വലിച്ചിഴച്ച് തന്നെയാണ് അപ്പനയാളെ ബിഷപ്പിന്റെ മുൻപിലെത്തിച്ചത്.
അവനെക്കുറിച്ച് നിറയെ പരാതിയാണ്. അളവില്ലാതെ ദരിദ്രർക്ക് കൊടുക്കുന്നു. തകർന്ന് തുടങ്ങിയ കപ്പേളകളെ സ്വന്തം കഠിനാധ്വാനം കൊണ്ട് പണിതുയർത്തുന്നു.കുഷ്ഠരോഗികളോടും യാചകരോടുമൊത്ത് സഹവസിക്കുന്നു.അങ്ങനെ ആരോപണങ്ങൾ നീണ്ടു.
ഞാനെന്താണ് ചെയ്തു തരേണ്ടത്?
എന്റെ ധനത്തിലോ വ്യാപാരത്തിലോ അവന് ഇനിയൊരു അവകാശമുണ്ടാവില്ല എന്ന് തീർപ്പ് കല്പിച്ചാൽ മതി.
ചെറുപ്പക്കാരൻ എല്ലാത്തിനും തയ്യാറായിരുന്നു.പിന്നെ നടന്നത് ചരിത്രസന്ധികളിലെ ഏറ്റവും നല്ല നാടകങ്ങളിൽ ഒന്നായിരുന്നു. ഓരോരോ വസ്ത്രങ്ങളായി ഊരിയെടുത്തു.മടക്കി അപ്പന്റെ കാൽച്ചുവട്ടിൽ വച്ചു. പിന്നെയിങ്ങനെ തുടർന്നു. ഇതുവരെയും ഞാൻ അങ്ങയെ, അച്ഛനെന്ന് വിളിച്ചു... ഈ നിമിഷം മുതൽ സ്വർഗ്ഗസ്ഥനായ പിതാവാണ് എന്റെ അച്ഛൻ.
ബിഷപ്പ് തന്റെ മേലുടുപ്പുകൊണ്ട് ചെറുപ്പക്കാരനെ മൂടി. അതിനിടയിൽ ഒരു തോട്ടക്കാരന്റെ വസ്ത്രം ആരോ വച്ചു നീട്ടി. അതയാളണിഞ്ഞു.പിന്നെ നിശ്ശബ്ദമായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയൊരു ആൾക്കൂട്ടം അരമനയുടെ അങ്കണത്തിലുണ്ടായിരുന്നു.ഒരു ചെറുപ്പക്കാരൻ വിവസ്ത്രനാവുന്നതുകണ്ട് ഒരാളും കണ്ണുതാഴ്ത്തിയില്ല.സമകാലീനനായ ഒരു ചരിത്രകാരൻ അടയാളപ്പെടുത്തുന്നത് പോലെ: ഒരു കുഞ്ഞ് പിറക്കുന്നതു കണ്ട് ഇന്നോളം ഒരു വയറ്റാട്ടിയും കണ്ണുതാഴ്ത്തിയിട്ടില്ല. അത്രമേൽ നിർമ്മലനായി ഒരാൾ പിറവി കൊള്ളുകയാണ്.
വീണ്ടും പിറക്കുക എന്നതായിരുന്നു യേശുദൂതിന്റെ കാതൽ. അവനവന്റെ നിഷ്കളങ്കതയിലേക്ക് മടങ്ങിപ്പോവുക തുടങ്ങി അനവധി വ്യാഖ്യാനങ്ങൾ അതിന് കല്പിച്ചു കൊടുക്കുമ്പോഴും അതിലേറ്റവും സാരവത്തായിതോന്നുന്നത് ഈ പുതിയ പിതൃബോധത്തിലേക്കുള്ള പ്രാണന്റെ ഉണർവാണ്.
പിന്നീടാണ് ഫ്രാൻസിസ് സകലത്തെയും കൂടപ്പിറപ്പായി എണ്ണിയത്. സൂര്യൻ സഹോദരൻ, പുഴ സഹോദരി, കാറ്റും അങ്ങനെതന്നെ. നോക്കൂ അയാൾ sister Mother Earth എന്നാണ് ഭൂമിയെ പോലും വിളിക്കുന്നത്.
