കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും (MEA) നോർക്കയുടെയും (NORKA) റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 18-നും 25-നും ഇടയിൽ പ്രായമുള്ള 2,30,000 വിദ്യാർത്ഥികളാണ് വിദേശത്തേക്ക് കുടിയേറിയത്. ഇതിൽ 2021-ൽ ഏകദേശം 30,000 പേരും, 2022-ൽ 50,000 പേരും, 2023-ൽ ഏറ്റവും ഉയർന്ന നിരക്കായ 70,000 പേരും വിദേശത്തേക്ക് പോയപ്പോൾ, തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 2024-ൽ 60,000-ത്തിനടുത്തും 2025-ൽ 45,000-ത്തിനടുത്തും വിദ്യാർത്ഥികളാണ് പഠനത്തി നായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഇത്തരം സാഹചര്യങ്ങൾ മൂലമുണ്ടാ കുന്ന ‘ബ്രെയിൻ ഡ്രെയിൻ’ (Brain Drain) അഥവാ കഴിവുള്ള യുവാക്കളുടെ വൻതോതിലുള്ള കൊഴിഞ്ഞു പോക്ക് കേരളത്തിന്റെ ഭാവി വികസനത്തെയും നികുതി വരുമാനത്തെയും സാമൂഹിക വ്യവസ്ഥിതിയെയും പ്രതികൂല മായി ബാധിക്കുന്നുണ്ട്. നാട്ടിൽ ഉത്പാദനക്ഷമതയുള്ള ഒരു യുവതലമുറ ഇല്ലാതാകുന്നത് ഭാവിയിൽ കേരളത്തെ ഒരു വൃദ്ധജന സമൂഹമായി മാറ്റു മെന്ന ആശങ്കയും ശക്തമാണ്.
പ്രധാന കാരണങ്ങൾ
എന്തുകൊണ്ടാണ് വിദേശ രാജ്യങ്ങളിലേക്ക് നമ്മുടെ യുവാക്കൾ പോകുന്നത് എന്നത് പരിശോധിക്കുമ്പോൾ നാല് കാരണങ്ങളാണ് വ്യക്തമാകുന്നത്.
സാമ്പത്തികം: മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ (ഗവൺമെന്റ് ഓഫ് ഇന്ത്യ) കണക്കുകൾ പ്രകാരം ഇന്ത്യയിലും കേരളത്തിലും ഒരു മണിക്കൂറിലെ ആവറേജ് കൂലി ₹100 ആണ്. എന്നാൽ യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ₹1000-നടുത്ത് എത്തി ച്ചേരുന്നു. അതോടൊപ്പം, ബിടെക്, എംബിഎ, എംബിബിഎസ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് പോലും തങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയോ ശമ്പളമോ ലഭിക്കാത്ത അണ്ടർ എംപ്ലോയ്മെന്റ് സാഹചര്യവും കേരളത്തിൽ നിലനിൽക്കുന്നു.
വിദ്യാഭ്യാസം: കേരളത്തിലെ ഭൂരിഭാഗം സർവ്വകലാശാല കളിലും ഇപ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ നവീന വിഷയങ്ങൾക്ക് അർഹ മായ പ്രാധാന്യം ലഭിക്കുന്നില്ല. പ്രായോഗിക പരിശീലനത്തിന് പകരം കാണാപാഠം പഠിക്കുന്ന രീതി യുവാക്കൾക്ക് വളരെ വിരസമായി അനുഭവപ്പെടുന്നു. കൂടാതെ, അക്കാദമിക് ബ്യൂറോക്രസിയും സർവ്വകലാ ശാല രാഷ്ട്രീയവും മൂലം പരീക്ഷകളും ഫലപ്രഖ്യാപന ങ്ങളും വൻതോതിൽ വൈകുന്നു. ഡോ. ശ്യാം ബി മേനോൻ കമ്മീഷൻ റിപ്പോർട്ടിലും പ്ലാനിംഗ് ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലും ഇക്കാര്യങ്ങളാണ് കേരളത്തിലെ വിദ്യാർത്ഥികൾ വിദേശരാജ്യ ങ്ങളിലേക്കുള്ള കുടിയേറ്റത്തി നുള്ള പ്രധാന കാരണങ്ങൾ.
