1950-കളിൽ തന്നെ, മധ്യഭാരതത്തിലേക്ക് മിഷൻ പ്രവർത്തനങ്ങൾക്കായി പോയ സി എം ഐ വൈദികർ ഭാരതീയ സന്യാസ ശൈലികൾ നേരിട്ടു പരിചയിക്കുകയും അവയാൽ ആകർഷിക്കപ്പെടുകയും ചെയ്തിരുന്നു. അതു ഭാരതീയചിന്തയുടെ നവോത്ഥാന കാലമായിരുന്നു. മഹാരാഷ്ട്ര യിലെ സേവാഗ്രാമിലുള്ള ഗാന്ധിയുടെ ആശ്രമവും വിനോബാ ഭാവെയുടെ പൗനാർ ആശ്രമവും മറ്റു ഹൈന്ദവ സന്യാസാശ്രമങ്ങളും അവരുടെ ആത്മീയാന്വേഷണങ്ങളെ സ്വാധീനിച്ചു. അതിനും എത്രയോ മുമ്പ് സി എം ഐ സഭയുടെ സ്ഥാപകരായ ചാവറയച്ചനും പോരൂക്കരയച്ചനും പാലക്കലച്ചനും തങ്ങളുടെ സന്യാസികൾക്ക് ആശ്രമ ജീവിതം തന്നെയാണ് വിഭാവനം ചെയ്തിരുന്നത്. തപസുഭവനം എന്നായിരുന്നല്ലോ അവർ സന്യാസികളുടെ വാസസ്ഥലത്തെ വിശേഷിപ്പിച്ചിരുന്നത്.
ആശ്രമം എന്നതിന് ആ + ശ്രമം അഥവാ തീവ്രമായ ശ്രമം എന്നാണർഥമെന്നു ഫാ. തോമസ് കൊച്ചുമുട്ടം സിഎംഐ വിശദീകരി ച്ചിട്ടുണ്ട്. ഹിമാലയപർവതങ്ങളുടെ താഴ്.വരയിലെ ക്രൈസ്തവ സന്യാസാശ്രമമായ ജീവൻധാരയുടെ ദീർഘകാല ആചാര്യൻ എന്ന നിലയിൽ ആശ്രമജീവിതത്തെ ക്കുറിച്ചു ധാരാളം ചിന്തിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളയാളാണല്ലോ ഫാ. കൊച്ചുമുട്ടം. സ്വന്തം ആന്തരികതയെ മനസ്സിലാക്കാനും അതിന്റെ അനന്തമഹത്വത്തെ അനുഭവിച്ചറിയാനും നടത്തുന്ന തീവ്രാന്വേഷണമാണ് അദ്ദേഹത്തിന്റെ അഭിപ്രായ ത്തിൽ ആശ്രമം. ഒരു കൂട്ടായ്മയുടെ ഒപ്പം ചേർന്ന് ആ ശ്രമം നടത്തുക എന്നതും പ്രധാനമാണ്. ദൈവത്തോടുള്ള ബന്ധത്തിലും കൂടെ ആയിരിക്കു ന്നവരോടുള്ള ബന്ധത്തിലും ആഴപ്പെടാനുള്ള ഒരു വ്യക്തിയുടെ ശ്രമം. സഭയിലും സമൂഹത്തിലും അതിന് അനുയോജ്യമായ ഒരു അന്തരീക്ഷം ഒരുക്കുക ആവശ്യമാണ്. അതാണ് ശരിയായ ആധ്യാത്മികതയും മതാത്മകതയും.
അവനവന്റെ സ്വന്തം ആന്തരികതയുമായി ബന്ധപ്പെട്ടു ചെയ്യുന്ന ശ്രമമാണ് ആശ്രമം എങ്കിൽ, നമ്മൾ മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളെ പരിശ്രമം എന്ന് പറയാം. നമ്മിൽ നിന്ന് പുറത്തേക്കു പോകുന്ന ശ്രമങ്ങളാണ് പരിശ്രമങ്ങൾ. നമ്മുടെ മിക്ക സന്യാസസമൂഹ ങ്ങളും ആശ്രമത്തിന്റെയും പരിശ്രമത്തിന്റെയും ഇടയിലാ ണുള്ളത്. ഒരു വശത്ത് കൂട്ടായ്മ ജീവിതമുണ്ട്. മറുവശത്ത് അവരുടെ സേവന പ്രവർത്തന ങ്ങളുണ്ട്. അതാണ് ആശ്രമവും പരിശ്രമവും.
