Coverstory

പാറ്റ ജനതാപാർട്ടി: അധികാരവർഗത്തിന്റെ അരക്ഷിതാവസ്ഥയും രാഷ്ട്രീയപരിഹാസത്തിന്റെ സാധ്യതകളും

ഫാ. ഡോ. സാല്‍വിന്‍ കണ്ണമ്പിള്ളി
"സിജെപിയുടെ മിഷൻ സ്റ്റേറ്റ്മെൻറ് പരിശോധിച്ചാൽ ആക്ഷേപഹാസ്യത്തിനപ്പുറം യുവാക്കളെ അരാഷ്ട്രീയക്കാരായും കഴിവില്ലാത്തവരായും മുദ്രകുത്തുന്ന മുതിർന്ന തലമുറയുടെയോ, അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയോ വികലമായ കാഴ്ചപ്പാടിനെതിരായ പ്രതിഷേധം കാണാൻ കഴിയും. മടിയരെന്നും ഓൺലൈൻ ജീവികളെന്നും -ഈയടുത്ത കാലത്ത്- പാറ്റകളെന്നും വിളിക്കപ്പെടുന്ന യുവാക്കൾക്ക് വേണ്ടി ഒരു പാർട്ടി രൂപീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാക്കിയെല്ലാം വെറും അക്ഷേപഹാസ്യമാണെന്നും അവർ പ്രഖ്യാപിക്കുന്നു. പാറ്റമുഖമുള്ള മുഖചിത്രങ്ങളിലൂടെ സമീപകാലത്ത് കണ്ട ഏറ്റവും ക്രിയാത്മകമായ രാഷ്ട്രീയവിമർശനമാണ് ദൃശ്യമാകുന്നത്."

വിമർശനത്തിന്റെ ഒരു പുൽകൊടിയെപോലും ഭയക്കുന്ന ഭരണവർഗ്ഗത്തിന്റെ അരക്ഷിതാവസ്ഥ ഏറ്റവും ഒടുവിൽ പ്രകടമാക്കിയ സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ രൂപപ്പെട്ട പാറ്റജനതാപാർട്ടി എന്ന ഹാൻഡിലും വളരെ പെട്ടെന്നുള്ള അതിന്റെ എക്‌സിൽ നിന്നുള്ള അപ്രത്യക്ഷമാകലും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു ഓപ്പൺ ഹിയറിങ്ങിനിടെ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻസ് സ്റ്റാറ്റജിസ്റ്റും ബോസ്റ്റൻ യൂണിവേഴ്‌സിറ്റിയും വിദ്യാർത്ഥിയുമായ അഭിജിത്ത് ദീപ്‌കെ “പാറ്റ ജനതാ പാർട്ടി” (CJP) എന്ന ഓൺലൈൻ കളക്റ്റീവ് രൂപീകരിച്ചത്.

പാറ്റകളെ പോലെയുള്ള, ഒരു ജോലിയും കിട്ടാത്ത, തങ്ങളുടെ പ്രൊഫഷനിൽ ഒരു സ്ഥാനവും ഇല്ലാത്ത, യുവാക്കളിൽ ചിലർ മാധ്യമ, സാമൂഹ്യമാധ്യമ, വിവരാവകാശ പ്രവർത്തകർ ആകുന്നുവെന്നും അവർ നിലനില്ക്കുന്ന സംവിധാനങ്ങളെയും വ്യക്തികളെയും ആക്രമിക്കുന്നുവെന്നും ആണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരാമർശിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് (പീന്നീട് അദ്ദേഹം മാധ്യമങ്ങൾ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നു).

ദേശീയ, സംസ്ഥാന ഭരണ സംവിധാനങ്ങളുടെ പിടിപ്പ് കേടുകൊണ്ടും നയവൈകല്യങ്ങൾകൊണ്ടും തൊഴിൽരഹിതരായ യുവാക്കളെ ഇത്തരത്തിൽ സാമൂഹ്യവിരുദ്ധരായി വിശേഷിപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വളരെ രൂക്ഷമായ വിമർശനങ്ങൾക്ക് ഒരു കേന്ദ്രീകൃതരൂപം കൈവന്നത് “എല്ലാ പാറ്റകളും ഒന്നിച്ചാലെന്താ” എന്ന ചോദ്യത്തോടെ ദീപ്കെ രൂപം കൊടുത്ത പാറ്റ ജനതാപാർട്ടിയെന്ന സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും വെബ്സൈറ്റുകളിലൂടെയുമാണ്.