സാമൂഹികം: കേരളത്തിലെ ചെറുപ്പക്കാർ, പ്രത്യേകിച്ച് ജെൻ സി (Gen Z) തലമുറ, വ്യക്തി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ജീവിതശൈലിക്കും വലിയ പ്രാധാന്യം നൽകുന്നുണ്ട്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS)-ലെ പ്രൊഫ. ഇരുദയ രാജന്റെ ‘കേരള മൈഗ്രേഷൻ സർവേ’ വ്യക്തമാക്കുന്നതുപോലെ, വിദേശത്തേക്ക് പോകുന്നതിന് പിന്നിലെ കാരണങ്ങൾ കേവലം ജോലിയോ പണമോ മാത്രമല്ല, വ്യക്തിഗത സ്വാതന്ത്ര്യവും ഉയർന്ന ജീവിതനിലവാരവു മാണ്. വസ്ത്രധാരണം, നൈറ്റ് ലൈഫ്, ലിംഗസമത്വം എന്നിവ യിൽ കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന സോഷ്യൽ ജഡ്ജ്‌മെന്റും മോറൽ പോലീസിംഗും ചെറുപ്പക്കാരെ മടുപ്പിക്കുന്നുണ്ട്.
മാനസികം: നിംഹാൻസ് പോലെയുള്ള ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പഠന ങ്ങളിൽ നിന്നും വ്യക്തമാകു ന്നത് ‘എന്റെ കൂട്ടുകാരെല്ലാം വിദേശത്ത് പോയി രക്ഷപ്പെട്ടു, ഞാൻ ഇവിടെ നിന്നാൽ പരാജയപ്പെട്ടുപോകും’ എന്ന ഭീതി (Fear of Missing Out) ചെറുപ്പക്കാരിൽ ശക്തമാണ്. ഇതിൽ ഇൻസ്റ്റാഗ്രാം അടക്ക മുള്ള സോഷ്യൽ മീഡിയകൾ ചെറുപ്പക്കാരെ ഗണ്യമായി സ്വാധീനിക്കുന്നു. സ്റ്റഡി എബ്രോഡ് ഏജൻസികളുടെ അഗ്രസീവ് മാർക്കറ്റിംഗ് സ്ട്രാറ്റജിയും കേരളത്തിൽ നിന്ന് വലിയൊരു യുവജന വിഭാഗത്തെ വിദേശത്തേക്ക് നയിക്കുന്നത്തിനു സാഹചര്യമൊരുക്കുന്നുണ്ട്.
വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവാക്കളെ ആകർഷിച്ചിരുന്ന ഉയർന്ന ജീവിതനിലവാരം, സ്വന്തം നാടായ കേരളത്തിൽത്തന്നെ ലഭ്യമാക്കാനായാൽ അവർക്ക് വിദേശത്തേക്ക് പോകാനുള്ള താല്പര്യമില്ലാതാവുകയും, നാട്ടിൽത്തന്നെ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യും.
എന്നാൽ സ്വപ്നം കണ്ട വിദേശരാജ്യങ്ങളിലെ യഥാർത്ഥ ജീവിതാവസ്ഥ തിരിച്ചറിഞ്ഞതോടെ കേരളത്തിൽ നിന്നുള്ള കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്കിൽ അടുത്തകാലത്തായി ഗണ്യമായ തോതിൽ കുറവുണ്ടായിട്ടുണ്ട്. ഇന്ന് വിദേശത്തെത്തുന്ന വിദ്യാർ ത്ഥികൾ സുരക്ഷിതമായ താമസസൗകര്യത്തിന്റെയും ഉയർന്ന ജീവിതച്ചെലവിന്റെയും വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. സാമ്പത്തിക മാന്ദ്യവും വിദ്യാർത്ഥികളുടെ പെരുപ്പവും കാരണം മാസ്റ്റർ ഡിഗ്രി കഴിഞ്ഞവർക്കുപോലും യോഗ്യതയ്ക്കൊത്ത ജോലിയോ ശമ്പളമോ ലഭിക്കാത്ത അവസ്ഥ യാണ്. ഇതിനുപുറമേ, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അടുത്തിടെ വരുത്തിയ വിസ, ഇമിഗ്രേഷൻ നയങ്ങളിലെ കടുത്ത നിയന്ത്രണങ്ങളും ചെറുപ്പക്കാരെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. സ്റ്റുഡന്റ് വിസ ക്വാട്ട വെട്ടിച്ചുരുക്കിയതും, പഠനശേഷം പങ്കാളിയെയോ കുടുംബത്തെയോ (Dependents) ഒപ്പം കൊണ്ടു പോകുന്നതിന് വിലക്കേർപ്പെടു ത്തിയതും, പോസ്റ്റ്-സ്റ്റഡി വർക്ക് വിസ വ്യവസ്ഥകൾ കർശനമാക്കിയതും വിദേശ പഠനത്തോടുള്ള ആകർഷണം വലിയ തോതിൽ കുറച്ചിട്ടുണ്ട്.
