Coverstory

ഇന്ത്യയുടെ സ്വന്തം കാര്‍ലോ, ജെറിന്‍

Sathyadeepam
  • ദയ ലോറന്‍സ്

ഈ കാലഘട്ടത്തിന്റെ വിശുദ്ധിയില്‍ വളര്‍ന്ന് ചങ്കോടു ചേര്‍ത്തുപിടിച്ച ഈശോയെ, തനിക്ക് ലഭിച്ച സാങ്കേതികപരിജ്ഞാനത്താല്‍ ദൈവരാജ്യ വളര്‍ച്ചയ്ക്കായി സൈബറിടങ്ങളില്‍ സാക്ഷ്യമായി നിലകൊണ്ട ജീസസ് യൂത്തിന്റെ ധീരപോരാളി! ജെറിന്‍.

ബംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെയാണ്, കേവലം 23 വയസ്സ് മാത്രം പ്രായമുള്ള ജെറിന്‍ സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടത്. ആകാശത്തിലെ നിറങ്ങള്‍ ഒഴുകി കടലില്‍ വീഴുന്ന ഒരു സായാഹ്നത്തിലാണ്, ജെറിന്‍ സമയത്തിനുവേണ്ടി കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത് സമയമായി എന്നറിയുന്നത്.

പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ മൃതസംസ്‌കാരത്തിന് തീരാനൊമ്പരം പോലെ മഴപ്പെയ്ത്തു തുടര്‍ന്നു. ഇനിയും ചെയ്തു തീര്‍ക്കാന്‍ ബാക്കി വച്ച സുവിശേഷങ്ങള്‍ കാവ്യാത്മക സംഗീതമായി ഇപ്പോഴും പെയ്തിറങ്ങുന്നു. ആധുനിക തലമുറയ്ക്ക് അഭ്യസിക്കാന്‍ എളുപ്പമായ ആദ്ധ്യാത്മികതയിലൂടെയായിരുന്നു ജെറിന്റെ ജീവിതം.

പാലയൂര്‍ ഇടവകാംഗമായ വാകയില്‍ തോബിയാസും കാട്ടൂര്‍ പാനികുളം ബ്ലെസിയുമാണ് ജെറിന്റെ അനുഗ്രഹീതരായ മാതാപിതാക്കള്‍. വിവാഹം ദൈവവിളിയാണെന്ന് മക്കള്‍ ദൈവദാനമാണെന്ന് അവര്‍ ദൃഢമായി വിശ്വസിച്ചു. 18.01.2000 മില്ലേനിയം ബേബി ആയിട്ടായിരുന്നു ജെറിന്റെ ജനനം. 30.04.2000 ല്‍ പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിയിലായിരുന്നു ജ്ഞാനസ്‌നാനം - ജോസഫ് ചാക്കോ എന്ന പേരോടെ. ഭക്തരായ ദമ്പതിമാര്‍ കുഞ്ഞിനെ മാതൃകാപരമായി വളര്‍ത്തി, അവന്‍ അള്‍ത്താര ബാലനായി.

വിശുദ്ധിയില്‍ നിലനില്‍ക്കുന്നതിലും വിശ്വാസത്തില്‍ ആഴപ്പെടുന്നതിലും വിജ്ഞാനത്തില്‍ വളരുന്നതിലും അവന്‍ ദത്തശ്രദ്ധനായി. ''വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും'' (ജ്ഞാനം 6:10) എന്ന തിരുവചനം ജെറിന്റെ ജീവിതത്തില്‍ മാംസം ധരിച്ചു എന്നു പറയാം (ഫാ. ഡോ. ദേവസി പന്തല്ലൂക്കാരന്‍). ജീസസ് യൂത്ത്, കെയ്‌റോസ് തുടങ്ങിയ മേഖലകളില്‍ വചനപ്രേഷിതനും പ്രഘോഷകനുമായ ജെറിന്‍ മതബോധനമണ്ഡലത്തിലും നിറസാന്നിധ്യമായിരുന്നു. അതിനിടയില്‍ ബിരുദധാരിയായി. നവമാധ്യമരംഗത്ത് അതികായകനായിരുന്ന ജെറിന്‍ വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, വെബ്‌സൈറ്റ് ഡിസൈനിംഗ് തുടങ്ങിയ മേഖലകളില്‍ തന്റെ നൈപുണ്യം ദൈവമഹത്വത്തിനും വിശ്വാസപരിപോഷണത്തിനുമായി ഉപയോഗിച്ചു. പെട്ടെന്നായിരുന്നു ജെറിന്റെ അന്ത്യം (26.09.2023).

