

പത്ത് വയസ്സുള്ള ജസ്‌വിന്റെ ഡാഡിയും, മമ്മിയും പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു. പ്രധാനമായും പഠനത്തിനാവശ്യമായാണ് ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയര്‍ ഉളള സ്മാര്‍ട്ട്‌ഫോണും, അതുപോലെ ടാബും അവന് വാങ്ങികൊടുത്തത്. മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വരുമ്പോഴും ജസ്‌വിന്‍ എപ്പോഴും സ്മാര്‍ട്ട് ഫോണിലും, ടാബിലുമാണ് ചിലവഴിച്ചിരുന്നത്. മറ്റു കുട്ടികളുമായി കൂട്ടുകൂടാനോ പുറത്ത് കളിക്കുവാനോ അവന് താല്പര്യമില്ല. മാതാപിതാക്കളുമായി പോലും വളരെ കുറച്ച് മാത്രമെ കുട്ടി ഇടപഴകുകയും, സംസാരിക്കുകയും ചെയ്യുന്നുള്ളൂ.
ഓരോ ദിവസവും ധാരാളം സമയമാണ് അവന്‍ ഇന്റര്‍നെറ്റിന്റെ ലോകത്ത് ചിലവഴിക്കുന്നത്. ചിലപ്പോള്‍ ഇന്റര്‍നെറ്റ് തീര്‍ന്നുപോകുമ്പോള്‍ അവന് ദേഷ്യം വരുന്നു. സ്മാര്‍ട്ട് ഫോണും ടാബും മാതാപിതാക്കള്‍ വാങ്ങിവയ്ക്കുമ്പോള്‍ അവന്‍ ദേഷ്യപ്പെടുന്നു, കരയുന്നു. തിരിച്ച് കിട്ടാന്‍ കരഞ്ഞുകൊണ്ട് യാചിക്കുന്നതും കാണാം, ഇതിനിടയിലാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത്. കുട്ടി കൂടുതലായി ഫ്രീഫയര്‍ കളിയിലാണ് ഏര്‍പ്പെട്ടിരുന്നത്. ഫ്രീഫയര്‍ കളി ഉപേക്ഷിക്കാന്‍ അവന് സാധിക്കുമായിരുന്നു. പഠനത്തിലും, മറ്റും കാര്യങ്ങളിലൊന്നും അവന് താല്പര്യമില്ലായിരുന്നു. ഇത്തരം സന്ദര്‍ഭത്തിലാണ് മാതാപിതാക്കള്‍ കുട്ടിയെ മനഃശാസ്ത്രജ്ഞന്റെ അടുത്ത് കൊണ്ടുവരുന്നത്.
ലക്ഷണങ്ങള്‍
കുട്ടികള്‍ നിശ്ചിതമായ സമയത്തേക്കാള്‍ കൂടുതല്‍ നേരം ഫോണില്‍ ചിലവഴിക്കുക, ഫോണ്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അമിതമായ ദേഷ്യം, സങ്കടം അല്ലെങ്കില്‍ വാശി തുടങ്ങിയവ കാണിക്കുക, കൂട്ടുകാരുമായി കളിക്കാനോ, കുടുംബാംഗങ്ങളുമായി സംസാരിക്കാനോ താല്പര്യം കുറയുക, പാഠ്യവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരികയും, മാര്‍ക്ക് കുറയുകയും ചെയ്യുക. ഉറക്കക്കുറവ്, തലവേദന, അതുപോലെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കക, വീട്ടുകാര്‍ കാണാതെ കുട്ടി ഒളിച്ചിരുന്ന് ഫോണ്‍ ഉപയോഗിക്കുക, തുടങ്ങിയവ കാണാവുന്നതാണ്.
കാരണങ്ങള്‍
കുട്ടികളിലെ ഏകാന്തത പലപ്പോഴും ഇത്തരം അഡിക്ഷന് കാരണമാകുന്നുണ്ട്. കുട്ടികളൊടൊപ്പം ചിലവഴിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയമില്ലാത്തത് പലപ്പോഴും പ്രശ്‌നമാണ്. കുട്ടികളില്‍ ഡോപ്പ്മീന്റെ അളവ് (Dopamine Hit) വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഗെയിമുകളുടെ ഘടന അതായത് അവരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള റിവാര്‍ഡുകളും, വെല്ലുവിളികളും, ലെവലുകളും, ഗെയിമുകളില്‍ ഉണ്ടാകും. അതുപോലെ മാതാപിതാക്കള്‍ പലപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ കുട്ടികളും അത് സ്വാഭാവികമാണെന്ന് കരുതി അനുകരിക്കുന്നു. പഠനഭാരമോ മറ്റ് വിഷമങ്ങളാ മറക്കാന്‍ അതായത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ കുട്ടികള്‍ ഫോണിനെ വിനോദമായി കാണുന്നു.
പരിഹാരമാർഗങ്ങള്‍
കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഒരു നിശ്ചിത സമയം വെയ്ക്കാന്‍ ആവശ്യപ്പെടുക. കുട്ടികള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ മാതാപിതാക്കള്‍ നീരീക്ഷിക്കുക. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃക നല്കുക. തിരക്കുകള്‍ മാറ്റിവെച്ച് മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുമായി എല്ലാ ദിവസവും ഇടപഴകുക, ഫോണ്‍ ഗെയിമിങ്ങിന് പകരം കായിക വ്യായാമങ്ങളെ പറ്റി കുട്ടികളെ ബോധ്യപ്പെടുത്തുക. ഭക്ഷണമേശയിലും കിടപ്പ് മുറിയിലും ഫോണ്‍ ഉപയോഗിക്കില്ല (Digital Free zone) എന്ന നയം നടപ്പിലാക്കുക, ഫോണ്‍ ഗെയിമിന്റെ ദൂഷ്യഫലങ്ങളെ ക്കുറിച്ച് സ്‌നേഹത്തോടെ കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുക, വഴക്ക് പറയുന്നതിന് പകരം അവരെ കേള്‍ക്കാന്‍ ശ്രമിക്കുക, ഇനിയും കുട്ടിയ്ക്ക് അമിതമായ അഡിക്ഷന്‍ ഉണ്ടെങ്കില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പ്രൊഫഷണല്‍ സഹായം തേടാന്‍ മടിക്കരുത്.