മലയാള സിനിമയായ ‘പ്രേമലു’വിലെ സ്വപ്നസദൃശമായ വിദേശപഠന കാഴ്ചപ്പാടിൽ നിന്ന് ‘വാഴ 2’വിലെ കഠിനമായ യാഥാർത്ഥ്യത്തിലേക്ക് ഇന്നത്തെ യുവതലമുറ എത്തിച്ചേർന്നിരിക്കുന്നു. ലക്ഷങ്ങൾ കടമെടുത്ത് വിദേശത്തെത്തിയാൽ ആ ബാധ്യതകൾ തീർക്കാൻ പോലും പ്രയാസമാണെന്ന യാഥാർത്ഥ്യം മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങി. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയും ജോലിയില്ലാ തെയും തിരിച്ചെത്തുന്നതോടെ വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാനാവാതെ വരികയും, ആർ.ബി.ഐ (RBI), സിബിൽ (CIBIL) ഡാറ്റ പ്രകാരം കിട്ടാക്കടങ്ങൾ (NPA) ഉയർന്ന് പല ഇടത്തരം കുടുംബങ്ങളും വൻ സാമ്പത്തിക കടക്കെണി യിൽ അകപ്പെടുകയും ചെയ്യുന്നു.
മികവ് പുലർത്തുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോളേജുകൾക്കും ഭരണപരവും അക്കാദമികവുമായ സ്വയംഭരണം (Autonomy) പൂർണ്ണമായ തോതിൽ നൽകി പ്രൊഫഷണലിസം വളർത്തേണ്ടതുണ്ട്.
പുഷ് - പുൾ ഫാക്ടറുകൾ
മൈഗ്രേഷൻ തിയറിയിലെ ‘പുഷ്-പുൾ ഫാക്ടർ മോഡൽ’ വെച്ച് വിലയിരുത്തുമ്പോൾ വിദേശ രാജ്യങ്ങളിലേക്ക് മുൻ കാലങ്ങളിൽ യുവാക്കളെ ആകർഷിച്ചിരുന്ന പുൾ ഫാക്ടറു കൾ (Pull Factors) വളരെ ദുർബലമായിരിക്കുന്നു. വിദേശ രാജ്യങ്ങളിലെ ഉയർന്ന ശമ്പളം, അനായാസം ലഭിക്കുന്ന പാർട്ട് ടൈം ജോലികൾ, സ്ഥിരതാമസ ത്തിനുള്ള അവസരങ്ങൾ, പൗരത്വം, ആകർഷകമായ നൈറ്റ് ലൈഫ് സംസ്കാരം, പൂർണ്ണമായ വ്യക്തിസ്വാതന്ത്രം എല്ലാം ഇപ്പോൾ പഴങ്കഥകളായി രിക്കുന്നു. എന്നാൽ നമ്മുടെ യുവാക്കൾ കേരളത്തിൽ നിൽക്കാൻ മടിക്കുന്നതിന്റെ കാരണങ്ങളായ പുഷ് ഫാക്ടറു കൾ (Push Factors) ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. യുവാക്കൾ ആഗ്രഹിക്കുന്ന തരത്തിലുള്ള തൊഴിൽ സാഹചര്യങ്ങളോ അക്കാഡമിക് സിലബസോ പഠനരീതികളോ വ്യക്തിസ്വാതന്ത്ര്യമോ, മോറൽ പോലീസിംഗും ജഡ്ജ്‌മെന്റും ഇല്ലാത്ത അന്തരീക്ഷമോ ഇപ്പോഴും നമ്മുടെ കേരളത്തിൽ രൂപപ്പെട്ടിട്ടില്ല. വിദേശരാജ്യങ്ങളി ലേക്ക് നമ്മുടെ യുവാക്കളെ ആകർഷിച്ചിരുന്ന ഉയർന്ന ജീവിതനിലവാരം, സ്വന്തം നാടായ കേരളത്തിൽത്തന്നെ ലഭ്യമാക്കാനായാൽ അവർക്ക് വിദേശത്തേക്ക് പോകാനുള്ള താല്പര്യമില്ലാതാവുകയും, നാട്ടിൽത്തന്നെ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യും.
