ഫാ. ഡോ. സിബു ഇരിമ്പിനിക്കല്‍
ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ്സ്, 2024 ലെ വാക്കായി തിരഞ്ഞെടുത്തത് 'ബ്രെയിന്‍ റോട്ട് ' (Brain rot) എന്നതാണ്. 1854 ല്‍ ഹെന്റി ഡേവിഡ് തൊറോ (Henry David Thoreau) എഴുതിയ 'Walden' ല്‍ ആണ് ഈ പദം ആദ്യം ഉപയോഗിച്ചത്. 'When England endeavors to come the potato rot, will not any endeavor to cure the Brain rot, which prevails so much more widely and fatally.' ഇതായിരുന്നു ആദ്യമായി ബ്രെയിന്‍ റോട്ട് കടന്നുവന്ന വാചകം.
ഒരു വ്യക്തിയെ മാനസികമോ ബൗദ്ധികമോ ആയി ദുഷിപ്പിക്കുന്ന തികച്ചും നിസ്സാരങ്ങളും ഉപയോഗശൂന്യവുമായ വിവരണങ്ങളുടെയും കാഴ്ചകളുടെയും അമിതമായ ഉപഭോഗമാണ് ബ്രെയിന്‍ റോട്ട് എന്ന് ഇപ്പോള്‍ അര്‍ഥമാക്കുന്നത്. ഓണ്‍ലൈന്‍ വാര്‍ത്തകളും സന്ദേശങ്ങളും ആണ് ബ്രെയിന്‍ റോട്ടിന് കാരണം.
ശൂന്യതയുടെ തടവറയില്‍ വിരലോടിക്കുന്നവര്‍
ഡിജിറ്റല്‍ മാധ്യമങ്ങളും സാമൂഹ്യ സമ്പര്‍ക്ക ഇടങ്ങളും ഉല്‍പാദിപ്പിക്കുന്ന നിസ്സാരതകള്‍ മനുഷ്യര്‍ ഇന്ന് ഇടതടവില്ലാതെ ഭക്ഷിച്ചും പങ്കുവച്ചും ജീവിതം നശിപ്പിക്കുന്നു. അര്‍ഥമില്ലായ്മയുടെ ജൈവരൂപങ്ങളായി മനുഷ്യര്‍ പരിണമിക്കുന്നു, അവരുടെ വര്‍ത്തമാനങ്ങളും അര്‍ഥശൂന്യങ്ങള്‍ തന്നെ. ബ്രെയിന്‍ റോട്ട് എന്ന വാക്ക് തിരഞ്ഞെടുത്തുകൊണ്ട് ഓക്‌സ്‌ഫോര്‍ഡ് ലാംഗ്വേജസിന്റെ പ്രസിഡണ്ട് കാസ്പര്‍ ഗ്രാത്ത്വോള്‍ (Casper Grathwhol) പറഞ്ഞു, 'Brain rot speaks to one of the perceived dangers of virtual life, and how we are using our free time.'
മനുഷ്യകുലവും സാങ്കേതികവിദ്യയും തമ്മിലുള്ള സാംസ്‌കാരിക സംവാദത്തിലെ പുതിയ അധ്യായമാണ് ഇത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഓണ്‍ലൈനിലെ ദുര്‍ബലമാനവര്‍
ഓണ്‍ലൈനിലെ അമിത ഉപഭോഗസമയം ഒരാളെ പലതരത്തില്‍ ബാധിക്കുമെന്ന് ഇന്ന് നമുക്കറിയാം. എഴുത്ത് മനുഷ്യന്റെ ഓര്‍മ്മ ശക്തിയെ ദുര്‍ബലമാക്കുമെന്നു ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസ് ഭയപ്പെട്ടിരുന്നു. പ്രിന്റിംഗ് എഴുത്തിനെയും വാചിക പാരമ്പര്യത്തെയും ബാധിച്ചു. തുടര്‍ന്ന് റേഡിയോയും ടെലിവിഷനും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇപ്പോള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മനുഷ്യബുദ്ധിയെയും വിവേചന ശീലങ്ങളെയും ഓര്‍മ്മയെയും അതിലേറെ മാനസിക നിലയെയും അപകടപ്പെടുത്തുന്ന തരത്തില്‍ പുതുക്കുന്നു, ഒപ്പം മറ്റെന്തൊക്കെയോ ആയി പരുവപ്പെടുത്തുകയും ചെയ്യുന്നു.
