

നീതിമാൻമാർ പനപോലെ തഴയ്ക്കും. ലബനോനിലെ ദേവദാരുപോലെ വളരും.
സങ്കീർത്തനങ്ങൾ 92 : 12
‘സത്യവും നീതിയുമുള്ളവർക്കു സഹിക്കേണ്ടി വരുന്ന ക്ലേശങ്ങളും, അധർമ്മവും അനീതിയുമുള്ളവരിൽ കാണപ്പെടുന്ന ‘അഭിവൃദ്ധിയും’ മുൻനിർത്തിയായിരുന്നല്ലോ ചോദ്യം ഉന്നയിച്ചത്. ‘ദുഷ്ടനെ പനപോലെ വളർത്തും’ എന്ന കേട്ടുകേൾവിക്ക് ബൈബിളുമായി ഒരു ബന്ധവുമില്ലെന്നും മനുഷ്യൻ തന്റെ സ്വാതന്ത്ര്യത്തിൽ സ്വയം തിരഞ്ഞെടുക്കേണ്ടതാണ് നന്മതിന്മകളെന്നുമാണ് വ്യക്തമാക്കിയത്. ‘പാപിയുടെ നേട്ടങ്ങളിൽ അസൂയ വേണ്ടാ’ എന്നു പ്രഭാഷകനും (11:21) ‘നീതിമാൻ കഷ്ടിച്ചു മാത്രമേ രക്ഷപ്പെടുന്നുള്ളൂവെങ്കിൽ ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും?’ എന്ന് സുഭാഷിതകാരനും സ്പഷ്ടമാക്കുന്നുണ്ട് (11:31). ഇനിയും ചോദ്യങ്ങളുണ്ട് എന്ന് പറഞ്ഞല്ലോ. എന്താണത്?’
‘ഗാങ് റേപ്പിനിരയായി കൊല്ലപ്പെടുന്ന ഒരു പെൺകുട്ടിയുടെ നിലവിളി എന്തുകൊണ്ട് ദൈവം കേൾക്കുന്നില്ല? എന്തുകൊണ്ട് ദൈവം അവളെ രക്ഷിക്കുന്നില്ല?’
‘ഇതുപോലുള്ള ചോദ്യങ്ങൾ എക്കാലവും ദൈവത്തിനു നേരെ ഉയർന്നിട്ടുണ്ട്. ആ നിലവിളിയെ കുറച്ചുകാണുന്നില്ല. എന്നാൽ, ഇതേ യുക്തിയിൽ, ഇതിലും വലിയ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഹിറ്റ്ലർ കൊന്നൊടുക്കിയ ലക്ഷക്കണക്കിന് മനുഷ്യരുടെ നിലവിളി ദൈവം എന്തുകൊണ്ട് കേട്ടില്ല എന്ന ചോദ്യമുണ്ട്. വംശഹത്യകൾ, കൂട്ടക്കുരുതികൾ, യുദ്ധങ്ങൾ, കലാപങ്ങൾ എന്നിവയിലെല്ലാം ദയനീയമായി കൊല്ലപ്പെടുന്ന നിസ്സഹായരായ മനുഷ്യരുടെ നിലവിളികൾ ദൈവം എന്തുകൊണ്ട് കേൾക്കുന്നില്ല എന്ന ചോദ്യവുമുണ്ട്. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?’ എന്ന് ഉച്ചത്തിൽ നിലവിളിച്ച കുരിശിലെ യേശുവിനും ഉത്തരം ലഭിച്ചില്ല എന്നതും ഓർക്കാവുന്നതാണ്.’
‘ഞാൻ ചോദിച്ചത് റേപ്പ് വിക്ടിമിന്റെ കാര്യമാണ്. അതിനു മറുപടി പറയാതെ ഗ്രേറ്റർ ഈവിളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഗ്രേറ്റർ ഗുഡുമായും താരതമ്യം ചെയ്യാമല്ലോ! സർവ്വശക്തനായ ദൈവത്തിന് ആ കുട്ടിയെ രക്ഷിക്കാമായിരുന്നല്ലോ!’