ബജറ്റ് പ്രഖ്യാപനങ്ങളും പ്രതീക്ഷകളും
വിദേശരാജ്യങ്ങളിലെ ‘പുൾ ഫാക്ടറുകൾ’ (Pull Factors) ദുർബലമായിരിക്കുന്ന ഒരു സ്ട്രാറ്റജിക് ടൈം പോയിന്റിൽ ആണ് കേരള ബഡ്ജറ്റ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശ്രീ. വി ഡി സതീശൻ കേരള ബജറ്റ് 2026 അവതരിപ്പിച്ചിരിക്കുന്നത്. വിദേശത്തേക്കുള്ള നമ്മുടെ യുവാക്കളുടെ ഒഴുക്ക് കുറയ്ക്കുന്നതിനായി ഈ ബജറ്റ് വിഭാവനം ചെയ്യുന്ന വികസന പദ്ധതികളെക്കുറിച്ച് നമുക്ക് വസ്തുതാപരമായി വിശകലം ചെയ്യാം.
സാമ്പത്തികം: കേരളത്തിലുള്ളവർക്കും വിദേശത്തുനിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവർക്കും അവരുടെ മൂലധനവും പരിചയസമ്പത്തും ഉപയോഗിച്ച് പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഈ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന ‘ഇൻവെസ്റ്റ് ഇൻ കേരള’ പദ്ധതി സഹായകമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇ-കോമേഴ്സ്, ഡിജിറ്റൽ ഓട്ടോമേഷൻ എന്നിവ വഴി MSME-കളെ ശക്തിപ്പെടുത്തുന്നതും, സെമികണ്ടക്ടർ മിഷൻ, IT ഹബ്ബുകൾ എന്നിവയിൽ നിക്ഷേപം നടത്തുന്നതും കേരളത്തിലെ സാമ്പത്തിക അന്തരീക്ഷത്തിനു വലിയ ഉണർവാകും.
വിദേശ രാജ്യങ്ങളിലേതു പോലെ പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള പെയ്ഡ് ഇന്റേൺഷിപ്പുകൾ യാഥാർത്ഥ്യമാകു ന്നതും, ജെൻ സി തലമുറക്കായി സ്റ്റാർട്ടപ്പ് സംസ്കാരം പ്രോത്സാഹിപ്പിച്ച് യുവാക്കളെ തൊഴിൽ ദാതാക്കളാക്കി മാറ്റുന്നതും കേരളത്തെ ആകർഷകമായ ഒരു പ്രധാന വിദ്യാഭ്യാസ - തൊഴിൽ ഹബ്ബാക്കി മാറ്റി തീർക്കും.
