ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തെ എത്തിച്ചിരിക്കുന്ന ഭയാനകമായ അവസ്ഥയെ ജെൻ സി തിരിച്ചറിഞ്ഞിരിക്കുന്നു എന്നു വേണം കരുതാൻ. അവർ അതിനെതിരെ ശക്തമായി നിലകൊള്ളുന്നു! തങ്ങളുടെ സുഖവലയങ്ങളിൽ നിന്ന് പുറത്തുവന്ന് വലിയ സംഘങ്ങളായി അവർ തെരുവിലിറങ്ങിയിരിക്കുന്നു.
2026 ഒക്ടോബർ 2, അവിസ്മരണീയവും ചരിത്രപരവു മായ ഒരു ദിവസമായിരുന്നു! നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മവാർഷികം! ഗാന്ധിജയന്തി! ഇന്ത്യയിലെ യുവജനങ്ങൾ എന്നത്തേക്കാളും ശക്തമായി ഉണർന്നെണീറ്റിരിക്കുന്നു. പുതിയൊരു ഉണർവ്, കൂടുതൽ നിശ്ചയദാർഢ്യം! പുതിയൊരു നാളെയെക്കുറിച്ചും പ്രതീക്ഷ നിറഞ്ഞൊരു ഭാവിയെക്കുറിച്ചും ഉള്ള സുചനകൾ! ജെൻ സി വഴി കാട്ടുന്നു!
അവർ തെരുവിലിറങ്ങി! എല്ലായിടത്തും വലിയ ജനക്കൂട്ടം! അവർ പാട്ടുപാടിയും നൃത്തം ചെയ്തും ആഹ്ലാദിച്ചു. അവർ കവിതകളാലപിക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. അവരുടെ ശരീരഭാഷ പോസിറ്റീവാണ്, മുമ്പെന്ന ത്തേക്കാളും ആത്മവിശ്വാസം തുളുമ്പുന്നതാണ്. അവരുടെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ (Do or die) എന്ന മനോഭാവം 1942 ആഗസ്റ്റ് 8, 9 തീയതികളിൽ രാത്രിയിൽ മുംബൈയിലെ ഗവാലിയ ടാങ്ക് മൈതാനത്ത് ഗാന്ധി നടത്തിയ പ്രസംഗത്തിൽ നിന്ന് ഉൾക്കൊണ്ടിട്ടുള്ളതാണ്!
സങ്കല്പിക്കാൻപോലും കഴിയാത്ത കാര്യമാണ് അഹമ്മദാബാദ് നഗരത്തിൽ നടന്നത്! മോദിയുടെയും ഷായുടെയും തട്ടകമാണിത്. ഒക്ടോബർ 2-ന് ഇരുന്നൂറിലധികം യുവജനങ്ങൾ ഗുജറാത്ത് സർവകലാശാലാ കവാടത്തിനു പുറത്ത് ഒത്തുകൂടി! അവരുടെ ലക്ഷ്യം വ്യക്തമായിരുന്നു! ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) പടിയിറങ്ങണമെന്ന് അവർ ആവശ്യപ്പെട്ടു! സർക്കാരിനെതിരെ അവർ മുദ്രാവാക്യം വിളിച്ചു! സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ബലാത്സംഗ സംസ്കാരത്തിനെതിരെ അവർ ശബ്ദമുയർത്തി! പുരുഷാധിപത്യം തുലയട്ടെ’ എന്ന് അവർ അലറിവിളിച്ചു! ‘നാരി ശക്തി’യായിരുന്നു അവരുടെ മുഖമുദ്ര. കുറച്ച് ആഴ്ചകൾക്കു മുൻപ്, ജൂലൈ 21-ന് വൈകുന്നേരം നൂറുകണക്കിന് വിദ്യാർത്ഥികൾ ഒരു പിക്നിക്കിന് പോകുന്നതു പോലെ പാട്ടുപാടി ഒന്നിച്ച് നടന്നുനീങ്ങി. അവർ വലിയൊരു സംഘമായിരുന്നു. അവരും മുദ്രാവാക്യം മുഴക്കുന്നുണ്ടാ യിരുന്നു: “മോദി ഹഠാവോ! ദേശ് ബച്ചാവോ!” ആളുകൾ കണ്ണു തിരുമ്മി നോക്കിപ്പോയി! മറ്റെവിടെയുമല്ല, അഹമ്മദാബാദിലാണ് ഇത് സംഭവിക്കുന്നത്! അതെ, അതു സംഭവിച്ചുകൊണ്ടിരിക്കുന്നു! ചിലരെ കസ്റ്റഡിയിലെടുത്തു! ഒക്ടോബർ 2, പൊലീസിന്റെ വലിയൊരു നിര തന്നെയുണ്ടായി രുന്നു. എന്നാൽ അവരെ യാതൊന്നും ചെയ്യരുതെന്ന് വ്യക്തമായ ഉത്തരവ് ലഭിച്ചിട്ടുണ്ടായിരുന്നു. അവർ വെറും മൗനസാക്ഷികളെപ്പോലെ നോക്കിനിന്നു!! ജെൻ സി വഴി കാട്ടുന്നു!
