ഫാ. ഡോ. സിബു ഇരിമ്പിനിക്കല്‍
ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് യാത്ര ചെയ്യാനെത്തിയ കണ്ണൂര്‍, അങ്കമാലി സ്വദേശികളും ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്‌റ്റേഴ്‌സും ആയ സന്യാസിനികളെയും ആദിവാസി യുവതികളെയും ഒരു യുവാവിനെയും തീവ്ര വര്‍ഗീയ സംഘമായ ബജ്‌റംഗ്ദള്‍ 2025 ജൂലൈ 25 നു കയ്യേറ്റം ചെയ്തു.
മുപ്പതിനായിരം കോടി രൂപയുടെ ധാതുസമ്പത്ത് വര്‍ഷാവര്‍ഷം ഛത്തീസ്ഗഡില്‍ നിന്ന് കുഴിച്ചെടുക്കുന്നു എന്നാണ് കണക്ക്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രണ്ട് അതിക്രമങ്ങള്‍ നടപ്പിലാക്കി. ഒന്ന്, ഖനികളുടെ സ്വകാര്യവല്‍ക്കരണം. രണ്ട്, 'മാവോവാദികളുടെ' വേട്ട.
സിസ്റ്റര്‍ പ്രീതി മേരിയെയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും ഒമ്പത് ദിവസം അനധികൃതമായി ജയിലില്‍ പാര്‍പ്പിച്ച ശേഷമാണ് അവര്‍ക്ക് ആഗസ്റ്റ് 2 നു ജാമ്യം അനുവദിച്ചത്. സിസ്‌റ്റേഴ്‌സ് നടത്തുന്ന ആശുപത്രിയിലേക്ക് ജോലിക്കായി പോയതാണ് പ്രായപൂര്‍ത്തിയായ ക്രൈസ്തവരായ ആദിവാസി യുവതികള്‍. ഇവരെയാണ് യാതൊരു ന്യായീകരണവും ഇല്ലാത്ത വിധത്തില്‍ ആക്രമിച്ചതും ജയിലില്‍ അടച്ചതും.
നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ള സന്യാസിനികളെ 53 കുറ്റവാളികളുള്ള ഒരു സെല്ലിലാണ് പാര്‍പ്പിച്ചത്. ആദിവാസികള്‍ക്കുവേണ്ടി പ്രയത്‌നിക്കുന്ന ഈ കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ പൊലീസിന്റെയും സംസ്ഥാന പൊലീസിന്റെയും സാന്നിധ്യത്തില്‍ റെയില്‍വേ സ്‌റ്റേഷനിലും പൊലീസ് സ്‌റ്റേഷനിലും വച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി ഭീഷണിപ്പെടുത്തി അപമാനിച്ചു.
ക്രൈസ്തവ സന്യാസിനികളുടെ വേഷം ധരിച്ചു ഇന്ത്യയിലെ പൊതുവിടങ്ങളില്‍ സഞ്ചരിക്കുന്നതില്‍ നിന്ന് വിലക്കുകയും സേവന പ്രവര്‍ത്തനങ്ങള്‍ തടയുകയുമാണ് പത്തിലധികം സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമം വഴി തീവ്ര സംഘപരിവാര്‍ ശക്തികള്‍ ലക്ഷ്യംവയ്ക്കുന്നത്.
വായ് തുറക്കരുതെന്നും സംസാരിച്ചാല്‍ അടിക്കും എന്നും ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതിശര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തി. ''മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചു പൊളിക്കുമെന്നാണ്'' ജ്യോതിശര്‍മ്മ പറഞ്ഞത്. ആദിവാസി യുവതികളെക്കുറിച്ച് സഹോദരനോടു പറഞ്ഞത്, ''നീ ഇവരെ യാത്രയാക്കാന്‍ വന്നതല്ല, വില്‍ക്കാന്‍ വന്നതാണ്'' എന്നാണ്. സന്യാസിനികളോടൊപ്പം യാത്ര ചെയ്ത മൂന്ന് ആദിവാസി യുവതികളുടെ ഭാഗം വിശദമാക്കാന്‍ എത്തിയ യുവാവിനെ പരസ്യമായി പൊലീസ് സ്‌റ്റേഷനില്‍ സന്യാസിനികളുടെയും പൊലീസുകാരുടെയും മുമ്പില്‍ വച്ച് വര്‍ഗീയശക്തികള്‍ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ആദിവാസി യുവതികളുടെ പക്കല്‍നിന്ന് 2000 രൂപ കണ്ടെടുത്തത്, സന്യാസിനികള്‍ മതപരിവര്‍ത്തനത്തിനുവേണ്ടി നല്‍കിയതാണെന്ന് കള്ളസാക്ഷ്യം നല്‍കാനായി ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു.
ആരാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്‌സ്
ഒറീസയിലും തമിഴ്‌നാട്ടിലും ഛത്തീസ്ഗഡിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു. അന്ധവിദ്യാലയം, ബധിര വിദ്യാലയം, എയ്ഡ്‌സ് രോഗികളെ പരിപാലിക്കാനുള്ള കേന്ദ്രങ്ങള്‍, പല കാരണത്താല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാത്തവരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍, പ്രത്യാശ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ എന്നിവയാണ് അസ്സീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന് അറിയപ്പെടുന്ന ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്‌റ്റേഴ്‌സിന്റെ പ്രവര്‍ത്തനമേഖലകള്‍.
ക്രൈസ്തവ സന്യാസിനികളുടെ വേഷം ധരിച്ചു ഇന്ത്യയിലെ പൊതുവിടങ്ങളില്‍ സഞ്ചരിക്കുന്നതില്‍ നിന്ന് വിലക്കുകയും സേവന പ്രവര്‍ത്തനങ്ങള്‍ തടയുകയുമാണ് പത്തിലധികം സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമം വഴി തീവ്ര സംഘപരിവാര്‍ ശക്തികള്‍ ലക്ഷ്യംവയ്ക്കുന്നത്.
ഒഡീഷയിലെ ആക്രമണം
ഒഡീഷയിലെ ജലേശ്വറില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും കൂടെ ഉണ്ടായിരുന്ന മതധ്യാപകനും നേരെ ബജ്‌റംഗ്ദള്‍ ആക്രമണം 2025 ആഗസ്റ്റ് 7 നു നടത്തിയതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ ജോജോ വൈദ്യക്കാരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെ ബലം പ്രയോഗിച്ച് തടഞ്ഞുനിര്‍ത്തിയ ബജ്‌റംഗ്ദള്‍ സംഘം വൈദികരെ കയ്യേറ്റം ചെയ്തു, തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ച് രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി. ആളുകളെ നിര്‍ബന്ധിച്ച് മാറ്റി അമേരിക്കക്കാരെ പോലെ ആക്കുന്നു എന്നും ബി ജെ ഡി യുടെ കാലം കഴിഞ്ഞു എന്നും, ഇപ്പോള്‍ ബി ജെ പി യുടെ ഭരണം ആണെന്നും നിങ്ങള്‍ക്ക് ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാന്‍ കഴിയില്ലെന്നും ആക്രോശിച്ചു കൊണ്ടായിരുന്നു ബജ്‌റംഗ്ദള്‍ ആക്രമണം. ബജ്‌റംഗ്ദള്‍ പറയുന്ന അമേരിക്ക ഏതാണ്?
ദളിതരെയും ആദിവാസികളെയും വിദ്യാഭ്യാസത്തിലൂടെ മനുഷ്യരാക്കി മാറ്റുന്നതിനെയാണോ അവര്‍ അമേരിക്ക എന്നു വിളിക്കുന്നത്? അതോ അവര്‍ വസ്ത്രം ധരിക്കുന്നതോ? അതോ അവര്‍ അവകാശങ്ങളെക്കുറിച്ച് അറിവുള്ളവരാകുന്നതോ?
