Coverstory

നസ്രത്ത് സന്ന്യാസിനീ സമൂഹം (CSN) 75-ാം വര്‍ഷത്തിലേക്ക്

സിസ്റ്റര്‍ ശോഭ CSN

നസ്രത്തു സഹോദരികളുടെ സന്ന്യാസിനീ സമൂഹം (CSN) രൂപം കൊണ്ടിട്ട് 75-ാം ആണ്ടിലേക്കു പ്രവേശിക്കുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സന്ന്യാസസഭകള്‍ നിലനില്ക്കുന്ന സഭയുടെ ചരിത്രത്തില്‍ കഷ്ടി ബാല്യം പിന്നീടുന്ന ഒരു കാലയളവു മാത്രമാണിത്. എന്നാലും അതൊരു ചെറിയ കാലയളവല്ല. അനേകം സന്ന്യാസസഭകളും പതിനായിരക്കണക്കിനു സന്ന്യസ്തരും ഉള്ള കേരളത്തിന്റെ പശ്ചാത്തലത്തില്‍ എന്തി നിങ്ങനെ ഒരു സഭ നിലനില്ക്കണം എന്നു ചിന്തിക്കാനും വിലയിരുത്താനും കാലത്തിന്റെ മാറിവരുന്ന ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നും കണ്ടെത്താനുള്ള ഒരു ഇടവേള.

ജൂബിലി വത്സരത്തെ ഒരു തിരിഞ്ഞു നോട്ടത്തിന്റെ കാലയളവായിട്ടാണ് പൊതുവെ കണക്കാക്കുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ കൃതജ്ഞതകൊണ്ട് മിഴികള്‍ നിറഞ്ഞുപോകുംവിധം അത്ര വിസ്മയനീയമായിട്ടാണ് ഈ എളിയ സഭയെ ദൈവം രൂപപ്പെടുത്തിയതും വളര്‍ത്തിക്കൊണ്ടുവരുന്നതും. ആ കഥ ലോകത്തോടു വിളിച്ചു പറയുക എന്നതാണ് ജൂബിലി വത്സരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള ഒന്നാമത്തെ ഉത്തരവാദിത്വം എന്നു തോന്നുന്നു. ആ കഥയിലേക്ക്:

1948 മാര്‍ച്ച് 19-ാം തീയതി എറണാകുളം അതിരൂപതയില്‍പ്പെട്ട എടക്കുന്നില്‍ പാദുവാപുരത്ത് ആണ് നസ്രത്തു സഹോദരികളുടെ സന്ന്യാസിനീ സമൂഹം സ്ഥാപിതമായത്. എറണാകുളം അതിരൂപതയുടെ ആദ്യത്തെ മെത്രാപ്പോലീത്ത കണ്ടത്തില്‍ മാര്‍ ആഗസ്തിനോസ് പിതാവ് ഇതിന്റെ സ്ഥാപകനും ബഹു. ഫാ. ജോണ്‍ ജെ. പിണക്കാട്ട്, മോണ്‍. മാത്യു മങ്കുഴിക്കരി എന്നിവര്‍ സഹസ്ഥാപകരുമാണ്.

സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബം പലവിധ കാരണങ്ങളാല്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചകള്‍ കണ്ട് ഒരുപോലെ ഹൃദയവ്യഥ അനുഭവിച്ച ആചാര്യന്മാരാണ് ഈ മൂന്നു സ്ഥാപകപിതാക്കന്മാരും. ഇടയധര്‍മമെന്നാല്‍ തനിക്കേല്പിക്കപ്പെട്ട ഓരോ വ്യക്തിയുടെയും സമഗ്രമായ സുസ്ഥിതി ഉറപ്പുവരുത്താനുള്ള ബാധ്യതയാണെന്ന വ്യക്തമായ ബോധ്യമുണ്ടായിരുന്ന ഇടയനായിരുന്നു അഭിവന്ദ്യ കണ്ടത്തില്‍ പിതാവ്. നല്ല ക്രിസ്ത്യാനികള്‍ ഉണ്ടാകണമെങ്കില്‍ നല്ല കുടുംബങ്ങളും നല്ല കുടുംബങ്ങള്‍ ഉണ്ടാകണമെങ്കില്‍ പുണ്യവതികളായ അമ്മമാരും ഉണ്ടാകണമെന്ന് പിതാവ് വിശ്വസിച്ചു. 'എല്ലാ കുടുംബങ്ങളേയും ഈശോയുടെ സിംഹാസനവും സക്രാരിയുമാക്കിത്തീര്‍ത്ത് അവയെ രക്ഷിക്കുവിന്‍' എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അതിരൂപതാ പ്രൊക്യുറേറ്ററായിരുന്ന പിണക്കാട്ട് ജോണ്‍ അച്ചന്‍ വലിയ മനുഷ്യസ്‌നേഹിയും പാവങ്ങളോട് അതിരറ്റ കരുണയുള്ള മനുഷ്യനുമായിരുന്നു. അതിരൂപതാ പ്രൊക്യുറേറ്റര്‍ എന്ന നിലയില്‍ അതിരൂപത വക സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിരുന്ന അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ച കാഴ്ചകളില്‍ ഒന്നായിരുന്നു ചെങ്ങല്‍ മനോഗുണ മാതാവിന്റെ സങ്കേതത്തിലെ അന്തേവാസികളായ സ്ത്രീകള്‍. തകര്‍ന്നുപോയ തങ്ങളുടെ ജീവിതത്തെ ഓര്‍ത്ത് നിരാശരും ദുഃഖിതരുമായിരുന്ന ആ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ദയനീയസ്ഥിതി ഈ മനുഷ്യസ്‌നേഹിയുടെ വ്യാകുലതയായി. അക്കാലത്ത് അരമനയില്‍ താമസിച്ചുകൊണ്ട് ഇടവകകള്‍തോറും ഏകാന്ത ധ്യാനങ്ങള്‍ നടത്തിയിരുന്ന പ്രസിദ്ധ ധ്യാനഗുരുവായിരുന്നു മങ്കുഴിക്കരി മാത്യു അച്ചന്‍. കുടുംബങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ വളരെ അടുത്തറിഞ്ഞിരുന്ന ഈ ആത്മീയാചാര്യന് കുടുംബങ്ങളുടെ തകര്‍ച്ചയാണ് സമൂഹത്തിന്റെ തകര്‍ച്ചയ്ക്കു കാരണമെന്നും കുടുംബത്തെ രക്ഷിച്ചാല്‍ സമൂഹത്തെ രക്ഷിക്കാനാകുമെന്നും അടിയുറച്ച വിശ്വാസവുമുണ്ടായിരുന്നു. പിതാവിന് കുടുംബങ്ങളെക്കുറിച്ചുള്ള ദര്‍ശനങ്ങളില്‍ ആകൃഷ്ടരായിരുന്ന ഈ രണ്ടു വൈദികരും അരമനയില്‍ത്തന്നെ താമസിച്ചിരുന്നതുകൊണ്ട് പിതാവുമൊരുമിച്ചിരുന്ന് ഈ പ്രശ്‌നങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുകയും പരിഹാരമന്വേഷിക്കുകയും ചെയ്തിരുന്നു. അതിനവര്‍ കണ്ടെത്തിയ പരിഹാരം - സ്‌നേഹത്തിന്റെ തികവായ നസ്രത്തിലെ തിരുക്കുടുംബംപോലെ എല്ലാ കുടുംബങ്ങളെയും രൂപപ്പെടുത്തുക എന്നതായിരുന്നു. അതിനുവേണ്ടി നസ്രത്തിലെ യേശുവിനോട് അനുരൂപപ്പെട്ട് ജീവിച്ചുകൊണ്ട് കുടുംബങ്ങള്‍ക്കുവേണ്ടി വിനീതവും ത്യാഗനിര്‍ഭരവുമായ ശുശ്രൂഷകള്‍ ചെയ്ത് അവിടുത്തെ രക്ഷാകര സ്‌നേഹം പങ്കുവയ്ക്കുന്ന ഒരു സന്ന്യാസിനി സമൂഹം - ഒരു നവ നസ്രത്ത് - ആരംഭിക്കുക.