ലോകം പുതിയൊരു സാഹോദര്യബോധത്തിന്റെ മഴയിൽ ജ്ഞാനസ്നാനപ്പെടുകയാണ്.
ബ്രദർ!
പ്രായമാകുന്നതു കൊണ്ടാവണം, ആ വാക്കില്‍ നിന്നിപ്പോള്‍ വല്ലാത്തൊരീര്‍പ്പമുണ്ടാകുന്നത്. തീരെ മമതയില്ലാത്ത ഒരു പദമായിരുന്നുവത്. ആശ്രമ ത്തിലെ സാമാന്യം ദീര്‍ഘമായ പരിശീലനകാലത്തില്‍ സ്വയം പരിചയപ്പെടുത്താനും പരസ്പരം അഭിസംബോധന ചെയ്യാനും വേണ്ടി നിഷ്കര്‍ഷിച്ചിരുന്ന പദമായിരുന്നു അത്. ഒരിക്കല്‍പ്പോലും ആ പദത്തെ ഉപയോഗപ്പെടുത്തിയിട്ടില്ല. പിന്നിലുപേക്ഷിച്ചുവെന്ന് കരുതാവുന്ന സഹോദരന്മാര്‍ ആ ഇളംപ്രായത്തില്‍ കാര്യമായ നഷ്ടബോധം ഉണ്ടാക്കിയതുമില്ല. ഇളയവനുമായി കാര്യമില്ലാത്ത തര്‍ക്കങ്ങളില്‍ നിരന്തരമേര്‍പ്പെട്ടുമിരുന്നു. പിന്നീട് ചില മനഃശാസ്ത്ര ഗ്രന്ഥങ്ങളില്‍ കായീന്‍ കോംപ്ലക്സ്, sibling rivalry തുടങ്ങിയ പദങ്ങള്‍ വായിച്ചപ്പോള്‍ ഉദാഹരണങ്ങള്‍ക്ക് അധികദൂരം അലയേണ്ടതില്ലല്ലോ യെന്നോര്‍ത്തു നെടുവീര്‍പ്പിടുന്ന തങ്ങനെയാണ്. കാര്യമായി പ്രായവ്യത്യാസമില്ലാത്ത സഹോദരങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന കഴമ്പില്ലാത്ത ഉരസലുകള്‍ ഇതര ജീവജാലങ്ങളില്‍പ്പോലും സാധാരണമാണെന്ന് നിരീക്ഷണമുണ്ട്. ഇപ്പോഴാവട്ടെ വല്ലപ്പോഴും ഒരു വിളി, എവിടെയാണ്, പിന്നെ കുറച്ച് നേരത്തെ നിശ്ശബ്ദത. ഒന്നോ രണ്ടോ വാക്കിന്റെ കുശലം. ഫോണ്‍ ഡിസ്കണക്ട് ചെയ്യുമ്പോള്‍ കരിച്ചിലു വരുന്നു. അച്ഛനമ്മമാര്‍ വയ്യാതെ ആവുകയും വയസ്സാവുകയും പിന്നെ ഇല്ലാതെയാവുകയും ചെയ്യുമ്പോള്‍ അവര്‍ക്കും വേണ്ടിക്കൂടി നമുക്ക് പരസ്പരം മുറുക്കെ പിടിക്കേണ്ടി വരുമെന്ന് തോന്നുന്നു. ഒരു മേനിക്ക് വേണ്ടി, അതിലൊന്നും കഥയില്ലെന്ന് പലയാവര്‍ത്തി ആണയിട്ടിട്ടുണ്ടെങ്കിലും അത് തന്നെ കഥ - ചോര ചോരയെ തിരിച്ചറിയുന്നു.
മറ്റ് ഏത് ബന്ധം വീണ്ടെടുക്കുന്നതിനെക്കാളും ലളിതമാണ് സഹോദരനിലേക്ക് മടങ്ങുക എന്നത്.
കാലത്തിന് പരിഹരിക്കാവുന്ന പരുക്കുകളേ സഹോദരര്‍ക്കിടയില്‍ ഉള്ളൂവെന്നൊരു തോന്നല്‍ ഇപ്പോള്‍ ഉള്ളില്‍ ശക്തമാണ്. ജീവിതകാലം മുഴുവന്‍ തന്നോട് മത്സരിക്കുകയും കൊടിയ ചതിയില്‍ തന്നെ ആരുമല്ലാത്തവനുമാക്കിയ യാക്കോബിനെ ചങ്കോട് ചേര്‍ത്ത് പിടിച്ച് വാവിട്ട് കരയുന്ന യേശാവിനെ നോക്കൂ. അതിനിടയില്‍ ചേട്ടായീ, നിങ്ങളുടെ മുഖം ഇപ്പോള്‍ ദൈവത്തെ കണക്കാണ് എന്ന അനുജന്റെ പതറിയ സ്വരം കേള്‍ക്കാം. മറ്റ് ഏത് ബന്ധം വീണ്ടെടുക്കുന്നതിനെക്കാളും ലളിതമാണ് സഹോദരനിലേക്ക് മടങ്ങുക എന്നത്. അയാള്‍ നിങ്ങളെ അപമാനിക്കാനൊന്നും പോകുന്നില്ല. കണ്ണ് നിറഞ്ഞിങ്ങനെ ഉറ്റു നോക്കി നില്‍ക്കും. അതില്‍ സമസ്ത ലോകവും വച്ചു നീട്ടിയ കരുണയെക്കാള്‍ അഗാധമായി എന്തോ തിരയിളക്കങ്ങളാണ്. കൂടപ്പിറപ്പേ, കൂടപ്പിറപ്പേ എന്നാണവര്‍ പറയാതെ പറയുന്നത്. കുറച്ചുകാലം താന്‍ പാര്‍ത്തിരുന്ന ഹോസ്റ്റല്‍ല്‍ മുറിയിൽ ഉണ്ടായിരുന്ന ഒരാളെക്കുറിച്ചുള്ള അറിവില്‍ അയാളോട് അഗാധമായ ഹൃദയൈക്യം അനുഭവപ്പെട്ട ഒരു സ്നേഹിതന്‍ എനിക്കുണ്ട്. അയാള്‍ ഭിത്തിയില്‍ കോറിയിട്ട പറ്റുവരവ് കണക്കുകള്‍ വെള്ളപൂശുമ്പോള്‍ മറയരുതെന്ന് നിഷ്കര്‍ഷിക്കുന്ന വിധത്തിൽ അത്രയും അടുപ്പം. ഒരേ ഉദരത്തില്‍ കണ്ണുപൂട്ടി ഉറങ്ങുകയായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ വിത്തും ഭൂമിയും ഒന്നുതന്നെയായിരുന്നു. സഹഉദരം എന്ന വാക്കാണ് ലോപിച്ച് സഹോദരര്‍ ആയി മാറിയത്. ഒരു കാമുകനെപ്പോലും തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് ക്ഷണിക്കുന്ന പാട്ടുകളുടെ പാട്ടിലെ നിത്യ പ്രണയിനിയെ ഓര്‍ക്കുക. അയാളെക്കുറിച്ച് അവളുടെ സങ്കല്പം പോലും അതാണ്. നീയെന്റെ സഹോദരനായിരുന്നെങ്കില്‍. അങ്ങനെയെങ്കിൽ ഒന്നിനെയും ഭയക്കാതെ, ആരെയും ശ്രദ്ധിക്കാതെ ഏതൊരു നിരത്തില്‍ വച്ചും എനിക്കു നിന്നെ ചുംബിക്കാനായേനെ.
പലപ്പോഴും തോന്നിയിട്ടുള്ളത് അതാണ്. ഒരു പെണ്‍കുട്ടി ഒരു പുരുഷനില്‍ തിരയുന്നത് ഒരു സഹോദരനെത്തന്നെയാവണം. അവള്‍ കൈകോര്‍ത്ത് പിടിക്കുമ്പോള്‍ ഒരു അദൃശ്യ രാഖി കൈമാറാന്‍ അവളാഗ്രഹിക്കുന്നുണ്ട്. ആണ്‍ എന്ന നിലയിലെ നമ്മുടെ പണിക്കുഴപ്പം കൊണ്ടായിരിക്കണം നമുക്കതത്ര എളുപ്പത്തില്‍ പിടുത്തം കിട്ടുന്നില്ല. നമ്മള്‍ അതിനെയുഴപ്പി ഒരു വകയാക്കും! അവള്‍ക്കാവശ്യം ചങ്കൂറ്റമുള്ള ഒരാങ്ങളയെയാണെന്ന് സുഗതകുമാരി ടീച്ചറിന്റെ ഒരു കുറിപ്പ് കൗമാരത്തില്‍ വായിച്ച ഒരോര്‍മ്മ ഇനിയും കിടപ്പുണ്ട്. ഇപ്പോഴാണെങ്കില്‍ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് എന്ന ട്രോളുവന്നേനെ.
നോ വുമണ്‍ നോ ക്രൈ, പെണ്ണേ കരയല്ലേ എന്നുറക്കെ പാടുന്ന ബോബ് മാര്‍ലിക്ക് അതറിയാം. ആ പാട്ടിനൊടുവില്‍ അയാള്‍ അവളെ വിളിക്കുന്നത് കണ്ടില്ലേ, ഡാര്‍ലിങ്, ലിറ്റില്‍ സിസ്റ്റര്‍ - സത്യത്തിൽ അയാള്‍ പാടുന്നത് അയാളുടെ പെണ്ണിനോടാണ്.
ഏകദേശം മൂവായിരം വര്‍ഷം പഴക്കമുള്ള ആ പുസ്തകത്തിലെ സാഹോദര്യത്തിനുള്ള വാഴ്ത്ത് നിനവില്‍ വരുന്നു. ഏകമനസ്സോടെ സോദരര്‍ വസിക്കുന്ന ഇടം എത്ര മനോഹരമാണ്. അത് അഹറോന്റെ ശിരസ്സില്‍ നിന്നിറ്റുവീഴുന്ന അഭിഷേക തൈലം പോലെയും ദൂരെ ഹെര്‍മെന്‍ മലമുകളില്‍ പെയ്യുന്ന തുഷാരം പോലെയുമാണ്. അതിന്റെ അര്‍ത്ഥം ഈ മണ്ണിനു മീതെയുള്ള ഏറ്റവും ആത്മപൂരിതവും അഴകുമുള്ള നിലനില്‍പ്പിന്റെ പേരാണ് സാഹോദര്യമെന്ന്. ബൈബിള്‍ മാത്രമല്ലല്ലോ എല്ലാ ഇതിഹാസങ്ങളും സാഹോദര്യ ത്തിന് എത്രയോ സ്തോത്രഗീതങ്ങളാണ് കരുതിവെയ്ക്കുക. സാഹോദര്യത്തിന്റെ സങ്കീര്‍ണ്ണ പഥങ്ങളിലൂടെയുള്ള ചെറുതും വലുതുമായ യാത്രകളായതുകൊണ്ടാവണം ഇതിഹാസങ്ങള്‍ക്കിത്രയും മൊഴിമാറ്റങ്ങള്‍ ഉണ്ടായത്. ചതി, വഞ്ചന, യുദ്ധം, അലച്ചില്‍ എന്നിവയുടെ മാത്രം കഥയായി ഇതിഹാസങ്ങളെ കാണാനാവില്ല.
