ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത്
ഗാന്ധിജിയെന്ന നന്മ മണ്‍മറഞ്ഞിട്ട് 77 വര്‍ഷങ്ങള്‍ പിന്നിടുകയാണ് 2025 ജനുവരി 30 വ്യാഴാഴ്ച. 1948 ജനുവരി 30 ന് വെള്ളിയാഴ്ച ഗാന്ധിജി കൊല്ലപ്പെട്ടു. പിറ്റേന്ന് പുറത്തിറങ്ങിയ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുഖപ്രസംഗത്തിന്റെ താളിന് പ്രത്യേകതയുണ്ടായിരുന്നു. മുഖപ്രസംഗത്തിന്റെ പേജ് ശൂന്യമാക്കിക്കൊണ്ട് അതിന്റെ നടുവില്‍ ഇത്രമാത്രം എഴുതി: 'ആരുടെ പാപമോചനത്തിനുവേണ്ടി ഗാന്ധിജി ജീവിച്ചുവോ അവര്‍ തന്നെ അദ്ദേഹത്തെ വധിച്ചു. ലോകചരിത്രത്തിലെ ഈ രണ്ടാം ക്രൂശിക്കല്‍ നടന്നത് ഒരു വെള്ളിയാഴ്ചയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് യേശുവിനെ കൊലപ്പെടുത്തിയ അതേ ദിവസം. ''പിതാവേ ഞങ്ങളോട് പൊറുക്കണമേ...''
അന്നത്തെ യു എസ് പ്രസിഡണ്ട് ഹാരി ട്രൂമാന്‍ ഇപ്രകാരം കുറിച്ചു: 'ഇന്ത്യയോടൊപ്പം ലോകം മുഴുവന്‍ ഖേദിക്കുന്നു.'
ഇന്നും പല ഭാവങ്ങളിലും രൂപങ്ങളിലും ഗാന്ധിജിക്കെതിരെ, ഗാന്ധിജി നെയ്തുതീര്‍ത്ത ദര്‍ശനങ്ങള്‍ക്കെതിരെ നാം വെടിയുതിര്‍ക്കുന്നുണ്ട്. ഓര്‍മ്മകളില്‍ നിന്നുപോലും ഗാന്ധിജിയെ മായിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു...
ഗാന്ധിജി കൊല്ലപ്പെട്ട ദിവസം വൈകിട്ട് നെഹ്‌റു ഓള്‍ ഇന്ത്യ റേഡിയോയില്‍ രാജ്യത്തോടായി ഹൃദയത്തിന്റെ ഭാഷയില്‍ അതീവ ദുഃഖത്തോടെ പറഞ്ഞ വാക്കുകള്‍: 'സുഹൃത്തുക്കളെ, സഖാക്കളെ, നമ്മുടെ ജീവിതത്തിലെ പ്രകാശം കടന്നുപോയി. എല്ലായിടത്തും അന്ധകാരം പരന്നിരിക്കുന്നു... ഈ രാജ്യത്ത് ജ്വലിച്ചു നിന്നത് സാധാരണ പ്രകാശമല്ല. ഇത്രയേറെ വര്‍ഷം ഈ രാജ്യത്തെ ദീപ്തമാക്കിയ പ്രകാശം ഇനിയെന്നേക്കും ദീപ്തിപകരും. ഒരായിരം വര്‍ഷങ്ങള്‍ക്കുശേഷം ആ പ്രകാശം ഇവിടെ ദൃശ്യമാക്കും. അത് എണ്ണമറ്റ മനസ്സുകള്‍ക്ക് സാന്ത്വനം നല്‍കും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ...
അത് ആശ്വാസം പകര്‍ന്നുകൊണ്ടിരിക്കും.''
മരിക്കാത്ത ബാപ്പുജി
ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മുതല്‍ ആപ്പിള്‍ ഐ ഫോണ്‍ നമുക്ക് സമ്മാനിച്ച സ്റ്റീവ് ജോബ്‌സ് വരെ 77 വര്‍ഷം മുന്‍പ് മരിച്ച ഇന്ത്യക്കാരനായ ബാപ്പുജിയുടെ ആരാധകരായി രുന്നു. ലിയോ ടോള്‍സ്‌റ്റോയ് ബാപ്പുജിക്ക് നിരന്തരം കത്തെഴുതി. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് (ജൂനിയര്‍) അദ്ദേഹത്തെ ആത്മീയ ഗുരുവായി മനസ്സില്‍ പ്രതിഷ്ഠിച്ചു. നെല്‍സണ്‍ മണ്ടേല അദ്ദേഹത്തെ നായകനായി കരുതി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് യു എസ് പ്രസിഡണ്ട് ആയിരുന്ന ബറാക് ഒബാമ പറഞ്ഞു, 'ഞാന്‍ കണ്ടുമുട്ടാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന വ്യക്തി മഹാത്മഗാന്ധിയാണെന്ന്.'