നമ്മുടെ കൂട്ടായ്മയിലും കുടുംബത്തിലും ദൈവബന്ധത്തിലും മനുഷ്യബന്ധത്തിലും ശക്തിപ്പെടാൻ നാം എടുക്കുന്ന ശ്രമമാണ് ആശ്രമം. ആശ്രമം ദീപ്തമായാൽ പരിശ്രമം ദീപ്തമാകും. പരിശ്രമത്തിന്റെ ഗുണമേന്മയാണ് നമ്മുടെ സ്വാതന്ത്ര്യ മായി അഥവാ വിശ്രമമായി മാറുന്നത്.
സിഎംഐ സന്യാസ സമൂഹ ത്തിന്റെ ആദർശം എന്നത് മൗനമായ മനനവും കർമ്മവും ആണ് (Contemplation and Action). മനനം ആശ്രമത്തിലും കർമ്മം പരിശ്രമത്തിലും വരുന്നു.
ആശ്രമവും പരിശ്രമവും കഴിഞ്ഞാൽ അടുത്തത് വിശ്രമമാണ്. വിശ്രമം എന്നു പറഞ്ഞാൽ വെറുതെയിരിക്കുക എന്നോ ഒഴിവുസമയം ചെലവഴിക്കുക എന്നോ അല്ല, സ്വാതന്ത്ര്യത്തിൽ ജീവിക്കുന്ന സമയമാണ് വിശ്രമം. നാം നമ്മുടെ സമയം നമ്മുടെ സ്വാതന്ത്ര്യത്തിൽ ചെലവഴിക്കുക എന്നതാണ്.
ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ജോലി കഴിഞ്ഞി ട്ടുള്ള സമയമാണ് സ്വന്തം സമയം. നാം ചെയ്യുന്ന പരിശ്രമം ഈ വിശ്രമത്തിലേക്കാണു നയിക്കേണ്ടത്. ബൈബിൾ പാരമ്പര്യത്തിലെ സാബത്ത് സങ്കൽപം ഇതിന് ഉദാഹരണ മാണ്. വിശ്രമത്തിന്റെ മേന്മ നിശ്ചയിക്കുന്നത് നാം ചെയ്യുന്ന പരിശ്രമമാണ്, പരിശ്രമത്തിന്റെ മേന്മ നിശ്ചയിക്കുന്നത് നമ്മുടെ ആശ്രമമാണ്. നമ്മുടെ കൂട്ടായ്മ യിലും കുടുംബത്തിലും ദൈവ ബന്ധത്തിലും മനുഷ്യബന്ധ ത്തിലും ശക്തിപ്പെടാൻ നാം എടുക്കുന്ന ശ്രമമാണ് ആശ്രമം. ആശ്രമം ദീപ്തമായാൽ പരിശ്രമം ദീപ്തമാകും. പരിശ്രമത്തിന്റെ ഗുണമേന്മയാണ് നമ്മുടെ സ്വാതന്ത്ര്യമായി അഥവാ വിശ്രമ മായി മാറുന്നത്. ഈ വിശ്രമത്തി ലെത്താൻ കഴിയുന്നതിലാണ് ഒരു ആധ്യാത്മിക മനുഷ്യന്റെ സവിശേഷത. ശാന്തമായും സ്വസ്ഥമായും നിലകൊള്ളുക. സ്ഥിതപ്രജ്ഞനായിരിക്കുക. സ്ഥിതപ്രജ്ഞൻ സ്വതന്ത്രൻ ആയിരിക്കും. തന്റെ സമയ ത്തിലും ഊർജത്തിലും മറ്റു വിഭവങ്ങളിലുമെല്ലാം അവനു പൂർണ്ണ അധീനതയുണ്ടായിരി ക്കും. അവ ദൈവവുമായി ബന്ധപ്പെട്ടതാകയാൽ അയാൾ ഒന്നിനെയും ഭയപ്പെടാത്തവനുമായിരിക്കും. ടാഗോർ പാടിയതുപോലെ സ്വാതന്ത്ര്യത്തിന്റെ സ്വർഗ്ഗത്തിലേക്ക് ശിരസുയർത്തിപ്പിടിച്ച് നീങ്ങാൻ അയാൾക്ക് സാധിക്കും.
