Coverstory

ആത്മപരിശോധന എവിടെ? ഒരു വയോധികന്റെ വിചാരങ്ങള്‍

പി.വി. ജോസഫ് പുന്നയ്ക്കല്‍

Sathyadeepam
യേശു ആവശ്യപ്പെടുന്ന വചന ജീവിതം സാധ്യമാക്കണമെങ്കില്‍ അനുദിനജീവി തത്തിന് ഏറ്റവും ചേരുന്ന ബൈബിള്‍ വചനങ്ങളെങ്കിലും പഠിക്കണം. നിത്യജീവിതത്തില്‍ വചനങ്ങള്‍ പരസ്പരം ഓര്‍മ്മപ്പെടുത്തുകയും വേണം. മനസ്സില്‍ കയറിയെങ്കിലേ പ്രവൃത്തിയില്‍ വരുത്താന്‍ കഴിയൂ.

ആത്മപരിശോധന എന്നൊന്ന് ഇന്നു നമ്മുടെ ഇടയില്‍ ഉണ്ടോ എന്ന് എപ്പോഴും സംശയം തോന്നാറുണ്ട്. കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ ഇത് കുറച്ചൊക്കെ നടക്കുന്നുവെന്ന് വിചാരിക്കാം. നിത്യജീവിതത്തില്‍ ഈ ക്രിയയ്ക്ക് എന്ത് സ്ഥാനമാണുള്ളത്? കുട്ടിക്കാലത്ത് രാത്രിയുറക്കത്തിനു മുമ്പായി, പോയ പകലില്‍ വിചാരത്തിലും സംസാരത്തിലും പ്രവൃത്തികളിലും താന്‍ എങ്ങനെയൊക്കെയായിരുന്നുവെന്ന് ആത്മ പരിശോധന ചെയ്യണമെന്ന് ചില രക്ഷിതാക്കള്‍ മക്കളോടു പറഞ്ഞിരുന്നു. അന്നത്തെ നല്ലതും ചീത്തയുമൊക്കെ പരിശോധിച്ച് മേലില്‍ നന്മകള്‍ മാത്രം ചെയ്യാന്‍ ശീലിക്കണമെന്ന ആഗ്രഹം വര്‍ദ്ധിപ്പിക്കണം. മാതാപിതാക്കള്‍ മക്കളെ പരിശീലിപ്പിക്കേണ്ട അതിപ്രധാന സദ്ഗുണമാണിത്. കൂദാശകളും പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യവും വഴി സ്വര്‍ഗ്ഗപ്രാപ്തി ഉണ്ടാക്കാമെന്ന് നാം ധരിച്ചുവച്ചിരിക്കുന്നു. യോഗ്യതയോടെ ആണെങ്കില്‍ പ്രശ്‌നമില്ല. പക്ഷെ, പലപ്പോഴും അയോഗ്യതയോടെയാണ് നടത്തുന്നത്.