‘ജെൻ സിയും ഗാന്ധിയും: മഹാത്മാവ് പൊടുന്നനെ വീണ്ടും ട്രെൻഡിങ് ആകുന്നു’. എന്നാൽ ഗാന്ധിയുടെ കാര്യത്തിൽ ജെൻ സിക്കു പുതിയൊരു ശൈലിയാണുള്ളത്: യഥാർത്ഥ സത്യാഗ്രഹികളെപ്പോലെ അവർ ധർണ്ണകളും സത്യഗ്രഹങ്ങളും നടത്തുന്നു; പ്രതിഷേധങ്ങളുമായി അവർ തെരുവിലുണ്ട്. എന്നാൽ അതിലൊക്കെ ഒരു വ്യത്യാസമുണ്ട് - അവരുടെ ഹാസ്യത്തിലും പാട്ടുകളിലും മുദ്രാവാക്യങ്ങളിലു മാണ് ആ വ്യത്യാസം പ്രകടമാകുന്നത്! ജെൻ സി വഴി കാട്ടുന്നു!
അവർ കാര്യങ്ങൾ വ്യക്തമായും ബോധ്യപ്പെടുത്തുന്ന രീതിയിലും സംസാരിക്കുന്നു, അവർ വിവരങ്ങൾ നന്നായി അറിഞ്ഞുകൊണ്ട് കൃത്യമായ വസ്തുതകളുമായാണ് വരുന്നത്. ഒക്ടോബർ 7-ന് ഉച്ചയ്ക്ക് ഇന്ത്യയിലെ ന്യൂഡൽഹിയിലുള്ള പ്രസ് ക്ലബിൽ അവർ ധാരാളം ആൾക്കാർ പങ്കെടുത്ത ഒരു വാർത്താ സമ്മേളനം നടത്തി. അവരുടെ ബാനറിലെ തലക്കെട്ടുകൾ എല്ലാം വ്യക്തമാക്കുന്നതായിരുന്നു: ‘ഗാനേഷ്, മതിയായി ബ്രോ!’), ‘വോട്ട് ചോരിക്കെതിരായ ഐക്യസമരം!!’, ‘ജന്തർ മന്ദർ മാർച്ചിലേക്ക്’. എഐഎസ്എ (AISA) പ്രസിഡന്റ് നേഹ ബോറ, സിജെപി (CJP) കോ-കൺവീനർ സൗരവ് ദാസ്, സിജെപി വക്താവ് രത്ന സിംഗ്, എസ് എഫ് ഐ (SFI) പ്രസിഡന്റ് ആദർശ് സജി, എ ഐ എസ് എഫ് (AISF) പ്രസിഡന്റ് വിരാജ് എന്നിവർ തങ്ങളുടെ നിലപാട് അവതരി പ്പിച്ച രീതി മാധ്യമങ്ങളെപ്പോലും അമ്പരപ്പിച്ചു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിലെ വിദഗ്ധരെ പോലും തോല്പിക്കുന്ന പ്രകടനം. മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് എപ്പോഴും ഒളിച്ചോടുന്ന മോദിയെക്കാൾ എത്രയോ മികവുറ്റവരാണ് ഇവർ - പ്രധാനമന്ത്രിയായിരിക്കെ ഒരിക്കൽപോലും ഒരു വാർത്താസമ്മേളനം നടത്താൻ ധൈര്യപ്പെടാത്തയാളാണ് മോദി! ജെൻ സി വഴി കാട്ടുന്നു!
