വിശുദ്ധ ജറോം (341-420) : സെപ്തംബര്‍ 30

വിശുദ്ധ ജറോം (341-420) : സെപ്തംബര്‍ 30
Published on
എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. ദൈവമോ പിശാചോ ആരുമാകട്ടെ, നിന്റെ അടുത്തു വരുമ്പോള്‍ നിന്റെ കരങ്ങള്‍ നിറഞ്ഞിരിക്കും.
വിശുദ്ധ ജറോം

യുഗോസ്ലേവ്യയില്‍ ജനിച്ച ജറോം റോമിലാണു വിദ്യാഭ്യാസം ചെയ്തത്. അതുകഴിഞ്ഞ് വിജ്ഞാനം തേടി വര്‍ഷങ്ങളോളം നീണ്ടുനിന്ന അലച്ചിലായിരുന്നു. ആദ്യം പോയത് ട്രെവ്‌സിലേക്കാണ്. മുപ്പതു വര്‍ഷം മുമ്പ് വി. അത്തനാസിയൂസ് അവിടെയുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ സന്ന്യാസിമാരുടെ ജീവിതം മാതൃകയാക്കി ക്രിസ്ത്യന്‍ സന്ന്യാസത്തിന്റെ ഒരു കേന്ദ്രമായി അത്തനാസിയൂസ് ആ പ്രദേശത്തെ മാറ്റിയിരുന്നു. ട്രെവ്‌സില്‍ ജറോം ദൈവശാസ്ത്രം പഠിച്ചു. അതുകഴിഞ്ഞ് അന്ത്യോക്യ യിലേക്ക്, ഗ്രീക്കും വി. ബൈബിളും പഠിക്കാന്‍. പിന്നീട് മരുഭൂമിയില്‍ തപസ്സനുഷ്ഠിക്കാനാണു പോയത്. അഞ്ചു വര്‍ഷം പ്രാര്‍ത്ഥനയും പ്രായശ്ചിത്തവുമായി കഴിഞ്ഞു; ഹീബ്രുവും വശമാക്കി.,

380-ല്‍, 39-ാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. അതുകഴിഞ്ഞ് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു വര്‍ഷം. മഹാനായ വി. ഗ്രിഗരി നസിയാന്‍സെന്നിന്റെ പഠനങ്ങള്‍ ഉള്‍ക്കൊള്ളുകയായിരുന്നു ലക്ഷ്യം. അവിടെനിന്നു റോമിലെത്തി. അവിടെ മാര്‍പാപ്പയുടെ സെക്രട്ടറിയായി അഞ്ചുവര്‍ഷം ജോലി ചെയ്തു. ബൈബിള്‍ പരിഭാഷ ഹീബ്രുമൂലം നോക്കി തിരുത്തി. ഒരു ലൈബ്രറിക്കു തുടക്കം കുറിക്കുകയും ചെയ്തു. കൂടാതെ, ഒരു സംഘം ഭക്തകളായ റോമന്‍ വനിതകളെ ബൈബിള്‍ പഠനത്തില്‍ സഹായിക്കുകയും ചെയ്തു. വി. പൗളായും മകളും, വി. എവുസ്റ്റോക്കിയം തുടങ്ങിയ ഭക്തസ്ത്രീകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

