സ്‌നേഹമുള്ളിടത്ത് ദൈവമുണ്ട്. ഏതൊരു പ്രവൃത്തിയും സ്‌നേഹത്തോടെ നിര്‍വഹിക്കുമ്പോള്‍ അവിടെ ദൈവം ജനിക്കുന്നു. അപ്പോള്‍ അത് പ്രാര്‍ത്ഥനയായി മാറുന്നു. ദിവസത്തിന്റെ ഓരോ മിനിറ്റും ഓരോ മണിക്കൂറും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് ദിവസം മുഴുവന്‍ പ്രാര്‍ത്ഥനയാക്കി മാറ്റാം എന്ന് ഈശോ ശിഷ്യരോട് പറഞ്ഞിട്ടുണ്ട്.
സി. ക്ലെയോ സി.എം.സി.
സെന്റ് ജോസഫ്‌സ് കോണ്‍വെന്റ്, തൃപ്പൂണിത്തുറ
ഹൃദയമാകുന്ന ഹര്‍മ്മ്യത്തില്‍ വസിക്കുന്ന ദിവ്യാതിഥിയുമായി ഐക്യത്തിലാവുക - പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും മധ്യത്തിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം, നീണ്ട മണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്ന ഈശോയെ ബൈബിള്‍ ദൃശ്യമാക്കിത്തരുന്നു. പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ യേശുവിന്റെ ജീവിതം തന്നെയാണ് നമുക്ക് പ്രഥമവും പ്രധാനവുമായ മാതൃക. നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തനത്തിലും യേശു നിഴലിക്കണമെങ്കില്‍ ആദ്യം നാമവിടുത്തെ അറിയണം, കാണണം - അനുഭവിക്കണം.
''നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രത്യുത നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായതെന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്ക് സാധിക്കും'' (റോമാ 12:2). ദൈവമെന്ന അമൂല്യനിധി നമ്മുടെ ഉള്ളിന്റെ ഉള്ളിലാണ്. പരമമായ ഈ നിധി കണ്ടെത്താന്‍ ക്ലേശകരമായ ഒരു യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ജീവിതം ശരിയായി തുടങ്ങുന്നത് ദൈവത്തെ ദര്‍ശിക്കുമ്പോഴാണ്. ജീവിതം ശരിക്കും എന്താണെന്ന് അറിയാനാവുന്നത് ജീവിക്കുന്ന ദൈവത്തെ, ക്രിസ്തുവില്‍ കണ്ടെത്തുമ്പോഴാണ്. നാം അവിചാരിതമായി ജനിച്ചവരല്ല. ദൈവികചിന്തയുടെ പരിണതഫലമാണ്. അവിടുത്താല്‍ സ്‌നേഹിക്കപ്പെടുന്നവരാണ്. അവിടുത്തേയ്ക്ക് ആവശ്യമുള്ളവരാണ്. ദൈവത്തെ അറിയുന്നതിനേക്കാളും അതിനെക്കുറിച്ച് മറ്റുള്ളവരോട് പങ്കുവയ്ക്കുന്നതിനേക്കാളും മനോഹരമായി മറ്റൊന്നുമില്ല (ബെനഡിക്ട് പതിനാറാമന്‍ എമരിത്തൂസ് പാപ്പ).
നമ്മുടെ എല്ലാ പ്രവൃത്തികളുടെയും പ്രേരകശക്തി സ്‌നേഹമായിരിക്കണം. സ്‌നേഹമുള്ളിടത്ത് ദൈവമുണ്ട്. ഏതൊരു പ്രവൃത്തിയും സ്‌നേഹത്തോടെ നിര്‍വഹിക്കുമ്പോള്‍ അവിടെ ദൈവം ജനിക്കുന്നു. അപ്പോള്‍ അത് പ്രാര്‍ത്ഥനയായി മാറുന്നു. ദിവസത്തിന്റെ ഓരോ മിനിറ്റും ഓരോ മണിക്കൂറും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് ദിവസം മുഴുവന്‍ പ്രാര്‍ത്ഥനയാക്കി മാറ്റാം എന്ന് ഈശോ ശിഷ്യരോട് പറഞ്ഞിട്ടുണ്ട്.