ആശ്രമവും പരിശ്രമവും തമ്മിലുള്ള ഒരു ആശയക്കുഴപ്പം നമ്മുടെ സന്യാസ സമൂഹങ്ങൾക്കുണ്ട്. നമ്മുടെ സന്യാസ സമൂഹങ്ങളുടെ പാർപ്പിടങ്ങളും അവർ നടത്തുന്ന സ്ഥാപനങ്ങളുടെ കെട്ടിട ങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ പറ്റാതായിട്ടുണ്ട്. ദൃശ്യമായ ആവിഷ്കാര ങ്ങൾ എന്ന നിലയിൽ ഇതിനെല്ലാം പ്രാധാന്യമുണ്ട്. ചാവറയച്ചനും മറ്റു സിഎംഐ സ്ഥാപകരും വിഭാവനം ചെയ്തത് തപസ് ഭവനങ്ങൾ ആണെന്നു പറഞ്ഞല്ലോ. ദർശന വീട്, ബേസ് റൗമ തുടങ്ങിയവയാണ് അവർ ഉപയോഗിച്ച പേരുകൾ. പക്ഷേ കൂടുതൽ അജപാലന ശുശ്രൂഷകൾ ചെയ്യേണ്ടതുള്ള ഒരു സാഹചര്യമാണ് അന്ന് അവർ അഭിമുഖീ കരിച്ചിരുന്നത്. ജനങ്ങൾക്കിടയിൽ ഇറങ്ങി ധാരാളം പ്രവർത്തിക്കേണ്ട സാഹചര്യം അന്നുണ്ടായിരുന്നതിനാൽ അവർക്ക് പരിശ്രമം കൂടുതലായി ചെയ്യേണ്ടി വന്നു. പക്ഷേ, സന്യാസ ജീവിതത്തെക്കുറിച്ചുള്ള അവരുടെ ആഗ്രഹങ്ങളും ദർശനവും ഭാവനയും എല്ലാം ആശ്രമം ആയിരുന്നു. സന്യാസ സമൂഹങ്ങളുടെ ആശ്രമങ്ങൾ അവരുടെ പരിശ്രമങ്ങളിൽ നിന്ന് തികച്ചും വേറിട്ടു നിൽക്കേണ്ടവയാണ്. അത് സന്യാസങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളിലും വരേണ്ടതുണ്ട്. സന്യാസിമാർ താമസിക്കുന്ന ഭവനങ്ങളും അവർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും വ്യത്യസ്തങ്ങളായിരിക്കണം.
പൊതുജനങ്ങൾക്കുവേണ്ടി സന്യാസിമാർ നടത്തുന്ന സ്ഥാപനങ്ങൾ ഏറ്റവും മികവുറ്റവ ആയിരിക്കണം. ഉദാഹരണത്തിന് സ്കൂൾ, അല്ലെങ്കിൽ ആശുപത്രി. പക്ഷേ അവരുടെ വാസസ്ഥലം ആശ്രമം ആയിരിക്കണം. തപസ്സുവീട് അല്ലെങ്കിൽ ദർശന വീട്.
പരിശ്രമം തന്നെയാണ് തങ്ങളുടെ ജീവിതം എന്ന ചിന്ത മാറി ആശ്രമമാണ് സന്യാസികളുടെ യഥാർത്ഥ ജീവിതം, അതിന്റെ പ്രധാന ലക്ഷ്യം വിശ്രമമാണ് അഥവാ സ്വതന്ത്രമായ ഒരു അസ്തിത്വമാണ് എന്ന ബോധം ആവശ്യമാണ്. എങ്കിൽ മാത്രമേ സന്യാസി കളുടെ പരിശ്രമം കൂടുതൽ ദീപ്തം ആകുകയും അത് ആളുകൾക്ക് യഥാർത്ഥത്തിൽ ഉപകാരപ്പെടുകയും ചെയ്യുകയുള്ളൂ. സന്യസ്തരുടെ പരിശ്രമങ്ങൾക്ക് ദൈവം ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ഫലപ്രാപ്തി ഉണ്ടാകണമെങ്കിൽ ഇത് ആവശ്യമാണ്.