തൊഴിൽ: ആഗോള തൊഴിൽ വിപണിയിലെ മാറ്റങ്ങൾ മുൻകൂട്ടിയറിഞ്ഞ് കേരളത്തിലെ കോഴ്സുകളും പരിശീലന പദ്ധതികളും അപ്ഡേറ്റ് ചെയ്യാൻ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ വിഭാവനം ചെയ്യുന്നതും, ആഗോള കമ്പനികൾക്കായി നാട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന ‘വർക്ക് ഫ്രം കേരള’ പദ്ധതിയും ജിഗ് എക്കണോമിക്കുള്ള പ്രോത്സാഹനവും യുവാക്കളുടെ വിദേശ കുടിയേറ്റം കുറയ്ക്കുന്നതിന് സഹായകരമായിരിക്കും. വിദേശത്തുള്ള വൻകിട കമ്പനികൾക്കുവേണ്ടി കേരളത്തിലെ സ്വന്തം ഗ്രാമങ്ങളിലിരുന്ന് ജോലി ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങൾ (High-speed Internet, Co-working spaces) ഒരുങ്ങുന്നതോടെ, വിദേശത്തു ലഭിക്കുന്ന ഉയർന്ന വരുമാനം നാട്ടിലിരുന്ന് തന്നെ സമ്പാദിക്കാൻ യുവാക്കൾക്ക് കഴിയും. ഇത് ചെറുപ്പക്കാരെ നാട്ടിൽത്തന്നെ നിലനിർത്താൻ സഹായിക്കുന്ന ഒരു ‘റിവേഴ്സ് മൈഗ്രേഷൻ’ ട്രെൻഡിന് തുടക്കമിടും. വിദേശരാജ്യങ്ങളിലേതുപോലെ പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള പെയ്ഡ് ഇന്റേൺഷിപ്പുകൾ യാഥാർത്ഥ്യമാകുന്നതും, ജെൻ സി തലമുറക്കായി സ്റ്റാർട്ടപ്പ് സംസ്കാരം പ്രോത്സാഹിപ്പിച്ച് യുവാക്കളെ തൊഴിൽദാതാക്കളാക്കി മാറ്റുന്നതും കേരളത്തെ ആകർഷകമായ ഒരു പ്രധാന വിദ്യാഭ്യാസ - തൊഴിൽ ഹബ്ബാക്കി മാറ്റി തീർക്കും.
വിദ്യഭ്യാസം: റിസർച്ച് പാർക്കുകൾ, സെന്റർ ഫോർ എക്സലൻസ് എന്നിവയെ കോർത്തിണക്കി സ്ഥാപിക്കുന്ന ‘കേരള നോളഡ്ജ് വാലി’യിലൂടെ (Kerala Knowledge Valley) അന്താരാഷ്ട്ര, ദേശീയ യൂണിവേഴ്സിറ്റികൾക്ക് കേരളത്തിലേക്ക് വരാനും വിദ്യാർത്ഥികൾക്ക് നാട്ടിൽത്തന്നെ ആഗോള നിലവാരമുള്ള വിദ്യാഭ്യാസം നേടാനും സാധിക്കും. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡാറ്റാ സയൻസ്, ഐ.ഒ.ടി, വി.ആർ തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിലെ ഗവേഷണത്തിനും ഇന്നൊവേഷനുകൾക്കുമായി ₹50 കോടി വകയിരുത്തിയത് വിദ്യാർത്ഥികളെ പുതിയ കാലത്തെ തൊഴിലുകൾക്ക് പ്രാപ്തരാക്കും. വിദേശ വിദ്യാർത്ഥികൾക്കായുള്ള ‘സെമസ്റ്റർ ഇൻ കേരള’ പദ്ധതിയിലൂടെ വിദേശ വിദ്യാർത്ഥികൾ ഇങ്ങോട്ട് എത്തുകയും അങ്ങനെ കേരളം ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ ‘ഗ്ലോബൽ എഡ്യൂക്കേഷൻ ആൻഡ് ഇന്നൊവേഷൻ ഹബ്ബ്’ ആയി മാറ്റുന്നതിനായും ബഡ്ജറ്റിൽ പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സിലബസ് പരിഷ്കരണവും വിദേശ യൂണിവേഴ്സിറ്റികളുടെ വരവും ചർച്ച ചെയ്യപ്പെടുമ്പോഴും, സർവ്വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളും അക്കാദമിക് രംഗത്തെ കടുംപിടുത്തങ്ങളും വലിയ പ്രതിബന്ധങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു.
