Coverstory

യേശുവിന്റെ കൈയൊപ്പുളള ഇടയന്‍

ബിഷപ് തോമസ് ചക്യത്ത്‌
  • ബിഷപ് തോമസ് ചക്യത്ത്

അനേകായിരങ്ങളെ ആത്മീയചൈതന്യത്തിലേക്കു നയിച്ച സ്‌നേഹനിധിയായ ജേക്കബ് തൂങ്കുഴി പിതാവിന്റെ ദീപ്തസ്മരണ മനസില്‍ ഉണര്‍ത്തുന്ന വികാരങ്ങള്‍ വര്‍ണനാതീതമാണ്. കാന്തശക്തിപോലെ എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന എന്തോ ചൈതന്യം പിതാവിന്റെ സംസാരത്തിലും നോട്ടത്തിലും ഇടപെടലുകളിലും ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. നല്ല ഇടയനായ യേശുവിന്റെ കൈയൊപ്പുളള ഇടയശ്രേഷ്ഠനായിരുന്നു അദ്ദേഹം. എണ്ണമറ്റ വ്യക്തികളുടെ ഹൃദയശ്രീകോവിലുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയാണ് പിതാവായ ദൈവത്തിന്റെ പക്കലേക്ക് അദ്ദേഹം കടന്നുപോയിരിക്കുന്നത്. ശോഭയേറിയ നിത്യകിരീടം പിതാവായ ദൈവം അദ്ദേഹത്തെ അണിയിക്കുമെന്ന് നമുക്ക് ഉറപ്പായും വിശ്വസിക്കാം.

ഇരുപത്തിരണ്ട് വര്‍ഷക്കാലം മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന തൂങ്കുഴി പിതാവ് താമരശേരി രൂപതയിലേക്ക് 1995 മേയ് മാസത്തില്‍ സ്ഥലം മാറിപ്പോകുന്നു വെന്ന വാര്‍ത്ത അവിടത്തെ വൈദികര്‍ക്കും ദൈവജനത്തിനും താങ്ങാനാകാത്ത ഒന്നായിരുന്നു. ആ അവസരത്തില്‍ പിതാവ് മാനന്തവാടിയിലെ ദൈവജനത്തിനു ഏറെ ഹൃദയസ്പര്‍ശിയായ ഒരു ഇടയലേഖനം എഴുതി. തന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ തുളുമ്പിനിന്ന സ്‌നേഹത്തിന്റെ ബഹിര്‍സ്പുരണമായിരുന്നു ആ ലേഖനം.

അക്കാലത്ത് അതു വായിച്ചു ഞാന്‍ അദ്ഭുതപ്പെടുകയും അതു സൂക്ഷിച്ചുവയ്ക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. യാത്രപറച്ചിലിന്റെ ശൈലിയിലുളള ആ കത്ത് പിതൃവാത്സല്യത്തിന്റെ നിലയ്ക്കാത്ത നീരൊഴുക്കായി എല്ലാവരിലേക്കും എത്തി. വൈദികര്‍, സന്യസ്തര്‍, കപ്യാരുന്മാര്‍, അള്‍ത്താര ബാലന്മാര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുളള ആ കത്തിലെ വാക്കുകള്‍ വാത്സല്യത്തിന്റെ നിറവുളളവയായിരുന്നു. ഇടയദൗത്യത്തിന്റെ അന്തസത്ത അതിന്റെ ആഴത്തില്‍ ഗ്രഹിച്ച ഒരു മേലധ്യക്ഷനുമാത്രം വഴങ്ങുന്ന ശൈലിയില്‍ എഴുതപ്പെട്ട ആ കത്ത് പൗലോസ് അപ്പസ്‌തോലന്റെ അജപാലനലേഖനങ്ങളുടെ പാരമ്പര്യത്തില്‍ പെടുത്താവുന്നതാണെന്ന് ചിന്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഹൃദയം ഹൃദയത്തോടും സംസാരിക്കുന്ന ആ കത്തിന്റെ ശൈലി അത്രമേല്‍ ഹൃദയാവര്‍ജകവും സുന്ദരവുമായിരുന്നു.

അടിച്ചേല്‍പ്പിക്കുന്നത് ഒന്നിനും പരിഹാരമാകില്ലെന്നു വിശ്വസിച്ചിരുന്ന മഹാനായ ഇടയനായിരുന്നു തൂങ്കുഴി പിതാവ്. അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ പിന്‍ബലം അദ്ദേഹത്തിന്റെ സമീപനത്തിനുണ്ട്.

