വിശുദ്ധ ഹെസ്‌പേരിയസും വിശുദ്ധ സോയും (135) : ജൂലൈ 8

വിശുദ്ധ ഹെസ്‌പേരിയസും വിശുദ്ധ സോയും (135) : ജൂലൈ 8
വിശുദ്ധ ഹെസ്‌പേരിയസും അദ്ദഹത്തിന്റെ ഭാര്യ വി. സോയും കാറ്റലസ് എന്ന സമ്പന്നനായ റോമാക്കാരന്റെ അടിമകളായിരുന്നു. ഹാഡ്രിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഏഷ്യാമൈനറിലെ (ടര്‍ക്കി) ഒരു പട്ടണമായ പാമ്പീലിയയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ജന്മനാ ക്രിസ്ത്യാനികളായിരുന്നെങ്കിലും തങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കുന്നതില്‍ അത്ര താല്പര്യം കാണിച്ചിരുന്നില്ല. എങ്കിലും അവരുടെ രണ്ടു മക്കളും-സിറിയാക്കസും തെയോഡളസും-ക്രിസ്തീയ ചൈതന്യത്തില്‍ത്തന്നെ വളരണമെന്ന് അവര്‍ക്കു നിര്‍ബന്ധമായിരുന്നു.

മക്കളുടെ മാതൃകാപരമായ ക്രിസ്തീയജീവിതം മാതാപിതാക്കളെ ലജ്ജിതരാക്കി. ആ ആഘാതത്തില്‍, തങ്ങളുടെ യജമാനന്റെ മകന്റെ ജന്മദിനത്തില്‍ അവര്‍ക്കായി കൊടുത്തുവിട്ട ദേവന്മാരുടെ നിവേദ്യം കഴിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അക്കാരണത്താല്‍ അവരെ അറസ്റ്റ്‌ചെയ്ത് തടവിലിട്ടു. എന്നാല്‍ കുറ്റവിചാരണ നടത്തിയപ്പോള്‍ അവര്‍ സധൈര്യം അവരുടെ വിശ്വാസം ഏറ്റുപറഞ്ഞു. യജമാനന്റെ ദൈവങ്ങളെ വണങ്ങാന്‍ അവര്‍ കൂട്ടാക്കിയുമില്ല. അതിന്റെ പേരില്‍ അവരുടെ മക്കളെ അവരുടെ മുമ്പില്‍ വച്ചുതന്നെ ക്രൂരമായി പീഡിപ്പിച്ചു. മക്കളെ പീഡിപ്പിക്കുന്നതു കണ്ടാല്‍ മാതാപിതാക്കള്‍ തങ്ങളുടെ വിശ്വാസം തള്ളിപ്പറയുമെന്നുമാണ് അവര്‍ കരുതിയത്. പക്ഷേ, അവരിരുവരും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു. ക്ഷുഭിതനായ കാറ്റലസ് അവരിരുവരെയും തീക്കുണ്ഠത്തിലിട്ട് ചുട്ടുകൊന്നു.

ജസ്റ്റീനിയന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വി. സോയുടെ നാമത്തില്‍ ഒരു ദൈവാലയം പടുത്തുയര്‍ത്തിയിട്ടുണ്ട്. അതില്‍ വിശുദ്ധയുടെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്നു കരുതപ്പെടുന്നു. എന്നാല്‍ ഈ രണ്ടു വിശുദ്ധരുടെയും ഭൗതികാവശിഷ്ടങ്ങള്‍ ക്ലെര്‍മണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അവിടെ അവരിന്നും സ്മരിക്കപ്പെടുന്നു.

മക്കളെ സംബന്ധിച്ച് മാതാപിതാക്കള്‍ ഒരു കണ്ണാടിയാണ്. ആ കണ്ണാടിയിലാണ് മക്കള്‍ എപ്പോഴും നോക്കുന്നത്. ദൈവത്തിനും മനുഷ്യര്‍ക്കും ഇഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ അച്ഛനോ അമ്മയോ ആയിരിക്കുന്നത് എന്തൊരു ആശ്വാസമാണ്, അഭിമാനമാണ്!
വി. ജോണ്‍ മരിയ വിയാനി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org