Coverstory

തീ പിടിച്ച ആത്മാവ്

ഷെവലിയര്‍ സി എല്‍ ജോസ്

ഇരുട്ടിനെ പഴിക്കാനും ശപിക്കാനുമല്ല, ഇരുളടഞ്ഞ അന്തരീക്ഷത്തില്‍ കൈത്തിരി കത്തിക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കേണ്ടത്. വളര്‍ന്നു വരുന്ന തലമുറയെ ദുഷിച്ച മാര്‍ഗങ്ങളിലേക്കും ദുഷ്ടചിന്തകളിലേക്കും നയിക്കുകയല്ല, മറിച്ച് നന്മയിലും ധാര്‍മ്മികമൂല്യങ്ങളിലും വിശ്വാസമുള്ള - സത്യവും സാഹോദര്യവും മതമൈത്രിയും മാനവസ്‌നേഹവും കൈമുതലായുള്ള - ഒരു ജനതയെ വാര്‍ത്തെടുക്കുകയാണ് എഴുത്തുകാരന്‍ അല്ലെങ്കില്‍ നാടകകൃത്തു ചെയ്യേണ്ടത്.

സാമൂഹ്യതിന്മകളെ തുറന്നു കാട്ടുകയും അവയ്‌ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്യേണ്ടത് സമൂഹത്തോടു പ്രതിബദ്ധതയുള്ള എഴുത്തുകാരന്റെ ചുമതലയാണ്. അതിനു തയ്യാറാവുന്ന നാടകകൃത്ത് സാമഹ്യ പരിവര്‍ത്തനത്തിനു നേതൃത്വം കൊടുക്കുകയാണ് ചെയ്യുന്നത്.

എന്റെ ഓഫീസില്‍ നിന്ന് ലോണ്‍ വാങ്ങി അന്ന് ആ യുവതി ഇറങ്ങിപ്പോയശേഷം, അസ്വസ്ഥമായ ഒരു ചിന്ത എന്നെ പിടികൂടി. ടി ടി സി പാസ്സായ ആ യുവതിയുടെ - കോഴ കൊടുത്ത് ഉദ്യോഗം വാങ്ങേണ്ട ഗതികേടു വന്ന ആ സാധുപെണ്ണിന്റെ - ദയനീയ ചിത്രം എന്റെ മനസ്സില്‍ പതിഞ്ഞു. ഉള്ളിന്റെ ഏതോ കോണില്‍ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു. എന്തിന്നോടൊക്കെയോ അമര്‍ഷവും പ്രതിഷേധവും തോന്നി. അധ്യാപക നിയമനത്തിനു കോഴ വാങ്ങുന്നതിനോടുള്ള എതിര്‍പ്പ് എന്റെ ഹൃദയത്തില്‍ പതഞ്ഞുപൊന്തി.

അന്നു രാത്രി മണിക്കൂറുകളോളം ഞാനിതേപ്പറ്റി ചിന്തിച്ചു. ഉറക്കം നീങ്ങിനിന്നു. പിന്നെയും ദിവസങ്ങളും ആഴ്ചകളും ആ ചിന്ത തുടര്‍ന്നു. ചിന്തകള്‍ ഒരു നാടകത്തോളം വളര്‍ന്നു. ടി ടി സി പാസ്സായ ഒരു യുവതിയെ കേന്ദ്രീകരിച്ചു ഒരു ഇതിവൃത്തത്തിന് രൂപം കൊടുത്തു.

പാവപ്പെട്ടവനും കൂലിപ്പണിക്കാരനുമായ കോരത്, നല്ലവളായ ഭാര്യ കുഞ്ഞേലി, അവര്‍ക്കു മുരടനും ചീട്ടുകളിക്കാരനുമായ ഒരു മകന്‍ മൈക്കിള്‍, സ്‌നേഹവതിയും ടി ടി സി പാസ്സായവളുമായ മകള്‍ തങ്കമ്മ. ഈ കൊച്ചു കുടുംബത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും ആകുലതകളും ആത്മസംഘര്‍ഷങ്ങളും നിറഞ്ഞതാണീ നാടകം. ആവശ്യപ്പെട്ട കോഴയുമായി സ്‌കൂള്‍ മാനേജരുടെ മുമ്പില്‍ ചെന്നിട്ടും ഉദ്യോഗം ലഭിക്കാതെ പോയ ഹതഭാഗ്യയായ തങ്കമ്മയുടെ - കോരതു ചേട്ടന്റെയും - ദുരന്തകഥ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. പൊട്ടിത്തകര്‍ന്ന ഒരു കുടുംബത്തിന്റെ ദാരുണമുഖം ഇതില്‍ കാണാം. ഈ നാടകത്തിന്റെ പേരാണ് ''തീ പിടിച്ച ആത്മാവ്.''