സാമൂഹികം: വിദേശ രാജ്യങ്ങളിലേക്ക് കേരളത്തിലെ യുവാക്കളെ ആകർഷിക്കുന്ന ഒരു പ്രധാന കാരണമായ സ്വതന്ത്രമായ സാമൂഹിക അന്തരീക്ഷം, നൈറ്റ് ലൈഫ്, കൾച്ചറൽ സ്പേസുകൾ എന്നിവക്ക് മറുപടിയായി ഐടി ഹബ്ബുകൾ കേന്ദ്രീകരിച്ച് 24x7 നൈറ്റ് ലൈഫ് കോറിഡോറുകൾ സജ്ജമാക്കുന്നതിലൂടെ പാശ്ചാത്യ രാജ്യങ്ങൾക്ക് സമാനമായ ജീവിതശൈലി യുവാക്കൾക്ക് ലഭ്യമാക്കാനും ഗ്ലോബൽ കമ്പനികളെ ആകർഷിക്കാനും സാധിക്കും. മ്യൂസിക്, ആർട്ട്, ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ എന്നിവയ്ക്കായി ക്രിയേറ്റീവ് യൂത്ത് ഹബ്ബുകൾ സ്ഥാപിക്കുന്നു.
സാധ്യതകളും വെല്ലുവിളികളും
കേരളത്തിന്റെ കടബാധ്യത 5 ലക്ഷം കോടി കവിഞ്ഞുനിൽക്കുന്നതും, റവന്യൂ വരുമാനത്തിന്റെ വലിയൊരു പങ്കും (77%-ഓളം) ശമ്പളം, പെൻഷൻ, പലിശ തിരിച്ചടവ് എന്നിവയ്ക്കായി മാറ്റിവെക്കേണ്ടി വരുന്നതും വലിയൊരു സാമ്പത്തിക പ്രയാസമാണ്. അടിസ്ഥാന സൗകര്യങ്ങൾക്കും നവീകരണത്തിനുമായി മൂലധന നിക്ഷേപത്തിന് വെറും 1.3% ഓളം മാത്രമാണ് തികയുന്നത് എന്നത് സർക്കാരിന് സ്വന്തം ഫണ്ട് ഉപയോഗിച്ച് വികസനം നടത്താനുള്ള ശേഷിയെ കാര്യമായി പരിമിതപ്പെടുത്തുന്നു. അതിനാൽ, ഈ പദ്ധതികൾക്ക് ജീവൻ നൽകണമെങ്കിൽ പ്രത്യയശാസ്ത്രപരമായ തർക്കങ്ങൾ മാറ്റിവെച്ച് ‘പബ്ലിക്-പ്രൈവറ്റ് പാർണർഷിപ്പ്’ (PPP) മാതൃകകളും, സ്വകാര്യ നിക്ഷേപങ്ങളും, അന്താരാഷ്ട്ര ഫണ്ടുകളും കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇതിനായി, ഗവൺമെന്റ് വിദേശ / സ്വകാര്യ നിക്ഷേപകർക്ക് മുന്നിൽ നയപരമായ സുതാര്യതയും, സ്വകാര്യ നിക്ഷേപ സൗഹൃദ അന്തരീക്ഷവും (Ease of Doing Business) ഒരുക്കുകയും വേണം. പദ്ധതികളുടെ ദീർഘവീക്ഷണം എത്ര മികച്ചതാണെങ്കിലും, ഉദ്യോഗസ്ഥതലത്തിലുള്ള മന്ദഗതിയും അനുമതികൾ വൈകുന്നതും നിക്ഷേപകരെയും സംരംഭകരെയും പിന്നോട്ടടിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ പരിവർത്തനം ചെയ്യേണ്ടതുണ്ട്.
സിലബസ് പരിഷ്കരണവും വിദേശ യൂണിവേഴ്സിറ്റികളുടെ വരവും ചർച്ച ചെയ്യപ്പെടുമ്പോഴും, സർവ്വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളും അക്കാദമിക് രംഗത്തെ കടുംപിടുത്തങ്ങളും വലിയ പ്രതിബന്ധങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു. ഈ വെല്ലുവിളികൾ മറികടന്ന്, മികവ് പുലർത്തുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോളേജുകൾക്കും ഭരണപരവും അക്കാദമികവുമായ സ്വയംഭരണം (Autonomy) പൂർണ്ണമായ തോതിൽ നൽകി പ്രൊഫഷണലിസം വളർത്തേണ്ടതുണ്ട്. പ്രൈവറ്റ് യൂണിവേഴ്സിറ്റികളും ഡീംഡ് യൂണിവേഴ്സിറ്റികളും ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം. അതോടൊപ്പം, തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളുടെ സിലബസുകൾ നിരന്തരം പുതുക്കുകയും, പ്രായോഗിക പഠനരീതികൾ സ്വീകരിക്കുകയും വേണം. കേവലം തിയറി പഠനങ്ങൾക്കപ്പുറം യൂണിവേഴ്‌സിറ്റികളും വ്യവസായ മേഖലയും തമ്മിലുള്ള മികച്ച സഹകരണം (Industry-Academia Linkage) ഉറപ്പാക്കേണ്ടതുണ്ട്. വ്യവസായ ലോകത്തിന് ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ (Practical Skills) നൽകാൻ കഴിയുന്ന രീതിയിൽ കോഴ്‌സുകൾ പുനഃസംഘടിപ്പിച്ചാൽ മാത്രമേ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽ വിപണിയിൽ തിളങ്ങാൻ സാധിക്കൂ.