ഛത്തീസ്ഗഡ്: ആദിവാസികളുടെ കൊലക്കളം
2000 നവംബര്‍ ഒന്നിനാണ് ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ചത്. ഛത്തീസ്ഗഡിന്റെ മൂന്നില്‍ രണ്ടു ഭാഗവും കാടാണ്. 1800 കളുടെ മധ്യത്തിലാണ് ജര്‍മ്മന്‍ മിഷണറിമാരും ഫ്രഞ്ച് വൈദികരും ഈ നാട്ടില്‍ മിഷണറി പ്രവര്‍ത്തനം തുടങ്ങിയത്. അവര്‍ അക്ഷരം പഠിപ്പിച്ചു. വനവാസികളെ സമൂഹ ജീവിതത്തിന്റെ ഭാഗമാക്കി. പുതിയ നൂറ്റാണ്ടില്‍ മലയാളികളുള്‍പ്പെടെ മിഷണറിമാര്‍ അവിടെയെത്തി. 1951 ല്‍ 9.41 ശതമാനം ആയിരുന്ന സാക്ഷരത 2011 ല്‍ 70.30 ശതമാനം ആയി. കന്നുകാലി നോട്ടക്കാര്‍ മാത്രമായിരുന്ന കുട്ടികള്‍ക്കായി ജഗദല്‍പൂര്‍ രൂപത ബാലവാടി പ്രസ്ഥാനം തുടങ്ങി. 1960 കളില്‍ സി എം ഐ സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അവിടെ സജീവമായി. ഇന്ന് ഈ സംസ്ഥാനത്ത് 5 കത്തോലിക്കാരൂപതകള്‍ ഉണ്ട്. വിദ്യാഭ്യാസം, ആതുരസേവനം എന്നീ മേഖലകളില്‍ സംസ്ഥാനത്തെ ക്രൈസ്തവ മിഷണറിമാര്‍ നയിക്കുന്നു.
മനുഷ്യവിമോചനത്തെ പിന്നോട്ടടിക്കുന്ന പ്രാകൃത ശീലങ്ങളിലേക്ക് ഇന്ത്യയെ തള്ളിയിടുകയാണ് സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന മനുസ്മൃതി അധിഷ്ഠിതമായ മതസങ്കല്‍പ്പം. അത് തന്നെയും രാഷ്ട്രീയ വിജയത്തിനുള്ള ഉപാധി മാത്രം. ഈ രാഷ്ട്രീയം കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയെ വില്‍ക്കാന്‍. പക്ഷെ മനുഷ്യര്‍ ഇവിടെ ഇരകളാകും.
അപൂര്‍വ ധാതുക്കളാല്‍ സമ്പന്നമാണ് ഇവിടുത്തെ കാടുകള്‍. ഇരുമ്പയിര്, ബോക്‌സൈറ്റ്, ഡയമണ്ട്, കല്‍ക്കരി തുടങ്ങിയവയുടെ വന്‍ നിക്ഷേപം ഇതിലുണ്ട്. 1968 ല്‍ NMDC ഇരുമ്പയിര് കുഴിച്ചെടുക്കാന്‍ ദന്തേവാഡയില്‍ എത്തി. അന്നു മുതല്‍ ആദിവാസികളെ അവിടെ നിന്നും കുടിയൊഴിപ്പിച്ചു തുടങ്ങി. 1988 ലും 2015 ലും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഖനനം വ്യാപിച്ചു. ആദിവാസികളുടെ മുഴുവന്‍ സ്ഥലത്തുനിന്നും അവരെ ഒഴിപ്പിച്ചു. ഈ ആദിവാസികളൊക്കെ ഇപ്പോള്‍ എവിടെയാണ്?
ഛത്തീസ്ഗഡിലെ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ട് അതിക്രമങ്ങള്‍ നടപ്പിലാക്കി. ഒന്ന്, ഖനികളുടെ സ്വകാര്യവല്‍ക്കരണം. രണ്ട്, 'മാവോവാദികളുടെ' വേട്ട.
മുപ്പതിനായിരം കോടി രൂപയുടെ ധാതുസമ്പത്ത് വര്‍ഷാവര്‍ഷം ഛത്തീസ്ഗഡില്‍ നിന്ന് കുഴിച്ചെടുക്കുന്നു എന്നാണ് കണക്ക്. 2018 ല്‍ എന്‍ എം ഡി സി യും അദാനിയും തമ്മിലുള്ള കരാര്‍ പ്രകാരം ബൈലാടിലാ മലനിരകളിലെ പതിമൂന്നാം ബ്ലോക്ക് അദാനി ഗ്രൂപ്പിന് ഖനനത്തിനായി നല്‍കി. 413.74 ഹെക്ടര്‍ വനപ്രദേശത്താണ് ഖനനാനുമതി ലഭിച്ചിരിക്കുന്നത്. 2016 മാര്‍ച്ച് 31 നു മുമ്പ് മാവോവാദികളെ ഇല്ലാതാക്കുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.