ഇതിലെ തങ്കമ്മയെന്ന മിഴിവുറ്റ കഥാപാത്രം അന്ന് എന്റെ ഓഫീസില്‍ ലോണ്‍ വാങ്ങാന്‍ പാസു ബുക്കുമായി പ്രത്യക്ഷപ്പെട്ട ടി ടി സിക്കാരി യുവതിയാണ്. അവളാണ് ഈ നാടകത്തിന്റെ പ്രചോദനം. എന്നെ നിര്‍ബന്ധമായി പിടികൂടിയ കഥാപാത്രവും അവള്‍ തന്നെ.

1963 ജൂണ്‍ മാസത്തില്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ ഈ നാടകം നിറഞ്ഞ സദസ്സില്‍ അരങ്ങേറി. കേരളത്തില്‍ ആദ്യമായി ഭരത് അവാര്‍ഡു നേടിയ അതുല്യ നടനും പ്രമുഖ നാടകകൃത്തും എന്റെ സുഹൃത്തുമായ പി ജെ ആന്റണിയാണ്, ഞാന്‍ സംവിധാനം ചെയ്ത ഈ നാടകം അന്ന് ഉദ്ഘാടനം ചെയ്തത്. (ആന്റണി ഭരത് അവാര്‍ഡ് നേടുന്നത് 1974-ല്‍). പിന്നീട് സിനിമാ താരങ്ങളായിതീര്‍ന്ന സി ഐ പോള്‍, തൃശ്ശൂര്‍ ഫിലോമിന, തൃശ്ശൂര്‍ എല്‍സി തുടങ്ങിയവാണ് അന്ന് അരങ്ങു തകര്‍ത്ത് അഭിനയിച്ചത്. തോമസ് പാറത്തൂര്‍ എഴുതിയ കാവ്യമധുരമായ ഗാനങ്ങള്‍ അന്നു ശ്രവണ സുഭഗമായി ആലപിച്ചത് എ എഫ് പോള്‍സനും നല്ലൊരു ഗായികകൂടിയായ തൃശ്ശൂര്‍ ഫിലോമിനയുമാണ്.

ഉള്ളില്‍ തട്ടുന്ന പല സന്ദര്‍ഭങ്ങളുമുണ്ട് ഈ നാടകത്തില്‍. കോരത് ആട്ടിപ്പുറത്താക്കിയ മകനെ സ്‌നേഹനിധിയായ കുഞ്ഞേലി വിളിച്ചു കയറ്റി ചോറുകൊടുത്തതും അതറിഞ്ഞ കോരത് അവനെ അടുക്കളയില്‍ നിന്നും പിടിച്ചു വലിച്ചു കൊണ്ടുവന്നതും മൈക്കിളിന്റെ കയ്യിലെ ചോറുരുള അടര്‍ന്നടര്‍ന്നു നിലത്തു കൊഴിയുന്നതും ദുഃഖകരമായ അന്തരീക്ഷത്തില്‍ മൈക്കിള്‍ വീടു വിട്ടിറങ്ങുന്നതുമായ രംഗം, അപ്പന് കട്ടന്‍കാപ്പി കൊടുക്കുമ്പോഴെല്ലാം അതിലൊരു വീതം ബാക്കിവയ്ക്കുന്നതു പതിവായി കുടിക്കാറുള്ള തങ്കമ്മ താന്‍ ചെയ്ത കുറ്റത്തിന് അപ്പനില്‍ നിന്നു പൊതിരെ തല്ലു കിട്ടി തേങ്ങിക്കരയുമ്പോഴും മുറതെറ്റാതെ അപ്പനു കാപ്പികൊണ്ടുവന്നു കൊടുക്കുന്നതും പതിവു പോലെ അതിന്റെ വീതം വാങ്ങിക്കുടിക്കുന്നതും അതുകണ്ടു കോരതു വാ പൊത്തി വിങ്ങിക്കരയുന്നതുമായ രംഗം, സ്വപ്രയത്‌നം കൊണ്ടു സമ്പാദിച്ച പണവും അമ്മ ഏറ്റവുമധികം ആഗ്രഹിച്ചിരുന്ന കസവിന്റെ ഒരു പുതുമുണ്ടും തങ്കമ്മയ്ക്കു സാരിയുമായി വീട്ടില്‍ തിരിച്ചെത്തിയ മൈക്കിള്‍ സസന്തോഷം അമ്മയെ വിളിക്കുന്നതും അമ്മ മരിച്ചുപോയെന്നറിഞ്ഞു സ്തംഭിച്ചു നില്‍ക്കുന്നതും കസവുമുണ്ടും പിടിച്ചു വിങ്ങിപ്പൊട്ടുന്നതുമായ രംഗം, തങ്കമ്മയ്ക്കു ടീച്ചറുദ്യോഗം കിട്ടാന്‍ സ്‌കൂള്‍ മനേജരായ ഇയ്യുണ്ണി മുതലാളിക്കു കൊടുക്കേണ്ട കോഴയില്‍ പോരാതെ വന്ന അഞ്ഞൂറുരൂപ മൈക്കിള്‍ എടുത്തുകൊടുക്കുന്നതും ചീട്ടു കളിച്ചോ മോഷ്ടിച്ചോ കൊണ്ടുവന്ന പണമാണെന്നു ധരിച്ചു കോരത് അത് നിരസിക്കുന്നതും തന്റെ പ്രയത്‌ന ഫലമാണതെന്നു ബോധ്യപ്പെടുത്താന്‍ കൈകളിലെ തഴമ്പ് മൈക്കിള്‍ കാട്ടിക്കൊടുക്കുന്നതും അതുകണ്ടു കോരതു വികാരവിജൃംഭിതനായി മകന്റെ ഉള്ളം കൈകളില്‍ ആവേശപൂര്‍വം ആഞ്ഞുചുംബിക്കുന്നതുമായ രംഗം, അവസാനം രൂപയുമായി ചെല്ലുമ്പോള്‍ സമയം വൈകിയതിനാല്‍ മറ്റൊരാളെ നിയമിച്ചു കഴിഞ്ഞു എന്നറിയുന്നതും തുടര്‍ന്നു ഹൃദയം തകര്‍ന്നു കോരതിനു ഭ്രാന്തുപിടിക്കുന്നതുമായ രംഗം - ഇത്തരത്തില്‍ പ്രേക്ഷകഹൃയങ്ങളെ ചലിപ്പിക്കുകയും കണ്‍പീലികളെ ഈറനണിയിക്കുകയും ചെയ്യുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ നാടകത്തിലുണ്ട്.

