കൃപാസനം ജപമാല മഹാറാലിയില്‍ പങ്കെടുത്ത് ലക്ഷകണക്കിന് വിശ്വാസികള്‍

Hundreds of thousands of believers participated in the Kripasanam Rosary Mega Rally.
Published on: 

ചേർത്തല: യുദ്ധങ്ങൾ ഒഴിവായി ലോകത്തു സമാധാനം പുലരുവാനും രാജ്യം സമാധാനത്തിലും കെട്ടുറപ്പിലും നിലനില്‍ക്കാനുമുള്ള നിയോഗത്തോടെ നടത്തിയ കൃപാസനം അഖണ്ഡ ജപമാല മഹാറാലിയില്‍ പങ്കെടുത്ത് ലക്ഷകണക്കിന് വിശ്വാസികള്‍. പുലർച്ചെ ഒരു മണിയോടെ കൃപാസനം കേന്ദ്രത്തില്‍ നിന്നും അർത്തുങ്കൽ ബസിലിക്കയിലേക്ക് ആരംഭിച്ച മഹാറാലിയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ലക്ഷകണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.

ബ്രദർ ആർ. വിജയകുമാർ കോയമ്പത്തൂർ റാലി ഫ്ളാഗ് ഓഫ് ചെയ്‌തു. കൃപാസനം ഡയറക്‌ടർ ഫാ.ഡോ.വി.പി. ജോസഫ് വലിയവീട്ടിൽ റാലിക്ക് നേതൃത്വം നൽകി. തീരദേശപാതയിലൂടെ സഞ്ചരിച്ച് അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേർന്നപ്പോൾ ബസിലിക്ക റെക് ടർ ഫാ. യേശു ദാസ് കാട്ടുങ്കൽ തയ്യിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ആമുഖസന്ദേശം നൽകി.

മനുഷ്യർ തങ്ങളുടെ പാപങ്ങൾ ക്രിസ്‌തുവാകുന്ന കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിക്കുന്നതുകൊണ്ടാണ് രക്ഷ നമുക്ക് സാധ്യമാകുന്നതെന്ന് ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു. ഇത്രയും വിശ്വാസികള്‍ ജപമാല ചൊല്ലി ത്യാഗമെടുത്ത് ഈ മണ്ണിലെത്തിച്ചേരുന്നത് ദൈവമാതാവിന്റെ മാധ്യസ്ഥം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തെ ഏറ്റുപറയുന്നതിന് ഒരു മനുഷ്യന് അവനെ സഹായിക്കുന്ന അനുയോജ്യമായ ഏറ്റവും വലിയ ഘടകം ജപമാലയാണെന്നും ജപമാല ദൈവവചനത്തിന്റെ പ്രാർത്ഥനാരൂപങ്ങളാണെന്നും സ്വീകരണത്തിനു നന്ദിയർപ്പിച്ചുകൊണ്ട് ഫാ.ഡോ.വി.പി. ജോസഫ് വലിയ വീട്ടിൽ പറഞ്ഞു.

അർത്തുങ്കൽ ബസിലിക്ക റെക്‌ടർ ഫാ. ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ സ്വാഗതം പറഞ്ഞു. ആഘോഷമായ ദിവ്യബലിക്ക് ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ നേതൃത്വം നല്‌കി. രൂപത വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ, ഫാ. പോൾ ജെ. അറയ്ക്ക ൽ, ഫാ.അലക്സ് കൊച്ചീക്കാരൻവീട്ടിൽ, ഫാ.അലക്‌സാണ്ടർ കൊച്ചിക്കാരൻവീട്ടിൽ എന്നിവർ ആരാധനാസന്ദേശം നൽകി. റാലിയില്‍ പങ്കുചേരാന്‍ വിദേശത്തു നിന്നു നാട്ടിലേക്ക് എത്തിയവരുമുണ്ടായിരിന്നു. റാലിയുടെ വിവിധകേന്ദ്രങ്ങളിൽ ശുദ്ധജലവിതരണവും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവും, ആംബുലൻസ് സൗകര്യവും ഒരുക്കിയിരിന്നു.

logo
Sathyadeepam Online
www.sathyadeepam.org