1945-ലാണ് ഇങ്ങനെയൊരു തീരുമാനം ഔദ്യോഗികമായുണ്ടായത്. സഭ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് പിതാവുതന്നെ മുന്‍കയ്യെടുത്തു. എടക്കുന്നില്‍ അതിരൂപതയ്ക്കുവേണ്ടി വാങ്ങിയ പാദുവാ എസ്റ്റേറ്റ് മഠത്തിനും സ്ഥാപനങ്ങള്‍ക്കുമായി വിട്ടുനല്കി. പിതാവിന്റെ പ്ലാന്‍ അനുസരിച്ച് ബഹു. പിണക്കാട്ട് ജോണച്ചന്റെ നേതൃത്വത്തില്‍ എല്ലാം ക്രമീകരിച്ചു. ഉദാരമനസ്‌കരായ വൈദികരുടെയും അല്മായരുടെയും നിര്‍ലോപമായ സഹായ സഹകരണങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാക്കി. അങ്ങനെ എല്ലാം ഒരുക്കി ഉദ്ഘാടനദിവസമാണ് പുതിയ സന്ന്യാസസഭയിലെ ആദ്യബാച്ചിലേക്കുള്ള 8 അര്‍ത്ഥിനികളെയും ഏതാനും സ്ഥാപനാംഗങ്ങളേയും പ്രവേശിപ്പിക്കുന്നത്. അവര്‍ക്ക് പരിശീലനം നല്കാനുള്ള സിസ്‌റ്റേഴ്‌സിനെയും (SD സഭയിലെ നാല് സിസ്റ്റേഴ്‌സ്) പിതാവ് നിയോഗിച്ചിരുന്നു. പുതിയ സഭയിലേക്ക് പ്രവേശനം ആഗ്രഹിച്ചിരുന്ന രണ്ടുപേരെ നേരത്തേതന്നെ പ്രേഷിതരംഗത്തേക്കാവശ്യമായ ഹോം സയന്‍സ് പരിശീലനത്തിന് ഡല്‍ഹിക്ക് അയച്ചിരുന്നു. നസ്രത്ത് ആദ്ധ്യാത്മികതയ്ക്ക് അടിസ്ഥാനമിട്ട് അംഗങ്ങളെ അതില്‍ പരിശീലിപ്പിച്ചതും സഭയുടെ നിയമാവലി രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചതും മോണ്‍. മാത്യു മങ്കുഴിക്കരിയായിരുന്നു. ഇങ്ങനെ അഭിവന്ദ്യ കണ്ടത്തില്‍ പിതാവിന്റെ ദര്‍ശനങ്ങളും അഭിവാഞ്ഛയും നിര്‍ദ്ദേശങ്ങളും സഹായ സഹകരണങ്ങളും ബഹുമാനപ്പെട്ട ജോണ്‍ പിണക്കാട്ടച്ചന്റെ സ്വപ്‌നങ്ങളും നിരന്തരവും സമയോചിതവുമായ ഇടപെടലുകളും കഠിനാധ്വാനവും ബഹു. മാത്യു മങ്കുഴിക്കരിയച്ചന്റെ ഉള്‍ക്കാഴ്ചകളും ആത്മീയ സമ്പത്തും ചൈതന്യവും സഹവര്‍ത്തിത്വവും ഇഴചേര്‍ന്ന് രൂപംകൊണ്ടതാണ് നസ്രത്ത് സന്ന്യാസിനീ സമൂഹം.

1951-ല്‍ ബഹു. പിണക്കാട്ടച്ചന്‍ എടക്കുന്നില്‍ സ്ഥിരതാമസമാക്കി. അതോടെ ഒരു പിതൃസാന്നിദ്ധ്യമെന്ന നിലയില്‍ അച്ചന്റെ മുഴുവന്‍ ശ്രദ്ധയും സന്ന്യാസ സഭയുടെയും സ്ഥാപനങ്ങളുടെയും സമഗ്രവളര്‍ച്ചയിലായി. സഭയുടെ ആരംഭത്തില്‍ ബഹുമാനപ്പെട്ട പിണക്കാട്ടച്ചനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുവാന്‍ അഭിവന്ദ്യ പിതാവ് എടക്കുന്ന് ഇടവക വികാരിയായി നിയമിച്ച ബഹു. കുര്യാക്കോസ് ചിറമ്മേലച്ചന്‍ പിന്നീട് എടക്കുന്ന് സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിതനായി. 1957 മുതല്‍ 1986 വരെ ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനമാണ് ഉപയോഗ ശൂന്യമായി കിടന്ന മണ്ണിനെ ഫലഭൂയിഷ്ഠമായ കൃഷി ഭൂമിയാക്കി മാറ്റിയതും നസ്രത്തുമക്കളുടെ ദാരിദ്ര്യം അകറ്റിയതും.