ഇതിന് ആവശ്യമായ കാഴ്ചപ്പാടുകളും മനോഭാവ ങ്ങളും രൂപീകരിക്കുവാൻ ഒരു ആശ്രമ അന്തരീക്ഷം ആവശ്യമാണ്. സുപ്രധാനമാണ്. അതിനാൽ സന്യാസ സമൂഹങ്ങളും സഭ പൊതുവിലും ഈ ധ്യാനാത്മക ജീവിതത്തെ പ്രോത്സാഹിപ്പിക്കേണ്ട തുണ്ട്. അതിന് കൂടുതൽ ആളുകളെ പ്രോത്സാഹിപ്പി ക്കുകയും നിശ്ശബ്ദതയിലും ബാഹ്യലോക വ്യഗ്രത കളിൽ നിന്നകന്ന ഏകാന്തവാസത്തിലും (Solitude) പ്രാർത്ഥനയിലും ആയിരിക്കുന്ന സമൂഹങ്ങളെ കൂടുതൽ പടുത്തുയർത്തുകയും വേണം.
ഇത്തരം ആശ്രമങ്ങൾ പീഠത്തിന്മേൽ വച്ച വിളക്കു പോലെ മറ്റുള്ളവർക്കു വഴി കാണിക്കുന്നതിന് നമ്മുടെ സഭയിൽ ഉയർന്നുനിൽക്കണം. എല്ലാവർ ക്കും അത് പ്രകാശം പകരണം. ഈ ജീവിതം ഹ്രസ്വകാലത്തേക്കാണെങ്കിലും സ്വയം കാണാനും അനുഭവിക്കാനും ആഗ്രഹമുള്ള വർക്ക് അതിന് അവസരം ഒരുക്കണം. ജീവിതത്തിന്റെ ഏതെങ്കിലു മൊക്കെ ഘട്ടത്തിൽ സഭാമക്കൾക്ക് ഇതുപോലെ മൗനത്തോടും ഏകാകിതയോടും പ്രാർത്ഥനയോടും ആഭിമുഖ്യം ലഭിക്കുന്ന അനുഭവങ്ങൾ കൊടുക്കാൻ കഴിയുന്നതു നല്ലതായിരിക്കും.
പരിശ്രമം തന്നെയാണ് തങ്ങളുടെ ജീവിതം എന്ന ചിന്ത മാറി ആശ്രമം ആണ് സന്യാസികളുടെ യഥാർത്ഥ ജീവിതം, അതിന്റെ പ്രധാന ലക്ഷ്യം വിശ്രമമാണ് അഥവാ സ്വതന്ത്രമായ ഒരു അസ്തിത്വമാണ് എന്ന ബോധം ആവശ്യമാണ്. എങ്കിൽ മാത്രമേ സന്യാസികളുടെ പരിശ്രമം കൂടുതൽ ദീപ്തം ആകുകയും അത് ആളുകൾക്ക് യഥാർത്ഥത്തിൽ ഉപകാരപ്പെടുകയും ചെയ്യുകയുള്ളൂ.
വലിയ സന്യാസ സമൂഹങ്ങൾ സഭയിൽ രൂപപ്പെ ട്ടത് ഇത്തരത്തിലുള്ള മൗന ധ്യാന ജീവിതങ്ങളിൽ നിന്നാണ്. മരുഭൂമിയിലെ പിതാക്കന്മാരുടെ മാതൃക കളും പ്രബോധനങ്ങളും നമ്മുടെ മുമ്പിൽ ഉണ്ടല്ലോ. മലമുകളിൽ പോയിരുന്നു പ്രാർഥിച്ചു എന്ന് കർത്താവിനെക്കുറിച്ച് തന്നെ നാം കേൾക്കുന്നു.
ഈ മലമുകൾ ഒരു പ്രത്യേക അനുഭവമാണ്. ചാവറയച്ചൻ ഉപയോഗിച്ച ബേസ് റൗമ എന്ന വാക്കിന്റെ അർത്ഥവും അതുതന്നെയാണ് - മലമുകളിലെ ഭവനം, ഉയരത്തിൽ നിലകൊള്ളുന്ന ഒരു പ്രകാശഭവനം.