ഭരണകൂടത്തിന് സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വന്തം പൗരന്മാരെ ഇല്ലാതാക്കണം. അതിന് അവര്‍ ചെയ്യുന്ന ആഭ്യന്തര യുദ്ധമാണ് ഇന്ന് 'മാവോയിസ്റ്റ് വേട്ട'.
സ്റ്റാന്‍ സ്വാമി: ആധുനിക ഭാരതത്തിലെ ആദിവാസി അവകാശങ്ങളുടെ രക്തസാക്ഷി
അഞ്ച് ദശാബ്ദം, ഭൂമി വനാവകാശ സമരങ്ങളില്‍ നിറഞ്ഞുനിന്ന മനുഷ്യ സ്‌നേഹിയെയാണ് മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച് കൊലപ്പെടുത്തിയ തമിഴ്‌നാട് സ്വദേശിയായ 84 വയസ്സുള്ള സ്റ്റാന്‍ സ്വാമിയെന്ന ജെസ്യൂറ്റ് പുരോഹിതന്‍.
2021 ആഗസ്റ്റ് 26 ന് 84-ാം പിറന്നാള്‍ പിന്നിട്ട അയാള്‍, ജയിലില്‍ അനധികൃതമായ തടങ്കലില്‍ കഴിയുന്ന കാലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗ ത്താല്‍ കൈവിറയ്ക്കുന്നതിനാല്‍ ഒരു സിപ്പറിന് അനുമതി നല്‍കണമെന്ന് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ അടിയന്തരമായി പരിഗണിക്കേണ്ട ഒരു മനുഷ്യാവകാശമായി കോടതി അത് പരിഗണിച്ചില്ല.
എഴുത്തുകാരും അക്കാദമിക് വിദഗ്ധരും അഭിഭാഷകരും ഉള്‍പ്പെടെ നിരവധി പേരെയാണ് സ്റ്റാന്‍ സ്വാമിക്കൊപ്പം അറസ്റ്റ് ചെയ്തത്.
എന്താണ് സ്റ്റാന്‍ സ്വാമിയുടെ തെറ്റ്?
മനുഷ്യപക്ഷത്തു നിന്നുവെന്ന കൊടിയപാതകം! ബെല്‍ജിയത്തിലെ ലൂവൈന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമൂഹ്യ ശാസ്ത്ര ഗവേഷണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തതിനുശേഷം 1990 ല്‍ അദ്ദേഹം ജാര്‍ഖണ്ഡില്‍ എത്തി. 39 ശതമാനം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെക്കഴിയുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്.
ഈ സംസ്ഥാനത്തിലെ ഭൂമിയുടെ അവകാശത്തില്‍ നിന്നും ആദിവാസി കളെ ഒഴിപ്പിച്ചെടുക്കുക എന്ന കോര്‍പ്പറേറ്റ് താല്‍പര്യത്തിന് എതിരെ സ്റ്റാന്‍ സ്വാമി പ്രവര്‍ത്തിച്ചു.
ജാര്‍ഖണ്ഡ് ഓര്‍ഗനൈസേഷന്‍ എഗയിന്‍സ്റ്റ് യുറേനിയം റേഡിയേഷന്‍ എന്ന ക്യാമ്പയിനില്‍ അദ്ദേഹം പങ്കെടുത്തു.
വീട് നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി, ആദിവാസികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി, അവരെ മനുഷ്യരാക്കുന്ന പരിശ്രമങ്ങളില്‍ അദ്ദേഹം നിരന്തരം യത്‌നിച്ചു.
