Coverstory

കാരുണ്യത്തിന്റെ കാവലാളായി ഒരു ശതാബ്ദം...

Sathyadeepam
ദൈവകരുണയുടെ കാവൽഗോപുരമായി കാലത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ്, അഗതിമക്കളുടെ ഹൃദയനോവുകളെ നെഞ്ചിലേറ്റി നൂറു വർഷത്തെ ദൈവപരിപാലനയുടെ കഥ പറയുകയാണ് അഗതികളുടെ സഹോദരിമാരുടെ സന്ന്യാസസമൂഹം. കഴിഞ്ഞ 100 വർഷങ്ങൾ കനിവോടെ കരുതുന്ന ദൈവത്തിന്റെ സ്നേഹപ്രകാശത്തിലായിരുന്നു. അവിടുത്തെ പ്രതിഫലനങ്ങളായി കരുണയുടെ സംവാഹകരും കാവലാളുമായി തങ്ങളുടെ ഹൃദയപൂർവ്വകമായ ശുശ്രൂഷയിലൂടെ വേദനിക്കുന്നവന്റെ കണ്ണീരൊപ്പി, ആശ്വാസമേകി, ബലഹീനതകളിൽ ബലമേകി, വൈകല്യങ്ങളിൽ ചേർത്തുപിടിച്ച്, ആരുമില്ലാത്ത പട്ടിണിപ്പാവങ്ങൾക്ക് അന്നമായി, വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളിൽ കൂടെയിരുന്ന്, സമൂഹത്തിന്റെ നാനാ തുറകളിൽ ഇന്നും ശുശ്രൂഷാനിരതരായിരിക്കുന്നു. 6 പ്രൊവിൻസുകളിലായി 1400 ൽ പരം സഹോദരിമാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും 12 വിദേശരാജ്യങ്ങളിലുമായി ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖം പ്രകാശിപ്പിച്ചുകൊണ്ട് അഗതിത്വത്തിന്റെ ആഴങ്ങളിൽ അസ്തിത്വം ഇല്ലാതെ അലയുന്ന ക്രിസ്തുവിന്റെ പ്രിയ ജനത്തിന് അനുകമ്പയേകുന്ന ഇടയനായി മാറുകയാണ് എസ് ഡി സന്ന്യാസസമൂഹം. പിന്നിട്ട സംവത്സരങ്ങളെ കരുണാർദ്രസ്നേഹത്തിന്റെ തണലിലിരുന്ന് ആത്മനിവൃത്തിയോടെ, നന്ദിയുടെ കൂപ്പുകരങ്ങളോടെ ഓർമ്മിക്കുകയും അവൾക്ക് താങ്ങും തണലുമേകിയ അനേകരോട് നന്ദി പറയുകയുമാണ്. എസ് ഡി യുടെ ശതാബ്ദി ആഘോഷങ്ങൾ വിവിധ കർമ്മപരിപാടികളോടെ ആഗസ്റ്റ് 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ തോട്ടുമുഖം ജനറലേറ്റിൽ വച്ച് സാഘോഷം കൊണ്ടാടുകയാണ്.

ആഗസ്റ്റ് 18

എസ് ഡിക്ക് ദൈവം കനിഞ്ഞുനൽകിയ ദൈവകരുണയുടെ തൂവലുകളെ കൂടുതൽ മനോഹരമാക്കുന്ന മർത്താസ് സഹോദരിമാർ. എസ് ഡി യുടെ ഡയറക്ടർ മോൺ ജോർജ് വല്യാരംബത്തച്ചനാൽ സ്ഥാപിതമായ എസ് ഡി യുടെ സഹോദരിഭവനം. അധ്വാനം ആരാധനയാക്കി പ്രാർത്ഥനാപ്രവർത്തന സമന്വിതമായ ജീവിതത്തിലൂടെ എസ് ഡി യുടെ വളർച്ചയിൽ ഒരു നാഴികക്കല്ലായി മാറി നവതിയുടെ നിറവിലായിരിക്കുന്ന പ്രിയപ്പെട്ട മർത്താസ് സഹോദരിമാരൊരുമിച്ച് ദൈവം കനിഞ്ഞു നൽകിയ 100 വർഷങ്ങൾക്ക് നന്ദി പറയുന്നു. വിശുദ്ധ കുർബാനയും അതോടൊപ്പം മർത്താസ് സഹോദരിമാരോടൊത്തുള്ള ഒരുമിച്ചുകൂടലും നടത്തപ്പെടും.

