പൊന്തിഫിക്കൽ അക്കാദമി സമ്മേളനം 
Coverstory

ദൈവശാസ്ത്രത്തിന്റെ വിശാലചക്രവാളങ്ങള്‍

റവ. ഡോ. ജോര്‍ജ് കാരക്കുന്നേല്‍
  • റവ. ഡോ. ജോര്‍ജ് കാരക്കുന്നേല്‍,

    മെമ്പര്‍, പൊന്തിഫിക്കല്‍ അക്കാദമി, റോം

കത്തോലിക്കസഭ തന്റെ ആശയഗതികളും കാഴ്ചപ്പാടുകളും നിരന്തരം പരിശോധനാവിധേയമാക്കുന്നുണ്ട്. അതിനുള്ള വേദിയാണ് ദൈവശാസ്ത്രം പ്രദാനം ചെയ്യുന്നത്. വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്ന പൊന്തിഫിക്കല്‍ അക്കാദമി ഓഫ് തിയോളജി (PATH) കൂടുതല്‍ കരുത്തോടും ഊര്‍ജസ്വലതയോടുകൂടി അതിന്റെ ദൗത്യം നിര്‍വഹിച്ചുകൊണ്ടാണിരിക്കുന്നത്. റോമില്‍ അടുത്തുനടന്ന അക്കാദമിയുടെ സമ്മേളനം അതു വെളിവാക്കുന്നതാണ്. നവീന ആഭിമുഖ്യങ്ങളും ആശയരൂപീകരണങ്ങളുംകൊണ്ട് അതു ശ്രദ്ധേയമായി. ''ദൈവശാസ്ത്രം'' എന്ന സങ്കല്പത്തിനുതന്നെ വിശാലചക്രവാളങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന അവതരണങ്ങളും ചര്‍ച്ചകളുമായിരുന്നു അതു നല്കിയത്.

  • ദൈവശാസ്ത്രവും മനുഷ്യജീവിതവും

ദൈവശാസ്ത്രത്തിന്റെ പ്രസക്തി മനുഷ്യജീവിതത്തിന്റെ രൂപഭാവങ്ങളുമായി ബന്ധപ്പെട്ടതാണ്. ഭൂതകാലത്തില്‍നിന്നും പ്രമാണങ്ങളും തത്വങ്ങളും പെറുക്കിയെടുത്ത് ഇന്നത്തെ മനുഷ്യന്റെ മുമ്പില്‍ വയ്ക്കാനല്ല, പ്രത്യുത, വര്‍ത്തമാനകാലത്തെ സംഭവങ്ങളെയും മാനുഷികാനുഭവങ്ങളെയും പ്രവാചകാത്മാകമായി വ്യാഖ്യാനിക്കുകയാണ് ദൈവശാസ്ത്രദൗത്യം. ദൈവശാസ്ത്ര അക്കാദമി അതിന്റെ നവീകരിച്ച പ്രമാണരേഖയില്‍ത്തന്നെ പ്രസ്താവിച്ചിട്ടുള്ളതാണിത് (Ad Theologam Promovendam,1). അക്കാദമിയെ സംബോധന ചെയ്തു നല്കിയ പ്രഭാഷണത്തില്‍ ലെയോ മാര്‍പാപ്പ ഒരു കാര്യം വ്യക്തമായി പറഞ്ഞു: ''വിശ്വാസത്തിന്റെ പ്രകാശംകൊണ്ട് മനുഷ്യജീവിതത്തിന് വെളിച്ചം കാണിച്ചുകൊടുക്കുകയാണ് ദൈവശാസ്ത്രം. കൂടുതല്‍ സാഹോദര്യവും ഐക്യവും പുലരുന്ന ഒരു ലോകത്തിനുവേണ്ടി നിലകൊള്ളാന്‍ അതിനാകും.''