രൂപീകരിച്ച് മൂന്ന് ദിവസങ്ങൾക്കുള്ളിൽ പാറ്റ ജനതാപാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ഫോളോ ചെയ്ത‌വരുടെ എണ്ണം 11.1 മില്യൺ കടന്നു. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് 8.8 മില്യൺ ഉള്ളൂ എന്നോർക്കണം. 350000 ലധികം ആളുകൾ പാറ്റ ജനതാപാർട്ടിയുടെ ഗൂഗിൾ ഫോം വഴി അംഗത്വമെടുത്തു.

നേപ്പാൾ, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളിലുമുണ്ടായ ജെൻ സി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ യുവതലമുറയുടെ ഈ ഓൺലൈൻ കൂട്ടായ്‌മ ഭരണകേന്ദ്രങ്ങളിൽ ആശങ്ക വളർത്തി. അവിടങ്ങളിൽ ജെൻസി പ്രക്ഷോഭങ്ങൾ വ്യവസ്ഥാപിതസംവിധാനങ്ങൾ തകർത്ത് അരാജകത്വത്തിൽ അവസാനിക്കുകയാണ് ചെയ്‌തത്‌. ജനാധിപത്യത്തെ അട്ടിമറിച്ച് വിദ്വംസകപ്രവർത്തനങ്ങൾക്ക് വഴി വെച്ചു കൊടുക്കുന്നത് അപകടകരമാണ്. എന്നാൽ ഈ താരതമ്യത്തിന് പ്രസക്തിയില്ലെന്നും ഇന്ത്യയിലെ സാഹചര്യം വ്യത്യസ്‌തമാണെന്നും യുവാക്കൾ അസ്വസ്ഥരാണെങ്കിലും അവരുടെ പ്രതിഷേധം ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള ഒറ്റപ്പെട്ട പ്രതിഷേധങ്ങളായി അവശേഷിക്കുന്നുവെന്നും ദീപ്കെ വ്യക്തമാക്കി.

സിജെപിയുടെ മിഷൻ സ്റ്റേറ്റ്മെൻറ് പരിശോധിച്ചാൽ ആക്ഷേപഹാസ്യത്തിനപ്പുറം യുവാക്കളെ അരാഷ്ട്രീയക്കാരായും കഴിവില്ലാത്തവരായും മുദ്രകുത്തുന്ന മുതിർന്ന തലമുറയുടെയോ, അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയോ വികലമായ കാഴ്ചപ്പാടിനെതിരായ പ്രതിഷേധം കാണാൻ കഴിയും. മടിയരെന്നും ഓൺലൈൻ ജീവികളെന്നും -ഈയടുത്ത കാലത്ത്- പാറ്റകളെന്നും വിളിക്കപ്പെടുന്ന യുവാക്കൾക്ക് വേണ്ടി ഒരു പാർട്ടി രൂപീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാക്കിയെല്ലാം വെറും അക്ഷേപഹാസ്യമാണെന്നും അവർ പ്രഖ്യാപിക്കുന്നു. പാറ്റമുഖമുള്ള മുഖചിത്രങ്ങളിലൂടെ സമീപകാലത്ത് കണ്ട ഏറ്റവും ക്രിയാത്മകമായ രാഷ്ട്രീയവിമർശനമാണ് ദൃശ്യമാകുന്നത്.

അഞ്ച് ആവശ്യങ്ങളാണ് സിജെപി മുന്നോട്ട് വെക്കുന്നത്:

  1. വിരമിച്ച ന്യായാധിപർക്ക് വിരമിക്കൽസമ്മാനമായി രാജ്യസഭാംഗത്വം നല്കാതിരിക്കുക.

  2. നിയമപരമായ വോട്ട് നിഷേധിച്ചാൽ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർക്കെതിരെ യു എ പി എ ചുമത്തി കേസെടുക്കുക.

  3. വനിതകൾക്ക് 50 % സംവരണം ഏർപ്പെടുത്തുക.

  4. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി അംബാനി, അദാനി ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുക.

  5. കാലുമാറ്റം നടത്തുന്ന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഇരുപത് വർഷത്തേക്ക് തെരഞ്ഞെടുപ്പുരംഗത്ത് നിന്നും വിലക്കുക.

ഈ ആവശ്യങ്ങൾ ഉന്നയിക്കുക വഴി ഹാസ്യാത്മകമായും എന്നാൽ വളച്ചുകെട്ടില്ലാതെയും സമകാലിക രാഷ്ട്രീയവിഷയങ്ങളിലെ തങ്ങളുടെ നിലപാട് വിളിച്ചു പറയുകയാണ് ഈ ജെൻ സി പ്രസ്ഥാനം.

തങ്ങൾക്കെതിരെ ഉയർന്നുവന്നേക്കാവുന്ന ചെറിയ മുന്നേറ്റങ്ങളെ പോലും തുടക്കത്തിൽ തന്നെ ഒതുക്കാൻ ജാഗരൂകരായ അധികാരകേന്ദ്രങ്ങൾ പെട്ടെന്ന് തന്നെ ഇടപെടലുകൾ നടത്തി. പാറ്റ ജനതാപാർട്ടിയുടെ എക്സ‌് അക്കൗണ്ട് അപ്രത്യക്ഷമായി. മണിക്കൂറുകൾക്കുള്ളിൽ സിജെപി മറ്റൊരു അക്കൗണ്ട് തുറന്ന് തങ്ങളും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. തമാശക്കപ്പുറം തങ്ങളുടെ തൊഴിലില്ലായ്മക്കും രാജ്യത്തിലെ അസമത്വങ്ങൾക്കും കാരണക്കാരാകുന്ന രാഷ്ട്രീയ, ഭരണ, നീതിന്യായ സ്ഥാപനങ്ങളിലെ അധികാരികൾതന്നെ തങ്ങളെ പരിഹസിക്കുന്നതുകൂടി സഹിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്ന പരസ്യപ്രഖ്യാപനമാണ് യുവതലമുറ നടത്തുന്നത്.

സ്വയം ശക്തിഹീനരായി തോന്നുന്ന സന്ദർഭങ്ങളിൽ പരിഹാസവും തമാശയും തങ്ങളുടെ ശക്തി വീണ്ടെടുക്കാൻ ജനങ്ങളെ സഹായിക്കുന്നു എന്ന് മാധ്യമപ്രവർത്തകനായ മാഷാ ഗെസ്സൻ എഴുതുന്നു. തമാശയാണ് അധികാരപ്രമത്തതക്ക് എതിരായ ഫലപ്രദമായ ആയുധമെന്നും, പരിഹസിക്കപ്പെടുന്നതാണ് ബലവാൻമാരെന്ന് (Strongmen) അവകാശപ്പെടുന്നവരുടെ ഏറ്റവും വലിയ ഭയമെന്നും പ്രസ്‌താവിച്ചത് Strongmen: Mussolini to the Present എന്ന ഗ്രന്ഥത്തിന്റെ കർത്താവായ റൂത്ത് ബെൻ-ഗിയത്ത് ആണ്.

"ചില രാജ്യങ്ങളിൽ ആക്ഷേപഹാസ്യപരിപാടികൾ രാഷ്ട്രീയരൂപം പ്രാപിച്ച് പരമ്പരാഗത അധികാരസമവാക്യങ്ങളെ അട്ടിമറിച്ച ചരിത്രമുണ്ട്. ഇറ്റലിയിൽ കൊമേഡിയൻ ബെപ്പെ ഗ്രില്ലോ വ്യവസ്ഥാപിത സംവിധാനങ്ങൾക്കെതിരായുള്ള ആക്ഷേപഹാസ്യത്തെ ഫൈവ് സ്റ്റാർ മൂവ്മെൻറ് ആയി രൂപപ്പെടുത്തിയതും ഉക്രെയ്നിൽ ടെലിവിഷൻ പ്രോഗ്രാമിൽ സാങ്കല്‌പിക പ്രസിഡൻറായി അഭിനയിച്ച വ്ളോദിമിർ സെലെൻസ്കി യഥാർഥ പ്രസിഡൻറായി മാറിയതും ഉദാഹരണങ്ങളാണ്."

ചില രാജ്യങ്ങളിൽ ആക്ഷേപഹാസ്യപരിപാടികൾ രാഷ്ട്രീയരൂപം പ്രാപിച്ച് പരമ്പരാഗത അധികാരസമവാക്യങ്ങളെ അട്ടിമറിച്ച ചരിത്രമുണ്ട്. ഇറ്റലിയിൽ കൊമേഡിയൻ ബെപ്പെ ഗ്രില്ലോ വ്യവസ്ഥാപിത സംവിധാനങ്ങൾക്കെതിരായുള്ള ആക്ഷേപഹാസ്യത്തെ ഫൈവ് സ്റ്റാർ മൂവ്മെൻറ് ആയി രൂപപ്പെടുത്തിയതും ഉക്രെയ്നിൽ ടെലിവിഷൻ പ്രോഗ്രാമിൽ സാങ്കല്‌പിക പ്രസിഡൻറായി അഭിനയിച്ച വ്ളോദിമിർ സെലെൻസ്ക‌ി യഥാർത്ഥ പ്രസിഡൻറായി മാറിയതും ഉദാഹരണങ്ങളാണ്.