ആധുനിക രീതിയിലുള്ള ജീവിതശൈലിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും തടസ്സമാകുന്ന സദാചാര പോലീസിംഗിനെതിരെ കടുത്ത നിയമനടപടികളും കർശന നിയമപരിരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം രാത്രികാലങ്ങളിൽ ക്രമസമാധാനം പാലിക്കുന്നതിനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വ്യക്തമായ പദ്ധതികൾ ഉണ്ടായിരിക്കണം.
യുവാക്കൾക്ക് മാനസികോല്ലാസത്തിനും ക്രിയേറ്റീവിറ്റിക്കുമുള്ള സാംസ്കാരിക ഇടങ്ങളും 24x7 നൈറ്റ് ലൈഫ് സംസ്കാരവും നടപ്പിലാക്കുമ്പോൾ സമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉയരാൻ സാധ്യതയുണ്ട്. ആധുനിക രീതിയിലുള്ള ജീവിതശൈലിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും തടസ്സമാകുന്ന സദാചാര പോലീസിംഗിനെതിരെ കടുത്ത നിയമനടപടികളും കർശന നിയമപരിരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം രാത്രികാലങ്ങളിൽ ക്രമസമാധാനം പാലിക്കുന്നതിനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വ്യക്തമായ പദ്ധതികൾ ഉണ്ടായിരിക്കണം.
ഉപസംഹാരം
ജെൻ-സികളുടെ പ്രശ്നങ്ങളെയും ആവശ്യങ്ങളെയും കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നു എന്ന അർത്ഥത്തിൽ ഇതൊരു മികച്ച ബഡ്ജറ്റാണ്. സാമ്പത്തിക - തൊഴിൽ - വിദ്യാഭ്യാസ - സാമൂഹിക യാഥാർത്ഥ്യങ്ങളെ ഈ ബജറ്റ് വസ്തുതാപരമായി വിലയിരുത്തുകയും ഭാവിയിലേക്കുള്ള ഒരു കൃത്യമായ ദിശാബോധം നൽകുകയും ചെയ്യുന്നു. കേരളത്തിന്റെ സമഗ്രമായ ഒരു രോഗനിർണ്ണയം (ഡയഗ്നോസിസ്) പൂർണ്ണമായി നടത്തിയിട്ടുണ്ട് എങ്കിലും പ്രതിവിധികൾ (ട്രീറ്റ്‌മെന്റ്സ്) ആരംഭ ഘട്ടത്തിൽ മാത്രമാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്ന് രണ്ട് ആഴ്ചക്കുള്ളിൽ അവതരിപ്പിച്ച ഒരു ഇടക്കാല ബജറ്റ് എന്ന നിലയിൽ ഈ ബജറ്റ് അഭിനന്ദനാർഹമായ ഒരു മുന്നേറ്റമാണ്. എന്നാൽ കടലാസിലെ പദ്ധതികളും മനോഹരമായ പ്രഖ്യാപനങ്ങളും പ്രായോഗിക തലത്തിൽ നടപ്പിലാക്കുക എന്നതാണ് അടുത്ത വലിയ കടമ്പ. സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കഴിഞ്ഞാൽ മാത്രമേ കേരളത്തിന് നഷ്ടപ്പെട്ട കഴിഞ്ഞ പത്തു വർഷത്തെ വികസനം തിരിച്ചുപിടിക്കാനും സാധിക്കൂ. റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ ഓർമ്മിപ്പിക്കുന്നതുപോലെ Miles to go before I sleep!