കടല്‍ ജലത്തില്‍ നിന്നും ഒരുപിടി ഉപ്പ് കൈയിലെടുത്ത് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിയറവ് പറയിച്ചത് അഹിംസയും, സത്യാഗ്രഹവും ആയുധമാക്കി ക്കൊണ്ടാണ്. എന്നിട്ട് നമ്മള്‍ ചെയ്തതോ? വെടിവച്ചു കൊന്നു. ഇന്നും പല ഭാവങ്ങളിലും രൂപങ്ങളിലും ഗാന്ധിജിക്കെതിരെ നാം വെടിയുതിര്‍ക്കുന്നുണ്ട്. ആധുനിക ഭാരതത്തിന്റെ ഓര്‍മ്മകളില്‍ നിന്നു പോലും ബാപ്പുജിയെ നീക്കിക്കളയാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ അങ്ങിങ്ങും അണിയറയിലും നടക്കുന്ന കാഴ്ച നമ്മെ ... ഗാന്ധിജി ആത്മീയാചാര്യനോ ആള്‍ദൈവമോ ആയിരുന്നില്ല. ശത്രുക്കളെപ്പോലും ചേര്‍ത്തുപിടിക്കാനുള്ള ഹൃദയവിശാലത ഗാന്ധിജിക്ക് ഉണ്ടായിരുന്നു. വിഭജന നാളുകളെക്കുറിച്ച് മൗണ്ട് ബാറ്റണ്‍ പ്രഭു ഇപ്രകാരം പറഞ്ഞു, 'കലാപം ഒതുക്കാന്‍ ഞാന്‍ പഞ്ചാബിലേക്ക് 55,000 പട്ടാളക്കാരെ അയച്ചു. എന്നാല്‍ ബംഗാളിലുണ്ടായിരുന്നത് ഗാന്ധിജിയെന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു. കലാപം അവസാനിക്കുകയും ചെയ്തു.'
ഗാന്ധി സ്മരണകളിലെ അപൂര്‍വസംഭവങ്ങള്‍
അര്‍ധ നഗ്‌നനായ ബാപ്പുജിയെ കണ്ട് ഒരു കുട്ടി ചോദിച്ചു: 'ബാപ്പുജി അങ്ങെന്താണ് കുപ്പായമിടാത്തത്?' ഗാന്ധിജി പറഞ്ഞു; 'എനിക്ക് കുപ്പായം ഇല്ലാത്തതുകൊണ്ട്.' 'എന്നാല്‍ ഞാനൊരു വസ്ത്രം തരാം.' ഒരെണ്ണംകൊണ്ട് എനിക്ക് മതിയാകില്ല. എന്നാല്‍ രണ്ടെണ്ണം തരാം. പോരാ എനിക്ക് നാല്‍പത് കോടി കുപ്പായം വേണം. അത്രയും തരാന്‍ നിനക്ക് കഴിയുമോ? നാല്‍പതു കോടിയോ? എന്തിനാണ് അത്രയും കുപ്പായം? കുട്ടി അത്ഭുതത്തോടെ ചോദിച്ചു; 'കുഞ്ഞേ, കുപ്പായമില്ലാത്ത, കുപ്പായം സ്വന്തമായി വാങ്ങുവാന്‍ കഴിവില്ലാത്ത ഇത്രയും ആളുകള്‍ ഈ രാജ്യത്തുണ്ട്.' ഗാന്ധിജി മറുപടി പറഞ്ഞു.
1917-ല്‍ നടന്ന ഒരു സംഭവം. ഗുജറാത്ത് പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ഒരിക്കല്‍ അദ്ദേഹം ഗോദ്‌റെയില്‍ പതിവുപോലെ കൃത്യസമയത്ത് എത്തി. ചടങ്ങില്‍ പങ്കെടു ക്കേണ്ടിയിരുന്ന ലോകമാന്യ തിലകന്‍ അര മണിക്കൂര്‍ വൈകിയാണ് എത്തിയത്. പറയാനുള്ളത് ഗാന്ധിജി പറയാതിരുന്നില്ല.