  • നവമായ സമീപനങ്ങളും ഉള്‍ക്കാഴ്ചകളും

ദൈവശാസ്ത്രത്തിന്റെ വൈജ്ഞാനികലക്ഷ്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് അതു എല്ലാ വൈജ്ഞാനികമേഖലകളോടും തുറവോടെ സഹകരിച്ചുനീങ്ങുമ്പോഴാണ്. ഇതിന് ഇന്റര്‍ഡിസിപ്ലിനറി സമീപനം ആവശ്യമാണെന്ന കാര്യം ആധുനിക ദൈവശാസ്ത്രം അംഗീകരിച്ചതാണ്. എന്നാല്‍ ഇന്റര്‍ഡിസിപ്ലിനറി സമീപത്തെ ട്രാന്‍സ്ഡിസിപ്ലിനറി സമീപനമായി രൂപാന്തരപ്പെടുത്തുന്ന കൂടുതല്‍ നവമായ കാഴ്ചപ്പാട് ഇപ്രാവശ്യം നടന്ന അക്കാദമി സമ്മേളനം ഊന്നിപ്പറഞ്ഞു. ഒരു ശാസ്ത്രശാഖ അതിനപ്പുറം കടന്നു ചിന്തിക്കുകയെന്ന സമീപനം കൂടുതല്‍ ശക്തിയായി അടിവരയിടുകയാണിവിടെ ചെയ്യുന്നത്. കത്തോലിക്ക ദൈവശാസ്ത്രത്തില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള സഹകരണത്തിനും സമന്വയത്തിനും സുദീര്‍ഘമായ ചരിത്രമുണ്ട്.

ലേഖകന്‍ റവ. ഡോ. ജോര്‍ജ് കാരക്കുന്നേല്‍ അക്കാദമി പ്രസിഡന്റ് മോണ്‍ അന്റോണിയോ സ്തലിയാനോടൊപ്പം

ഇന്ന് ദൈവശാസ്ത്രം ഇതരവിജ്ഞാനശാഖകളുമായും കണ്ടുമുട്ടുകയും സംവദിക്കുകയുമാണ് ചെയ്യേണ്ടത്. നിര്‍മ്മിതബുദ്ധിയും (AI) ക്വാണ്ടം സാങ്കേതികവിദ്യകളും ജീവിതത്തിന്റെ ഭാഗമായിതീരുന്ന ഈ കാലത്തു ദൈവശാസ്ത്രവും ഇതരവൈജ്ഞാനികശാഖകളുമായുള്ള സംവാദനവും സഹകരണവും വഴി മനുഷ്യനന്മയ്ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാനാകും.

ദൈവശാസ്ത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പൊന്തിഫിക്കല്‍ അക്കാദമി പ്രസിഡന്റ് ബിഷപ് അന്റോണിയോ സ്തലിയാനോ (Bp Antonio Stagliano) തന്റെ ബോദ്ധ്യം അറിയിച്ചതു ഇപ്രകാരമായിരുന്നു. ''ഭാവിയിലെ ദൈവശാസ്ത്രം ട്രാന്‍സ്ഡിസിപ്ലിനറി (Transdisciplinary) ആകണം. അല്ലെങ്കില്‍, ദൈവശാസ്ത്രം എന്നതേ ഉണ്ടാവില്ല.''

ലോകത്തോടും മനുഷ്യജീവിതത്തോടുമുള്ള ആഭിമുഖ്യം അടിയവരയിട്ടു ചൂണ്ടിക്കാട്ടിയതോടൊപ്പം, ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനം വിശ്വാസമാണെന്നു അക്കാദമി വിലയിരുത്തി. ആ അടിസ്ഥാനം ഇല്ലായെങ്കില്‍, ജനകീയ പ്രശ്‌നങ്ങളും മാനുഷികാനുഭവങ്ങളും വ്യാഖ്യാനിക്കുന്നത് ഉപരിപ്ലവാത്മകത (superficiality) യില്‍, ദൈവശാസ്ത്രത്തെ തളച്ചിടും. അതേസമയം മാനുഷികപ്രശ്‌നങ്ങളോടും ജീവിതാനുഭവങ്ങളോടുമുള്ള അവഗണന ദൈവശാസ്ത്രത്തെ പ്രസക്തിയുടെ തലങ്ങളില്‍നിന്നും വേര്‍പെടുത്തും. നിഷ്ഫലമായ വിവരശേഖരണമായി അതു അവസാനിക്കും.