ധ്യാനാത്മക ജീവിതത്തിന്റെ ഭാഗമായി വരുന്ന താണ് സർഗാത്മകത. മൗനധ്യാനത്തിൽ ആയിരി ക്കുന്ന സന്യാസി എന്നതു വെറുതെയിരിക്കാനുള്ള വഴിയല്ല. വചനത്തെക്കുറിച്ചും അതിന്റെ അടിസ്ഥാന ത്തിൽ സമകാലിക സംഭവങ്ങളെക്കുറിച്ചും ആഴ ത്തിൽ ചിന്തിക്കാൻ ആശ്രമങ്ങളിൽ സാധിക്കണം. യാമ പ്രാർത്ഥനകളുടെ പോലും ലക്ഷ്യം അതാണ്. നാം ചൊല്ലുന്ന യാമ പ്രാർത്ഥനകൾ ഒരു യുക്തി യാണ്, വെറുമൊരു ആവർത്തനമല്ല. യാമപ്രാർത്ഥന കളുടെ ആഴത്തിലേക്ക് കടന്നു ചെന്ന് അതിന്റെ ഭാഗമാവുകയും അനുഭവിക്കുകയും ചെയ്യുമ്പോഴാണ് മനനം നടക്കുന്നത്. വൈകാരികമായ ഒരു തൃപ്തിക്കു വേണ്ടി ചെയ്യുന്ന കാര്യമല്ല അത്. അറിയുന്ന സത്യത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അതിന്റെ ഓരോ വശങ്ങൾ ഗ്രഹിക്കാനും ചെയ്യുന്ന പ്രവർത്തനമാണ്. അതും ആശ്രമത്തിന്റെ ഭാഗമാണ്.
ചാവറയച്ചന് വളരെ സർഗാത്മകമായ ഒരു ജീവിതം ഉണ്ടായിരുന്നു എന്നു നമുക്കറിയാം. ധാരാളം സാഹിത്യരചനകൾ അദ്ദേഹം നടത്തിയി രുന്നു. അതാണ് ജനങ്ങൾക്ക് ഏറ്റവും ഉപകാര പ്പെട്ടത്. ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ നിരവധി സാമൂഹ്യ സേവനങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സർഗാത്മക പരിശ്രമങ്ങൾ എന്നെന്നും നിലനിൽക്കുന്നവയാണ്, ജനങ്ങളെ വളരെയേറെ ആകർഷിക്കുന്നവയാണ്. അത്തരം സർഗാത്മക പ്രവർത്തനങ്ങൾ സന്യസ്തരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെങ്കിൽ അതിനുള്ള ഒരു അന്തരീക്ഷം ആവശ്യമാണ്. അതാണ് ഈ ആശ്രമങ്ങളിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത്.
പുരുഷനും പ്രകൃതിയും എന്ന രണ്ടു തത്വങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് കൊച്ചുമുട്ടമച്ചൻ പറയാറുണ്ട്. ഭാരതീയ തത്വചിന്ത യുടെ ഒരു ഭാഗമാണത്. കാലില്ലാത്ത പുരുഷനും കാഴ്ചയില്ലാത്ത സ്ത്രീയും ഒരുമിച്ച് പോകുന്നത് സങ്കൽപ്പിക്കുക. സ്ത്രീക്ക് എവിടെ വേണമെങ്കിലും പോകാം, പക്ഷേ കാഴ്ച ഇല്ലാത്തതിനാൽ വഴിതെറ്റും. പുരുഷനാകട്ടെ എങ്ങും പോകാൻ കഴിയില്ല, പക്ഷേ കാഴ്ചയുണ്ട്. സ്ത്രീ കൊണ്ടുപോവുക യാണെങ്കിൽ വഴികാണിക്കാൻ പുരുഷന് സാധിക്കും. ഇതു നമ്മുടെ പ്രകൃതിയിൽ തന്നെ ഉള്ളതാണ്.