ദൃശ്യമാധ്യമങ്ങളിലൂടെ ക്രിസ്തുവിന്റെ മുഖം പ്രതിഫലിപ്പിക്കുവാനും അങ്ങനെ സുവിശേഷ പ്രഘോഷണം വ്യാപകമാക്കാനും നാം ശ്രദ്ധിക്കണം. തിന്മയിലേയ്ക്ക് നീങ്ങുന്ന മാധ്യമലോകത്തെ വിശുദ്ധീകരിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇന്ന് ആധുനിക മാധ്യമങ്ങളിലൂടെ ജനങ്ങളെ വിശ്വാസത്തിലേയ്ക്ക് നയിക്കാനുള്ള നമ്മുടെ പരിശ്രമങ്ങള്‍ എങ്ങനെ? മാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രഘോഷണം ക്രിയാത്മകമാക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും? ''എന്റെ ഏറ്റവും ഈ എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്'' (മത്താ. 25:40). പരസ്‌നേഹത്തിന്റെ വലിയപാഠം ക്രിസ്തുവില്‍ നിന്നും സ്വായത്തമാക്കിയവരാ ണ് നാം ഇന്ന് ആദരിക്കുന്ന എല്ലാ വിശുദ്ധാത്മാക്കളും. വചനം ഹൃദയത്തില്‍ സംഗ്രഹിച്ച പരിശുദ്ധ മറിയവും ഉത്തമ മാതൃകയാണ്.
ദൈവത്തില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക പ്രകാശം നമ്മുടെ കുറവുകളെ വ്യക്തമാക്കുന്നു. മനസ്താപം വഴിയും നിരന്തര പരിശ്രമം വഴിയും ആ കുറവുകള്‍ പരിഹരിക്കപ്പെടുമ്പോള്‍ ലഭിക്കാനിരിക്കുന്ന ഭാവി നേട്ടങ്ങളെക്കുറിച്ചുള്ള അറിവ് നല്കുന്നു. ഈ അറിവ് നമ്മില്‍ പ്രത്യാശ വര്‍ദ്ധിപ്പിക്കും, സന്തോഷം ഉളവാക്കും, നിരന്തരം അത് നമ്മില്‍ നിലനില്‍ക്കും. ജീവിതത്തില്‍ ഉടനീളം ദൈവം തന്നെയാണ് നമ്മെ നയിക്കുന്നതെന്ന ബോധ്യം ഉണ്ടാകുന്നു. ജീവിതാനുഭവങ്ങള്‍ സന്തോഷമായാലും സന്താപമായാലും ഫലദായകങ്ങളാണെന്ന് മനസ്സിലാകും. ദൈവത്തിന് ഇഷ്ടമില്ലാത്തത് ഉപേക്ഷിക്കുവാനും, അവിടുത്തെ മഹത്വത്തിനും സഹോദരനന്മയ്ക്കും ഉപകരിക്കുന്നത് ചെയ്യുവാനുമുള്ള ആത്മധൈര്യം ലഭിക്കും. ഗാഢഐക്യത്തിനായി ക്ഷണിക്കപ്പെടുന്നു. ആത്മാവ് ദൈവസദൃശ്യമായി രൂപാന്തരം പ്രാപിക്കുന്നു. പുതിയ ജീവിതം നയിക്കാന്‍ ആത്മാവിന് കഴിവ് ലഭിക്കുന്നു.
കര്‍മ്മലയുടെ പുത്രി ഈഡിത്ത് സ്റ്റെയിന്‍ തന്റെ അവസാന പന്തക്കുസ്താ തിരുനാളില്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അന്തരാത്മാവിന്റെ അകതാരില്‍ അധിവസിക്കുന്ന തമ്പുരാന്റെ ഹൃദയത്തോട് ചേര്‍ന്നു നമുക്കും ഈ പ്രാര്‍ത്ഥന ഉരുവിടാം:
ആരാണ് നീ മധുര പ്രകാശമെ, എന്നെ നിറയ്ക്കുകയും, എന്റെ ഹൃദയത്തിന്റെ അന്ധകാരത്തെ ദീപ്തമാക്കുകയും ചെയ്യുന്ന നീ ആരാണ്? ഒരു മാതൃ കരമെന്ന പോലെ, നീ എന്നെ നയിക്കുന്നു. നീ എന്നെ കൈവെടിയുകയാണെങ്കില്‍ എനിക്ക് ഇനി ചുവട് വയ്ക്കാനാവില്ല. എന്റെ ഉണ്‍മയെ വലയം ചെയ്യുകയും എന്നെ അതിനകത്ത് കൊട്ടിയടക്കുകയും ചെയ്യുന്ന ഇടമാണ് നീ.
നീ എന്നെ വിട്ടുപോവുകയാണെങ്കില്‍ ഒന്നുമില്ലായ്മയുടെ അഗാധഗര്‍ത്തത്തിലേയ്ക്ക് ഞാന്‍ നിപതിക്കും. അതില്‍ നിന്നാണ് നീ എന്നെ വെളിച്ചത്തിലേയ്ക്കുയര്‍ത്തുന്നത്.