മെറിൻ ഡേവിസ് ചുങ്കത്ത്
സെൻ്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി
സിസ്റ്റേഴ്സിന്റെ ജീവിതത്തിലേക്ക് ആകർഷണം തോന്നുന്നത് അവരുടെ സമർപ്പിത മനോഭാവം കൊണ്ടാണ്. സ്വന്തം ജീവിതത്തെക്കാൾ വലിയ ഒരു ലക്ഷ്യത്തിനായി ജീവിക്കുന്നത് ഇന്നത്തെ കാലത്ത് വളരെ അപൂർവ്വമാണ്. അവരിൽ കാണുന്ന ആത്മനിയന്ത്രണം, ലാളിത്യം, മറ്റുള്ളവർക്കായി ജീവിക്കാനുള്ള മനസ്സ് - ഇവയാണ് യുവജനങ്ങളെ ചിന്തിപ്പിക്കു ന്നത്. “ജീവിതം നേട്ടങ്ങൾക്കായോ? അല്ലെങ്കിൽ സേവനത്തിനായോ?” എന്ന ചോദ്യം അവർ ഉയർത്തുന്നു. അവരുടെ ഉള്ളിലെ സമാധാനവും ആത്മവിശ്വാസവും ദൈവവിളിയുടെ സൗന്ദര്യം കാണിക്കുന്നു.
ഒരിക്കൽ ഒരു സിസ്റ്റർ പറഞ്ഞ ഒരു അനുഭവം ഞാൻ കേട്ടിട്ടുണ്ട്. ഒരു അനാഥ കുട്ടിക്ക് പഠിക്കാൻ അവസരം ഒരുക്കിയപ്പോൾ, ആ കുട്ടി ആദ്യമായി “എനിക്ക് ആരെങ്കിലും ഉണ്ടെന്നു തോന്നി” എന്ന് പറഞ്ഞപ്പോൾ, അവളുടെ കണ്ണിൽ കണ്ണുനീർ നിറഞ്ഞുവെന്ന് അവർ പറഞ്ഞു. ആ നിമിഷം അവർക്ക് അവരുടെ ജീവിതത്തിന്റെ അർത്ഥം മനസ്സിലായത്രേ. അങ്ങനെ ഒരാളുടെ ജീവിതത്തിൽ വെളിച്ചമായി മാറാൻ കഴിയുന്ന ജീവിതം. അത് ആകർഷകമായ ജീവിതമാണ്.
സിസ്റ്റേഴ്സിന്റെ ജീവിതം വളരെ കർശനവും, സന്തോഷങ്ങളില്ലാ ത്തതുമാണെന്ന് ചിലപ്പോഴൊക്കെ യുവാക്കൾക്ക് തോന്നുന്നു. സ്വാതന്ത്ര്യം കുറവാണെന്നോ, സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടിവരുമെന്നോ അവർ ഭയപ്പെടുന്നു. സിസ്റ്റർമാർ സ്വന്തം ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും ദൈവാനുഭവങ്ങളും തുറന്ന് പങ്കുവെച്ചാൽ, യുവാക്കൾക്ക് അത് കൂടുതൽ പ്രചോദനമാകും. അവർ നമ്മളോട് ചേർന്ന്, നമ്മളെ കേട്ടു, നമ്മളെ പ്രോത്സാഹിപ്പിച്ച് മുന്നോട്ട് പോയാൽ സിസ്റ്റേഴ്സിന്റെ ജീവിതം ഒരു വിദൂരസ്വപ്നത്തേക്കാൾ സമീപത്തുള്ള വിളിയായി തോന്നും.