നാറാത്ത നാണയം!

സൈത്ത് മുളകൾ - 01
Pecunia non olet!
Published on: 

ഏ ഡി ഒന്നാം നൂറ്റാണ്ടിലെ റോമാസാമ്രാജ്യത്തിൽ നീറോ ചക്രവർത്തി രസകരമായ ഒരു നികുതി പ്രാബല്യത്തിൽ കൊണ്ടുവന്നു. വെക്ടിഗൽ ഊറിനേ (Vectigal Urinae) എന്ന് പേരുള്ള ഈ നികുതി പൊതു മൂത്രപ്പുരകളിൽ നിന്നും ശേഖരിക്കുന്ന മൂത്രത്തിന്റെ വിൽപ്പനയിൻമേൽ ഏർപ്പെടുത്തിയിരുന്ന നികുതിയായിരുന്നു. വസ്ത്ര നിർമ്മാണം പോലുള്ള മേഖലകളിൽ ആവശ്യമായ രാസവസ്തുവിന്റെ സ്രോതസ്സ് എന്ന നിലയിലാണ് മൂത്രത്തിനുമേൽ നികുതി ഏർപ്പെടുത്തിയത്. ഇത് പിന്നീട് പിൻവലിക്കപ്പെടുകയും എന്നാൽ എ ഡി 70-ൽ ചക്രവർത്തിയായിരുന്ന വെസ്പേഷ്യൻ ഇത് വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു. നാറുന്ന മൂത്രത്തിന് നികുതി ഏർപ്പെടുത്തുന്നത് ഒരു നാണക്കേട് അല്ലേ എന്ന് ചക്രവർത്തിയുടെ മകനായിരുന്ന തീത്തൂസ് (Titus) വെസ്പേഷ്യൻ ചക്രവർത്തിയോട് ചോദിച്ചു. ചക്രവർത്തി തന്റെ ഭണ്ഡാരത്തിൽ നിന്നും ഒരു സ്വർണനാണയം എടുത്ത് തിത്തൂസിന്റെ കയ്യിൽ കൊടുത്തു. എന്നിട്ട് അത് മണത്തു നോക്കാൻ പറഞ്ഞു. പ്രത്യേകിച്ച് അതിന് മൂത്രത്തിന്റെ നാറ്റം ഉണ്ടോ എന്ന് നോക്കാനാണ് ചക്രവർത്തി പറഞ്ഞത്. നാറ്റമില്ല എന്ന് തീത്തൂസ് മറുപടി പറയുകയും ചെയ്തു. Pecunia non olet! (നാണയം ഒരിക്കലും നാറില്ല) എന്ന് ചക്രവർത്തി ഘനഗാംഭീര്യത്തോടെ പ്രസ്താവിക്കുകയും ചെയ്തു. ഏതു നാറിയ സ്രോതസ്സിൽ നിന്ന് ലഭിച്ചാലും നാണയത്തിന് മാത്രം നാറ്റം ഉണ്ടാകില്ല! രാജ്യദ്രവ്യം വർദ്ധിപ്പിക്കാൻ വേണ്ടി താടിക്കും മീശയ്ക്കും ഒക്കെ കരമേർപ്പെടുത്തിയ രാജാക്കന്മാർ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ചിതൽപ്പുറ്റും തേനീച്ച കൂട്ടിയ തേനും പൂർവ്വപക്ഷത്തിലെ ചന്ദ്രനും ഭിക്ഷക്കാരന്റെ പണവും രാജ്യദ്രവ്യവും തിരിച്ചറിയാനാകാത്ത വിധം പതുക്കെ പതുക്കെ വർധിക്കുന്നുവെന്ന് നീതിസാരം പറയുന്നു.

“നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാ പണം പോക്കി കൊള്ളും” എന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കു സ്വീകാര്യത വർദ്ധിക്കുന്ന വേദനാജനകമായ കാഴ്ചയാണ് പൊതു സമൂഹത്തിൽ കാണുന്നത്. മുൻ മുഖ്യമന്ത്രിയും കുടുംബവും അഴിമതി കേസിൽ പെട്ടു നിൽക്കുമ്പോഴും റിട്ടയർ ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥൻ അഴിമതി കേസിൽ ജയിലിൽ പോകുമ്പോഴും ചെറിയ കള്ളന്മാർക്ക് ലഭിക്കാത്ത ഒരു താര പരിവേഷം അവർക്ക് ലഭിക്കുന്നുണ്ട്. വലിയ അഴിമതിക്കാർ പോലീസ് സംരക്ഷണത്തോടുകൂടി നടക്കുമ്പോൾ മുള്ളൻ പന്നിയേയോ ഉടുമ്പിനെയോ പിടിച്ച് കറിവെച്ച് തിന്നവരേയോ ഒരു കുല അടക്ക മോഷ്ടിച്ചവരെയോ വലിയ ഭീകരന്മാരെയോ രാജ്യദ്രോഹികളെയോ പിടിച്ചതുപോലെ അവരെക്കൊണ്ട് കൂട്ടാൻ ചട്ടിയും അടക്കാക്കുലയും കയ്യിൽ പിടിപ്പിച്ച് എട്ടോ പത്തോ തടിമാടന്മാരായ പൊലീസുകാരോ ഫോറസ്റ്റുകാരോ ചേർന്ന് പത്രത്തിൽ ഫോട്ടോ ഇടുന്നത് കാണുമ്പോൾ പലപ്പോഴും സഹതാപം തോന്നാറുണ്ട്. പ്രാചീന ഗ്രീക്ക് രാഷ്ട്രതന്ത്രജ്ഞനായിരുന്ന സോളൻ പറഞ്ഞത് എത്രയോ ശരിയായിരുന്നു എന്ന് തോന്നാറുണ്ട്: “നിയമം ചിലന്തിവല പോലെയാണ്, ചെറുപ്രാണികളെ കുടുക്കാനേ അതിനു കഴിയൂ! വലിയവ വല പൊട്ടിച്ച് കടന്നുപോകും.” ബില്യൺ കണക്കിന് കട്ടവരെ കുടുക്കുന്നത് ഏതെങ്കിലും ചെറിയ കേസിൽ ഏതാനും ലക്ഷങ്ങളുടെ അഴിമതി കേസിൽ മാത്രമായിരിക്കും: അതും പതിറ്റാണ്ടുകൾ അതിനു പിന്നാലെ കേസുമായി നടക്കാൻ ആരെങ്കിലും ഉണ്ടായാൽ മാത്രം! നിയമത്തിന്റെ വെറുമൊരു ആകാശമുഷ്ടിഹനനം ആണ് നാം ഇവിടെ കാണുന്നത്. വല പൊട്ടുന്നത് താമസിയാതെ തന്നെ കാണാം!

logo
Sathyadeepam Online
www.sathyadeepam.org