ആഗസ്റ്റ് 19

നന്ദിയോടെ ദിവ്യകാരുണ്യ സന്നിധിയിൽ ആയിരുന്ന് അനുഗ്രഹത്തിന്റെ സങ്കീർത്തന ധാര ചൊരിയുന്ന വർണ്ണനാതീതമായ നിമിഷങ്ങൾ. ആരാധനയും ക്രിസ്തുവിന്റെ സാന്നിധ്യത്താൽ എസ് ഡി യുടെ ഇടങ്ങളെല്ലാം വിശുദ്ധീകരിച്ച് അഭിഷേകം ചൊരിയുന്ന ദിവ്യകാരുണ്യ പ്രദക്ഷിണവും.

കേരളത്തിന്റെ വിവിധയിടങ്ങളിൽ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള ഉപജീവനമാർഗ്ഗങ്ങൾക്കായി വീടും നാടും ഉപേക്ഷിച്ച് എത്തിയിട്ടുള്ള നൂറോളം അതിഥി തൊഴിലാളിമക്കളെ ചേർത്തുപിടിച്ച് അവരുടെ അധ്വാനജീവിതത്തെ ആദരിച്ചുകൊണ്ട് എസ് ഡി തറവാട്ടിലേക്ക് ആനയിക്കുന്ന ദിനം.

ആഗസ്റ്റ് 20

ദൈവഹിതത്തിനു മുൻപിൽ പ്രാർത്ഥനാനിരതരായി കാത്തിരിക്കാൻ എസ് ഡി ക്ക് പ്രചോദനം നൽകുകയും അവളുടെ ശൈശവം മുതൽ ഹൃദയത്തിൽ ഇടം നൽകി വളർത്തുകയും ചെയ്ത പിതൃ വാത്സല്യത്തിനുടമയായ അഭിവന്ദ്യ മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവ്, എസ് ഡി യാകുന്ന ചെറിയ വിത്തിനെ വളക്കൂറുള്ള മണ്ണിൽ നട്ട് നനച്ചു വളർത്തിയ സ്ഥാപക പിതാവ്, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തുതന്നത് എന്ന സുവിശേഷ ദർശനത്തിന് ജീവിതത്തിലൂടെ ആഴവും അർത്ഥവും വ്യാപ്തിയും നൽകി, അഗതിമക്കളെ ഹൃദയത്തോട് ചേർത്തുവെച്ച് അവരിൽ ദൈവദർശനം സാധ്യമാക്കിയ ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചൻ, എസ് ഡി യുടെ രൂപശില്പികളായ ആദ്യ സഹോദരിമാർ, ഉള്ളതൊക്കെയും എസ് ഡി യ്ക്ക് ദാനം ചെയ്ത് അവളുടെ വഴിയിൽ കൂട്ടായി കാവലും കരുത ലുമായി നിന്ന ബഹു. വർഗീസ് പതിയാമൂലയച്ചൻ, എസ് ഡി ക്ക് ഉടുപ്പും പാവും ധന്യതയും വ്യതിരിക്തതയും നൽകി വളർത്തിയ മോൺ ജോർജ് വല്യാരംബത്തച്ചൻ. എസ് ഡി യെ വാർത്തെയെടുത്ത ഈ ധന്യ ജീവിതങ്ങളെ അനുസ്മരിക്കുന്നതോടൊപ്പം ഇവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടൊപ്പം എസ് ഡി ഒന്നുചേരുന്നു. ഓരോ കുടുംബത്തിൽ നിന്നും 20 പ്രതിനിധികൾ പങ്കുചേരുന്നു.

ആഗസ്റ്റ് 21

സമർപ്പണത്തിന്റെ ചാരുത അത് ആനന്ദമാണ്! ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ കൈത്തിരിയായി സ്വയം എരിഞ്ഞ് അനേകർക്ക് പ്രകാശം പകരുന്ന കാരുണ്യത്തിന്റെ പ്രകാശഗോളങ്ങളായി കത്തിജ്വലിക്കാൻ കാരുണ്യത്തിന്റെ വിസ്മയം സൃഷ്ടിക്കാൻ ത്രിതുകാരുണ്യത്തിലേക്ക് ലയിച്ചുചേരാൻ കൊതിക്കുന്ന എസ് ഡി യുടെ നവ മുകുളങ്ങൾ... അവരോടൊപ്പം സമർപ്പണത്തിന്റെ ആനന്ദം ലോകമെങ്ങും പകർന്ന് ജീവിതസാക്ഷ്യത്തിലൂടെ പ്രതിഫലിപ്പിച്ചതു കൂടാതെ ക്രിസ്തുരാജ്യം പണിതുയർത്തുവാൻ, അനേകരെ ദൈവസ്നേഹത്തിന്റെ തണലിൽ ചേർത്ത് പിടിച്ച് സമർപ്പണത്തിന്റെ 25, 50 വർഷങ്ങൾ ആരുമനാഥന്റെ കൈകോർത്ത് നടന്ന പുണ്യദിനങ്ങൾക്ക് നന്ദി പറയുന്ന സിൽവർ-ഗോൾഡൻ ജൂബിലറിയൻസ്. ഇവരോടൊപ്പം എസ് ഡി ദൈവതിരുമുമ്പിൽ കൃതജ്ഞതാനിർഭരയാകുന്നു.

ആഗസ്റ്റ് 22

തിരുസഭയുടെ കാലാകാലങ്ങളിലെ നവീകരണങ്ങൾക്കും തിരുസഭാധികാരികളുടെ നിർദ്ദേശങ്ങൾക്കും എസ് ഡി എന്നും വഴക്കമുള്ള ഉപകരണമാണ്. എസ് ഡി യുടെ അഭ്യുദയ കാംക്ഷികളും ശുശ്രൂഷാമേഖലകളിലേക്ക് കടന്നുചെല്ലുവാൻ അവൾക്കായി വാതായനങ്ങൾ തുറന്നുതരികയും ചെയ്ത അഭിവന്ദ്യപിതാക്കന്മാർ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും എസ് ഡിക്ക് ധീരതയോടെ കടന്നുചെല്ലാൻ, ഓരോ കാൽവെയ്പിലും വഴിതെറ്റാതെ വിവിധങ്ങളായ ശുശ്രൂഷാമേഖലകളിൽ പ്രവർത്തനനിരതരാകാൻ അവൾക്ക് ഊർജ്ജവും ധൈര്യവും നൽകുന്ന ലത്തീൻ രൂപതകളിൽ നിന്നുള്ള പിതാക്കന്മാർ എസ് ഡി യോട് ചേർന്ന് ദൈവത്തിന് സ്തുതിഗീതമാലപിക്കുന്നു. തുടർന്ന് കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ബഹു. ശ്രീ. വി ഡി സതീശൻ, ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. റോജി എം ജോൺ, സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ്, വിവിധ രൂപതകളിൽ നിന്നുള്ള പിതാക്കന്മാർ, വൈദികശ്രേഷ്ഠർ, ബഹുമാനപ്പെട്ട വൈദികർ, വിവിധ വൈദികസമർപ്പിത സമൂഹങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, രാഷ്ട്രീയ അധികാരികൾ, പൗരപ്രമുഖർ, സംഘടനാപ്രതിനിധികൾ, മീഡിയപ്രതിനിധികൾ, ഉപകാരികൾ, എസ് ഡി സഭാധികാരികൾ, സഹോദരിമാർ, അഗതി മക്കൾ, ദൈവജനം എന്നിവർ അണിചേരുന്ന ശതാബ്ദി പൊതു സമ്മേളനം എസ് ഡി ജനറലേറ്റിൽ വെച്ച് നടത്തപ്പെടുന്നു.

ആഗസ്റ്റ് 23

എസ് ഡി യുടെ ആരംഭകാലം മുതൽ ഇന്നുവരെയുള്ള വളർച്ചയുടെ വഴിത്താരയിൽ പിതൃസഹജമായ സ്നേഹത്തോടും കരുതലോടും കൂടെ ഞങ്ങളെ ചേർത്തുപിടിക്കുകയും, സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽ ശുശ്രൂഷാനിരതരാകാൻ അവസരമൊരുക്കുകയും പ്രതിസന്ധികളിൽ താങ്ങും പ്രോത്സാഹനവും നൽകുകയും ചെയ്ത അഭിവന്ദ്യപിതാക്കന്മാരുടെ പ്രാർത്ഥനയും മാർഗനിർദ്ദേശവും പിന്തുണയും എസ് ഡി യുടെ ദൗത്യയാത്രയ്ക്ക് എന്നും ശക്തിയും പ്രത്യാശയും പകർന്നുകൊണ്ടിരിക്കുന്നു. സന്ന്യാസസമൂഹത്തിന്റെ വളർച്ചയിലും ശുശ്രൂഷകളുടെ വിപുലീകരണത്തിലും നിസ്തുലമായ സംഭാവനകൾ നൽകിയ എല്ലാ അഭിവന്ദ്യ പിതാക്കന്മാരോടും സീറോ മലബാർ സഭാമലധ്യക്ഷന്മാരോടും അവളെന്നും കൃതാർത്ഥയാണ്. ഇനിയും കാരുണ്യത്തിന്റെ ഈ ദൗത്യവഴിയിൽ, സഭയോടൊത്ത് കൈകോർത്തും പിതാക്കന്മാരുടെ പ്രാർത്ഥനയും മാർഗനിർദ്ദേശവും ഏറ്റുവാങ്ങിയും, അഗതികളിലും അവശരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച്, കാരുണ്യത്തിന്റെ സുവിശേഷം ജീവിതത്തിലൂടെ പകർന്നുനൽകാൻ അവൾ പ്രതിജ്ഞാബദ്ധയാണ്. കാരുണ്യത്തിന്റെ എളിയ ശുശ്രൂഷകളിലൂടെ ദൈവജനത്തിനും അഗതിമക്കൾക്കും കാരുണ്യത്തിന്റെ വിളമ്പുകാരായി മാറാൻ കരം തന്ന കൂടെ നടക്കുന്ന അഭിവന്ദ്യ പിതാക്കന്മാരോടും സീറോ മലബാർ സഭാമേലധ്യക്ഷന്മാരോടും ചേർന്ന് അവർണ്ണനീയദാനങ്ങൾക്ക് എസ് ഡി പ്രണാമം അർപ്പിക്കുന്നു.