ലക്ഷ്യബോധവും ദർശനവും കൊടുക്കുന്ന തത്വമാണ് പുരുഷൻ. ആശ്രമങ്ങളിലെ ധ്യാനം അഥവാ മനനം എന്നത് ഈ പുരുഷനാണ്. കർമ്മം അഥവാ പ്രേഷിതദൗത്യം എന്നു പറയുന്നത് പ്രകൃതിയാണ്. കർമ്മം പലസ്ഥലങ്ങളിലും കടന്നു ചെല്ലേണ്ടതും സ്വയം അവതരിപ്പി ക്കേണ്ടതും അവതരിക്കേണ്ടതുമാണ്. പക്ഷേ അതിന് കാഴ്ച കുറവാണ്. വഴിതെറ്റി പോകാനുള്ള സാധ്യത യുണ്ട്. കർമ്മത്തിനു കൃത്യമായ വഴി പറഞ്ഞു കൊടുക്കുക എന്നതാണ് ആശ്രമ ജീവിതത്തിലുള്ളവർ ചെയ്യേണ്ടത്. ഞങ്ങളിപ്പോൾ കഴിയുന്ന ജയ്ഹരിഖാലിലെ ജീവൻധാര സി എം ഐ ആശ്രമം ചെയ്യാൻ ശ്രമിക്കുന്നത് അതാണ്. ഇവിടെ ആളുകൾ വരുന്നു, അവർ സ്വയം ധ്യാനത്തിലേർപ്പെടുന്നു, അവരോട് ഞങ്ങൾ സംസാരിക്കുന്നു, അവർ ഞങ്ങളോട് സംസാരിക്കുന്നു. അത് അവർക്ക് (ഒപ്പം ഞങ്ങൾക്കും) അവരുടെ ദർശനങ്ങളിൽ വ്യക്തത നൽകുന്നു. വളരെ ആഴമേറിയ കാര്യങ്ങൾ ഒരു മൈക്ക് കെട്ടിവച്ച് അനേകം പേർക്കായി പറഞ്ഞുകൊടു ക്കാൻ സാധിക്കുകയില്ല. അത് വ്യക്തി ബന്ധത്തിലൂടെ മാത്രമേ ഫലപ്രദമായി വിനിമയം ചെയ്യാൻ സാധിക്കൂ. ക്രിസ്തു തന്റെ അപ്പസ്തോലന്മാരെ പഠിപ്പിച്ചത് അങ്ങനെയാണല്ലോ. അവരുടെ കൂടെ ആയിരുന്ന്, അവരോടൊപ്പം സഞ്ചരിച്ച്, നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടാണ് ക്രിസ്തു അവർക്ക് ഉൾക്കാഴ്ചകൾ പകർന്നത്. അങ്ങനെ ഒരു അധ്യയന രീതിയാണ് ആശ്രമങ്ങളിൽ നടക്കുന്നത്. ജീവിതത്തിലൂടെയാണ് ആശ്രമങ്ങളിൽ പ്രഘോഷണം പ്രധാനമായും നടക്കുന്നത്. അവിടെ ആശയങ്ങൾ വിനിമയം ചെയ്യപ്പെടുന്നത് ഉച്ചഭാഷിണികളിലൂടെ അല്ല, വ്യക്തിബന്ധങ്ങളിലൂടെയാണ്.