''ലോകമാന്യന്‍ അര മണിക്കൂര്‍ വൈകിയാണ് എത്തിയത്. ഇന്ത്യയ്ക്ക് സ്വയം ഭരണാവകാശം ലഭിക്കാന്‍ അര മണിക്കൂര്‍ താമസമുണ്ടെങ്കില്‍ അങ്ങ് ആ കുറ്റം ഏറ്റെടുക്കേണ്ടി വരും.''
1931-ലെ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കു ന്നതിന് ഇംഗ്ലണ്ടിലെത്തിയ ബാപ്പുജിയെ പത്രക്കാര്‍ വളഞ്ഞു. 'അങ്ങെന്താണ് അര്‍ധ നഗ്‌നനായിരിക്കുന്നത്?' ഗാന്ധിജി പറഞ്ഞു; 'നിങ്ങള്‍ നാലിരട്ടി വസ്ത്രം ധരിക്കുന്നു. ഞാന്‍ അത്രയും കുറച്ചു.' 1940 കളില്‍ ഇന്ത്യ സന്ദര്‍ശിച്ച ഒരു ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ഗാന്ധിജിയോട് പറഞ്ഞു: 'ഇന്ത്യയിലെ വനങ്ങളില്‍ മൃഗങ്ങള്‍ അപ്രത്യക്ഷമാകുന്നത് സങ്കടകരമാണ്.' ഗാന്ധിജി പറഞ്ഞു; 'ശരിയാണ്, പക്ഷേ ഗ്രാമങ്ങളില്‍ അവരുടെ എണ്ണം കൂടുകയാണ്.'
ഗാന്ധിജിക്ക് സമയം വിലപ്പെട്ടതായിരുന്നു. സമയം വെറുതെ പാഴാക്കികളയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല. ഒരിക്കല്‍ ഗാന്ധിജി എഴുതി; 'നിങ്ങള്‍ ഒരു അരി മണിയോ, ചെറിയ കഷണം കടലാസോ വെറുതെ കളയില്ല. അതുപോലെയാണ് നമ്മുടെ സമയവും. അതു പൊതുമുതലാണ്. നാം സമയത്തിന്റെ ചുമതലക്കാര്‍ മാത്രം.'
ഒരിക്കല്‍ ഗാന്ധിജിയും കൊച്ചുമകന്‍ മണിലാലും ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അതിനിടയില്‍ അദ്ദേഹം ആര്‍ക്കോ കത്തെഴുതാന്‍ തുടങ്ങി. ഇടയ്ക്ക് അദ്ദേഹം ചോദിച്ചു; 'സമയമെത്രയായി...? ഉടനെ മണി പറഞ്ഞു; അഞ്ച് മണി. പക്ഷേ അതിനിട യില്‍ ഗാന്ധിജി മണിയുടെ വാച്ചില്‍ നോക്കിയിട്ട് അഞ്ച് മണി ആയോ? ഉടനെ മണി തിരുത്തി പറഞ്ഞു; ഇല്ല. അഞ്ച് മണിയാവാന്‍ ഒരു മിനിട്ട് കൂടെയുണ്ട്. അപ്പോള്‍ ഗാന്ധിജി പറഞ്ഞു, 'കൈയില്‍ വാച്ചു കെട്ടിയിട്ട് എന്തു കാര്യം. നിനക്ക് സമയത്തിന്റെ വിലയറിയില്ല. അതുപോലെ സത്യം പറയുന്നതിലും നീ വീഴ്ച വരുത്തി. അഞ്ച് മണി എന്നു പറയുന്നതിനു പകരം അഞ്ച് മണിക്ക് ഒരു മിനിട്ട് എന്ന് പറയാന്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായിരുന്നോ?' സത്യനിഷ്ഠയും സമയനിഷ്ഠയും കൃത്യനിഷ്ഠയും ഒരുപോലെ കാണിച്ചിരുന്നു ആ മഹാത്മാവ്...
ഇവിടെ എന്നെ ആരോ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിക്കുന്നതുപോലെ. വല്ലവരും ഒരു ബുള്ളറ്റ് കൊണ്ട് എന്റെ ജീവിതം അവസാനിപ്പിക്കുകയാണെങ്കില്‍ ഒരു ഞരക്കംപോലും കൂടാതെ ഈശ്വരനാമം വിളിച്ചു കൊണ്ട് ഞാന്‍ അന്ത്യശ്വാസം വലിക്കുന്ന പക്ഷം അപ്പോള്‍ മാത്രമേ എന്റെ അവകാശവാദം സത്യമാവുകയുള്ളൂ.