നിയമാനുസരണം ആവശ്യമായ ഒരുക്കത്തോടെ ഇവയെല്ലാം നടത്തേണ്ടത് അത്യന്താപേക്ഷിതമായിരിക്കെത്തന്നെ അനുപേക്ഷണീയമായ വചനജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ നമ്മള്‍ തയ്യാറാകുന്നില്ല. വിലപിടിച്ച വസ്ത്രങ്ങളും ധരിച്ച് അണിഞ്ഞൊരുങ്ങി അടിപൊളിയായി ലൗകിക ജീവിതം നയിക്കുകയാണ്. ആത്മീയതയെപ്പറ്റി പറയുമ്പോള്‍; നിങ്ങളുടെ ആത്മരക്ഷനോക്കി നിങ്ങള്‍ ജീവിച്ചാല്‍ പോരേ, മറ്റുള്ളവരെ ഉപദ്രവിക്കുന്നതെന്തിനാ എന്നു ചോദിച്ചിട്ടുള്ളവര്‍ പോലുമുണ്ട്. അവരവരുടെ ബോധ്യമനുസരിച്ച് മനുഷ്യര്‍ ജീവിച്ചാല്‍ മതിയെന്നാണു മിക്കവരുടെയും ധാരണ. എന്റെ ആത്മാവിന്റെ രക്ഷമാത്രം ഞാന്‍ സൂക്ഷിക്കുമ്പോള്‍ 'തന്നത്താന്‍ സ്‌നേഹിക്കുന്നതുപോലെ അയല്‍ക്കാരെയും സ്‌നേഹിക്കണം' എന്ന യേശുവിന്റെ രാജകീയ കല്‍പ്പനയിലെ വരികള്‍ ഓര്‍ക്കും. സഹജീവികളെ വിട്ട് തന്റെ സ്വര്‍ഗ്ഗം മാത്രം ലക്ഷ്യമാക്കിയുള്ള ജീവിതം എങ്ങനെയാണ് ക്രിസ്തീയ മാകുന്നത്? 'നീ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കല്‍ ചെല്ലുമ്പോള്‍ നിന്റെ സഹോദരനെവിടെ?' എന്നൊരു ചോദ്യമുണ്ടെന്ന് എസക്കിയേലിന്റെ പുസ്തകത്തിലോ, മറ്റേതോ പുസ്തകത്തിലോ വായിച്ചതായി ഓര്‍മ്മവരുന്നു. സന്മാതൃകകളിലൂടെ ആടുകളെ നയിക്കുക എന്ന് ഇടയന്മാരോട് പറയുന്നതും ഇവിടെ സ്മരണീയമാണ്. 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. അതുമൂലം നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും'' എന്ന തിരുവചനവും 'ഞാന്‍ കുറയണം, അവന്‍ വളരണം' എന്ന സ്‌നാപക യോഹന്നാന്റെ വാക്കുകളും ഓര്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ മാത്രമോ അതിന്റെ അര്‍ത്ഥം? സ്വന്തം ബോധ്യങ്ങള്‍ കളഞ്ഞ് ക്രിസ്തുവിന്റെ ബോധ്യങ്ങള്‍ സ്വന്തമാക്കണമെന്നുകൂടി ആ മൊഴികള്‍ക്കര്‍ത്ഥമില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? പരസ്പരസ്‌നേഹമുണ്ടെങ്കില്‍ നിത്യജീവിതത്തില്‍ സന്ദര്‍ഭാനുസരണം ദൈവവചനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് എത്രയോ നല്ലതാണ്. അതു ചെയ്യുമ്പോള്‍ 'എന്നെ പഠിപ്പിക്കാന്‍ വരേണ്ട' എന്നു പറയുന്നവര്‍ പോലുമുണ്ട്. സെന്റ് പോളിന്റെ ഒരു ലേഖനത്തില്‍ ''ഇപ്പോള്‍ നിങ്ങള്‍ പരസ്പരം ഉപദേശിക്കാന്‍ കഴിവുള്ളവരാണെന്ന് എനിക്ക് അറിയാം'' എന്ന ദൈവവചനത്തിന് എവിടെയാണ് സ്ഥാനം? പ്രേഷിതദൗത്യം അക്രൈസ്തവരോടു മാത്രമുള്ളതാണോ? ദൈവവചനങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ ആര്‍ക്കാണ് ആഗ്രഹമുള്ളത്?