മഠവും സ്ഥാപനങ്ങളും പണിത്, പരിശീലകരെയും നിയോഗിച്ച് ജീവിക്കാനുള്ള മാര്‍ഗവും കാണിച്ചു കൊടുത്ത് ഒരു സന്ന്യാസസമൂഹം ആരംഭിക്കുക! അതൊരു സാധാരണ കാര്യമല്ല. സാധാരണ സംഭവിക്കുന്നതിങ്ങനെയാണ്. ഒരാള്‍ക്ക് ഒരു ഉള്‍വിളിയുണ്ടാകുന്നു. അയാള്‍ അതനുസരിച്ച് ജീവിക്കാന്‍ തുടങ്ങുന്നു. ആ ജീവിതത്തോട് താത്പര്യംതോന്നി ഏതാനും പേര്‍ അവരോട് ചേരുന്നു. പിന്നെ അതൊരു ജീവിതക്രമമാക്കാമെന്നു തീരുമാനിക്കുന്നു. അതംഗീകരിച്ചു കിട്ടുവാന്‍ രൂപതാധികാരികളെ സമീപിക്കുന്നു. ദീര്‍ഘമായ അന്വേഷണത്തിനും പഠനത്തിനുമിടയില്‍ അവര്‍ ഒരു തീരുമാനമെടുക്കുന്നു. പിന്നെ അതു നിലനിര്‍ത്തിക്കൊണ്ടുപോകുക എന്നത് ഈ ചെറിയ ഗണത്തിന്റെ ബാധ്യതയാണ്. തനിക്കും കൂട്ടുകാര്‍ക്കും സുവിശേഷനിയമം അനുസരിച്ച് ജീവിക്കണമെന്ന നിവേദനം അനുവദിച്ചുകിട്ടാന്‍ അസ്സീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിനുപോലും നേരിടേണ്ടിവന്ന ദുരിതങ്ങള്‍ എത്രയാണ്. അങ്ങനെയൊക്കെത്തന്നെയാണ് മിക്കവാറും സന്ന്യാസസഭകളുടെ ആരംഭ കഥ.

എല്ലാം സൃഷ്ടിച്ച് മനോഹരമായ ഒരു പ്രപഞ്ചം തയ്യാറാക്കിയതിനുശേഷം ദൈവം മനുഷ്യനെ അങ്ങോട്ടാനയിക്കുന്ന ഉല്പത്തിയിലെ മനോഹരമായ രംഗംപോലെയാണ് നസ്രത്തു സഭയുടെ കാര്യത്തില്‍ അവിടുന്നു ക്രമീകരിച്ചത്. ദൈവത്തോടും സ്ഥാപകപിതാക്കന്മാരോടും തിരുസ്സഭയോടും ഞങ്ങള്‍ക്കുണ്ടായിരിക്കേണ്ട വലിയ കൃതജ്ഞതയെയും ഉത്തരവാദിത്വത്തെയും ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങളാണിത്.

എന്തിന് ഇങ്ങനെയൊരു സഭ?

അന്നത്തെ സാമൂഹിക വ്യവസ്ഥിതിയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കുന്ന ശുശ്രൂഷകളില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും ആതുര ശുശ്രൂഷാരംഗത്തും ഏര്‍പ്പെട്ടിരുന്ന സന്ന്യാസസഭകള്‍ അന്നുണ്ടായിരുന്നു. എന്നാല്‍ സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബങ്ങളുടെ പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടുന്നതിനും കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയില്‍ സഹായിക്കുന്നതിനുമുള്ള സംരംഭങ്ങള്‍ അന്നു വിരളമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുടുംബസുസ്ഥിതി ലക്ഷ്യമാക്കി നസ്രത്തു സന്ന്യാസിനീ സമൂഹം ആരംഭിച്ചത്.