ബാംഗ്ലൂരിലെ കസവനഹള്ളി സെന്റ് നോബര്‍ട്ട് ഇടവകാംഗമായ ജെറിന്റെ മൃതദേഹം പാലയൂര്‍ സെന്റ് തോമസ് ഫൊറോന ദേവാലയത്തിലെ സെമിത്തേരി കല്ലറയിലാണ് കബറടക്കിയത്.

ജീവിച്ചിരുന്നപ്പോഴത്തെ ജെറിനേക്കാള്‍ കടന്നുപോയ ജെറിന്‍ ബാക്കി വെച്ച ദൈവാനുഭവങ്ങള്‍ ഡിജിറ്റല്‍ ലോകത്തിലൂടെയും അതിനപ്പുറവും ജെറിന്‍ ആഗ്രഹിച്ചതുപോലെ അതിവേഗം ഇന്നും കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

കത്തോലിക്ക സംഹിതകള്‍ എളുപ്പമാക്കാന്‍ തയ്യാറാക്കിയ ക്ലൗഡ് കാത്തലിക് മൊബൈല്‍ ആപ്പും ജീസസ് യൂത്ത് സംഗമത്തിനുവേണ്ടി തയ്യാറാക്കിയ ജാഗോ മൊബൈല്‍ ആപ്പും നിരവധി ഓണ്‍ലൈന്‍ കണ്ടന്റുകളും ക്രിസ്തുവിനുവേണ്ടി എന്തും ചെയ്യാമെന്ന മനസും ജെറിന്റെ ജീവിതത്തെ മഹനീയമാക്കി.

മരണത്തേക്കാള്‍ ശക്തമാണ് മരണാനന്തരമുള്ള സജീവ ഓര്‍മ്മകള്‍ എന്ന ക്രിസ്ത്വാനുഭവം ജെറിന്‍ ലോകത്തെ ബോധ്യപ്പെടുത്തുന്നു. കാല്‍വരിയില്‍ അവസാനിച്ച കര്‍ത്താവല്ല, മരണാനന്തരം ഉത്ഥാനം ചെയ്ത വിജയശ്രീലാളിതനായ കര്‍ത്താവാണ് ഇന്നും ലോകത്തില്‍ സഭയിലൂടെ തന്റെ രക്ഷാകരദൗത്യം യാഥാര്‍ഥ്യമാക്കുന്നത്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കര്‍ത്താവിനെ ഇന്നും ജീവിക്കുന്നവനും ഇടപെടുന്നവനുമായി ഡിജിറ്റല്‍ - വെര്‍ച്വല്‍ അച്ചടിമാധ്യമങ്ങളിലൂടെ അവതരിപ്പിക്കാ നാണ് തന്റെ ജീവിതം ജെറിനുപയോഗിച്ചത്. യേശുക്രിസ്തുവിനെ തീവ്രമായി സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ ഈ ശുശ്രൂഷ ഏറ്റെടുക്കുവാന്‍ സാധിക്കൂ എന്ന് ജെറിന്റെ മുന്‍തലമുറക്കാരനായ ഇറ്റലിയിലെ

വി. കാര്‍ലോ അക്വിത്തിസിനെപ്പോലെ ഇന്ത്യയുടെ സ്വന്തം കാര്‍ലോ, ജെറിനും നമുക്ക് വെളിപ്പെടുത്തി തരുന്നുണ്ട്.

കാര്‍ലോ അക്വിത്തിസിനെയും ജെറിനെയും താരതമ്യപ്പെടുത്തുമ്പോള്‍ ഏതാനും സാമ്യങ്ങള്‍ ഏറെ പ്രകടമാണ്. ഭക്തരായിരുന്നു ഇരുവരുടെയും മാതാപിതാക്കള്‍.

രണ്ടു പേരും പഠനത്തോടൊപ്പം സഭാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം ആര്‍ജിച്ചു. ദൈവസ്‌നേഹത്തിനും ദിവ്യകാരുണ്യ ഭക്തിക്കും അതീവ പ്രാധാന്യം നല്‍കി. വിശ്വാസം പ്രഘോഷിക്കേണ്ടത് സ്വന്തം ദൗത്യമായി ഇരുവരും കരുതി. അവര്‍ ഡിജിറ്റല്‍ ലോകത്തെ സുവിശേഷം അറിയിക്കാന്‍ ഉപയോഗിച്ചു. ദൈവമഹത്വവും വിശുദ്ധിയുമായിരുന്നു ഇരുവര്‍ക്കും സര്‍വപ്രധാനം.

രണ്ടുപേര്‍ക്കും ലഭിച്ചത് ഹ്രസ്വജീവിതം മാത്രം. എന്നാല്‍ ഇത്തിരിനാളുകൊണ്ട് ഒത്തിരി കാര്യങ്ങള്‍ നേടിയവരാണവര്‍. രണ്ടുപേരും തിരുസഭയുടെ അഭിമാന പാത്രങ്ങളും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഉത്തമമാതൃകകളുമാണ്.

മാണ്ഡ്യ രൂപതാംഗമായ ജെറിന്റെ ആധ്യാത്മികത യേശുവിന്റെ കൂടെനിന്ന് അവന്റെ ജീവന്‍ നേടുക മാത്രമല്ല, സാങ്കേതിക വിപ്ലവകാലത്തിലും യൗവനം പൂത്തുലയാന്‍ സാധിക്കുമെന്ന മനോഹരമായ ഉള്‍വെളിച്ചം കാര്‍ലോ അക്വിത്തിസിനെ പ്പോലെ ലഹരിയാക്കിയവന്റെ സ്വപ്നങ്ങളെ നോക്കി മാണ്ഡ്യ രൂപതാധ്യക്ഷന്‍ ബിഷപ്പ്

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ലോകത്തോടു വിളിച്ചു പറയുന്നു; 'ഇന്ത്യയുടെ സ്വന്തം കാര്‍ലോ, ജെറിനെ' സ്വപ്നമാക്കൂ; യുവജനങ്ങളെ നിങ്ങളൊരു വിശ്വാസപൈതലാകൂ!'

AI യും ലാപ്‌ടോപ്പുകളു മായി നടക്കുന്ന ഹൈടെക് യൂത്തന്മാര്‍ക്കിടയില്‍ സുവിശേഷഭാഗ്യങ്ങളും ഉപമകളും, ഹ്രസ്വമായ വാക്കുകളിലൂടെ ചില ട്വീറ്റുകളില്‍ സംഗ്രഹിച്ചു. മരണാനന്തര ജീവിതത്തിലും യുവതയ്ക്കു വേണ്ടി നവമാധ്യമത്തിലൂടെ ഒരു സഞ്ചാരം സാധ്യമാക്കുന്നുണ്ട് ജെറിന്‍.

സ്വര്‍ഗ്ഗരാജ്യം വലിയവരുടേതല്ല, ചെറിയവരുടേതാണ്; ശിശുക്കള്‍ക്കുള്ളതാണ്; എളിമയുള്ളവര്‍ക്കുള്ളതാണ്. ഔന്നത്യത്തിന്റെ മുകളിലല്ല, വിനയത്തിന്റെ താഴ്‌വാരങ്ങളിലാണ് പുണ്യങ്ങള്‍ പൂക്കുന്നത്. ജെറിന്റെ സുകൃതങ്ങള്‍ അനാവൃതമായതും അങ്ങനെയാണ്. അവന്റെ ജീവിതസമര്‍പ്പണം സവിശേഷമായ സുവിശേഷമായതും.

യേശുവിനെ ജീവിക്കുന്നവനും നിത്യജീവിതത്തില്‍ ഇടപെടുന്നവനുമായി ഡിജിറ്റല്‍ വെര്‍ച്വല്‍ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കാനാണ് തന്റെ ജീവിതദൗത്യമെന്ന തിരിച്ചറിവ് മാത്രമല്ല, സ്‌നേഹവും വിശ്വാസവും വിശുദ്ധിയുടെ ചരടുകൊണ്ട് ഒരു ട്വീറ്റില്‍ സംഹരിച്ചുവച്ചു.

ജെറിന്റെ ദൈവാനുഭവം എത്ര ആഴമേറിയതായിരുന്നുവെന്നും അവനറിഞ്ഞ യേശുവിനെ പ്രഘോഷിക്കാന്‍ അവനെത്ര മാത്രം ഇരവുപകലുകള്‍ തീക്ഷ്ണതയോടെ പ്രയത്‌നിച്ചുവെന്നും ജെറിന്റെ ആന്തരാത്മാവിലെ അരൂപി എന്തുമാത്രം പ്രോജ്ജ്വലമായിരുന്നുവെന്നും അവന്റെ ഓരോ സൃഷ്ടിയും പറഞ്ഞുതരുന്നുണ്ട്.