അമേച്വര്‍ നാടകമാണെങ്കിലും 'തീ പിടിച്ച ആത്മാവിനു' തൃശ്ശൂര്‍ ജില്ലയിലെ കണ്ടശ്ശാങ്കടവില്‍ ഒരു ബുക്കിംഗ് ലഭിച്ചു. അവിടെ സിനിമാ തിയേറ്ററിലാണ് നാടകം നടത്തുന്നത്. പഠിച്ചതെല്ലാം ഒന്ന് ഓര്‍മ്മ പുതുക്കാനും വേണ്ട മിനുക്കു പണി നടത്താനുമായി വീണ്ടും റിഹേഴ്‌സല്‍ തുടങ്ങണം. അതിനായി ഞങ്ങള്‍ ഒത്തുകൂടിയപ്പോള്‍ അതിലൊരു നടന് മനംമാറ്റം. അയാള്‍ക്ക് ഒരു പുതിയ പൂതി. ദുഷ്ടകഥാപാത്രമായ സ്‌കൂള്‍ മാനേജര്‍ ഇയ്യുണ്ണി മുതലാളിയുടെ ഭാഗം താനിനി അഭിനയിക്കുന്നില്ലെന്നും പകരം മുതലാളിയുടെ മകനായ പീറ്ററിന്റെ നായകവേഷം കൊടുക്കണമെന്നുമാണ് ഡിമാന്റ്.

ഇതില്‍ രണ്ടാണ് പ്രശ്‌നം. ഒന്ന്, ഇയ്യുണ്ണിയുടെ വേഷം പുതിയൊരാളെ പഠിപ്പിച്ചുണ്ടാക്കണം. രണ്ട് നിലവിലുള്ള നായകനെ മാറ്റണം. നായകനേയും ഇയ്യുണ്ണിയെയും പരസ്പരം മാറ്റി പ്രശ്‌നം പരിഹരിക്കാമെന്നു വച്ചാലും തകരാറുണ്ട്. നായകവേഷത്തിനു പറ്റിയ എടുപ്പോ ഗ്ലാമറോ ഇയ്യുണ്ണി വേഷക്കാരനില്ല. സംഗതി പ്രശ്‌നമായി. ഞാന്‍ നല്ല വാക്കു പറഞ്ഞു നോക്കി. നായകവേഷം തന്നെ വേണമെന്ന് അയാള്‍ക്ക് ഒരേ നിര്‍ബന്ധം. യാചനപോലെയുള്ള എന്റെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. വാശിക്കു വഴങ്ങില്ലെന്നു ഞാനും തീരുമാനിച്ചു.

''റോളു മാറ്റാന്‍ ഞാന്‍ സമ്മതിക്കില്ല'' എന്റെ സ്വരം.

''എങ്കില്‍ ഞാനിതില്‍ അഭിനയിക്കില്ല.'' അയാളുടെ ഭീഷണി.

''ബുക്കിംഗ് എടുത്തിട്ടുണ്ടെങ്കില്‍ നാടകം ഞാന്‍ നടത്തും.'' ഞാനും വിട്ടില്ല.

വെല്ലുവിളി ഏറ്റെടുത്തു. അയാളില്ലാതെ റിഹേഴ്‌സല്‍ തുടങ്ങി. നാടക ദിവസമടുത്തു. മനസ്സുമാറി അയാള്‍ റിഹേഴ്‌സലില്‍ വരുമെന്നു ഞാന്‍ കരുതിയെങ്കിലും വന്നില്ല.

നാടകദിവസം നിശ്ചിത സമയത്തു കണ്ടശ്ശാങ്കടവ് തിയേറ്ററില്‍ 'തീ പിടിച്ച ആത്മാവ്' അരങ്ങേറി. ഇയ്യുണ്ണി മുതലാളിയുടെ വേഷമിട്ടതു ഞാന്‍ തന്നെ. മറ്റു പല ബദ്ധപ്പാടുകള്‍ നിമിത്തം ഞാനീ നാടകത്തില്‍ വേഷമെടുത്തിരുന്നില്ല. അതിവിടെ ഒരനുഗ്രഹമായി. നാടകം നല്ല വിജയമായിരുന്നു. ഈ വേഷപ്പകര്‍ച്ച അവിടത്തെ പ്രേക്ഷകര്‍ അറിഞ്ഞതേയില്ല. നാടകകൃത്തുതന്നെ അഭിനയിച്ചു എന്നതില്‍ അവര്‍ കൂടുതല്‍ സന്തോഷിച്ചേയുള്ളൂ.

അധ്യാപക നിയമനത്തിനു കോഴ വാങ്ങുക എന്ന അധര്‍മ്മ കര്‍മ്മത്തിനെതിരെ കേരളത്തില്‍ ആദ്യമായി ഒരു സമ്പൂര്‍ണ്ണ നാടകം കൊണ്ട് (തീ പിടിച്ച ആത്മാവ്) പ്രതികരിച്ചതു ഞാനാണ് എന്നതില്‍ എനിക്കഭിമാനമുണ്ട്. പല കുറവുകളുമുണ്ടെങ്കിലും ജനം ഇരുകൈകളും നീട്ടി ഹൃദയപൂര്‍വം ഇതിനെ സ്വീകരിച്ചു.

ഈ നാടകം മലയാള സാഹിത്യത്തിലെ ധീര വിമര്‍ശകനായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ പ്രൗഢസുന്ദരമായ അവതാരികയോടെ 1963 നവംബറില്‍ കോട്ടയം നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധപ്പെടുത്തി. 1992 മാര്‍ച്ചില്‍ ഇറക്കിയ ഒടുവിലത്തെ പതിപ്പോടെ ഇതുവരെ ആറു പതിപ്പുകളും പതിനോരായിരം കോപ്പികളും ആയിരക്കണക്കിനു അരങ്ങുകളുമായി. അതിന്നര്‍ത്ഥം ഈ നാടകത്തിനും ഇതിലെ പ്രമേയത്തിനും ഇന്നും പ്രസക്തിയുണ്ടെന്നല്ലേ?

ഒരു വ്യത്യാസം മാത്രം. കോഴയുടെ നിരക്ക് അന്നത്തെ രണ്ടായിരത്തില്‍ നിന്നു രണ്ട് ലക്ഷത്തിലേക്കും അഞ്ചു ലക്ഷത്തിലേക്കും അതിനുമപ്പുറത്തേക്കും കുതിച്ചു കയറിയിരിക്കുന്നു. സ്വകാര്യ മാനേജ്‌മെന്റിന്റെ വിദ്യാഭ്യാസകച്ചവടം ഇന്നും പൊടിപൊടിക്കുന്നു. നമ്മുടെ നാടിന്റെ 'വമ്പിച്ച പുരോഗതി'! കേരളത്തിന്റെ 'രാജകീയ വളര്‍ച്ച'!

(തുടരും)

വിശുദ്ധ വെഞ്ചസ്ലാവൂസ് (907-929) : സെപ്തംബര്‍ 28

കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം: സുരക്ഷയും നീതിയും ഉറപ്പാക്കണം കെ സി ബി സി

ഡാർക് Mode ൽ നിന്ന് ഫീനിക്സ് Mode ലേക്ക്... ഒരു 'താരo'

ജർമ്മൻ രാജവംശങ്ങൾ

നമ്മുടെ യൂണിവേഴ്സ്: ഒരു ഗോൾഡൻ റേഷിയോ സെറ്റപ്പ്! ✨