1950 കളിലും 1960 കളിലും ഭാരതസഭ യിൽ ഭാരതീയമായ സന്യാസശൈലിയോടുള്ള വലിയ ആകർഷണവും ആഭിമുഖ്യവും പ്രകട മായിരുന്നു. സാംസ്കാരിക ആനുരൂപണത്തിനും സഭ പ്രാധാന്യം നൽകി. പക്ഷേ ആ സാംസ്കാരിക അനുരൂപണത്തിന്റെ ഭാഗമായി സഭയിലേക്കു സ്വീകരിക്കപ്പെട്ടത് ബ്രാഹ്മണിക മായ പ്രതീകങ്ങളായിരുന്നു എന്ന വിമർശനം ഉയർന്നുവന്നു. ഭാരതസംസ്കാരമായി നാം മനസ്സിലാക്കിയത് സവർണസംസ്കാരത്തെയാണ്. അതോടെ, അതിനെതിരായ ദളിത്-ഗോത്ര വിമർശനങ്ങളും ശക്തമായി. അത് ആ ശൈലിയി ലുള്ള ഭാരതീയ സാംസ്കാരിക അനുരൂപണത്തിന്റെ പുരോഗതി സംശയാസ്പദമാക്കുകയും ആശ്രമ അഭിമുഖ്യങ്ങൾ കുറഞ്ഞു വരികയും ചെയ്തു. ഇതിനു സമാന്തരമായി, സീറോ മലബാർ സഭയിൽ പൗരസ്ത്യസഭയുടേതായ തനിമയ്ക്കുവേണ്ടിയുള്ള ഒരു അന്വേഷണം നടന്നു. അതോടെ ഭാരതീയ സാംസ്കാരികാനുരൂപണത്തിനായുള്ള താത്പര്യം പിന്നെയും കുറഞ്ഞു. ഭാരതീയ സന്യാസ സങ്കല്പ ങ്ങളെയും ഭാഷയെയും ഉപയോഗിച്ചുകൊണ്ട് മുന്നേറാനുള്ള സാധ്യത നാം ഉപയോഗിച്ചില്ല. ആ സങ്കല്പങ്ങളെയാണ് നാം ആഴത്തിൽ പഠിക്കുകയും അവതരിപ്പിക്കുകയും ദൈവശാസ്ത്രവൽക്കരിക്കു കയും ചെയ്യേണ്ടിയിരുന്നത്. ബ്രാഹ്മണികമെന്നതി നേക്കാൾ ഭാരതീയമായിരുന്ന ധാരാളം സങ്കൽപ ങ്ങളും അർഥങ്ങളും നമുക്ക് ഉപയോഗിക്കുകയും സ്വാംശീകരിക്കുകയും ചെയ്യാമായിരുന്നു.
ഭാരതീയ ശൈലികളെ ഉപരിപ്ലവമായും അന്ധമായും അനുകരിക്കുമ്പോഴാണ് അതിനെ വെറും അനുകരണം എന്ന് മറ്റുള്ളവർ മനസ്സിലാക്കുന്നത്. ഹൈന്ദവതയിലെ നല്ല കാര്യങ്ങൾ ആരെങ്കിലും സ്വീകരിക്കുകയാണെങ്കിൽ ഒരു യഥാർത്ഥ ഹിന്ദു അതിൽ അഭിമാനിക്കുകയേയുള്ളു. അതാണ് ശരിയായ മതാത്മകത. അതിനുപകരം എന്റേത് അവർ കവർന്നെടുക്കുകയാണ് എന്ന് ചിന്തിക്കുന്നത് വാണിജ്യവൽക്കരി ക്കപ്പെട്ട മതത്തിന്റെ സൂചനയാണ്.
നമ്മുടെ ആരാധനാക്രമത്തിന്റെയും വചന വ്യാഖ്യാനത്തിന്റെയും ഭാഷാ നിലവാരമടക്കം വാസ്തവത്തിൽ ഇക്കാലയളവിൽ താഴേക്കുപോയി. ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷകർ പല സ്ഥലങ്ങളിലും ആശ്രമങ്ങളിലെ സന്യാസികൾ ആണ്. ആ ദൗത്യം നാം തുടരണം. പക്ഷേ ഭാരതീയതയും പൗരസ്ത്യതനിമയും തമ്മിലുള്ള ആശയക്കുഴപ്പത്തിൽ നമ്മൾ ഇക്കാര്യങ്ങളിൽ പിന്നോട്ടു പോയി. കേരളത്തിനു പുറത്ത് ഇപ്പോഴും സഭയെ കാണുന്നത് ഒരു പാശ്ചാത്യസംവിധാനം ആയിട്ടാണ്. പ്രധാന കാരണം അവിടുത്തെ ഭാഷയെയും സംസ്കാരത്തെയും നാമിനിയും അതിന്റെ ആഴത്തിൽ ഉൾക്കൊണ്ടില്ല എന്നതാണ്.