ഇന്നത്തെ സമൂഹത്തിന്റെ പോക്ക് എങ്ങോട്ട് എന്നു ചിന്തിച്ചുനോക്കേണ്ടത് ഒരു അടിയന്തരാവശ്യമാണെന്നു തോന്നുന്നു. എത്ര തലമുറയ്ക്ക് സമ്പാദിക്കാമോ അത്രയ്ക്ക് സമ്പാദിച്ചു കൂട്ടുന്ന പ്രവണത ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. പലരും സമ്പാദ്യത്തിന് ഏതു കുല്‍സിത മാര്‍ഗ്ഗവും വക്രതയും സ്വീകരിക്കാന്‍ മടിക്കാത്തവരാണ്. ലൗകിക ജീവിത വൃത്തികള്‍ എളുപ്പത്തിലാക്കാനും സുഖങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള വസ്തുക്കള്‍ ശാസ്ത്രം അനുദിനമെന്നോണം പുറത്തു കൊണ്ടുവരുന്നു. വീണ്ടും പുതിയവയ്ക്കായി ഗവേഷണത്തില്‍ മുഴുകുകയും ചെയ്യുന്നു. ഇതെല്ലാം ഉപയോഗിക്കാന്‍ പണമെത്രയുണ്ടെങ്കിലും പോരാതെയേ വരൂ. അതുകൊണ്ട് വന്‍ശമ്പളക്കാരായി ജോലി ലഭിക്കുന്നതിനായി മക്കളെ പഠിപ്പിച്ചൊരുക്കുകയാണ് നമ്മളൊക്കെ ചെയ്യുന്നത്. വിദേശത്തു വിടാന്‍ കഴിഞ്ഞാല്‍ ഏറെ സന്തോഷം. വൃദ്ധരും ഒരുപക്ഷേ രോഗികളും കൂടിയായ മാതാപിതാക്കള്‍ ഇതിനുവേണ്ടി ഒറ്റയ്ക്ക് താമസിക്കാനോ വൃദ്ധമന്ദിരത്തില്‍ പാര്‍ക്കാനോ തയ്യാറാണ്. ലൗകികമായി ചിന്തിച്ചാല്‍ ഇതിലെന്താണ് തെറ്റ്? അവര്‍ക്കു വേണ്ടിയല്ലേ നാം ജീവിക്കേണ്ടത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നേക്കാം. പക്ഷേ, മൂല്യങ്ങളെ അവഗണിക്കുന്നത് അതിരു വിട്ടു പോകുന്നില്ലേ എന്നു ചോദിച്ചാല്‍ എന്തുപറയും? സ്വന്തം കുടുംബത്തിലേക്കു മാത്രം പിന്‍വലിയുന്നത് ഒരു സംഘടിതസ്വാര്‍ത്ഥതതന്നെയാണ്. സ്‌നേഹമോ കടപ്പാടുകളോ ഇവിടെ വിഷയമല്ല. ദരിദ്രരുടെ ജീവിതം നമുക്കൊരു പ്രശ്‌നമേയല്ല. അപ്പക്കഷണങ്ങള്‍ എറിഞ്ഞാല്‍ മതിയോ? ധനികനായ ഒരു വിശ്വാസിയോട് നിനക്കുള്ളതു മുഴുവന്‍ വിറ്റ് ദരിദ്രര്‍ക്കു കൊടുത്തിട്ട് നിന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരിക എന്നു പറഞ്ഞത്, ദരിദ്രരെക്കുറിച്ച് നമുക്ക് നല്ല കരുതല്‍ വേണം എന്ന അര്‍ത്ഥത്തിലാണ്. 'തന്നത്താന്‍ സ്‌നേഹിക്കുന്നതുപോലെ മറ്റെല്ലാവരെയും സ്‌നേഹിക്കുക' എന്ന ദൈവവചനം കടലാസില്‍ ഉറങ്ങുന്നു. ഈ പോക്ക് ലൗകികം തന്നെയാണ്. ''യേശുവിലാണെന്റെ ആശ, കീശയിലാണെന്റെ കൈ'' എന്നാരോ പറഞ്ഞ ഫലിതം കാര്യമായിട്ടാണെന്നോര്‍ത്തു പോകുന്നു. ''നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്'' എന്ന സെന്റ് പോളിന്റെ റോമാക്കാര്‍ക്കുള്ള ലേഖനത്തിന്റെ വരികള്‍ക്ക് ഒരു വിലയുമില്ല. ''ഈ ജനം അധരംകൊണ്ട് എന്നെ സ്തുതിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്ന് വളരെ അകലെയാണ്. വ്യര്‍ത്ഥമായി എന്നെ ആരാധിച്ചു കൊണ്ട് ലോകതത്വങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു'' എന്ന തിരുവചനമോര്‍ക്കുക. വക്രതയും കൊള്ളരുതായ്മയും കൊടികുത്തി വാഴുകയാണ്. അഥവാ, അവയൊക്കെ പഴയകാലത്തെക്കാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകമാണിത്. നമ്മളും നാടോടുമ്പോള്‍ നടുവേ ഓടുന്നു. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായിത്തീരേണ്ട നാം ഇപ്പോള്‍ എവിടെയാണ്? ''എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ വചനങ്ങള്‍ സ്വീകരിക്കുകയും അവ പാലിക്കുകയും ചെയ്യും'' എന്നു പറഞ്ഞ യേശുവിനെ നാം ഓര്‍ക്കേണ്ടതാണ്. ദൈവവചനങ്ങള്‍ പഠിക്കുന്നതിനോ, പാലിക്കുന്നതിനോ നമുക്കുള്ള ഉത്സാഹം എത്രയോ കമ്മിയാണ്. പള്ളിയില്‍ പോക്കിനോടൊപ്പംതന്നെ അനുദിന ജീവിതത്തില്‍ പാലിക്കേണ്ട വചനങ്ങളെങ്കിലും പ്രത്യേകം പഠിച്ച് അവ അനുവര്‍ത്തിച്ച് കുട്ടികള്‍ക്കു കൂടി മാതൃകയാകാന്‍ നാം മനസ്സു വയ്‌ക്കേണ്ടതല്ലേ. 119-ാം സങ്കീര്‍ത്തനത്തില്‍ ദാവീദ് എഴുതിയിട്ടുള്ളത് അനുകരണീയമാണ്. താന്‍ രാപ്പകലില്ലാതെ ദൈവ വചനങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവ മറക്കാതെ പാലിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ബൈബിളില്‍ എത്രയോ ഇടങ്ങളിലാണ് പരസ്പര സ്‌നേഹത്തെക്കുറിച്ച് യേശു പറഞ്ഞിട്ടുള്ളത് എന്നതിനു കണക്കില്ല. അതുപോലെതന്നെ സെന്റ് പോളിന്റെയും സെന്റ് ജോണിന്റെയും ലേഖനങ്ങളിലും എത്രയോ തവണ ഈ കാര്യം എഴുതിയിരിക്കുന്നു. നമ്മുടെ ഉള്ളിലൊന്നും അവ കടന്നിട്ടില്ല. കടത്താന്‍ നമ്മള്‍ ആഗ്രഹിക്കുന്നുമില്ല. 1 കോറി. 13-ല്‍ 'സ്‌നേഹം സര്‍വ്വോത്കൃഷ്ടം' എന്ന ഉപശീര്‍ഷകത്തില്‍ സെന്റ് പോള്‍ എഴുതിയിരിക്കുന്നതു വായിച്ചാല്‍ കുളിരു കോരിപ്പോകും. സ്‌നേഹത്തെപ്പറ്റി ഒരു വിശ്വസാഹിത്യകാരനും കഴിയാത്തത്ര മനോഹരമായി, കാര്യ മാത്ര പ്രസക്തമായി, അര്‍ത്ഥസംപുഷ്ടമായി മറ്റൊരിടത്തും ഈ ലേഖകന്‍ വായിച്ചിട്ടില്ല. പരിശുദ്ധാത്മാവിനാല്‍ നിവേശിതമായ ദൈവവചനങ്ങളല്ലേ, എങ്ങനെ ശ്രേഷ്ഠമാകാതിരിക്കും. ഗലാ. 5-ല്‍ പറഞ്ഞിട്ടുള്ള പരിശുദ്ധാത്മാവിന്റെ 9 ഫലങ്ങളില്‍ ആദ്യത്തേതു സ്‌നേഹം തന്നെയാണ്. ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയാണ് ബാക്കിയുള്ളവ. ഇവയനുസരിച്ചാണ് ഓരോ ക്രിസ്ത്യാനിയും ജീവിക്കേണ്ടത്. ഇവയൊക്കെ ആരു ശ്രദ്ധിക്കുന്നു? പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ഏറെയും പരിശുദ്ധാത്മാവിന് എതിര്‍സാക്ഷികളാകുന്നു.