1999-ല്‍ സീറോമലബാര്‍ സിനഡ് ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ തീരുമാനിച്ചതിനുശേഷം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കു വ്യക്തിപരമായി തൂങ്കുഴി പിതാവ് ഒരു കത്തയച്ചതോര്‍ക്കുന്നു. അതും ആ ശ്രേഷ്ഠ ഇടയന്റെ സഭാസ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും തനിമയുളളതായിരുന്നു. സഭയില്‍ ഐക്യമുണ്ടാകാന്‍വേണ്ടി സിനഡ് പിതാക്കന്മാര്‍ ഏകകണ്ഠമായി എടുത്ത തീരുമാനം നടപ്പാക്കണമെന്ന ഉപദേശരൂപേണയുളള ആഹ്വാനമായിരുന്നു ആ കത്തിന്റെ ഉളളടക്കം. ആരാധനക്രമ സംബന്ധമായ കാര്യങ്ങളില്‍ എറണാകുളത്തെ വൈദികരുടെ കാഴ്ച്ചപ്പാടുകളോടു തുറവിയും അടുപ്പവും എന്നും പുലര്‍ത്തിയിരുന്ന തൂങ്കുഴി പിതാവിന്റെ ആ കത്തിന്റെ മുമ്പില്‍ വൈദികര്‍ പതറി. എന്നാല്‍, അധികം താമസിയാതെ സിനഡിന്റെ തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് തന്റെ അതിരൂപതയായ തൃശ്ശൂരിലെ വൈദികരെ വല്ലാതെ ദുഃഖിപ്പിക്കുന്നുവെന്നു പിതാവു മനസ്സിലാക്കി. അതു പിതാവിന്റെ മനസ്സിനു താങ്ങാനാവാത്ത വേദനയായി മാറി.

നീണ്ട കാലത്തെ അജപാലന ശുശ്രൂഷയിലൂടെ ആര്‍ജിച്ച വിവേകം ക്രാന്തദര്‍ശിയായ അദ്ദേഹത്തിന്റെ സഹായത്തിനെത്തി. സഭാമാതാവിന്റെ മാതൃഭാവം പ്രകടമാകുന്ന കാനന്‍നിയമത്തിന്റെ ചുവടുപിടിച്ചു തൃശ്ശൂര്‍ അതിരൂപതയാകുന്ന സഭാസമൂഹത്തിന്റെ ഇടയനെന്ന നിലയ്ക്ക് അദ്ദേഹം ഏകീകൃത കുര്‍ബാന അര്‍പ്പണരീതിയില്‍നിന്ന് വൈദികര്‍ക്ക് ഒഴിവുകൊടുത്തു. ദൈവതിരുമുമ്പിലിരുന്നാകും ആ ധീരമായ തീരുമാനം അദ്ദേഹം എടുത്തത്. അതിനെ പലരും വിമര്‍ശിച്ചുവെങ്കിലും തന്റെ തീരുമാനം ദൈവസന്നിധിയില്‍ സ്വീകാര്യമായിരുന്നു എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം.

തന്റെ സഹപ്രവര്‍ത്തകരായ വൈദികരോട് ആലോചിക്കാതി രുന്നത് അവിവേകമായെന്നും അദ്ദേഹം ചിന്തിച്ചു.

അതോടൊപ്പംതന്നെ, എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനും മേജര്‍ ആര്‍ച്ചുബിഷപ്പുമായിരുന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവും എറണാകുളത്തെ വൈദികര്‍ക്ക് ഒഴിവുകൊടുത്തു. അദ്ദേഹം പലവട്ടം ആലോചിച്ച് വളര്‍ത്തിയെടുത്ത ഫോര്‍മുലയാണ് 1999-ല്‍ സിനഡിന്റെ തീരുമാനമായി രൂപപ്പെട്ടത്. തന്റെ നേതൃത്വത്തില്‍ സിനഡ് എടുത്ത ആ തീരുമാനം കര്‍ശനമായി നടപ്പാക്കുന്നത് ഐക്യത്തിന്റെ നാമ്പൊടിക്കുമെന്ന് മനസിലാക്കിയ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ മനസ്സു പ്രവര്‍ത്തിച്ചതും തൂങ്കുഴി പിതാവിന്റെ മനസ്സിന്റെ വേവ് ലെങ്ത്തില്‍ തന്നെയായിരുന്നു. സീറോമലബാര്‍സഭയില്‍ അന്ന് ഉണ്ടാകാമായിരുന്ന വലിയൊരു പ്രതിസന്ധി തടയുന്നതിനു സഹായകമായത് വലിയൊരളവുവരെ വാത്സല്യനിധിയും ആത്മീയതയുടെ നിറകുടവുമായിരുന്ന തൂങ്കുഴി പിതാവിന്റെ സമയോചിതമായ ഇടപെടലാണ്.