ആഗസ്റ്റ് 24

ജീവനും ജീവിതവും ഒരായുസ്സ് മുഴുവനും എസ് ഡി എന്ന സ്വപ്നസുന്ദരമായ അഗതിത്വത്തിന്റെ നനവുള്ള, പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും മലരുകൾ എസ് ഡി യിൽ വിരിയിച്ച് വളർച്ചകളെ ഏറെ ആകാംക്ഷയോടെ നോക്കിക്കണ്ട് ഉറച്ച നിലപാടുകളോടെയും വ്യക്തമായ കാഴ്ചപ്പാടുകളോടും കൂടെ എസ് ഡി ക്ക് ദിശാബോധം നൽകി നയിച്ച മുൻ ജനറൽ കൗൺസിലുകൾ എസ് ഡി ജനറലേറ്റിൽ ഒന്നിക്കുന്നു.

കാലങ്ങൾ കടന്നുപോകുമ്പോഴും സന്ന്യാസസമൂഹത്തിന്റെ ആദ്യചൈതന്യത്തെ മുറുകെ പിടിച്ചുകൊണ്ട് അടിപതറാത്ത വിശ്വാസധീരതയോടും ധീക്ഷണാശക്തിയോടും കറപുരളാത്ത ശുശ്രൂഷകളുമായി എസ് ഡി ഇന്നും അഗതികൾക്കിടയിൽ പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ യാത്ര തുടരുമ്പോൾ ലോകത്തിന്റെ അതിർത്തികളോളം ക്രിസ്തുവിന്റെ സുവിശേഷമറിയിച്ച് അവിടുത്തെ പ്രേഷിത ദൗത്യത്തിന് സാക്ഷ്യം വഹിച്ച് മുന്നേറാൻ ദൈവാത്മാവിനാൽനിറഞ്ഞ് കൂടുതൽ കരുത്തുറ്റതാകട്ടെ. പകൽമേഘ സ്തംഭമായും രാത്രി അഗ്നിസ്തംഭമായും ഇസ്രായേൽ ജനത്തെ നയിച്ച ദൈവം അവളുടെ ഈ യാത്രയിൽ കൂടെ ഉണ്ടെന്ന സാക്ഷ്യമേകട്ടെ. അവളുടെ രണ്ടാം ശതാബ്ദം കഴിഞ്ഞതിനേക്കാൾ കൂടുതൽ ദൈവസ്നേഹത്തിന്റെ നനവും കാരുണ്യത്തിന്റെ കൈയൊപ്പുമുള്ളതാകട്ടെ. കാരുണ്യവാനായ ദൈവത്തിന്റെ അനുഗ്രഹിക്കുന്ന കരം എന്നും അവളുടെ മേൽ ഉയർന്നു നിൽക്കട്ടെ!

ഹങ്കറിയിലെ വിശുദ്ധ സ്റ്റീഫന്‍  (969-1038) : ആഗസ്റ്റ് 16

സാമുവൽ - Chap 01 [3 of 3]

കന്യകാമാതാവിന്റെ സ്വര്‍ഗ്ഗാരോപണം  (ആഗസ്റ്റ് 15)

ഫ്രാൻസിസ് 800-ാം വർഷാചരണവും ഉദ്ഘാടനവും പൂർണദണ്ഡ വിമോചനവും നടത്തി

ഗുഹാവാസികളോട്