ഏതൊരു മതവും ഓരോരോ ജീവിതരീതികളാണ് മനുഷ്യരോട് ആവശ്യപ്പെടുന്നത്. '"God is Love'' എത്രയോ പ്രചാരം നേടിക്കഴിഞ്ഞ ദൈവവചനമാണ്. സ്‌നേഹജീവിതം നയിക്കുന്ന ആളേ യഥാര്‍ത്ഥ ക്രിസ്ത്യാനി ആകുന്നുള്ളൂ. ദൈവസ്‌നേഹത്താലും പരസ്പര സ്‌നേഹത്താലും ബന്ധിതമാണിത്. ''സ്‌നേഹിക്കുന്നവന്‍ ദൈവത്തില്‍ നിന്നുള്ളവനാണ്. സ്‌നേഹിക്കാത്തവന്‍ ദൈവത്തില്‍ നിന്നുള്ളവനല്ല,'' ''കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവമുണ്ടെന്നു പറയുന്നവന്‍ വ്യാജം പറയുന്നു. എന്നതെല്ലാം സദാ ഓര്‍ക്കേണ്ട വചനങ്ങളാണ്. ''അടുത്തു നില്‍പ്പൊരു അനുജനെക്കാണാന്‍ അക്ഷികളില്ലാത്തോര്‍ക്ക് അരൂപനാമീശ്വരന്‍ അദ്യശ്യനായാല്‍ അതിലെന്താശ്ചര്യം'' എന്ന മഹാകവി ഉള്ളൂരിന്റെ വരികള്‍ ഓര്‍ത്തുപോകുന്നു.