അടിച്ചേല്‍പ്പിക്കുന്നത് ഒന്നിനും പരിഹാരമാകില്ലെന്നു വിശ്വസിച്ചിരുന്ന മഹാനായ ഇടയനായിരുന്നു തൂങ്കുഴി പിതാവ്. അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ പിന്‍ബലം അദ്ദേഹത്തിന്റെ സമീപനത്തിനുണ്ട്. വിജാതീയര്‍ വിശ്വാസം സ്വീകരിക്കുമ്പോള്‍ പരിച്ഛേദനം നടത്തണമെന്ന് നിര്‍ബന്ധിച്ചിരുന്നവര്‍ ആദിമസഭയിലുണ്ടായിരുന്നു. അങ്ങനെ ചെയ്യാതെ സ്വര്‍ഗം ലഭിക്കില്ലെന്നു വാദിച്ചിരുന്നവര്‍പോലും ഉണ്ടായിരുന്നു (അപ്പ. 15:1-2). ആ തര്‍ക്കത്തിന് അജപാലനപരമായ പരിഹാരം കണ്ടെത്താന്‍ കൂടിയ ജറുസലം സൂനഹദോസില്‍ മഹായിടയനായ പത്രോസും പൗലോസ്, യാക്കോബ് എന്നീ ശ്ലീഹന്മാരും നടത്തിയ ഇടപെടലുകള്‍ (അപ്പ. 15:1-19) ശ്രദ്ധേയങ്ങളാണ്. വിജാതീയരുടെമേല്‍ ആവശ്യമില്ലാത്ത ഭാരം ചുമത്തി അവരെ വിഷമിപ്പിക്കരുതെന്ന നിശ്ചയമാണ് സൂനഹദോസ് എടുത്തത്. പാരമ്പര്യങ്ങളുടെ ബാഹ്യരൂപങ്ങള്‍ക്കു ശാശ്വത സ്വഭാവം കല്പിക്കേണ്ടതില്ലെന്നായിരുന്നു ജറുസലം സൂനഹദോസിന്റെ തീരുമാനം. ആ അര്‍ഥവത്തായ വിധിതീര്‍പ്പിന്റെ ചൈതന്യം അജപാലനരംഗത്ത് എന്നും കാത്തുസൂക്ഷിച്ച ഇടയശ്രേഷ്ഠനായിരുന്നു തൂങ്കുഴി പിതാവ.് അതുകൊണ്ടുതന്നെ, അര്‍ഥശോഷണം സംഭവിച്ച പാരമ്പര്യങ്ങളും സാധാരണ വിശ്വാസികള്‍ക്ക് മനസ്സിലാകാത്ത ഭാഷാപ്രയോഗങ്ങളും അദ്ദേഹത്തിന് അപ്രിയങ്ങളായിരുന്നു.

അടുത്ത കാലത്തു സീറോമലബാര്‍സഭയില്‍ ഉണ്ടായ തര്‍ക്കങ്ങളും വിഭാഗീയതയും, വാര്‍ദ്ധക്യസഹജമായ ക്ഷീണത്തിന്റെ ഇടയില്‍, തൂങ്കുഴി പിതാവിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നുവെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സഭയിലെ തര്‍ക്കങ്ങള്‍ കൈവിട്ടുപോകാതെ അജപാലനപരമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് സമയാസമയം ഉത്തരവാദപ്പെട്ടവരെ കത്തുകള്‍ മുഖേനയും മറ്റും പിതാവ് ഓര്‍മ്മപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സഭ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ അജപാലനപരമായ വിവേകത്തോടെ കൈകാര്യം ചെയ്യണമെന്നായിരുന്നു എന്നും പിതാവ് ആവശ്യപ്പെട്ടിരുന്നത്.

എന്റെ മനസ്സിനെ ഉത്തേജിപ്പിച്ചിട്ടുളള ഏറെ വ്യക്തിപരമായ അനുഭവങ്ങള്‍ തൂങ്കുഴി പിതാവുമായി എനിക്കുണ്ട്. അവ രേഖപ്പെടുത്താന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. സ്വര്‍ഗലോകത്തേക്കു കടന്നുപോയ പുണ്യപ്പെട്ട ജേക്കബ് തൂങ്കുഴി പിതാവിന്റെ ദീപ്തസ്മരണയ്ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുഴിമാടത്തിനരികില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കണമെന്ന മനസിന്റെ തോന്നല്‍ ദൈവപ്രേരണയാകുമെന്ന് ഞാന്‍ കരുതുന്നു. തെളിമയാര്‍ന്ന അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തണല്‍ എന്നും നമ്മുടെ സഭയിലും സമൂഹത്തിലും കുളിര്‍മ്മ നല്‍കുന്ന തണലും സംരക്ഷണവുമായി നിലനില്‍ക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു.

കൊച്ചിയിലെ കപ്പലൊച്ചകൾ [07]

ഉല്‍പത്തി

നിലപാടുതറയില്‍ ജീവിച്ച തൂങ്കുഴിപിതാവ്

വചനമനസ്‌കാരം: No.188

കുടുംബം സഭയ്ക്കുള്ള ദാനവും ചുമതലയും - ലിയോ മാര്‍പാപ്പ