മാവോയിസ്റ്റുകളെന്ന വ്യാജപ്പേരില്‍ മൂവായിരത്തിലധികം ആളുകളെ അനധികൃതമായി ജയിലില്‍ അടച്ചിരി ക്കുന്നതിനെതിരെ ഇവരെ മോചിപ്പി ക്കാനുള്ള നിയമപരമായ ശ്രമം സ്റ്റാന്‍ സ്വാമി ചെയ്തു.
ആദിവാസി ഭൂമിയുടെ ഉടമസ്ഥതയും അത് കൈകാര്യം ചെയ്യാനുള്ള അവകാശവും നല്‍കുന്ന വിധി 1997 ല്‍ ഉണ്ടായെങ്കിലും സര്‍ക്കാര്‍ അത് നടപ്പിലാക്കിയില്ല.
2006 ലെ ഫോറസ്റ്റ് ആക്ട് നടപ്പാക്കാത്തത് സ്റ്റാന്‍ സ്വാമി ചോദ്യം ചെയ്തു.
2006 നും 2011 നും ഇടയില്‍ 30 ലക്ഷം അപേക്ഷകളാണ് പട്ടയം ലഭിക്കാന്‍ നല്‍കിയത്. അതില്‍ 14 ലക്ഷം അപേക്ഷകളും തള്ളിക്കളഞ്ഞു. മറ്റൊരുപാട് അപേക്ഷകള്‍ ഇതുവരെ തീര്‍പ്പാക്കാതെ തടഞ്ഞു വച്ചിരിക്കുന്നു. 2013 ലെ ലാന്‍ഡ് അക്വിസിഷന്‍ ആക്ടിനെ 'ആദിവാസികളുടെ മരണമണി' എന്നാണ് സ്റ്റാന്‍ സ്വാമി വിശേഷിപ്പിച്ചത്.
ഇതെല്ലാമാണ് 84 കാരനായ ഒരു വൃദ്ധനെ ഇരുമ്പുമുഷ്ടിയുള്ള ഭരണകൂടം ഭയപ്പെട്ടതിന്റെ കാരണങ്ങള്‍. സ്റ്റാന്‍ സ്വാമി കുറ്റക്കാരനല്ല എന്ന് 2018 ല്‍ കോടതി പറഞ്ഞതാണ്. ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ തീര്‍ക്കാവുന്ന ചോദ്യം ചെയ്യലിനെ അന്യായ തടങ്കലിലേക്കും മരണത്തിലേക്കും എത്തിച്ചതിനെ ഭരണകൂട ഭീകരത എന്നല്ലാതെ മറ്റെന്ത് വിളിക്കും? ആധുനിക ഭാരതത്തിലെ വര്‍ഗീയ ഫാസിസ്റ്റ് ഏകാധിപത്യ ഭരണകൂടം സൃഷ്ടിച്ച രക്തസാക്ഷിയാണ് സ്റ്റാന്‍ സ്വാമി.
കയ്യേറ്റത്തോടു വിസമ്മതം പ്രകടിപ്പിക്കുന്നവരോട് അസഹിഷ്ണുതയോടെ പെരുമാറുന്നത് സ്വഭാവമായി മാറുന്ന ഒരു ഭരണകൂടത്തെയാണ് ഇവിടെ കാണുന്നുത്.
മദര്‍ തെരേസ: പുതിയൊരു മനുഷ്യസങ്കല്‍പ്പം ഇന്ത്യയില്‍
കുഷ്ഠരോഗിയെ കണ്ടാല്‍ അത് അവന്റെ വിധിയാണെന്ന് കരുതി തള്ളിയകറ്റിയിരുന്ന ഒരു ഇരുണ്ട കാലത്തില്‍നിന്ന് അവനെ കഴുകിവെടിപ്പാക്കി ചുംബിച്ച് നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി മനുഷ്യനാണെന്ന് പറഞ്ഞ ഒരു അമ്മയുടെ പേരാണ് മദര്‍ തെരേസ. അവരും ഒരു സന്യാസിനിയായിരുന്നല്ലോ. ഈ ഭാരതം അതിന്റെ പരമോന്നത ആദരവ് അവര്‍ക്ക് നല്‍കിയിരുന്നു. അങ്ങനെയും ഒരു പാരമ്പര്യം ഈ ഭാരതത്തിന് ഉണ്ട്. ഇപ്പോള്‍ അവരെപ്പറ്റി സംഘപരിവാര്‍ പറയുന്നത് അവര്‍ ഒരു ചാരവനിതയാണെന്ന്.