ഒത്തിരിയേറെ സവിശേഷതകള്‍ നിറഞ്ഞതാണീ സന്ന്യാസി നീ സമൂഹം. നസ്രായനേശുവിന്റെ രക്ഷാകര സ്‌നേഹം അനുഭവിച്ച് എല്ലാവരോടുമുള്ള സ്‌നേഹത്തില്‍ നിലനില്ക്കുകയും കുടുംബങ്ങളെ രക്ഷയിലേക്കു നയിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ കാരിസം. സുവിശേഷത്തിലെ ക്രിസ്തുവിലേക്കും കുടുംബങ്ങളിലേക്കും നോട്ടം ഉറപ്പിച്ച് ജീവിക്കാനുള്ള വിളി. അതുകൊണ്ടു തന്നെ കാലത്തിന്റെ അവസാനം വരെ പ്രസക്തിയുള്ളതും അനന്തമായ സാധ്യതകള്‍ ഉള്ളതുമായ കാരിസവും ശുശ്രൂഷാമേഖലകളുമാണ് നസ്രത്തു സഭയ്ക്കുള്ളത്.

കുടുംബവും നസ്രത്തു സന്ന്യാസിനികളും

നസ്രത്തു സഭയുടെ എല്ലാ പ്രേഷിത പ്രവര്‍ത്തനങ്ങളും കുടുംബത്തെ ലക്ഷ്യമാക്കിയും കുടുംബത്തിനുവേണ്ടിയും ഉള്ളതാണ്. നേരിട്ടുള്ള കുടുംബസന്ദര്‍ശനങ്ങള്‍, ഹോംമിഷന്‍, ഇടവകപ്രവര്‍ത്തനങ്ങള്‍, കൗണ്‍സലിംഗ് സെന്ററുകള്‍, കുടുംബധ്യാനങ്ങള്‍, അഭയ ഭവനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഹോം സയന്‍സ് കോളജ്, ആതുര ശുശ്രൂഷ, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മാധ്യമ ശുശ്രൂഷകള്‍, അമ്മ മാസിക, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിപുലമായ സ്ഥാപനങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയുമാണ് നസ്രത്തു സഹോദരികള്‍ കുടുംബങ്ങള്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നത്.

അഭയ ഭവനങ്ങള്‍

നസ്രത്തു സഹോദരികളുടെ അഭയഭവനങ്ങളും സവിശേഷതകള്‍ നിറഞ്ഞതാണ്. ജനനം മുതല്‍ മരണം വരെ മനുഷ്യനു നേരിടാവുന്ന പ്രശ്‌നങ്ങളില്‍ അഭയമാകുവാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.

a) അജ്ഞതയോ സാഹചര്യങ്ങളുടെ സമ്മര്‍ദമോ നിമിത്തം തെറ്റായ വഴികളില്‍ ചരിക്കുന്ന സ്ത്രീകള്‍, യുവതികള്‍, താത്കാലിക സംരക്ഷണം ആവശ്യമായി വരുന്ന സ്ത്രീകള്‍, കുട്ടികള്‍.

b) സന്ന്യാസ ജീവിതം നയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനാവശ്യമായ വിദ്യാഭ്യാസവും മറ്റു യോഗ്യതകളും ഇല്ലാത്ത യുവതികള്‍.

c) വീട്ടില്‍നിന്ന് മാറി ആത്മീയ കാര്യങ്ങളില്‍ മുഴുകി സ്വസ്ഥമായി ജീവിക്കാനാഗ്രഹിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ അവിവാഹിതരായ സ്ത്രീകള്‍, വിധവകള്‍.

d) പല കാരണങ്ങളാല്‍ പഠിക്കാന്‍ സൗകര്യമില്ലാത്ത പെണ്‍ കുട്ടികള്‍, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍.

e) സംരക്ഷിക്കാനാരുമില്ലാത്ത മാനസിക രോഗികള്‍

ഇങ്ങനെ ഓരോരോ കാരണങ്ങളാല്‍ കുടുംബങ്ങളില്‍ സ്വസ്ഥമായ ജീവിതം അസാദ്ധ്യമായവരെ ഹൃദയപൂര്‍വം നസ്രത്തിന്റെ സ്‌നേഹത്തണലില്‍ കാത്തുസൂക്ഷിക്കുന്നു. ഇവയെല്ലാം പല സ്ഥാപനങ്ങളിലായി എടക്കുന്നിലെ മാതൃഭവനമെന്ന ഒറ്റ കുടക്കീഴില്‍ ഒരു കൂട്ടുകുടുംബം പോലെ കഴിയുന്നത് ഒരു വിസ്മയക്കാഴ്ചയാണ്.