ഡിജിറ്റല്‍ മാധ്യമങ്ങളും സാമൂഹ്യ സമ്പര്‍ക്ക ഇടങ്ങളും ഉല്‍പാദിപ്പിക്കുന്ന നിസ്സാരതകള്‍ മനുഷ്യര്‍ ഇന്ന് ഇടതടവില്ലാതെ ഭക്ഷിച്ചും പങ്കുവച്ചും ജീവിതം നശിപ്പിക്കുന്നു. അര്‍ഥമില്ലായ്മയുടെ ജൈവരൂപങ്ങളായി മനുഷ്യര്‍ പരിണമിക്കുന്നു, അവരുടെ വര്‍ത്തമാനങ്ങളും അര്‍ഥശൂന്യങ്ങള്‍ തന്നെ.
ഓസ്‌ട്രേലിയയില്‍ 6000 ത്തിലധികം ടീനേജുകാരുടെ ഇടയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ (Black Dog Institute) ഡോ. സോഫി ലി നടത്തിയ പഠനത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങളിലെ സ്‌ക്രീന്‍ സമയവും ഡിപ്രെഷന്‍, ആശങ്ക ഇവയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുന്നു. ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ ചെറുപ്പക്കാരാണെന്നും പഠനം പറയുന്നു.
പുതിയ ഡിജിറ്റല്‍ സാമൂഹ്യ മാധ്യമ ശീലങ്ങള്‍ക്ക് അടിമയാകുന്ന തലമുറയെ ആശങ്കയോടെ കാണണം. ഏലിദ, ഏലി അഹുവമ എന്നൊക്കെ അറിയപ്പെടുന്നവര്‍ എത്തി നില്‍ക്കുന്നത് വലിയ ആപത്തിലാണ്. നമ്മുടെ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് Jonathan Haidt ന്റെ നിരീക്ഷണം പ്രസ്താവ്യമാണ്, 'Overprotecting children in the real world and underprotecting them online' (The Anxious Mind).
സാംസ്‌കാരിക അപകടം
സാംസ്‌കാരികമായി ബ്രെയിന്‍ റോട്ട് മറ്റൊരു ഭീഷണിയാണ്. ഉറക്കമില്ലാത്ത അവസ്ഥ, ഡോപമിന്‍ എഫക്ട്, ഏകാഗ്രതാ നഷ്ടം, സുഹൃത്തുക്കള്‍ക്ക് ഒപ്പം സമയം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ ഉള്‍പ്പെടെ പ്രതിസന്ധികള്‍ കൂടാതെയാണ് സാംസ്‌കാരിക കഥകളിലെ നൂലിഴകളില്‍ വിഷം പടരുന്നത്.
മൂന്ന് cultural stories ഇത്തരത്തില്‍ പുതിയ കാലത്തെ ബാധിക്കുന്നത് കാണാം.
1. സെക്കുലറിസം [Secularism]
ആത്മീയത, അപാരത (ട്രാന്‍സ്സെന്‍ഡന്‍സ്), ദൈവസാന്നിധ്യം ഇവയുടെ നിഷേധം വഴി മനുഷ്യന്‍ പുതിയ അര്‍ഥം മനുഷ്യ ജീവിതത്തിന് കണ്ടെത്താന്‍ ശ്രമിച്ചു. അങ്ങനെയും മനുഷ്യരെ വഴിതെറ്റിച്ചു. നിഷേധമാണ് ഇതിലെ ചോദന. പുതിയത് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍, ഓണ്‍ലൈനില്‍ ഇവര്‍ നിരന്തരം തിരയുകയാണ്. സംതൃപ്തി ലഭിക്കും വരെ തിരച്ചില്‍ നടത്തുകയാണ്. പക്ഷെ തിരച്ചില്‍ മാത്രം അവശേഷിക്കുകയും അസംതൃപ്തിയും ആശങ്കയും നിലനില്‍ക്കയും ചെയ്യുന്നു.