അവര്‍ ഈ ഇരുണ്ട കാലത്തെ ക്രിസ്തുവിന്റെ വെളിച്ചത്താല്‍ പരിവര്‍ത്തനം ചെയ്തു. അത് മനുസ്മൃതിയുടെ ഉപാസകര്‍ക്കു മനസ്സിലായില്ല. പക്ഷെ ഇവിടുത്തെ വിമോചനം കൊതിച്ച ജനകോടികള്‍ക്ക് മനസ്സിലായി. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ഇതിനെ മികച്ച രീതിയില്‍ അടയാളപ്പെടുത്തുന്നു.
''നരബലികൊണ്ട് കുരുതിയാടുന്ന
രുധിരകാളിതന്‍ പുരാണഭൂമിയില്‍
പരദേശത്തുനിന്നൊരു പിറാവുപോല്‍
പറന്നുവന്നതാം പരമസ്‌നേഹമേ
പല നൂറ്റാണ്ടായി മകുടമോഹത്തിന്‍
മരണ ശംഖൊലി മുഴങ്ങുമീമണ്ണില്‍
ജനകനില്ലാതെ ജനനിയില്ലാതെ
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകയ്യാല്‍ വാരിയെടുത്തു ചുംബിക്കും
മഹാകാരുണ്യത്തിന്‍ മനുഷ്യരൂപമേ
ഒരു വെളിച്ചത്തിന്‍ വിമലജീവിതം
വെറുമൊരു ചാരകഥയെന്നെണ്ണുന്ന
തിമിരകാലത്തിന്നടിമയായ ഞാന്‍
നറുംമുലപ്പാലിലലക്കിയ നിന്റെ
തിരുവസ്ത്രത്തുമ്പില്‍
നിണം പുരണ്ടൊരെന്‍ കരം തുടച്ചോട്ടെ.
മഹാപരിത്യാഗം മറന്ന ഭാരതം
മദര്‍ തെരേസയെ മറക്കുമെങ്കിലും
മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍
മരണമല്ലയോ മഹിതജീവിതം?''
ഭരണകൂടത്തിന് സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വന്തം പൗരന്മാരെ ഇല്ലാതാക്കണം. അതിന് അവര്‍ ചെയ്യുന്ന ആഭ്യന്തര യുദ്ധമാണ് ഇന്ന് 'മാവോയിസ്റ്റ് വേട്ട'.
ഇനിയുമുണ്ട് ഒരുപാടു മിഷണറിമാര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടവരും അല്ലാത്തവരുമായി. ഈ നാടിന്റെ ജാതിബോധത്തില്‍ ഉറച്ച മനുഷ്യത്വവിരുദ്ധവും ക്രൂരവുമായ മതസങ്കല്‍പത്തിന്റെ ഇരകളുടെ വിമോചനത്തിനായി പ്രയത്‌നിച്ചവരുടെ പേരുകളും കഥകളും. ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകരിച്ചു, സിസ്റ്റര്‍ റാണി മരിയയെ കുത്തി കൊലപ്പെടുത്തി.
ഈ വര്‍ഗീയ സംഘശക്തിക്കൊപ്പം രാഷ്ട്രീയലാഭത്തിനു കൂടുന്നവര്‍ ചോദിക്കുന്നു. എന്തിനു നിങ്ങള്‍ ഈ ദളിതരുടെ ആദിവാസികളുടെ ദരിദ്രരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു? എന്തിന് ഈ ജാതി സമവാക്യത്തില്‍ നിലനില്‍ക്കുന്ന അപരിഷ്‌കൃത മനുഷ്യ സങ്കല്‍പ്പത്തെ അട്ടിമറിക്കുന്നു? അതുകൊണ്ടല്ലേ നിങ്ങളെ കൊല്ലുന്നത്?
സുവിശേഷം എവിടെല്ലാം പറയണം?
എന്തുകൊണ്ട് മിഷണറിമാര്‍ ലോകമെങ്ങും സുവിശേഷം പ്രസംഗിക്കണം?