ഇന്നത്തെ ജെൻ സി, സമൂഹത്തിൽ ദൃശ്യരും വാചാലരുമാണ്. അവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു: മീമുകളും കാർട്ടൂണുകളും. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും! അവർ മറ്റുള്ളവരെപ്പോലെയല്ല പെരുമാറുന്നത്. അവർ സർഗ്ഗാത്മകതയും നവീനതയും ഉള്ളവരാണ്! മറ്റുള്ളവരേ ക്കാൾ ഒരു പടി മുന്നിലാണ്. കുറച്ചുകാലം മുമ്പ്, അവരുടെ പ്രതിഷേധങ്ങൾക്ക് ആവശ്യമായ പണം എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന് ഒരാൾ ചോദിക്കുകയുണ്ടായി. അതിന് ഒട്ടും മടിക്കാതെ പെട്ടെന്ന് വന്ന മറുപടി ഇപ്രകാരമായിരുന്നു: “പിഎം കെയർ ഫണ്ടിൽ (PM Cares Fund) നിന്നാണ് ഞങ്ങൾക്ക് പണം ലഭിക്കുന്നത്.” തീർച്ചയായും ആ പെട്ടെന്നുള്ള മറുപടി ആരും വിശ്വസിച്ചില്ല - എന്നാൽ അത് ആ ചോദ്യം ചോദിച്ചയാളെ ഒരു നിമിഷം കുഴപ്പത്തിലാക്കി! പിഎം കെയർ ഫണ്ടിൽ യഥാർത്ഥത്തിൽ എത്ര പണം സമാഹരിച്ചിട്ടുണ്ടെന്നോ, അതിൽ എത്ര തുക ആരൊക്കെ ഉപയോഗിക്കുന്നുവെന്നോ ആർക്കും അറിയില്ല! ചടുലമായ ഒരു പ്രതികരണം. ഒരു പുതിയ ചിന്താശൈലിക്ക് തുടക്കമിട്ടുകൊണ്ട് വ്യത്യസ്തമായൊരു ആഖ്യാനം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു! ജെൻ സി വഴി കാട്ടുന്നു!
അതെ, അവരുടെ പ്രതിഷേധങ്ങളുടെ ഭാഷ തികച്ചും ഇന്റർനെറ്റ് സംസ്കാരത്തിന് അനുയോജ്യമായതാണ്. സർക്കാരിന്റെയും പൊലീസിന്റെയും നടപടികളെ വിമർശിക്കാൻ ചെറുപ്പക്കാരായ പ്രതിഷേധക്കാർ മീമുകളും, ജെൻ സി ഭാഷാപ്രയോഗങ്ങളും, സർഗ്ഗാത്മക പോസ്റ്ററുകളും, കറുത്ത ഹാസ്യവും ഉപയോഗിച്ച് ഭയപ്പെടുത്തലുകളെ ധീരമായി നേരിട്ടു. പ്രതിഷേധങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന നിരവധി ആളുകൾക്ക് വിവരങ്ങൾ അറിയുന്നതിനും വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിനുമുള്ള പ്രധാന മാർഗ്ഗമായി ഇൻസ്റ്റാഗ്രാമിലെ വീഡിയോകൾ മാറി. ബോക്സ്ഓഫീസ് സെലിബ്രിറ്റികളും ഈ പ്രസ്ഥാനത്തിന് പിന്തുണയുമായി മുന്നോട്ടുവന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ആളുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ സ്ഥലങ്ങളിലേക്ക് ഭക്ഷണവും വെള്ളവും മറ്റ് ആവശ്യ സാധനങ്ങളും അയച്ചുകൊടുത്തു. ജെൻ സി വഴി കാട്ടുന്നു!
