ജോസ് വടക്കേത്തറ
നമ്മൾ പലപ്പോഴും വലിയ കാര്യങ്ങളെക്കുറിച്ചും പ്ലാനിംഗുകളെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ, നമ്മുടെ ചെറിയ ചില അനുഭവങ്ങളും സംഭാഷണങ്ങളും ചിലരിൽ കൃത്യമായി വർക്ക് ഔട്ട് ആയെന്ന് വരാം. അത്തരം ധാരണകൾക്കപ്പുറം, ബാക്കിയെല്ലാം തീർക്കുന്നത് പ്രപഞ്ചത്തെ ഒരേ ആത്മാവോടെ നയിക്കുന്ന ആ ദിവ്യശക്തിയാണ് - വി. പൗലോസ് ചൂണ്ടിക്കാണിച്ചതുപോലെ, സൃഷ്ടിയുടെ മകുടമായ, സകലത്തിലും കേന്ദ്രീകൃതമായ ക്രിസ്ത്വത്വം.
"ആകാശത്തിലെ പറവകളെ നോക്കു; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല... എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ പരിപാലിക്കുന്നു." ഈ വരികൾ വെറുമൊരു പ്രകൃതിവർണനയല്ല; മറിച്ച്, സകല ജീവന്റെയും നാഥനായ ക്രിസ്തുവിൽ പ്രപഞ്ചം പുലരുന്നതിന്റെ നേർക്കാഴ്ചയാണ്.
പറവകൾക്കായി ആരെല്ലാമോ അറിയാതെ വിതയ്ക്കുന്നു. നാം പോലും അറിയാതെ, നമ്മുടെ ചെറിയ പ്രവൃത്തികൾ ആ വലിയ ദൈവീക ശൃംഖലയുടെ ഭാഗമായി മാറുന്നു. ആകാശവും ഭൂമിയും സകല ചരാചരങ്ങളും അവനിൽ ഒന്നായിത്തീരുന്ന ആ പ്രപഞ്ച ക്രമമാണിത്. എങ്കിലും, മനുഷ്യൻ തന്റേതായ സ്വാർത്ഥതകൊണ്ട് ഈ സരളമായ ക്രമത്തെ സങ്കീർണ്ണവും അക്രമപൂരിതവുമാക്കുന്നു.
നാളെയെക്കുറിച്ചുള്ള ആധികളും അതിമോഹങ്ങളും മനുഷ്യനെ പ്രകൃതിയുടെ താളത്തിൽ നിന്നും ക്രിസ്ത്വത്തിന്റെ ലളിതമായ സ്നേഹത്തിൽ നിന്നും അകറ്റുന്നു. അതുകൊണ്ട്, ഈ പ്രപഞ്ചചക്രത്തിൽ നമ്മൾ നിൽക്കേണ്ടിടത്ത് നമ്മൾ ചെയ്യേണ്ടത് ഒന്നു മാത്രം - നമ്മുടെ ധർമ്മം പൂർത്തിയാക്കുക.
ക്രിസ്തു നമ്മെ പഠിപ്പിച്ച സ്നേഹവും സത്യസന്ധതയും വർത്തമാനകാലത്തിൽ ജീവിച്ചു തീർക്കുക. ജീവിതം പിടിച്ചടക്കേണ്ട ഒരു കോട്ടയല്ല; സ്രഷ്ടാവിന്റെ വലിയ സ്നേഹത്തിൽ ഒഴുകിപ്പരക്കേണ്ട ഒരു പുഴയാണ്. ആ ക്രിസ്ത്വത്വത്തിന്റെ സാന്നിധ്യത്തിൽ, സങ്കീർണ്ണതകൾക്ക് വിരാമമിട്ട്, ആ പ്രപഞ്ച താളത്തോടൊപ്പം നമ്മുടെ ചെറിയ ഈണവും ചേർക്കാം. അതെയേയുള്ളൂ, അതിലപ്പുറം ഒന്നുമില്ല!