മഹാകവി ബൈബിള്‍ സ്വാധീനത്തില്‍ നിന്നോണോ

''ഒരൊറ്റ മതമൊന്നുലകിന്നുയിരാം

പ്രേമമതൊന്നല്ലോ

പരക്കെ നമ്മെ പാലമൃതൂട്ടും

പാര്‍വ്വണ ശശിബിംബം''

എന്നു തുടങ്ങുന്ന ''പ്രേമസംഗീതം'' എന്ന കവിത രചിച്ചതെന്നു തോന്നിപ്പോകുന്നു. ക്രിസ്തുവിന്റെ ജനനശേഷം ലോകത്തുണ്ടായിട്ടുള്ള ഏതൊരു നീതിശാസ്ത്രത്തിനും ക്രിസ്തുവിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നു ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ എവിടെയോ എഴുതിയിട്ടുള്ളത് വായിച്ചതായി ഓര്‍ക്കുന്നു.

കല്‍പ്പനകളില്‍ ഏതാണു സു പ്രധാനമെന്നു ചോദിച്ച് നിയമപണ്ഡിതനോടു യേശു പറഞ്ഞ മറു പടിയില്‍ ക്രിസ്തുമതത്തിന്റെ മുഴുവന്‍ തത്വങ്ങളും അടങ്ങിയിട്ടുണ്ട്. ഒന്നാമതായി ''നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണാത്മാവോടുംകൂടി സ്‌നേഹിക്കുക.'' ഇതാണ് പ്രഥമവും പ്രധാനവുമായ കല്‍പ്പന. രണ്ടാമത്തേതും ഇതിനു തുല്യംതന്നെ. നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഈ രണ്ടു കല്പനകളില്‍ എല്ലാ നിയമങ്ങളും പ്രവാചകന്മാരും അധിഷ്ഠിതമായിരിക്കുന്നു. മറ്റെന്തെല്ലാമൊക്കെ വിശുദ്ധഗ്രന്ഥത്തിലുണ്ടെങ്കിലും വള്ളിപുള്ളി വിസര്‍ഗ്ഗ സഹിതം അവ ഈ രണ്ടു വസ്തുതകളില്‍ ഒതുങ്ങുന്നതേയുള്ളൂവെന്നല്ലാതെ മറ്റെന്താണര്‍ത്ഥം. ഇവയൊക്കെ ആരറിയുന്നു, ആരോര്‍ക്കുന്നു? അതിനുള്ള ബലം നല്കുന്നതാണ് യോഗ്യതയോടെയുള്ള കൂദാശാ സ്വീകരണങ്ങള്‍.