1923-ല്‍ ഗാന്ധിജിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് കൊര്‍വാദാ ജയിലിലടച്ചു. അക്കാലത്ത് ഭാര്യ കസ്തൂര്‍ബാ അദ്ദേഹത്തെ കാണാന്‍ ജയിലില്‍ എത്തി. അവിടെ ഒരു നിബന്ധന ഉണ്ടായിരുന്നു. അതായത്, ജയില്‍ പുള്ളികള്‍ ബന്ധുക്കളുമായി സംസാരിക്കുമ്പോള്‍ ജയില്‍ വാര്‍ഡന്‍ അടുത്തുണ്ടാവണം. അതനുസരിച്ച് ജയില്‍ വാര്‍ഡന്‍ ഗാന്ധിജിയുടെ മുറിയി ലെത്തിയെങ്കിലും ഭാര്യാഭര്‍ത്താക്കന്മാര്‍ സ്വതന്ത്രമായി സംസാരിക്കട്ടെ എന്നു കരുതി പുറത്തേക്ക് പോയി. വാര്‍ഡന്‍ പുറത്തേക്ക് പോയ നിമിഷം ഗാന്ധിജി ഭാര്യയുമായുള്ള സംസാരം അവസാനിപ്പിച്ചു. പിന്നീട് വാര്‍ഡന്‍ മുറിയിലേക്ക് വന്നു. ഗാന്ധിജിയും കസ്തൂര്‍ബയും നിശ്ശബ്ദരായിരി ക്കുന്നതാണ് കണ്ടത്. എന്താണ് ഒന്നും മിണ്ടാത്തത് എന്ന വാര്‍ഡന്റെ ചോദ്യത്തിന് ഗാന്ധിജിയുടെ മറുപടി ഇപ്രകാരമായിരുന്നു; 'ജയില്‍ വാര്‍ഡന്റെ സാന്നിധ്യത്തിലേ ജയില്‍പുള്ളിക്ക് സന്ദര്‍ശകരുമായി സംസാരിക്കാവൂ എന്ന നിബന്ധന നിങ്ങള്‍ പോയപ്പോള്‍ പാലിക്കാന്‍ കഴിയാതെ ഭാര്യയുമായി സംസാരിക്കാന്‍ എനിക്ക് സാധിച്ചില്ല.'
ആ പ്രകാശം അണഞ്ഞിട്ട് നീണ്ട 77 വര്‍ഷങ്ങള്‍
ഇന്ത്യന്‍ മതേതരത്വത്തിന്റെയും ദേശീയതയുടെയും ജനാധിപത്യത്തിന്റെ നിത്യവെളിച്ചമായിരുന്ന ഗാന്ധിജിയുടെ വിയോഗം സൃഷ്ടിച്ച കനത്ത ഇരുട്ട് ഇനിയും നീങ്ങിയിട്ടില്ല. ഗാന്ധിജിയുടെ വധത്തിന് കാരണമായി അദ്ദേഹത്തിന്റെ എതിരാളികള്‍ പ്രധാനമായും നിരത്തിയ മൂന്നു കാരണങ്ങളില്‍ ഒന്ന്, ഗാന്ധിജിയാണ് പാക്കിസ്ഥാന്‍ രൂപീകരണത്തിന്റെ കാരണക്കാരന്‍. രണ്ടാമത് ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്ന് മുന്‍ നിശ്ചയിച്ച പ്രകാരം പാക്കിസ്ഥാന് നഷ്ടപരിഹാരമായി കൊടുക്കേണ്ടിയിരുന്ന ബാക്കി 55 കോടി രൂപ കൊടുക്കണമെന്ന ഗാന്ധിജിയുടെ നിര്‍ബന്ധം. മൂന്നാമത് ഗാന്ധിജിയുടെ മുസ്ലീം പ്രീണനനയം.