എട്ട് അംഗങ്ങളുമായി എടക്കുന്ന് എന്ന ചെറിയ ഗ്രാമത്തില്‍ ആരംഭിച്ച ഈ സന്ന്യാസിനീ സമൂഹത്തില്‍ 74 വര്‍ഷം പിന്നിടുമ്പോള്‍ 100 ശാഖാ ഭവനങ്ങളും 800-ലധികം അംഗങ്ങളുമുണ്ട്. കേരളത്തില്‍ മാത്രമല്ല, കര്‍ണ്ണാടകയിലും വടക്കേ ഇന്ത്യയിലും ജര്‍മ്മനി, ഇസ്രായേല്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലുമായി 26 രൂപതകളില്‍ ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നു. ജര്‍മ്മനിയില്‍ പ്രധാനമായും വൃദ്ധസദനങ്ങളിലാണ് ശുശ്രൂഷ ചെയ്യുന്നതെങ്കില്‍ ഇസ്രായേലില്‍ - ഗലീലിയില്‍ത്തന്നെ - ഇടവകയുമായി ബന്ധപ്പെട്ട ശുശ്രൂഷകളിലാണ് പ്രധാനമായി ഏര്‍പ്പെട്ടിരിക്കുന്നത്. നസ്രായനേശുവിന്റെ കാല്പാടുകള്‍ പതിഞ്ഞ മണ്ണില്‍, അവിടുത്തെ രക്ഷാകരസംഭവങ്ങള്‍ അരങ്ങേറിയ അതേ നാട്ടില്‍ ശുശ്രൂഷ ചെയ്യാന്‍ ദൈവം നസ്രത്ത് മക്കള്‍ക്ക് നല്കിയ വലിയ കൃപ ഈ സഭയോട് അവിടുത്തേക്കുള്ള വലിയ താത്പര്യത്തിന്റെയും കരുതലിന്റെയും അടയാളമല്ലാതെ മറ്റെന്താണ്.

തിരിഞ്ഞു നോക്കുമ്പോള്‍ ലോകം ശ്രദ്ധിക്കുന്ന വലിയ നേട്ടങ്ങളുടെ കഥകള്‍ അധികമില്ല. എങ്കിലും ആയിരക്കണക്കിന് മക്കള്‍ക്ക് അഭയമേകാന്‍ കഴിഞ്ഞതില്‍, എണ്ണിയാലൊടുങ്ങാത്ത കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞതില്‍, ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞതില്‍, അനേകര്‍ക്ക് സത്യത്തിന്റെ വഴി കാണിച്ചുകൊടുത്തതിലുള്ള സംതൃപ്തിയുണ്ട്.

നസ്രത്തിന്റെ സൗന്ദര്യവും സവിശേഷതയും അതിന്റെ നിഗൂഢതയിലും ലാളിത്യത്തിലുമാണ്. ഓരോ നസ്രത്തു സഹോദരിയിലും വിളിയാല്‍ത്തന്നെ ഈയൊരു ചൈതന്യം നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് വലിയ കാര്യങ്ങള്‍ ചെയ്യുമ്പോഴും ഒതുക്കത്തോടെ ചെയ്യാനും പൊതുവേദികളില്‍ നിന്ന് കഴിയുന്നിടത്തോളം ഒഴിഞ്ഞു നില്ക്കാനുമുള്ള പ്രവണത നസ്രത്തു സഹോദരികള്‍ പൊതുവെ പ്രകടിപ്പിക്കുന്നത്. കുടുംബമാണ് അവളുടെ പ്രവര്‍ത്തനമണ്ഡലം. അതിനാല്‍ വലിയ പ്രസ്ഥാനങ്ങള്‍ നസ്രത്തുകാര്‍ക്ക് ഇണങ്ങുകയുമില്ല. എന്നാല്‍, കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കാലം ആവശ്യപ്പെടുന്ന ഏതൊരു പ്രസ്ഥാനവും ആരംഭിക്കാന്‍ അവര്‍ക്കു തുറവിയുമുണ്ട്.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം