മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ മാലാഖമാര്‍ : സെപ്തംബര്‍ 29

മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ മാലാഖമാര്‍ : സെപ്തംബര്‍ 29

ബൈബിളില്‍ പ്രതിപാദിക്കപ്പെടുന്ന മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ എന്നീ മുഖ്യമാലാഖമാരുടെ പ്രാധാന്യവും പ്രസക്തിയുമാണ് ഇന്നു നമ്മള്‍ അന്വേഷിക്കുന്നത്. മൂന്നുപേര്‍ക്കും വ്യത്യസ്ത തസ്തികകളാണുള്ളത് – മിഖായേല്‍ സംരക്ഷിക്കുന്നു; ഗബ്രിയേല്‍ പ്രഖ്യാപിക്കുന്നു; റാഫേല്‍ നയിക്കുന്നു.

മിഖായേല്‍

"ദൈവത്തെപ്പോലെ ആയിരിക്കുന്നവന്‍" എന്നാണ് ഹീബ്രുവില്‍ മിഖായേലിന്റെ അര്‍ത്ഥം. സാത്താനെ സ്വര്‍ഗ്ഗത്തില്‍നിന്നു പായിച്ചവര്‍ ഇവരാണ്. ബൈബിളില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സംരക്ഷകനും ആശ്വസിപ്പിക്കുന്നവനുമാണ്. ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് രോഗികളുടെ സംരക്ഷകനാണ് മിഖായേല്‍. കത്തോലിക്കാ പാരമ്പര്യമനുസരിച്ച് മിഖായേല്‍ നാലു കാര്യങ്ങളില്‍ വ്യാപൃതനാണ്. ഒന്ന്, സാത്താനെതിരെ സമരം ചെയ്തു തോല്പിക്കുന്നു. രണ്ട്, സാത്താന്റെ പിടിയില്‍ നിന്ന്, പ്രത്യേകിച്ച് മരണസമയത്ത്, വിശ്വാസികളുടെ ആത്മാക്കളെ രക്ഷിക്കുന്നു. മൂന്ന് കത്തോലിക്കാസഭയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി നിലകൊള്ളുന്നു. നാല്, അവസാനവിധിക്കായി മനുഷ്യാത്മാക്കളെ കൊണ്ടുവരുന്നു. വി. ജോന്‍ ഓഫ് ആര്‍ക്കിനുണ്ടായ വെളിപാടുകളില്‍ ഒന്ന് മിഖായേലിന്റേതായിരുന്നു.
ഇറ്റലിയില്‍ ഗര്‍ഗാനോയിലുള്ള പുരാതന റോമന്‍ ബസലിക്കായില്‍ "മിഖായേലിനെയും മറ്റെല്ലാ മാലാഖമാരെയും" പ്രതിഷ്ഠിച്ചത് 6-ാം നൂറ്റാണ്ടില്‍ സെപ്തംബര്‍ 29-ന് ആകാനാണു സാധ്യത. പക്ഷേ, ആയിരം വര്‍ഷം മുമ്പ് ആ ബസലിക്ക അപ്രത്യക്ഷമായി. ഇംഗ്ലണ്ടില്‍ വാടക അടച്ച് അക്കൗണ്ട്‌സ് സെറ്റില്‍ ചെയ്യുന്ന ദിവസമാണ് "മിഖായേലിന്റെ ദിവസം." പോപ്പിന്റെ സംരക്ഷകനും മിഖായേല്‍ മാലാഖയാണ്.