വിശുദ്ധനായ ഡമാസസ് പാപ്പായുടെ മരണശേഷം അധികകാലം റോമില്‍ തങ്ങാന്‍ ജറോമിനു സാധിച്ചില്ല. റോമന്‍ വൈദികരുടെ അലസമായ കുത്തഴിഞ്ഞ ജീവിതത്തെ ജറോം വളരെ നിശിതമായി വിമര്‍ശിച്ചു. അങ്ങനെ അവരുടെ അതൃപ്തി കാരണം ജറോമിന് റോം വിട്ടുപോകേണ്ടി വന്നു. അവിടെനിന്നു ബെത്‌ലഹേമിലേക്കാണ് ജറോം പോയത്. ഭക്തക ളായ റോമന്‍ വനിതകളും അദ്ദേഹത്തെ അനുഗമിച്ചു. അവിടെ ഒരു ആശ്രമവും സ്‌കൂളും സ്ഥാപിച്ച് ഭംഗിയായി നടത്തിക്കൊണ്ടിരുന്നു. കൂടാതെ, ജറോം തന്റെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളുടെ രചന നിര്‍വ്വഹിച്ചതും ഈ സമയത്താണ്. ബൈബിളിന്റെ പരിഭാഷയായിരുന്നു അതില്‍ മുഖ്യം. വിജ്ഞാനം, പ്രഭാഷകന്‍, ബാറൂക്ക്, മക്കബായര്‍ തുടങ്ങിയ ബൈബിള്‍ ഭാഗങ്ങള്‍ക്ക് പോപ്പ് ഡമാസസിന്റെ 382-ലെ ലാറ്റിന്‍ പരിഭാഷ ഉണ്ടായിരുന്നതുകൊണ്ട് ജറോം അവ നിലനിര്‍ത്തി. പുതിയ നിയമത്തിന്റെ വിവര്‍ത്തനവും ഒന്നു തിരുത്തുക മാത്രമേ വേണ്ടിവന്നുള്ളൂ. എന്നാല്‍, പഴയ നിയമത്തിന്റെ ബാക്കിഭാഗങ്ങള്‍ മുഴുവന്‍ ഹീബ്രുവും അറമായിക്കും നോക്കി പരിഭാഷപ്പെടുത്തേണ്ടിവന്നു. അതിനു വേണ്ടിവന്നത് പതിനെട്ടു വര്‍ഷമാണ്. 404-ല്‍ ബൈബിള്‍ വിവര്‍ത്തനം പൂര്‍ത്തിയായി.

"വുള്‍ഗാത്ത" എന്ന ലത്തീന്‍ പരിഭാഷയാണിത്. സാധാരണക്കാരന്റെ ലത്തീന്‍ ഭാഷയിലാണ് ഇതു രചിച്ചിരിക്കുന്നത്. ട്രെന്റ് കൗണ്‍സിലില്‍ വച്ച് സഭയുടെ ഔദ്യോഗിക ബൈബിള്‍ വിവര്‍ത്തനമായി "വുള്‍ഗാത്ത" അംഗീകരിക്കപ്പെട്ടു.

അനീതിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തുകയും വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്ന ജറോം, അവസാനം തന്റെ പരിമിതികള്‍ മനസ്സിലാക്കി. ഒരു സാധാരണ മനുഷ്യന്റെ എല്ലാ ബലഹീനതകളും അദ്ദേഹത്തിനും ഉണ്ടായിരുന്നു. ബത്‌ലഹേം ഗുഹകളില്‍ ഏകാന്തവാസത്തിലേക്ക് ജറോം പ്രവേശിച്ചു. പ്രായശ്ചിത്തവും ഉപവാസവും പ്രാര്‍ത്ഥനയും വഴി അദ്ദേഹം സ്വയം ശുദ്ധീകരണം നടത്തി. മുന്‍കോപം ശമിച്ചു.

ശരീരവും മനസ്സും നിയന്ത്രണാധീനമായി. വിശുദ്ധനായ ജറോം ജന്മം കൊണ്ടു. ആത്മാര്‍ത്ഥതയും ധീരതയുമുണ്ടായിരുന്ന ഈ മനുഷ്യന്‍ ലോകം കണ്ട സഭാപണ്ഡിതന്മാരില്‍ അഗ്രഗണ്യനാണ്.
ബത്‌ലഹേമില്‍, ഉണ്ണീശോ പിറന്ന ഗുഹയിലാണ് ജറോം താമസിച്ചിരുന്നതെന്ന് കരുതുന്നുണ്ട്. ഏതായാലും, ആ ഗുഹയില്‍ത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 420 സെപ്തംബര്‍ 30-ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

"വിശുദ്ധ ബൈബിളിന്റെ വായന പ്രാര്‍ത്ഥനയോടുകൂടി വേണം ആരംഭിക്കാന്‍; പ്രാര്‍ത്ഥന ക്രമേണ വായനയിലേക്കു കടക്കണം" എന്നുപറഞ്ഞ ജറോമിനെ ലൈബ്രറിക്കാരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി വണങ്ങുന്നു. 'വിശുദ്ധ ഗ്രന്ഥത്തെപ്പറ്റിയുള്ള അജ്ഞത, ക്രിസ്തുവിനെപ്പറ്റിയുള്ള അജ്ഞതയാണെന്ന്" അദ്ദേഹം പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org