ഗാന്ധിജിക്കെതിരെ 6 തവണ വധശ്രമം നടന്നിട്ടുണ്ട്. ഇതില്‍ നാലിലും ഗോഡ്‌സെ പങ്കാളിയായിട്ടുണ്ട്. 1934-ലാണ് ആദ്യ വധശ്രമം. പൂനെയിലെ മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ പ്രഭാഷ ണത്തിന് വന്ന വേളയില്‍ ബോംബ് എറിഞ്ഞെങ്കിലും അത് പാളിപ്പോയി. പിന്നീട് 1944-ല്‍ രണ്ട് തവണയും, 1946 ല്‍ ഒരു തവണയും, 1948-ല്‍ ജനുവരി 20 നും നടന്ന വധശ്രമങ്ങള്‍ പരാജയപ്പെട്ടു. 1948 ജനുവരി 30 ന് വൈകുന്നേരം പതിവുപോലെ ഡല്‍ഹിയിലെ സുഖര്‍ഖ് റോഡിലെ ബിര്‍ളാ ഹൗസില്‍ വൈകുന്നരം 5 മണിക്ക് സംഘടിപ്പിച്ച സര്‍വമത പ്രാര്‍ഥനായോഗത്തിലേക്ക് നീങ്ങുന്നു. മനുവിന്റെയും അഭയയുടെയും തോളില്‍ കൈകള്‍ വച്ചാണ് നടന്നു നീങ്ങിയത്. ആ സമയം ഒരാള്‍ 'നമസ്‌തേ ഗാന്ധിജി' എന്നു പറഞ്ഞ് കുമ്പിട്ടു. അയാള്‍ ഗാന്ധിജിയുടെ കാലുകള്‍ തൊട്ടു വന്ദിക്കുവാന്‍ വന്നതാണെന്ന് കരുതി മനു തടയുന്നു. അയാള്‍ ഇടതു കൈകൊണ്ട് മനുവിനെ തട്ടിമാറ്റി ബെറേറ്റ പിസ്റ്റള്‍ എടുത്ത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് മൂന്നു വെടിയുണ്ടകള്‍ ഉതിര്‍ത്തു. തിളങ്ങുന്ന വെള്ള ഖദര്‍ തുണിയില്‍ രക്തത്തിന്റെ നിറം പരന്നു. 'ഹേ റാം' എന്ന് അദ്ദേഹം നിലവിളിച്ചു. സമയം അപ്പോള്‍ 5.17. ആ ദിവസം രാജ്യത്തിന്റെ ദുഃഖവെള്ളിയായി പരിണമിച്ചുവെന്നത് സത്യം.
'A Perfect death' എന്നാണ് രാജ്‌മോഹന്‍ ഗാന്ധിയെന്ന ചെറുമകന്‍ ബാപ്പുജിയുടെ മരണത്തെ വിശേ ഷിപ്പിക്കുന്നത്.
മഹാത്മാവിന്റെ അന്ത്യയാത്ര
1904-ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് തന്റെ മകന്‍ ലാലിന് എഴുതി: 'ഒരു പക്ഷേ ഞാന്‍ എന്റെ നാട്ടുകാരുടെ തന്നെ ആക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ അത് ആഘോഷിക്കണം. ഹിന്ദു-മുസ്ലീം ഐക്യം ദൃഢമാകാന്‍ സാധിക്കും. മഹാത്മഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പ്യാരിലാല്‍ രചിച്ച 'മഹാത്മാഗാന്ധി ദ ലാസ്റ്റ് ഫെയ്‌സ്' എന്ന ഗ്രന്ഥത്തില്‍ ഗാന്ധിജി കൊല്ലപ്പെടുന്നതിന്റെ തലേദിവസം പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: 'ഇവിടെ എന്നെ ആരോ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിക്കുന്നതുപോലെ. വല്ലവരും ഒരു ബുള്ളറ്റ് കൊണ്ട് എന്റെ ജീവിതം അവസാനിപ്പിക്കുകയാണെങ്കില്‍ ഒരു ഞരക്കംപോലും കൂടാതെ ഈശ്വരനാമം വിളിച്ചു കൊണ്ട് ഞാന്‍ അന്ത്യശ്വാസം വലിക്കുന്ന പക്ഷം അപ്പോള്‍ മാത്രമേ എന്റെ അവകാശവാദം സത്യമാവുകയുള്ളൂ.'
ഗാന്ധിജിയുടെ മരണവും മരണാനന്തര ചടങ്ങുകളും രാഷ്ട്രീയ സംഭവമായി മാറി. 5,000 ല്‍ പരം ഇന്ത്യന്‍ പട്ടാളക്കാരുടെയും പൊലീസുകാരുടെയും അകമ്പടിയോടെ ആയിരുന്നു ഗാന്ധിജിയുടെ അന്ത്യയാത്ര. ഗാന്ധിജിയുടെ ചിതാഭസ്മം ഇന്ത്യയിലെ പ്രധാന നദികളിലും ഒഴുക്കുക വഴി രാജ്യത്തിന്റെ ഐക്യവും ഗാന്ധിജിയുടെ പ്രതിബദ്ധതയും ഊഹിക്കാന്‍ സാധിച്ചു. ഇതിന് സാക്ഷ്യം വഹിച്ചത് ഏതാണ്ട് 30 ലക്ഷം പേരാണ്.