ഗബ്രിയേല്‍

ഹീബ്രുവില്‍ "ദൈവത്തിന്റെ ശക്തി", "ദൈവത്തിന്റെ ഹീറോ" എന്നൊക്കെയാണ് ഗബ്രിയേലിന് അര്‍ത്ഥം. ദൈവത്തിന്റെ സംരക്ഷകരായ ഏഴു മാലാഖമാരില്‍ ഒരാളാണ് ഗബ്രിയേല്‍. ഒരുവിധത്തില്‍, സന്തോഷകരമായ സന്ദേശങ്ങളടെ വാഹകനാണ് ഗബ്രിയേല്‍. ദാനിയേലിന്റെ ഗ്രന്ഥത്തില്‍ ദര്‍ശനം വ്യാഖ്യാനിച്ചു കൊടുക്കുന്നതും മഹാനായ അലക്‌സാണ്ടര്‍ പേര്‍ഷ്യന്‍ സാമ്രാജ്യം കീഴടക്കുമെന്ന കാര്യം അറിയിക്കുന്നതും ഗബ്രിയേലാണ്. ക്രിസ്തു ജനിക്കാന്‍ പോകുന്ന കാര്യം അറിയിച്ചതും അദ്ദേഹം തന്നെ. ദൈവാലയത്തില്‍ വച്ച് സക്കറിയായോട്, തനിക്കൊരു പുത്രന്‍ ജനിക്കുമെന്ന് (സ്‌നാപക യോഹന്നാന്‍) പറയുന്നതും ഗബ്രിയേലാണ്. എല്ലാറ്റിനുമുപരി, മേരിയോട് മംഗലവാര്‍ത്ത അറിയിക്കുന്നതും ഗബ്രിയേല്‍ തന്നെ.
യഹൂദ പാരമ്പര്യം അനുസരിച്ച് സോദോമില്‍ വിധി പ്രഖ്യാപിക്കുന്നതും തിരഞ്ഞെടുക്കപ്പെട്ടവരുടെ നെറ്റിയില്‍ അടയാളപ്പെടുത്തുന്നതും ഗബ്രിയേലാണ്. ബത്‌ലഹമില്‍ ഈശോ പിറന്ന കാര്യം ആട്ടിടയന്മാരെ അറിയിച്ചതും, ഈജിപ്തിലേക്ക് അമ്മയെയും കുഞ്ഞിനെയും കൂട്ടി പലായനം ചെയ്യുവാന്‍ യൗസേപ്പിനെ അറിയിച്ചതും, ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍ ഒലിവ് ഗാര്‍ഡനില്‍ വച്ച് ഈശോയ്ക്കു ധൈര്യം പകര്‍ന്നതും ഗബ്രിയേലാണെന്നു വിശ്വസിക്കപ്പെടുന്നു.
ഖുറാനില്‍ മുഹമ്മദ് ഗബ്രിയേലിനെ കണക്കാക്കുന്നത് മാലാഖമാരുടെ നേതാവായിട്ടാണ്. തന്റെ വെളിപാടുകളെല്ലാം ലഭിച്ചതും ഗബ്രിയേലില്‍ നിന്നാണെന്നാണ് മുഹമ്മദിന്റെ പക്ഷം. 1951 ല്‍ പോപ്പ് പയസ് XII ഗബ്രിയേലിനെ സമ്പര്‍ക്ക മാദ്ധ്യമങ്ങളുടെ, പ്രത്യേകിച്ച് ടെലിവിഷന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാക്കി.

റാഫേല്‍

ഹീബ്രുവില്‍ "ദൈവം രക്ഷിച്ചു" എന്നര്‍ത്ഥം. തോബിയാസിന്റെ വെളിപാട് അനുസരിച്ച് ദൈവതിരുമുമ്പിലുള്ള ഏഴു മാലാഖമാരില്‍ ഒരാള്‍ റാഫേലാണ്. പഴയ നിയമത്തില്‍ തോബിത്തിന്റെ അന്ധത എങ്ങനെ നീക്കിയെന്ന് റാഫേല്‍ പറയുന്നുണ്ട്. കൂടാതെ, തോബിത്തിന്റെ മകന്റെ മേദിയായിലേക്കുള്ള യാത്രയില്‍ ഗൈഡുമായിരുന്നു റാഫേല്‍. യാത്രക്കാരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് ഇദ്ദേഹം. ബത്‌സയിദാ കുളത്തില്‍ മുങ്ങി രോഗവിമുക്തി നേടാന്‍ കാത്തുകിടന്നവര്‍ക്ക് വെള്ളം ഇളക്കിക്കൊടുത്തിരുന്നതും റാഫേലാണ്. 1000 വര്‍ഷം മുതലാണ് പൗരസ്ത്യസഭയില്‍ റാഫേലിനെ വണങ്ങിത്തുടങ്ങിയത്. സഭയുടെ കലണ്ടറില്‍ റാഫേലിനെ പ്രവേശിപ്പിച്ചത് 1921-ല്‍ പോപ്പ് ബനഡിക്ട് XV ആണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org