ഒളിപ്പോരുകളിലൂടെ കുരുതിക്കളങ്ങള്‍ തീര്‍ക്കുന്ന സഹോദരങ്ങള്‍ പുലരുന്ന അതേ കാലം തന്നെ ബന്ധങ്ങളുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള പുറപ്പാടുകളും ആരംഭിക്കുന്നുണ്ട്. എ.കെ.രാമാനുജന്റെ മുന്നൂറു രാമായണങ്ങളെക്കുറിച്ചുള്ള പഠനം സൂചിപ്പിക്കുന്നത് അതാണ്. ബന്ധങ്ങളെക്കുറിച്ച് ആര്‍ദ്രവും തീക്ഷ്ണവുമായ സങ്കല്പങ്ങള്‍ കൊണ്ടു നടന്നിരുന്ന ഓരോ ദേശത്തിനും ഓരോരോ രാമായണങ്ങളുണ്ട്. ബംഗാളി രാമായണം, കമ്പരാമായണം, മാപ്പിള രാമായണം, വയനാടന്‍ രാമായണം etc. അപ്രതീക്ഷിതമായി രാജ്യം നഷ്ടപ്പെട്ട് കാട്ടില്‍ല്‍ അലയേണ്ടിവന്ന രാമന്റെ കാല്‍പാദവും നോക്കി അനുയാത്രയ്ക്ക് തയ്യാറായ ലക്ഷ്മണന്റെ കഠിനവും, ഏകാന്തവുമായ യാത്രകള്‍. ആകസ്മികമായി ലഭിച്ച കിരീടം ഉപേക്ഷിച്ച് രാമന്റെ മെതിയടികളെ സാക്ഷ്യമാക്കി ഭരണം നടത്തിയ ഭരതന്റെ ആത്മസംഘര്‍ഷങ്ങള്‍. കൊട്ടാരത്തിലല്ല അയാള്‍, നദിക്കരയില്‍ കാത്തു നില്‍ക്കുകയാണ് - ജ്യേഷ്ഠന്റെ വരവിനായി. ഇവര്‍ക്കെല്ലാം നീതി ലഭിച്ചോയെന്നത് മറ്റൊരു വിഷയമാണ്. രാമന്റെ യാത്രയില്‍ മനുഷ്യന്‍ മാത്രമല്ല തിര്യക്കുകളും ഏതൊക്കെയോ രീതികളിൽ സാഹോദര്യം പുലര്‍ത്തുന്നുണ്ട്. പ്രകൃതിയുടെ ഇച്ഛ അതാണ്. കൗരവരും കര്‍ണ്ണനും ഹനുമാനും രാമനും അങ്ങനെയങ്ങനെ.... രക്തബന്ധങ്ങളിൽ നിന്ന് പൊടിച്ച സാഹോദര്യം ഒരു ഭാഗത്ത് തകര്‍ന്ന് മുനകളടര്‍ന്നു ചീളുകളായി കിടക്കുമ്പോള്‍ മറുഭാഗത്ത് കര്‍മ്മബന്ധങ്ങളില്‍ നിന്ന് അതിലും തീവ്രമായ സാഹോദര്യം മുള പൊട്ടുന്നതറിയുന്നു. ആ പ്രകൃതിനിയമത്തെ പിന്തുടരുകയാണ് ഇതിഹാസങ്ങള്‍ ചെയ്യുന്നത്. ഒരു കൈകൊണ്ട് പ്രഹരിക്കുമ്പോള്‍ മറുകൈകൊണ്ട് പ്രകൃതി തലോടുകയാണെന്ന് കുമാരനാശാന്റെ സീത തിരിച്ചറിയുന്നത് അതുകൊണ്ടാണ്. എല്ലാ യാത്രകളും ബന്ധങ്ങളിലൂടെ പെരുക്കുന്ന മഹായാനങ്ങളായിത്തീരുന്നു.
ഇത്രയും സക്രാരിയിലേക്ക് ഉറ്റു നോക്കിയിരുന്നിട്ടും അയാൾ എന്തുകൊണ്ട് പുരോഹിത നായില്ല എന്ന ചോദ്യത്തിന് ഇതും ഒരു വിശദീകരണമാണ്. ബ്രദർ എന്ന വിശേഷണത്തി ല്ലാതെ മറ്റൊന്നായും അറിയപ്പെടാൻ അയാൾ ആഗ്രഹിച്ചിട്ടുണ്ടാവില്ല