ഇന്ത്യയിലെ ഭരണപക്ഷം പാറ്റ ജനതാപാർട്ടിയെന്ന ഓൺലൈൻ പ്രസ്ഥാനത്തിന് പുറകിൽ പതിവ് പോലെ രാജ്യവിരുദ്ധശക്തികളാണെന്ന് ആരോപിക്കുന്നു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധസമരത്തിലേക്ക് ഒഴുകിവന്ന യുവാക്കളാണ് പിന്നീട് ആം ആദ്‌മി പാർട്ടിയായി രൂപം പ്രാപിച്ചത്. ആ പ്രസ്ഥാനം വലിയ പ്രതീക്ഷകൾ സമ്മാനിച്ചു എങ്കിലും ഭരണപക്ഷത്തിന്റെ കെട്ടിചമച്ച, ഇതുവരെ കുറ്റപത്രം പോലും സമർപ്പിക്കാനാകാത്ത, അഴിമതികേസുകളിലും ഭരണപക്ഷത്തേക്കുള്ള കൂറുമാറ്റത്തിലും പെട്ട് ഊർദ്ദശ്വാസം വലിക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഭരണവിരുദ്ധവോട്ടുകളെ തെരഞ്ഞെടുപ്പിൽ വിഭജിച്ചു കളഞ്ഞ് വിജയം മെനഞ്ഞെടുക്കാനുള്ള തന്ത്രമായി പുതിയ പാർട്ടികളെ രംഗത്തിറക്കുന്ന ഇലക്ഷൻ എഞ്ചിനീയറിങ് ഇന്ത്യൻ ജനാധിപത്യത്തിൽ പുതുമയല്ല. പാറ്റ ജനതാപാർട്ടിയുടെ ഭാവി ഏത് ദിശയിലേക്കാണെന്ന് കണ്ടറിയേണ്ട കാര്യമാണ്.

ഇന്ത്യൻ യുവാക്കളുടെ വിർച്വൽ ലോകത്ത് നടക്കുന്ന ഈ പുത്തൻ പ്രതിഭാസം ചിലപ്പോൾ നിയതരൂപം പ്രാപിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയേക്കാം, ഒരു പക്ഷേ തുടങ്ങിയത് പോലെ പെട്ടെന്ന് അവസാനിച്ച് പോയേക്കാം. ഭാവിരൂപമാറ്റം എന്ത്‌തന്നെ ആയാലും 140 കോടിവരുന്ന ജനസംഖ്യയുടെ പകുതിയോളം 30 വയസ്സിൽ താഴെ പ്രായമുള്ളവരുള്ള, ഭൂരിപക്ഷം യുവാക്കളും രാഷ്ട്രീയത്തിൽ നിന്നും അകന്നു നില്ക്കുന്ന (സമീപകാല സർവ്വേയനുസരിച്ച് 29% യുവാക്കൾ രാഷ്ട്രീയത്തിൽ നിന്നും അകന്നു നില്ക്കുന്ന, 11% മാത്രം രാഷ്ട്രീയപാർട്ടികളിൽ അംഗത്വമെടുത്തിട്ടുള്ള) ഭാരതത്തിൽ യുവതലമുറയുടെ ഭാഗത്തുനിന്ന് സമീപകാലത്തുണ്ടായ ഏറ്റവും ക്രിയാത്മകമായ രാഷ്ട്രീയപ്രവർത്തനമാണ് -വിർച്വൽ ലോകത്ത് മാത്രം ഒതുങ്ങി നിന്നാൽ പോലും- പാറ്റ ജനതാപാർട്ടിയെന്ന ഈ പ്രതിഭാസം.

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി - രണ്ട് വീടുകളുടെ താക്കോല്‍ ദാനം നടത്തപ്പെട്ടു

“ചിന്തിച്ച് ക്ലിക്ക് ചെയ്യാം!": സുബോധനയിൽ സെമിനാർ

പ്രകൃതി ജീവനത്തിന്റെ കഥപറഞ്ഞ് "കാറ്റ് പറഞ്ഞ കഥ" നാടകം

കുട്ടികൾക്കു ഫോൺ കൊടുക്കുക!

വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് റോസി (1698-1764) : മെയ് 23