''അവന്‍ അവരോടു പറഞ്ഞു നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍'' (മര്‍ക്കോ. 16:15). സുവിശേഷം ആദ്യം പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ സംസ്‌കാരങ്ങളുമായി ഇടപെടുകയും എതിരിടുകയും ചെയ്യേണ്ടിവരുമെന്ന് സഭയ്ക്ക് അറിയാമായിരുന്നു (Fides et Ratio, 70). മനുഷ്യന്‍ ഏതെങ്കിലും തരത്തിലുള്ള സാംസ്‌കാരിക ധാരകളുടെ ഭാഗമായി അടിമകളായി കഴിയേണ്ടവനല്ല. '..but asserts his personal dignity by living in accordance with the profound truth of his being (Veritatis Splendor, 53). മനുഷ്യന്റെ സര്‍വ ജീവിതാവസ്ഥകളെയും ഉള്‍ക്കൊള്ളുന്ന ഇടങ്ങളെ നിരന്തരം നവീകരിക്കുക എന്നത് സുവിശേഷവല്‍ക്കരണത്തിന്റെ ലക്ഷ്യമാണ്. സുവിശേഷം അറിയിക്കുക എന്നതിന് അര്‍ഥം കൂടുതല്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ആളുകളോട് സംസാരിച്ചു എന്നതല്ല. സുവിശേഷശക്തിയാല്‍ നിലനില്‍ക്കുന്ന ദുഷിച്ച വ്യവസ്ഥകളെ പരിവര്‍ത്തനം ചെയ്യണം, അടിമത്തത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കണം. കാരണം സുവിശേഷം എല്ലാ സാംസ്‌കാരിക ധാരകള്‍ക്കും ഉപരിയും സ്വതന്ത്രവുമാണ്. 'on the other hand, the power of gospel everywhere transforms and regenerates (Catechesis Tradendae, 53). ഈ വിശ്വാസമാണ് നമ്മുടെ മിഷണറിമാരെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ ആതുര രംഗങ്ങളില്‍ ഇടപെടാനും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും പ്രേരിപ്പിക്കുന്ന ശക്തി. ഭാരതത്തില്‍ നിലനിന്ന ജാതിഭീകരതയുടെ ഇരകളായ അനേക കോടി മനുഷ്യരെ വിമോചിപ്പിക്കാന്‍ ക്രിസ്തുവെന്ന സുവിശേഷം ആവശ്യമാണ്. 'Every culture needs to be transformed by the Gospel values in the light of Paschal Mystery (Ecclesia in Africa, 61). അതുകൊണ്ട് മനുഷ്യനെ പല തട്ടില്‍ നിര്‍ത്തി അടിമയാക്കുന്ന മതത്തില്‍ നിന്നും പരിവര്‍ത്തനം ആവശ്യമാണ്.
മനുഷ്യവിമോചനത്തെ പിന്നോട്ടടിക്കുന്ന പ്രാകൃത ശീലങ്ങളിലേക്ക് ഇന്ത്യയെ തള്ളിയിടുകയാണ് സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന മനുസ്മൃതി അധിഷ്ഠിതമായ മതസങ്കല്‍പ്പം. അത് തന്നെയും രാഷ്ട്രീയ വിജയത്തിനുള്ള ഉപാധി മാത്രം. ഈ രാഷ്ട്രീയം കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയെ വില്‍ക്കാന്‍. പക്ഷെ മനുഷ്യര്‍ ഇവിടെ ഇരകളാകും. സിസ്റ്റര്‍ റാണി മരിയയും ഗ്രഹാം സ്‌റ്റെയിന്‍സും മദര്‍ തെരേസയും സ്റ്റാന്‍ സ്വാമിയും ഏറ്റവുമൊടുവില്‍ സി. പ്രീതിയും സി. വന്ദനയും ശ്രമിച്ചതും നിലകൊള്ളുന്നതും സുവിശേഷത്തിലൂടെയുള്ള മനുഷ്യവിമോചനത്തിനാണ്. അതില്‍ നിന്ന് തടയാന്‍ ഒരു ശക്തിക്കുമാവില്ല.