‘നോക്കൂ! കുറ്റകൃത്യങ്ങൾ ചെയ്യുന്നതും ചെയ്യാൻ പ്രേരിപ്പിക്കുന്നതും ദൈവമല്ല! ഈ മഹാപ്രപഞ്ചത്തിൽ എത്രയോ ജീവജാലങ്ങളുണ്ട്. എന്നാൽ, സ്വന്തം ഛായാസാദൃശ്യങ്ങളിൽ ദൈവം സൃഷ്ടിച്ചത് മനുഷ്യനെ മാത്രമാണ്. ‘ഏദൻ തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും’ വേണ്ടിയാണ് ദൈവമായ കർത്താവ് മനുഷ്യനെ അവിടെ ആക്കിയത് എന്ന ഉൽപത്തിയിലെ പരാമർശം ശ്രദ്ധേയമാണ്. നമ്മൾ അധിവസിക്കുന്ന ഈ ഭൂമിയാണ് പുതിയ ഏദൻ. സൃഷ്ടികളുടെ മകുടമായ മനുഷ്യന് ഈ പ്രപഞ്ചത്തെ സംരക്ഷിക്കാനും സഹോദരരെയും സഹജീവികളെയും കരുതാനും കടമയുണ്ട്. ‘നല്ലതു ചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓർമ്മിക്കണം’ എന്ന് ദൈവം കായേനോട് പറയുന്നുണ്ട്. നന്മ ചെയ്യുന്നില്ലെങ്കിൽ മനുഷ്യൻ തിന്മ ചെയ്യും. അതിന്റെ ഫലമനുഭവിക്കുന്നത് ചെയ്യുന്നവർ മാത്രമായിരിക്കില്ല; മറ്റനേകരുമായിരിക്കും.’
‘അതൊക്കെ ശരി തന്നെ. എന്നാലും, കൊടിയ തിന്മകളും ക്രൂരമായ വംശഹത്യകളുമെല്ലാം നടക്കുമ്പോഴും ദൈവം ആക്ഷനൊന്നും എടുക്കാതെ നിശ്ശബ്ദനായിരിക്കുന്നത് അംഗീകരിക്കാനാവില്ല.’
‘വില്ലനെ തെരുവിൽ നേരിട്ട്, ഇടിച്ചു വീഴ്ത്തുന്ന സിനിമയിലെ നായകനെപ്പോലെയുള്ള ഒരു ആക്ഷൻ ഹീറോയല്ല ദൈവം! യേശുവിന്റെ പരസ്യജീവിതത്തിൽ അത്തരത്തിൽ സാമ്യപ്പെടുത്താവുന്ന ഏക സംഭവം ദേവാലയശുദ്ധീകരണമാണ്. ചമ്മട്ടിയും പഞ്ച് ബൈറ്റുമൊക്കെയായി കർത്താവ് ജറുസലേം ദേവാലയത്തിന്റെ നടുത്തളം നിറഞ്ഞു. അതൊഴിച്ചാൽ മറ്റെല്ലായിടത്തും നാം കാണുന്ന യേശുവിന്റെ സ്ഥായീഭാവം കരുണയാണ്. സത്യത്തിൽ ദൈവത്തിന്റെ ഏറ്റവും മഹത്തായ ആക്ഷൻ കുരിശുമരണമാണ്. ആ ആക്ഷൻ സീനിന്റെ രചനയും സംവിധാനവും രംഗസജ്ജീകരണവും അവതരണവുമെല്ലാം നിർവഹിച്ചത് ദൈവകരുണയാണ്. അതാകട്ടെ നമുക്ക് പരിചിതമായ വീരനായക പരിവേഷമുള്ള ഒന്നല്ല; സഹനദാസൻ എന്ന നവദർശനത്തിലുള്ള ആക്ഷനാണ്. യേശു എന്തിന് കുരിശിൽ മരിച്ചു എന്നതിന്റെ സംക്ഷിപ്തമായ ഉത്തരം ഇതാണ്: ഇരുളും വെളിച്ചവും ഇടകലർന്ന് മുന്നിലെത്തുമ്പോൾ നാം കൃത്യതയോടെ വെളിച്ചത്തിന്റെ പക്ഷം ചേരണം. സത്യാസത്യങ്ങളും ധർമ്മാധർമ്മങ്ങളും കൂടിക്കലർന്ന് മുന്നിലെത്തുമ്പോൾ നാം സൂക്ഷ്മതയോടെ സത്യധർമ്മങ്ങൾ തിരഞ്ഞെടുക്കണം. അനീതിയുടെ ലാഭവും നീതിയുടെ നഷ്ടവും ഉള്ളുരുക്കുമ്പോൾ നാം ധൈര്യത്തോടെ നീതിയുടെ നഷ്ടത്തെ സമാശ്ലേഷിക്കണം. അതിനുള്ള ത്രാണിയാണ് ക്രൂശിതൻ നൽകുന്ന വലിയ വരദാനം. ഓരോ മനുഷ്യനും സ്വാഭാവികമായും സ്വമേധയാലും സത്യവും നീതിയും നന്മയും ജീവനും തിരഞ്ഞെടുക്കാനുള്ള പ്രാപ്തി കൈവരിക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യരുടെ തിന്മയ്ക്കും തജന്യമായ മരണത്തിനും സ്വയം ഏല്പിച്ചുകൊടുത്തത്. അതിനാൽ, നന്മയും കരുണയുമുള്ളവർ അതു തുടരട്ടെ. തിന്മയും ദുഷ്ടതയും പ്രവർത്തിക്കുന്നവർ അനുതപിക്കട്ടെ.’