സഭയ്ക്കും സമൂഹത്തിനും ദിവസേനയുള്ള അള്‍ത്താരശുശ്രൂഷയും സീറോ മലബാര്‍ യൂത്ത്, ജീസസ് യൂത്ത്, തിരുബാലസഖ്യം, കെയ്‌റോസ് മാഗസിന്‍, മതബോധനം തുടങ്ങി കത്തോലിക്കാ സഭയില്‍ ജെറിന്‍ പ്രവര്‍ത്തിക്കാത്ത മേഖലകളില്ല. കത്തോലിക്ക സംഹിതകള്‍ എളുപ്പമാക്കാന്‍ തയ്യാറാക്കിയ ക്ലൗഡ് കാത്തലിക് മൊബൈല്‍ ആപ്പും (Cloud Catholic Mobile App) ജീസസ് യൂത്ത് സംഗമത്തിനുവേണ്ടി തയ്യാറാക്കിയ ജാഗോ (Jago) മൊബൈല്‍ ആപ്പും നിരവധി ഓണ്‍ലൈന്‍ കണ്ടന്റുകളും ക്രിസ്തുവിനുവേണ്ടി എന്തും ചെയ്യാമെന്ന മനസും ജെറിന്റെ ജീവിതത്തെ മഹനീയമാക്കി. അന്ധകാരത്തില്‍ ആണ്ടുപോയ കോവിഡ് കാലത്തുപോലും യേശുവിന്റെ സുവിശേഷങ്ങളും സുവിശേഷ മൂല്യങ്ങളും അവനറിഞ്ഞതും അനുഭവിച്ചതുമായ വിശുദ്ധ കുര്‍ബാനയും അനുദിനം മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ ജെറിന്‍ ചെയ്തിട്ടുള്ള കഠിനാദ്ധ്വാനം കണ്ടാകണം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പറഞ്ഞത്; അവന്റെ ശക്തിയുടെ സ്രോതസ്സ് വിശുദ്ധ കുര്‍ബാനയാണെന്ന്!

സഭയ്ക്കും സമൂഹത്തിനും ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്കുമായി ജെറിന്‍ പോസ്റ്റ് ചെയ്തതും അപ്‌ലോഡ് ചെയ്തതുമായ പ്രസ്ഥാനങ്ങളും തോബിയാസും കുടുംബവും, ജെറിന്റെ സുഹൃത് വലയവും ജീസസ് യൂത്തും കെയ്‌റോസും മാത്രമല്ല, ജെറിനെ നേരിട്ട് അറിയാത്തവര്‍പോലും ഏറ്റെടുത്തു എന്നത് ഒരു സാക്ഷ്യമാണ്.

നിന്റെ വിശ്വാസം അപരനുപോലും സൗഖ്യം നല്‍കുന്നുവെന്ന തെളിവ്... ജെറിന്റെ ജീവിത വഴികള്‍ ദൈവമഹത്വത്തെ ജ്വലിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ നിന്റെ മരണവഴിക്കുശേഷമുള്ള ഉയിര്‍ വഴികളില്‍ ആ പേര് നീ സ്വന്തമാക്കി. ''ഇന്ത്യയുടെ സ്വന്തം കാര്‍ലോ, ജെറിന്‍!''

'ജെറിനോര്‍മ്മകള്‍' എന്ന പുസ്തകത്തിന്റെ കോപ്പികള്‍ക്ക് :

  • The Diocese of Mandya

  • Bishops House, Kalenahalli,

  • Mandya 571 402, Karanataka, india

  • Ph : 08232-291050, 94483 04299

  • e-mail : dioceseofmandya@gmail.com

വിശുദ്ധ ഫ്രാന്‍സിസ് സാലസ്  (1567-1622) : ജനുവരി 24

മാരക ലഹരി യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നു: അഡ്വ. മോന്‍സ് ജോസഫ്

വിശുദ്ധ എമറന്‍സിയാന (304) : ജനുവരി 23

തിരുനാള്‍ മഹാമഹങ്ങള്‍

തെമ്മാടിക്കുഴി ഒരു നിയമമോ നയമോ അല്ല