പി എന്‍ ഗോപികൃഷ്ണന്‍ എഴുതിയ ഒരു കവിത ഇപ്രകാരമാണ്
1948 ജനുവരി 30
ആ ശവശരീരം നോക്കി ജവഹര്‍ലാല്‍ ചുമരും ചാരി
ഇരുന്നു.
തെറ്റിയിരിക്കുന്ന കണ്ണട മനു
നേരെയാക്കി വച്ചു.
ജീവിച്ചിരിക്കുമ്പോള്‍ സാധിക്കാത്ത
പരിപൂര്‍ണ്ണതയില്‍ പുറത്ത് മുദ്രാവാക്യങ്ങള്‍
മുഴങ്ങുന്നുണ്ട്.
മിക്കവാറും ഗാന്ധി
അമരനായിരിക്കുന്നു എന്നാകും.
മരിച്ച ഗാന്ധിക്ക് ഭാഷയുടെ ചികിത്സ,
വയറുനിറഞ്ഞൊരാള്‍ ബാക്കിവച്ച
അപ്പക്കഷണം പോലെ
ആ മൃതശരീരം കാണപ്പെട്ടു. ആരായിരിക്കും വയറു നിറഞ്ഞ
അയാള്‍?
താന്‍, ജിന്ന, മൗണ്ട് ബാറ്റണ്‍,
പട്ടേല്‍, റൈറ്റ് ക്ലിഫ് അപ്പോഴുണ്ടായ രണ്ടു പുതിയ രാജ്യങ്ങള്‍...
നിമിഷങ്ങള്‍ ഉറുമ്പുകളായി മാറിക്കൊണ്ടിരിക്കുന്നു.
അതു ജവഹര്‍ലാല്‍ കണ്ടു.
അവ അപ്പക്കഷണത്തെ വലിച്ചുകൊണ്ടു പോകാന്‍ പാടുപെടുന്നു. അതില്‍ എന്താണ് അവശേഷിക്കുന്നത്. അഹിംസയുടെ മധുരം. ചര്‍ക്ക നെയ്ത നാരുകള്‍, സ്‌നേഹത്തിന്റെ ഡി എന്‍ എ...
കൊലയാളി
ഹിന്ദുവാണെന്നറിഞ്ഞതിന്റെ
ആശ്വാസത്തില്‍ കസേരയില്‍ മാത്രമിരുന്ന് ശീലിച്ച മൗണ്ട് ബാറ്റണ്‍, പുറത്ത് ചുമരും ചാരിയിരിക്കുന്നുണ്ട്. ആകാശവാണിക്കാര്‍ മൈക്ക്
ശരിയാക്കിക്കൊണ്ടിരുന്നു.
പൊലീസ് സ്‌റ്റേഷനില്‍ കൊലയാളിയുടെ പ്രസ്താവന
കോണ്‍സ്റ്റബിള്‍ എഴുതിക്കൊണ്ടിരുന്നു.
ഒരു വഴികണക്കിട്ടുതന്ന് അധ്യാപകന്‍ മരിച്ചിരിക്കുന്നു.
ഇനി ഉത്തരം താന്‍ തന്നെ
കണ്ടെത്തണം.
78 വര്‍ഷംകൊണ്ടു ഭൂമി എഴുതിയ ഈ പുസ്തകം താന്‍ തന്നെ പ്രകാശനം ചെയ്യണം. ജവഹര്‍ലാല്‍ മൈക്ക് കൈയിലെടുത്തു മൈക്ക് അപ്പോള്‍ സ്വയം സംസാരിക്കാന്‍ തുടങ്ങി. ആ വെളിച്ചം അസ്തമിച്ചിരിക്കുന്നു.
1948 ജനുവരി 30 ന് മതഭ്രാന്തിന്റെ വെടിയുണ്ട മഹാത്മാവിനെ ഇല്ലാതാക്കി യെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ഇന്ത്യയുടെ ആത്മാവില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. ഒരിക്കലും നിലയ്ക്കാത്ത നിത്യ ചൈതന്യം, പ്രകാശ ഗോപുരം, ബാപ്പുജിയെന്ന നന്മ.