ഇതിനു തുല്യംതന്നെ എന്നു പറയുന്ന 'സ്‌നേഹം' (അയല്‍ക്കാരനോടുള്ള സ്‌നേഹം) കേട്ടിട്ടു പോലുമില്ല എന്നു പോലും തോന്നിക്കുന്ന അവസ്ഥയിലാണ് നമ്മുടെ ജീവിതം. ഹിന്ദുമതത്തില്‍ 'അഹംഭാവത്തെ'യാണ് ഏറ്റവും നിഷിദ്ധമായി കാണുന്നത്. അധികംപേര്‍ക്കും 'ഈഗോ'യോ സൂപ്പര്‍ ഈഗോയോ ആണ്. സ്വാര്‍ത്ഥത ജീവികള്‍ക്കു ജന്മവാസനതന്നെ.

ഇങ്ങനെയൊക്കെ പറയാതിരിക്കാന്‍ കഴിയുന്നില്ല. ലൗകികസുഖങ്ങളില്‍ ആറാടി ജീവിക്കുന്ന നമുക്കുണ്ടോ അതിനു നേരം. ദൈവസ്‌നേഹത്തെയും പരസ്പര സ്‌നേഹത്തെയും പറ്റി എത്രയോ തവണയാണ് വിശുദ്ധഗ്രന്ഥത്തില്‍ യേശു അരുളിച്ചെയ്തിട്ടുള്ളതെന്നതിനു കണക്കില്ല. ''എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ കല്പന പാലിക്കുന്നു. ഇതാണെന്റെ കല്പന നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍'' ബൈബിളിനെ ''സ്‌നേഹം'' എന്ന ഒറ്റവാക്കില്‍ ഒതുക്കാം. സര്‍വ്വോപരിയായ ദൈവസ്‌നേഹവും പരസ്പരസ്‌നേഹവും.

''ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്ക്കുന്നതു പോലെ നിങ്ങള്‍ എന്റെ കല്പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്ക്കും.''

ഇതാണ് എന്റെ കല്പന: ''ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല. ഞാന്‍ നിങ്ങളോടു കല്പിക്കുന്നതു നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്.'' ഇനിയും എത്രയോ ഇടങ്ങളിലാണ് സന്ദര്‍ഭങ്ങളിലാണ് സ്‌നേഹത്തെപ്പറ്റിയുള്ള തിരുമൊഴികള്‍. അവയൊന്നും നാം സുപ്രധാനമാക്കിയിട്ടില്ല.

ബൈബിള്‍ വാക്യങ്ങളുടെ അക്കങ്ങള്‍ ഈ ലേഖനത്തില്‍ ബോധപൂര്‍വ്വം ഒഴിവാക്കിയതാണ്. അങ്ങനെ കൊടുക്കുന്നത് റഫറന്‍സിന് എളുപ്പമാകുമെന്ന് അറിയാഞ്ഞിട്ടല്ല. വചനങ്ങള്‍ക്കാണ് പ്രാധാന്യമെന്നിരിക്കെ വിശുദ്ധഗ്രന്ഥം നിത്യവും വായിച്ചു പ്രത്യേകിച്ച് ആകര്‍ഷണം തോന്നുന്ന വാക്യങ്ങള്‍ പഠിക്കാന്‍ തോന്നുന്നവര്‍ വേണമെങ്കില്‍ സ്വയം ചെയ്യട്ടെ എന്നു കരുതിയാണ്.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും