'ത്രിശൂക്കാര്‍ക്ക് അന്ന് വേറെ സ്വര്‍ണ്ണമൊന്നുമില്ല, തോട്ടാന്റെ സ്വര്‍ണ്ണം... അതൊരു വിശ്വാസാ..'
പുള്ളി ചെയറിലൊന്ന് ഇളകിയിരുന്നു.
'അപ്പന്റെ വീട് പ്രതാപികളും അല്പസ്വല്പം അതിന്റെ മുഷ്‌ക്കത്തരോം ഉണ്ടായിരുന്ന ഒരു വീടായിരുന്നു. അങ്ങനെ ഇരിക്കുമ്പോ എന്തോ കാര്യത്തിന് തൃശൂരിലെ മെത്രാനും ന്റെ അപ്പനും കൂടി ഒന്ന് ഉടക്കി. ആ ഉടക്ക് ആര്‍ക്കും തീര്‍ക്കാനുമായില്ല. തോപ്പ് സ്റ്റേഡിയത്തിനും തൃശൂരിലെ പെറ്റി സെമിനാരിക്കും ഇടയില്‍ നല്ല ഉയരത്തില്‍ മതില്‍ കെട്ടുന്ന തിരക്കിലായിരുന്നു, മെത്രാന്‍ അക്കൊല്ലം. നല്ല പൊക്കത്തില്‍ കെട്ടിപൊക്കിയ മതില് ദേ പിറ്റേന്ന് മൂക്കും കുത്തി താഴെകിടക്കുണൂ. കമ്മിറ്റിക്കാര്‍ക്കു പണിക്കാരെ തല്ലണം, മെത്രാനവരെ തടഞ്ഞു.
'അതവരുടെ പണീടെ കൊഴപ്പന്നും അല്ലെടാ മാത്തൂ, അതില് വേറെ കളീണ്ട്...മ്മക്ക് നോക്ക്വാ.'
പിറ്റേന്ന് പണിക്കാര് വാശിക്ക് മതില് പൊക്കി കെട്ടി. നേരം വെളുത്തപ്പോ മതില് പിന്നേം താഴെ കിടക്കുന്നു.
'....കേള്‍വിക്കാരെ നോക്കി ഒന്ന് കുലുങ്ങി ചിരിച്ച് അച്ചന്‍ പറയും, 'മതില്‍ ആനെക്കൊണ്ട് കുത്തി താഴെ ഇട്ടതാണ്... ഞങ്ങടെ വീട്ടില് അന്ന് ആനെണ്ടാര്‍ന്നു. ന്റെ അപ്പനാരുന്നു അത് ചെയ്യിച്ചത്. അന്ന് ഞങ്ങള് ലൂര്‍ദ്ദ് പള്ളിക്കാരാരുന്നല്ലോ. മെത്രാന്റെ സ്വന്തം ഇടവകക്കാര്. നല്ല രസല്ലേ!'
* * * * * * * * * * *
കൊച്ചുത്രേസ്യാ പുണ്യാളത്തിയെപ്പോലെ മഠത്തില്‍ ചേര്‍ന്ന് കന്യാ സ്ത്രീ ആവണമെന്നാരുന്നു അന്നകുട്ടി എന്ന ആ പെണ്‍കുട്ടിയുടെ ഏറ്റവും വല്ല്യേ ആഗ്രഹം. മഠത്തിലെ അമ്മമാരുടെ കൂടെ അദ്ധ്വാനിച്ചും പ്രാര്‍ത്ഥിച്ചും അങ്ങനെ നടക്കും. അപ്പോഴാണ്, തൃശൂരിലെ വല്യേ പണക്കാരായ തോട്ടാന്‍ കുടുംബക്കാരുടെ വീട്ടില്‍ നിന്നും വറീതിന്റെ കല്യാണാലോചന അന്നകുട്ടിക്ക് വരുന്നത്. പെണ്‍കുട്ടി സമ്മതിച്ചില്ല. അവള് കരച്ചിലായി. കുടുമ്മത്തെ കാര്ന്നന്മാര്‍ക്ക് ദേഷ്യം വരാതിരിക്കോ? കല്ലേ പിളര്‍ക്കുന്ന കല്പന വന്നു. ചെക്കനും കൂട്ടരും നാളെ പെണ്ണ് കാണാന്‍ വരും. അവര്‍ക്കിഷ്ടായാല്‍, രണ്ടാഴ്ച വിളിച്ചു ചൊല്ലി മൂന്നാമാഴ്ച കല്യാണം.
നേരം വെളുത്തപ്പോ പെണ്‍കുട്ടിയെ കാണാനില്ല. അന്വേഷിച്ച് ഒടുക്കം മഠത്തിന്റെ ഉരല്‍പ്പുരയില്‍ ഒളിച്ചിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തി. അവള്‍ പിന്നെയും കരഞ്ഞപ്പോള്‍, മഠത്തിലുണ്ടായിരുന്ന, എപ്പോഴും പ്രാര്‍ത്ഥനയും പരിഹാരവും ആയിക്കഴിഞ്ഞിരുന്ന പ്രായം ചെന്ന ഒരമ്മ കന്യാസ്ത്രി, അന്ന കുട്ടിയുടെ തലയില്‍ തലോടിക്കൊണ്ട് പറഞ്ഞു. 'മോളിപ്പോ അപ്പനും വീട്ടാരും പറയുന്ന പോലെ ചെയ്യ്. കല്യാണം കഴിച്ചുള്ള ജീവിതോം തമ്പുരാന്റെ വിളിയാണ്. ദൈവവിളി തന്നെ. നിനക്കുണ്ടാവുന്ന മക്കളിലൊരാള്‍ മഠത്തില്‍ ചേരില്ലെന്ന് ആര് കണ്ടു. അന്ന് നീയതിനു തടസ്സംനിക്കല്ലേ ട്ടാ...' ഒരു പുഞ്ചിരിയോടെ അവര്‍ അന്നകുട്ടിയെ വീട്ടിലേയ്ക്കയച്ചു.
അന്നകുട്ടിയെ തോട്ടാന്‍ വറീത് കല്യാണം കഴിച്ചു.
* * * * * * * * * * *
കല്യാണത്തിന്റെ സമ്മതകുറിക്കായി മെത്രാനെ കാണാന്‍ ചെന്ന വറീതിനെ നോക്കി മെത്രാന്‍ നല്ലോണം ഒന്ന് ചിരിച്ചു. ന്ന്ട്ട് പറഞ്ഞു.
'ന്നാലെ, നീ ആദ്യം നെന്റെ ആനെക്കൊണ്ട് കുത്തിമറിച്ചിട്ട ന്റെ സെമിനാരീടെ മതില്ണ്ടല്ലോ അദൊന്നു മര്യായ്ക്ക് കെട്ടി പൊക്കി പണിത് താ.. രണ്ട് തവണ പണിയിച്ചതില് എനിക്കുള്ള ചെലവും കൂടി ഇവിടെ പ്രോകുരേറ്റര്‍ അച്ചന്റെ കയ്യില് കൊടുത്തിട്ട് പൊക്കോളാ ട്ടാ. കുറിയൊക്കെ ഞാന്‍ എഴുതിവച്ചോളാ...'
കിഴക്കോട്ട് കൈ ചൂണ്ടിക്കൊണ്ട് തോട്ടാനച്ചന്‍ ഞങ്ങളോട് പറഞ്ഞു. 'ന്റെ അപ്പന്‍ കെട്ടികൊടുത്ത മതിലാണ് ദേ ആ കാണണത്... ഞാനിപ്പോ ആ സെമിനാരിലെ റെക്ടരച്ചനും... തമ്പുരാന്റെ ഓരോ കളി...'
കൂട്ടത്തിലൊരു ശെമ്മാശന്‍ അച്ചനോട് ചോദിച്ചു.. 'അന്ന് അമ്മ കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അച്ചനെപ്പോലൊരു റെക്ടരച്ചനെ കിട്ടില്ലാരുന്നല്ലോ.'
അച്ചന്റെ കണ്ണ് നിറഞ്ഞെന്നു തോന്നുന്നു.
'അമ്മയ്ക്ക് ഞങ്ങള് 10 മക്കളാരുന്നു. ഞാനടക്കം 5 പേര് പുരോഹിതരായി. രണ്ട് പേര് കന്യാസ്ത്രീകളും. അന്ന് ആ കന്യാസ്ത്രിയമ്മ പറഞ്ഞത് വെറുതെയായില്ല. എല്ലാ എന്റെ അമ്മേടെ പ്രാര്‍ത്ഥന... ദൈവത്തിന്റെ വലിയ കരുണ.'
തൃശൂരിലെ തോപ്പ് സെന്റ് മേരിസ് മൈനര്‍ സെമിനാരിയുടെ റെക്ടര്‍ ആയിരുന്നു രണ്ടു കൊല്ലത്തോളം ഞങ്ങടെ ആന്റണി തോട്ടാനച്ചന്‍ അഥവാ ഫാ. ആന്റണി തോട്ടാന്‍ ജൂനിയര്‍. സദാ സമയവും കയ്യിലൊരു കൊന്തയും പിടിച്ച് സെമിനാരിയുടെ വരാന്തയില്‍ സാവധാനം ഉലാത്തിക്കൊണ്ടിരുന്ന ഒരു കുറിയ മനുഷ്യന്‍... അച്ചന്‍ കടന്നുപോയി.. ആദരാഞ്ജലികള്‍...
(തോപ്പിലെ സെന്റ് മേരിസ് മൈനര്‍ സെമിനാരി, ഇന്നിപ്പോ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി. ഞങ്ങളില്‍ കുറേപ്പേര്‍ പുരോഹിതരായി. ബാക്കി ചിലര്‍ സെമിനാരിയില്‍ നിന്നും പുറത്തിറങ്ങി മാഷുമ്മാരും ബിസിനസ്സുകാരും ഗള്‍ഫുകാരും കൃഷിക്കാരും അങ്ങനെ അങ്ങനെ വേറെ ചില ജോലിക്കാരുമൊക്കെയായി മാറി. ഒന്നും പാഴായില്ല ട്ടാ. തമ്പുരാന്റെ കൃപ. ഒപ്പം ഞങ്ങടെ തോട്ടാനച്ചന്റെ പ്രാര്‍ത്ഥനയും)