളിപ്പെടും.” വിശുദ്ധ മറിയം ത്രേസ്യാമ്മയുടെ ചരമ ശതാബ്ദി വേളയിൽ എന്റെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്തയാണിത്. ഈ വചനഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ കാരണം മറിയം ത്രേസ്യാമ്മ ഒരു മിസ്റ്റിക്കൽ വിശുദ്ധയായിരുന്നു എന്നതാണ്. മിസ്റ്റിക്കൽ വിശുദ്ധരെ മനസ്സിലാക്കാൻ സാധാരണഗതിയിൽ സാധ്യമല്ല. ആ വിധത്തിൽ മനസ്സിലാക്കണം എന്ന് ഈ വിശുദ്ധരും ആഗ്രഹിക്കുന്നില്ല. ഈ മിസ്റ്റിക്കൽ വിശുദ്ധരുടെ പ്രത്യേകത എന്താണെന്ന് ആലോചിക്കുമ്പോഴാണ് ഈ വചനഭാഗങ്ങളുടെ പ്രസക്തി വെളിപ്പെടുന്നത്.

നമുക്കറിയാം മറിയം ത്രേസ്യയ്ക്ക് പര ഹൃദയജ്ഞാനം ഉണ്ടായിരുന്നു. അത് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊടുത്ത ദാനമായിരുന്നു. മനഃശാസ്ത്ര രീതികളൊന്നും പഠിച്ച ആളായിരുന്നില്ല അമ്മ. പരിശുദ്ധാത്മാവ് വഴി പരഹൃദയ ജ്ഞാനം മറിയം ത്രേസ്യയ്ക്ക് ലഭിച്ചത് മറ്റുള്ളവരുടെ ഹൃദയങ്ങളെ വിശുദ്ധീകരിക്കാൻ വേണ്ടിയായിരുന്നു. അല്ലാതെ വെളിപാടുകളിലൂടെ തനിക്ക് ദർശനവരസിദ്ധിയുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനൊന്നുമല്ലായിരുന്നു. വരദാനങ്ങളുടെ ഉപയോഗം നന്നായി അറിയാമായിരുന്ന അമ്മ തന്റെ പരഹൃദയജ്ഞാനം ആ അർത്ഥത്തിൽ മാത്രം ഉപയോഗിച്ച വ്യക്തിയായിരുന്നു. മറ്റുള്ളവരെ അഭിഷേകത്തിലേക്കും കൃപയിലേക്കും നയിക്കാൻ മാത്രമാണ് ആ ജ്ഞാനം അമ്മ ഉപയോഗപ്പെടുത്തിയിരുന്നത്.

തന്നെ മറ്റുള്ളവർ തിരിച്ചറിയുന്നി ല്ലെങ്കിലും തന്നെ വിളിച്ചവൻ തന്നെ തിരിച്ചറിയുന്നു എന്ന സന്തോഷം വലിയ അനുഗ്രഹ മായി അമ്മ കരുതി. വിളിച്ചവനോടുള്ള വിശ്വസ്തതയാണ് ജീവിതത്തിൽ പ്രധാനപ്പെട്ടതെന്ന തിരിച്ചറിവോടെ യാണ് അമ്മ ജീവിച്ചത്.

തന്നെ മറ്റുള്ളവർ തിരിച്ചറിയുന്നില്ലെങ്കിലും തന്നെ വിളിച്ചവൻ തന്നെ തിരിച്ചറിയുന്നു എന്ന സന്തോഷം വലിയ അനുഗ്രഹമായി അമ്മ കരുതി. വിളിച്ചവനോടുള്ള വിശ്വസ്തതയാണ് ജീവിതത്തിൽ പ്രധാനപ്പെട്ടതെന്ന തിരിച്ചറിവോടെയാണ് അമ്മ ജീവിച്ചത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ യേശു ജ്ഞാനം നിറഞ്ഞു ശക്തനായി ദൈവത്തിന്റെ കൃപ അവന്റെ മേൽ ഉണ്ടായിരുന്നു എന്ന് വായിക്കുന്നുണ്ട് (ലൂക്കാ 2:40). ജ്ഞാനത്താൽ ശക്തിയാർജിച്ചതു കൊണ്ടാണ് ദൈവകൃപ നിറഞ്ഞവളായിത്തീരാൻ മറിയം ത്രേസ്യയ്ക്ക് കഴിഞ്ഞതെന്ന് ആ ജീവിതം വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാനാകും. ജ്ഞാനം നിറയാതെ ഒരിക്കലും കൃപ നിറയില്ല, കൃപയില്ലാതെ ജ്ഞാനം കിട്ടുകയുമില്ല. മറിയം ത്രേസ്യയുടെ കാര്യത്തിൽ ഇവ രണ്ടും ജീവിതമാകുന്ന നാണയത്തിന്റെ രണ്ടു വശങ്ങളായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.

ജ്ഞാനവും കൃപയും നിറഞ്ഞ ഒരു വ്യക്തിക്കു മാത്രമേ വിളിച്ചവനോടുള്ള വിളിയിൽ വിശ്വസ്തതയോടെ നിലനിൽക്കാനാകൂ. വിളിയുടെ കാതൽ എന്നത് വിളിച്ചവനോടുള്ള വിശ്വസ്തതയാണ്. തന്നെ വിളിച്ചവൻ പരിശുദ്ധൻ ആകയാൽ താനും പരിശുദ്ധയാകണം എന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്ന മറിയം ത്രേസ്യ അത് നിഷ്കർഷയോടെ ജീവിക്കുകയും ചെയ്തു. തനിക്കു ലഭിച്ച വിളിയും വിശുദ്ധിയും നിരന്തരമായി തന്നിൽ വളരേണ്ടതും നിറയേണ്ടതുമാണെന്നു വിശ്വസിച്ചതു കൊണ്ടാണ് സഹനങ്ങളെ സന്തോഷപൂർവം സ്വീകരിക്കാൻ അമ്മയ്ക്ക് സാധിച്ചത്. തിരുമുറിവുകൾ കൈവന്നു, പരഹൃദയ ജ്ഞാനം ലഭിച്ചു, മിസ്റ്റിക് അനുഭവങ്ങൾ ഉണ്ടായി...എന്നതിന്റെയെല്ലാം പേരിൽ ഈശോയ്ക്ക് പ്രിയപ്പെട്ടവളായി താൻ മാറി എന്നല്ല മറിയം ത്രേസ്യ ചിന്തിച്ചത്. മറിച്ച് ഇവയിലൂടെ എല്ലാം താൻ ഈശോയുടെ പ്രിയപ്പെട്ടവൾ ആയി മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. ആ തലത്തിലേക്ക് നിരന്തരം വളരാൻ പ്രയത്നിച്ച വ്യക്തിയായിരുന്നു അമ്മ.

അതുകൊണ്ട് ഈ അനുഭവങ്ങൾ ഒന്നും തന്നെ അമ്മയെ വ്യത്യസ്തയാക്കിയില്ലെന്നു മാത്രമല്ല സഹനങ്ങൾ എല്ലാം സന്തോഷത്തോടെ ഉൾക്കൊണ്ടു കൊണ്ട് അവ കൂടുതൽ ചോദിച്ചു വാങ്ങുകയും ചെയ്തു. സഹനങ്ങളുടെ പേരിൽ പ്രത്യേകിച്ചൊന്നും ആവശ്യപ്പെടാതെ അവയെല്ലാം സ്വയം ഉള്ളിലൊതുക്കി ജീവിച്ചു. സഹനങ്ങളുടെ ബാഹ്യ അടയാളങ്ങളിലൂടെ മറ്റുള്ളവരുടെ സഹതാപമോ പരിഗണനകളോ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാറില്ല എന്നത് മിസ്റ്റിക്കുകളുടെ പ്രത്യേകതയായി കാണാം. ദൈവസ്നേഹത്തിന്റെ പാരമ്യത്തിന്റെ അടയാളമായി സഹനങ്ങളെ കാണുന്നവരാണ് അവർ. അതുകൊണ്ടുതന്നെ മറിയം ത്രേസ്യയുടെ ജീവിതകാലത്ത് ഇതൊന്നും അത്ര പരസ്യമായിരുന്നില്ല. ആ വിധത്തിൽ പ്രത്യേക പ്രശസ്തിയോ പരിഗണനയോ അമ്മ ആഗ്രഹിച്ചിരുന്നുമില്ല.

മറിയം ത്രേസ്യാമ്മയുടെ ജീവിതത്തിൽ വിശുദ്ധാത്മാക്കളുടെ സ്വാധീനം എത്രമാത്രം ഉണ്ടായിരുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. മറിയം ത്രേസ്യയ്ക്ക് അത്ഭുതങ്ങളെക്കുറിച്ച് വലിയ തിരിച്ചറിവ് ഉണ്ടായിരുന്നു. ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും പൂർണ്ണത പ്രാപിക്കുമ്പോൾ അവിടെ സംഭവിക്കുന്നതെല്ലാം അദ്ഭുതങ്ങളാണ്. ഇത് മറിയം ത്രേസ്യയുടെ കാര്യത്തിൽ വളരെ വ്യക്തമായി തിരിച്ചറിയാനാകും.

അന്ധകാരം അകറ്റി എപ്പോഴും പ്രകാശം പ്രസരിപ്പിക്കാൻ കഴിയണം. നമ്മുടെ പോരായ്മകളോ ബലഹീനതകളോ നോക്കേണ്ടതില്ല. ക്രൂശിതനായ കർത്താവിൽ എല്ലാ കാര്യങ്ങളും നമുക്ക് ചെയ്യാനാവും. ഈ ചിന്ത മറിയം ത്രേസ്യ സ്വജീവിതത്തിൽ പകർത്തിയിരുന്നു.

“Miracles are not contrary to nature, but only contrary to what we know about nature” എന്ന് വിശുദ്ധ അഗസ്റ്റിൻ പറയുന്നുണ്ട്. വിശുദ്ധ അഗസ്റ്റിനുമായി ബന്ധപ്പെടുത്തിയുള്ള മറ്റൊരു ചിന്ത തന്റെ അകമേ വസിക്കുന്നവന്റെ ഉള്ളിൽ വസിക്കാൻ സാധിക്കുന്ന ഒരാൾക്ക് മാത്രമേ അവിടുത്തെ സന്തോഷം അനുഭവിക്കാനാകൂ എന്നതാണ്. തന്നോട് കൂടെയുള്ളവന്റെ കൂടെ താൻ ആയില്ലെങ്കിൽ ആ സന്തോഷം പൂർണ്ണമാകില്ല - ഈ ചിന്ത മറിയം ത്രേസ്യയെ സ്വാധീനിച്ചിരുന്നു. തന്റെ കൂടെയുള്ളവന്റെ കൂടെയായിരിക്കുക; തന്റെ ഉള്ളിലായിരിക്കുന്നവന്റെ ഉള്ളിലായിരിക്കുക - ഇതിൽനിന്ന് തന്നെ അകറ്റുന്ന ഒന്നിൽ നിന്നും മറിയം ത്രേസ്യ ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. അത്തരത്തിലുള്ള ഒരു പ്രലോഭനവും ഉണ്ടാകാൻ അമ്മ അനുവദിച്ചിരുന്നുമില്ല.

“Prayer is nothing else but union with God. In this intimate union, God and the soul are fused together like two bits of wax that no one can ever pull apart. This union of God with a tiny creature is a lovely thing. It is a happiness beyond understanding.”

വിശുദ്ധ ജോൺ മരിയയുടെ വാക്കുകളാണിത്. ദൈവത്തോടുള്ള ഐക്യമാണ് പ്രാർഥനയുടെ കാതൽ. “നിന്നിൽ ഞാനുമെ, എന്നിൽ നീ അങ്ങനെ നാം...” എന്ന ഗാനത്തിലേതുപോലുള്ള ഐക്യം. ഇത് അമ്മ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ദൈവ ഐക്യത്തിൽ എന്നും ജീവിച്ചു. രണ്ടു കഷണം മെഴുക് ഉരുകി ഒന്നായിരിക്കുന്നതുപോലെ ആർക്കും വേർപ്പെടുത്താനാവാത്ത സ്നേഹം. ഇപ്രകാരമുള്ള ഒട്ടിപ്പിടുത്തം മനുഷ്യ ബുദ്ധിക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. പ്രാർഥനയുടെ ഐക്യത്തിൽ ദൈവവുമായി ഒട്ടിച്ചേർന്ന് ഈ ആനന്ദം അനുഭവിച്ചവളാണ് മറിയം ത്രേസ്യാമ്മ.

If I do not become a Saint I am doing nothing. വിശുദ്ധ ഡൊമിനിക് സാവിയോയുടെ ഈ മനോവിചാരം അമ്മത്രേസ്യയിലും ദൃശ്യമാണ്. വിശുദ്ധിയിലേക്കുള്ള വളർച്ചയാണ് ജീവിതമെന്ന തിരിച്ചറിവ് ഇത്തരത്തിൽ വിളി കിട്ടിയവർക്കൊക്കെ ഉണ്ടായിരുന്നു. അത് നിരന്തരമായ വളർച്ചയാണ് ജീവിതത്തിന്റെ അവസാന ശ്വാസം വരെയും വിശുദ്ധിയിൽ പൂർണ്ണത പ്രാപിക്കാനുള്ള പ്രയത്നം നിഷ്കർഷതയോടെ അനുഷ്ഠിക്കുന്നവരാണ് മിസ്റ്റിക്കൽ വിശുദ്ധർ. മറിയം ത്രേസ്യ ആ ഗണത്തിൽപ്പെടുന്നു.

“Dream that the more you struggle, the more you prove the love that you bear your God, and the more you will rejoice one day with your Beloved, in a happiness and rapture that can never end.”

ജീവിത പ്രതിസന്ധികളും വെല്ലുവിളികളും കൂടുതലായി ഉണ്ടാകുമ്പോൾ അത് ദൈവസ്നേഹം നമ്മിൽ വർദ്ധിതമായിരിക്കുന്നു എന്നതിന്റെ തെളിവാണ് എന്ന ആവിലായിലെ അമ്മ ത്രേസ്യയുടെ ഈ കാഴ്ചപ്പാടുകൾ മറിയം ത്രേസ്യയിലും ദർശിക്കാനാകും. ജീവിതത്തിലെ വൈതരണികളും പ്രയാസങ്ങളും എല്ലാം ഒരിക്കലും അസ്തമിക്കാത്ത സന്തോഷത്തിലേക്ക് വഴി നടത്തുന്നതാണ് എന്ന മനോവിചാരമാണ് അമ്മയ്ക്കുണ്ടായിരുന്നത്. തന്റെ സഹനങ്ങൾ ഈശോയോടുള്ള സ്നേഹത്തിന്റെ അടയാളമായി സ്വീകരിച്ച് അതിൽ സംതൃപ്തയായി പ്രത്യാശയോടെ അമ്മ ജീവിച്ചു.

“Start being brave about everything. Drive out darkness and spread light. Don’t look at your weaknesses. Realize instead that in Christ crucified you can do everything.”

സിയെന്നായിലെ വിശുദ്ധ കാതറിന്റെ ഈ വചനങ്ങൾ മറിയം ത്രേസ്യയുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്നതാണ്. നാം ചെയ്യുന്ന ഏതു കാര്യവും വിശുദ്ധമായ ധീരതയോടെ ചെയ്യുന്നു എന്ന ചിന്ത നമ്മിൽ ഉണ്ടാവണം. അന്ധകാരം അകറ്റി എപ്പോഴും പ്രകാശം പ്രസരിപ്പിക്കാൻ കഴിയണം. നമ്മുടെ പോരായ്മകളോ ബലഹീനതകളോ നോക്കേണ്ടതില്ല. ക്രൂശിതനായ കർത്താവിൽ എല്ലാ കാര്യങ്ങളും നമുക്ക് ചെയ്യാനാവും. ഈ ചിന്ത മറിയം ത്രേസ്യ സ്വജീവിതത്തിൽ പകർത്തിയിരുന്നു. അമ്മയ്ക്ക് വലിയ പാണ്ഡിത്യമോ, പഠിപ്പോ,

ആരോഗ്യമോ, സൗന്ദര്യമോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു സാധാരണ സ്ത്രീയായിരുന്നു. പക്ഷേ ആ സാധാരണ സ്ത്രീക്ക് വലിയൊരു ബോധ്യവും തിരിച്ചറിവും എന്നും ഉണ്ടായിരുന്നു: “തന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും.”

Keep a clear eye toward life’s end. Do not forget your purpose and destiny as God’s creature. What you are in his sight is what you are and nothing more. Remember that when you leave this earth, you can take nothing that you have received... but only what you have given; a full heart enriched by honest service, love, sacrifice, and courage.

മറിയം ത്രേസ്യാമ്മയുടെ ധന്യ ജീവിതം അനുസ്മരിക്കുമ്പോൾ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ഈ വാക്കുകളെക്കാൾ കൂടുതലായി ഒന്നും പറയേണ്ടതില്ല. തന്റെ കഴിവുകളോ പ്രാഗല്ഭ്യമോ ആരോഗ്യമോ ഒന്നും നോക്കിയല്ല അമ്മ തന്റെ ജീവിതദൗത്യം തുടർന്നത്. ദൈവസ്നേഹത്തിലും സന്തോഷത്തിലും സംതൃപ്തമായ ഒരു ഹൃദയം അവർ പകർന്നു നൽകി. മറ്റുള്ളവർക്ക് തന്നാൽ കഴിയുന്നത്ര സേവനങ്ങൾ കലവറയില്ലാതെ പകുത്തു നൽകി. ആ സ്നേഹത്തിന്റെ നിറവ് കുടുംബങ്ങളിലേക്ക് പകർന്നു. ദൈവസ്നേഹത്തിന്റെ നിറവ് കുടുംബങ്ങളിൽ അനുഭവിക്കാൻ സാധിക്കുന്നവർക്ക് ജീവിത ധന്യത കൈവരുമെന്നും അവിടെ നല്ല ദൈവവിളികൾ ഉണ്ടാകുമെന്നും സ്ത്രീശക്തീകരണം സാധ്യമാകുമെന്നും കുഞ്ഞുങ്ങൾ വിശുദ്ധിയിൽ വളരുമെന്നും സ്നേഹബന്ധങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സഹനം സ്നേഹത്തിന്റെ അടയാളമായി മാറുമെന്നുമൊക്കെ മറിയം ത്രേസ്യാമ്മ കാണിച്ചുകൊടുത്തു. അത്തരത്തിൽ വലിയൊരു ധൈര്യത്തിന്റെ സാക്ഷ്യമാണ് അമ്മയുടെ ജീവിതം. ഈ വിധത്തിൽ ആത്മീയ ധീരതയോടെ ജീവിക്കാൻ നമ്മെ ഓരോരുത്തരെയും അമ്മ ആഹ്വാനം ചെയ്യുന്നു. അതിന് മറിയം ത്രേസ്യാമ്മയുടെ ശതാബ്ദിയാചരണങ്ങൾ സഹായകമാകട്ടെയെന്ന് ആശംസിക്കുന്നു, പ്രാർഥിക്കുന്നു.

വി. യോഹന്നാൻ - Chap.11 [1of3]

ക്രിസ്ത്യാനികളുടെ സഹായമായ മറിയം : മെയ് 24

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി - രണ്ട് വീടുകളുടെ താക്കോല്‍ ദാനം നടത്തപ്പെട്ടു

പാറ്റ ജനതാപാർട്ടി: അധികാരവർഗത്തിന്റെ അരക്ഷിതാവസ്ഥയും രാഷ്ട്രീയപരിഹാസത്തിന്റെ സാധ്യതകളും

“ചിന്തിച്ച് ക്ലിക്ക് ചെയ്യാം!": സുബോധനയിൽ സെമിനാർ