അവർ പ്രതിരോധത്തിന്റെ മുന്നണിയിലാണ്! അവർ അതിജീവനത്തിന്റെ അടയാളമാണ്! ലക്ഷ്യം നേടാൻ അവർ എല്ലാ വഴികളും തേടുന്നു! ഒക്ടോബർ 13-ന് പുലർച്ചെ, സി ജെ പി (CJP) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരും മറ്റ് വോളന്റിയർമാരും ദേശീയ പതാകയുമേന്തി ബാരിക്കേഡുകൾ ഉയർത്തിയ ജന്തർ മന്ദറിലേക്ക് കടന്നു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. “ജന്തർ മന്ദർ തിരിച്ചുപിടിച്ചിരിക്കുന്നു!” എന്ന് സൗരവ് ദാസ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രഖ്യാപിച്ചു. ജന്തർ മന്ദറിനെ സമര വേദിയെന്ന പദവിയിൽ നിന്ന് നീക്കം ചെയ്യാനും പകരം രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവ ബദലുകളായി നിർദ്ദേശിക്കാനുമുള്ള ഡൽഹി പോലീസിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ സംഭവം. അവർ ഒന്നിനുമുന്നിലും പതറിനിൽക്കില്ല! ജെൻ സി വഴി കാട്ടുന്നു!
പിന്നെയിതാ നേഹ ബോറ! നാടകരംഗത്ത് താൽപ്പര്യമുള്ള ഒരു ധീരയായ യുവതി, ഡോക്ടറൽ വിദ്യാർത്ഥിനി. സമരം ആരംഭിച്ചത് മുതൽ അവരും സജീവമായി മുൻനിരയിലുണ്ട്! ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച പ്രാവീണ്യമുള്ള, കാര്യങ്ങൾ വ്യക്തമായും ബോധ്യപ്പെടുത്തുന്ന രീതിയിലും അവതരിപ്പിക്കുന്ന വ്യക്തി. തങ്ങൾ പിന്മാറില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അവർ! അവസാന നിമിഷം വരെ അവർ പോരാടും! ഒക്ടോബർ 10-ന്, ന്യൂഡൽഹിയിലെ സമരവേദിയായ ജന്തർ മന്ദറിലേക്ക് പ്രതിഷേധക്കാർ എത്തുന്നത് പോലീസ് തടഞ്ഞപ്പോൾ, 10 കിലോമീറ്റർ അകലെയുള്ള കരകൌശല വിപണിയായ ‘ദില്ലി ഹാത്തി’ൽ ഒന്നിച്ചുകൂടാൻ ബോറ അവരോട് ആവശ്യപ്പെട്ടു. “ഇന്ന് ദില്ലി ഹാത്ത് ജന്തർ മന്ദറായി മാറുന്നു,” തനിക്ക് പിന്നാലെ വന്ന മറ്റുള്ളവരോടൊപ്പം മുദ്രാവാക്യം വിളിച്ച് സമരസ്ഥലത്തേക്ക് തിരിക്കും മുൻപ് അവർ X-ൽ (ട്വിറ്റർ) കുറിച്ചു. പോലീസ് അവരെയും മറ്റ് നിരവധി പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. എന്നാൽ കസ്റ്റഡിയിലായിരുന്നപ്പോഴും സമരം തുടരാൻ അവർ ആഹ്വാനം ചെയ്തു.
“ഞാനാണു കസ്റ്റഡിയില്, ഈ പ്രസ്ഥാനമല്ല,” പോലീസ് തടഞ്ഞ അനുഭാവികളോട് നിൽക്കുന്നിടത്ത് തന്നെ പ്രതിഷേധിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഓൺലൈനിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു. പിന്നീട് അവരെ മോചിപ്പിച്ചു. പ്രതിഷേധങ്ങളുടെ ഒരു സ്ത്രീമുഖമായി ഇന്ന് നേഹ മാറിപ്പോയിരിക്കുന്നു! ജെൻ സി വഴി കാട്ടുന്നു!