ക്ലാസ് മുറിയിലെ ദൈവശാസ്ത്രത്തിന്റെ അപാകത ഏറ്റവും സ്പഷ്ടമായി ചൂണ്ടിക്കാട്ടിയത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. അദ്ദേഹം ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളോടു പറഞ്ഞു: ''നിങ്ങള്‍ ഒരുതരം ക്ലാസ്മുറിയിലെ ദൈവശാസ്ത്രംകൊണ്ടു തൃപ്തിപ്പെടരുത്. നിങ്ങളുടെ ചിന്ത ഭൂമിയുടെ അതിര്‍ത്തികള്‍ വരെയെത്തണം. നല്ല ദൈവശാസ്ത്രജ്ഞര്‍ നല്ല അജപാലകരെപ്പോലെ ജനത്തിന്റെയും തെരുവുകളുടെയും ഗന്ധം ഉള്ളവരാകണം. അവരുടെ ചിന്തവഴി മനുഷ്യരുടെ മുറിവുകളില്‍ നല്ല സമറിയാക്കാരനെപ്പോലെ അവര്‍ എണ്ണയും വീഞ്ഞും ഒഴിക്കുന്നു.''

  • ജ്ഞാനം, ഐക്യദാര്‍ഢ്യം, പ്രതിബന്ധത

ദൈവശാസ്ത്രം അനാവരണം ചെയ്യുന്ന അറിവും ഉള്‍ക്കാഴ്ചകളും, സമൂഹത്തിന്റെ ഐക്യദാര്‍ഢ്യവും നന്മയ്ക്കായുള്ള പ്രതിബദ്ധതയും വളര്‍ത്തണം. ദൈവശാസ്ത്രചരിത്രത്തിലെ അവിസ്മരണീയമായ സഭാപിതാക്കന്മാരുടേയും പ്രത്യേകിച്ച് ഹിപ്പോയിലെ അഗസ്റ്റിന്‍, തോമസ് അക്വീനാസ്, അന്റോണിയോ റോസ്മിനി എന്നീ മഹാപണ്ഡിതരുടെയും ദര്‍ശനങ്ങള്‍ ദൈവശാസ്ത്രസമ്മേളനം പഠനവിഷയമാക്കി. അവയെല്ലാം സമകാലികലോകത്തോട് അര്‍ത്ഥവത്തായ രീതിയില്‍ ആശയവിനിമയം ചെയ്യാന്‍ മാതൃകയും പ്രചോദനവുമാണെന്ന് സമ്മേളനം വിലയിരുത്തി.

കാലഘട്ടത്തിന്റെ അസ്തിത്വാത്മകവും ആത്മീയവുമായ ആവശ്യങ്ങളുമായി ദൈവശാസ്ത്രത്തെ ബന്ധിക്കുന്ന അന്വേഷങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കാന്‍ ദൈവശാസ്ത്ര അക്കാദമിയുടെ സമ്മേളനം ശ്രമിച്ചു. അതിനായി ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു. സമ്മേളനത്തിന്റെ അവസാനദിവസം ശാസ്ത്രം, സാങ്കേതികവിദ്യ, മാധ്യമപ്രവര്‍ത്തനം, പൊതുസേവനം, അജപാലനം എന്നീ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചുള്ള വട്ടമേശാചര്‍ച്ച വിശാലലോകത്തോടുള്ള ദൈവശാസ്ത്രത്തിന്റെ ആഭിമുഖ്യവും പ്രതിബദ്ധതയും ഉറപ്പിക്കുന്നതായിരുന്നു.

''വിശ്വാസത്തില്‍നിന്ന് സാഹോദര്യത്തിലേക്ക്'' എന്ന വിഷയം സമാപനസമ്മേളനത്തില്‍ നിറഞ്ഞുനിന്നു. സഭയിലും ലോകത്തിലും, ഐക്യവും സമാധാനവും അതു ലക്ഷ്യമായികണ്ടു. അതിനായി സാഹോദര്യത്തിന്റെയും നീതിയുടെയും പങ്കാളിതഉത്തരവാദിത്വത്തിന്റെയും സംസ്‌കാരത്തിന് രൂപം നല്കാന്‍ വേണ്ടിയ ചിന്തകളും ഉള്‍ക്കാഴ്ചകളും നല്കിക്കൊണ്ടാണ് റോമിലെ പൊന്തിഫിക്കല്‍ അക്കാദമിയുടെ അന്തര്‍ദേശീയ ദൈവശാസ്ത്രസമ്മേളനം സമാപിച്ചത്.

വചനമനസ്‌കാരം: No.217

നിലാവിന്റെ വീട് - 06

വൈക്കം സ്വദേശി സജീഷ് ടോം ബേസിംഗ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയർ

ടെക്നോക്രാറ്റിക് വെട്രി കഴകം ?

“കാര്യം മറന്ന വെറും കളിക്കാരനായ്...”