2. വ്യക്തിവാദം [Individualism]
അവനവനെ തിരയുകയും അവതരിപ്പിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയാണ് പുതിയ കാലത്തെ സാംസ്‌കാരിക സ്വഭാവം. അവനവന്റെ വികാരവും ഇഷ്ടവും ശരികളാണ് എന്നാണ് ധാരണ, ചിലപ്പോള്‍ അത് മാത്രമാണ് ശരി എന്ന് ധരിക്കുന്നവരുടെ ആള്‍ക്കൂട്ടമാണ് നമ്മുടെ സമൂഹം. പുതിയകാല സമൂഹം ഇത്തരത്തിലാണ് ഇപ്പോള്‍ വളരുന്നത്.
3. ഉത്തരാധുനിക വീക്ഷണം [Post Modernism]
സത്യം വ്യക്തിനിഷ്ഠമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇപ്പോള്‍ കൂടുതല്‍. അവരവരുടെ അനുഭവം, യുക്തിബോധം, സാംസ്‌കാരിക അനുഭവം ഇവകളാല്‍ ശരിയും സത്യവും അവരവര്‍ തീരുമാനിക്കുന്നു. അല്ലാത്തതൊക്കെ ഏകാധിപത്യം ആണെന്ന് കരുതുന്നു. അങ്ങനെ കുറഞ്ഞ ശരികളും കൂടിയ ശരികളുമായി കുറഞ്ഞ മനുഷ്യരും കൂടിയ മനുഷ്യരും ഉണ്ടാവുന്നു. സത്യത്തില്‍ ബോധപൂര്‍വം നടത്തേണ്ട മനുഷ്യരുടെ സംവാദം അപ്രത്യക്ഷമാകുന്നു.
2010 oxford ഇതുപോലെ തിരഞ്ഞെടുത്ത വാക്കാണ് പോസ്റ്റ് ട്രൂത്ത് (post truth). വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളേക്കാള്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പൊതുജനാഭിപ്രായ നിര്‍മ്മിതിയില്‍ ഇടംകിട്ടുന്ന കാലമാണ് സത്യാനന്തര കാലം. എല്ലാവരും പറയുന്നത് സത്യമാണ്. എല്ലാവരുടെയും തോന്നലുകള്‍ സത്യങ്ങളാണ് എന്നായി ലോകം. Truth is subjective, truth is ambiguous എന്നായി കാഴ്ചപ്പാട്.
സത്യാനന്തരകാലം, സത്യമില്ലായ്മയുടെ കാലം കൂടിയാകുന്നത് ഇങ്ങനെയാണ്. അവിടെ ക്രിസ്തുവിന്റെ നിലപാട് നിര്‍ണ്ണായകമാണ്. നിങ്ങള്‍ പലതും കേട്ടിട്ടുണ്ട്, എന്നാല്‍ ഞാന്‍ പറയുന്നു എന്ന് ക്രിസ്തു പറയുന്നത് മനുഷ്യന്‍ സത്യം അറിയുന്നതിനുവേണ്ടിയാണു. അവിടെ പല സത്യങ്ങള്‍കൊണ്ട് മനുഷ്യനെ ദുര്‍ബലനാകാന്‍ ദൈവം അനുവദിക്കുന്നില്ല.
മനുഷ്യന്‍ എവിടെ?
ഇതാ മനുഷ്യന്‍; ഇത് വിചാരണയ്ക്കു വിധേയനായി നിന്ന മനുഷ്യപുത്രനെ ചൂണ്ടി പറഞ്ഞതാണ് (യോഹ. 19/5).
മനുഷ്യമഹത്വം ഉറപ്പിക്കാന്‍ ദൈവം മനുഷ്യനായി പിറന്നു. അവനെ കുരിശില്‍ തറയ്ക്കാന്‍ തയ്യാറായി നിന്നവരോട് പറഞ്ഞതാണിത്. മനുഷ്യരായി നമ്മള്‍ എത്ര കാലം തുടരും?
നമ്മെ മനുഷ്യരായി തുടരാന്‍ പ്രാപ്തമാക്കുന്നതിന്റെ പേരാണ് ആത്മീയത. ക്രിസ്തുവില്ലാതെ ഈ അര്‍ഥം ലോകത്തിന് കിട്ടില്ല. നമ്മള്‍ 'മനുഷ്യരായി' തുടരാന്‍ ക്രിസ്തു നമ്മുടെ കൂടെ ഉണ്ടാവണം.