രാജ്യത്തുടനീളം ലക്ഷക്കണക്കിന് പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെന്നത് സത്യമാണ്; അത് ഒരിക്കലും നിഷേധിക്കാനാവില്ല! കൃഷിമേഖലയിൽ സർക്കാർ വരുത്തുന്ന മാറ്റങ്ങൾക്കെതിരെ കർഷകർ ആയിരക്കണക്കിനായി തെരുവിലിറങ്ങിയത് അടുത്തകാലത്തെ അനുഭവമാണ്. മനുഷ്യാവകാശ പ്രവർത്തകരും മറ്റ് സിവിൽ സൊസൈറ്റി നേതാക്കളും വലിയ അപകട സാധ്യതകൾ അവഗണിച്ച് സർക്കാരിനെ നേരിടുന്നുണ്ട്! എന്നാൽ ഇത് വ്യത്യസ്തമാണ്; ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തെ എത്തിച്ചിരിക്കുന്ന ഭയാനകമായ അവസ്ഥയെ ജെൻ സി തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാൻ. അവർ അതിനെതിരെ ശക്തമായി നിലകൊള്ളുന്നു! തങ്ങളുടെ സുഖവലയങ്ങളില് നിന്ന് പുറത്തുവന്ന് വലിയ സംഘങ്ങളായി അവർ തെരുവിലിറങ്ങിയിരിക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും അവർ പുതിയ പ്രതീക്ഷയും ആവേശവും നൽകുന്നു. ഒന്നുറപ്പാണ്, പോലീസിനെയും മറ്റ് സംവിധാനങ്ങളെയും സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ സർക്കാർ ഭയന്നിരിക്കുകയാണ്! രാജ്യത്തെ യുവശക്തിയെ എങ്ങനെ നേരിടണമെന്ന് അവർക്ക് ശരിക്കും അറിയില്ല! ജെൻ സി വഴി കാട്ടുന്നു!
ജെൻ സി വഴി കാട്ടുന്നു: പുതിയതും മികച്ചതുമായ ഒരു ഇന്ത്യയിലേക്ക്! അഴിമതിക്കും വർഗീയതയ്ക്കുമെതിരെ; മാറ്റിനിർത്തലുകൾക്കും ചൂഷണങ്ങൾക്കും എതിരെ; അപമാനിക്കലുകൾക്കും ഭിന്നിപ്പിക്കലുകൾക്കും എതിരെ; വിദ്യാഭ്യാസ സമ്പ്രദായത്തിലെയും തെരഞ്ഞെടുപ്പ് പ്രക്രിയയിലെയും ജീർണ്ണതകൾക്കെതിരെ അവർ പോരാടുന്നു! ഇതിനെല്ലാം പുറമെ മറ്റു പലതിനും എതിരെ! സത്യവും നീതിയും, സ്വാതന്ത്ര്യവും സമത്വവും, സാഹോദര്യവും വൈവിധ്യവും, മതേതരത്വവും സോഷ്യലിസവും പരമോന്നതമായി നിലനിൽക്കുന്ന ഒരു ഇന്ത്യ ഉണ്ടാക്കിയെടുക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. മനസ്സ് ഭയരഹിതമായി ഉയർന്നുനിൽക്കുന്ന, അറിവ് സൗജന്യമായി ലഭിക്കുന്ന ഒരിടം! ഭരണഘടനാ മൂല്യങ്ങൾ ഉറപ്പുനൽകുന്ന, ജനാധിപത്യ ബോധം സംരക്ഷിക്കപ്പെടുന്ന ഒരിടം! ... “നമ്മൾ മറികടക്കും!” എന്ന പൂർണ്ണ വിശ്വാസത്തിലാണ് അവർ!
(പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും പരിശീലകനും എഴുത്തുകാരനുമാണ് ഫാ. സെഡ്രിക് പ്രകാശ് എസ്.ജെ. cedricprakash@gmail.com)