

ജീസസ് യൂത്ത് (Jesus Youth) അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ പ്രതിനിധികളുമായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജീസസ് യൂത്തിന്റെ നേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചേർന്ന് പത്രോസിന്റെ പിൻഗാമിയായ പാപ്പായുമായി ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തുന്നതെന്ന കാര്യം, സന്ദേശത്തിൽ പാപ്പാ എടുത്തു പറഞ്ഞു. ജീസസ് യൂത്ത് അംഗങ്ങൾക്കും, അവർക്ക് മാർഗനിർദേശം നൽകുന്ന മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും പാപ്പ തന്റെ പ്രാർത്ഥനാശംസകൾ നേർന്നു.
പ്രസ്ഥാനം ആരംഭിച്ചതിന്റെ നാൽപ്പതാം വാർഷിക വേളയിൽ, കഴിഞ്ഞ മൂന്ന് വർഷമായി നടത്തിവരുന്ന സിനഡൽ രീതിയിലുള്ള കൂടിയാലോചനകളുടെ ഫലങ്ങൾ പുതിയ ആത്മീയ ചൈതന്യത്തോടെയും ദൗത്യബോധത്തോടെയും ഏറ്റെടുക്കാൻ അംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു. പരിശുദ്ധാത്മാവ് നൽകിയ വരദാനങ്ങളെ കൂടുതൽ ഉദാരമനസ്സോടെ വിനിയോഗിക്കാനും സുവിശേഷപ്രഘോഷണ യാത്ര തുടരാനും ഈ ആത്മീയ സമ്മേളനം വഴിതുറക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിൽ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി, യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിലൂടെ ചെറുപ്പക്കാർ തന്നെ സ്വമേധയാ തുടക്കമിട്ട പ്രസ്ഥാനമാണ് ജീസസ് യൂത്ത് എന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു. സഭയിലെ ഏതൊരു ആധികാരിക നവീകരണത്തിന്റെയും ആരംഭം യേശുവിന്റെ സ്നേഹത്തെക്കുറിച്ചുള്ള തിരിച്ചറിവാണെന്ന് പറഞ്ഞ പാപ്പാ, പ്രാർത്ഥനാ കൂട്ടായ്മകളിൽ പങ്കെടുത്ത ചെറുപ്പക്കാർ തങ്ങൾക്ക് ലഭിച്ച ആത്മീയ അനുഭവം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ദൗത്യം തുടരുന്നതിനുമായി തുടർന്ന് ഒന്നിച്ച് അണിനിരക്കുകയായിരുന്നുവെന്നും ഓർമ്മിപ്പിച്ചു.
പരിശുദ്ധ സിംഹാസനം ജീസസ് യൂത്തിനെ ഒരു അന്താരാഷ്ട്ര അല്മായ സംഘടനയായി അംഗീകരിച്ചിട്ട് പത്ത് വർഷം തികയുന്ന ഈ വേളയിൽ, സഭാത്മകമായ പക്വതയുടെ കാലഘട്ടത്തിലേക്ക് പ്രസ്ഥാനം കടന്നിരിക്കുകയാണ്. വിശ്വാസത്തോടുള്ള അപ്പസ്തോലിക തീക്ഷ്ണത നഷ്ടപ്പെടുത്താതെ അത് പുതിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും, കഠിനമായ രോഗപീഡകൾക്കിടയിലും വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സാന്നിധ്യത്തോടുള്ള സ്നേഹത്താൽ വിശ്വാസത്തിന് സാക്ഷ്യം വഹിച്ച അജ്ന ജോർജിനെപ്പോലുള്ള യുവജനങ്ങളുടെ മാതൃക ഈ യാത്രയിൽ പ്രചോദനമാകണമെന്നും പാപ്പ ചൂണ്ടിക്കാട്ടി.
ക്രിസ്ത്യാനികൾ ന്യൂനപക്ഷമായിരിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവരാണെങ്കിലും, യേശുവുമായുള്ള സൗഹൃദത്തിന് സാക്ഷ്യം വഹിക്കാൻ ഭയപ്പെടരുതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. കുടുംബങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും വിവാഹമെന്ന ദൈവവിളിയെ പിന്തുണയ്ക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞ പാപ്പാ, പൗരോഹിത്യത്തിനും സമർപ്പിത ജീവിതത്തിനും പുറമെ, വിവാഹവും ദൈവവിളിയും വിശുദ്ധിക്കായുള്ള മാർഗമാണെന്നും അടിവരയിട്ടു. ജീസസ് യൂത്തിലൂടെ യുവജനങ്ങൾ വിവാഹിതരാവുകയും, തുടർന്ന് മാതാപിതാക്കളായി സുവിശേഷപ്രചാരകരായ കുടുംബങ്ങളായി മാറുകയുമാണ് ചെയ്യുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.