ഭാരതീയ ശൈലികളെ ഉപരിപ്ലവമായും അന്ധമായും അനുകരിക്കുമ്പോഴാണ് അതിനെ വെറും അനുകരണം എന്ന് മറ്റുള്ളവർ മനസ്സിലാക്കുന്നത്. ഹൈന്ദവതയിലെ നല്ല കാര്യങ്ങൾ ആരെങ്കിലും സ്വീകരിക്കുകയാ ണെങ്കിൽ ഒരു യഥാർത്ഥ ഹിന്ദു അതിൽ അഭിമാനിക്കുകയേയുള്ളൂ. അതാണ് ശരിയായ മതാത്മകത. അതിനുപകരം എന്റേത് അവർ കവർന്നെടുക്കുകയാണ് എന്ന് ചിന്തിക്കുന്നത് വാണിജ്യവൽക്കരിക്ക പ്പെട്ട മതത്തിന്റെ സൂചനയാണ്. എന്റെ ഭാഷ മറ്റുള്ളവരും സംസാരി ക്കുന്നു, ഉപയോഗിക്കുന്നു എന്ന് വരുമ്പോൾ യഥാർത്ഥ മതസത്ത യുള്ളവർക്ക് അത് ഇഷ്ടപ്പെടുക യാണ് ചെയ്യുക. അല്ലാതെ എന്റെ ഭാഷ നീ എന്തിനു പറയുന്നു എന്ന് ചോദിക്കുകയല്ല ചെയ്യുക.
നാം അനുകരിക്കാൻ നോക്കുന്നു എന്ന പരിവേഷം മറ്റുള്ളവർക്ക് കിട്ടുന്നു എന്നതും ഇതിലെ ഒരു ഘടകമാണ്. ഇംഗ്ലീഷ് അറിയാത്ത ഒരാൾ ഇംഗ്ലീഷ് അറിയാമെന്ന മട്ടിൽ തെറ്റായ ഇംഗ്ലീഷ് സംസാരിക്കു മ്പോൾ അത് പരിഹസിക്കപ്പെടും. ഉപരിപ്ലവമായ അനുകരണമാ കാതെ, ആത്മാർഥമായ സ്വാംശീകര ണമാകാൻ നമുക്കും സാധിക്കണം.
വർഗീയവാദികൾ ഉന്നയിക്കുന്ന മോഷണം, അനുകരണം തുടങ്ങിയ ആരോപണങ്ങളെ അത് അർഹിക്കുന്ന വിധത്തിൽ നാം തള്ളിക്കളയുക എന്നത് ഒന്നാമത്തെ കാര്യം. അവരുടെ അനുമതിയോ അംഗീകാരമോ നാം തേടുന്നില്ല. ഇവിടെ ജനിച്ചു വളർന്ന നമുക്ക് സ്വന്തമാണ് ഇവിടത്തെ സംസ്കാരവും ഭാഷയും ആത്മീയതയും എല്ലാം. അവയൊന്നും ഏതെങ്കിലും വർഗീയവാദസംഘടനകളുടെ സ്വകാര്യസ്വത്തല്ല. അതേസമയം, ഭാരതീയശൈലികൾ നാം സ്വീകരിക്കേണ്ടത് ഉപരിപ്ലവമായിട്ടല്ല എന്നതും മനസ്സിലാക്കിയിരിക്കണം. ഹിന്ദി ഹൃദയഭൂമിയിൽ താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്യാസ്തർക്ക് നല്ല ഹിന്ദി സംസാരിക്കാൻ കഴിയണം. അതുപോലെയാണ് മറ്റെല്ലാം.
ഈ ഭാരതീയ സംസ്കാരം മറ്റു പലതിൽ നിന്നും നന്മകൾ സ്വീകരിച്ചും സ്വാംശീകരിച്ചും ഉണ്ടായതാണ് എന്നതും മറക്കാൻ പാടില്ല. നമ്മൾ ഒരുകാലത്ത് അത് ഉപയോഗിച്ചില്ല എന്നത് നമ്മുടെ ഭാഗത്ത് വന്ന പിഴവാണ്. നിങ്ങൾ പണ്ട് ഉപയോഗിക്കാതിരുന്നത് കൊണ്ട് ഇനിയും ഉപയോഗിക്കേണ്ട എന്ന് പറയാൻ ആർക്കും സാധിക്കില്ല. ഭാരതീയ സംസ്കാരത്തെയും ശൈലികളെയും ശത്രുതാപരമായി വീക്ഷിക്കുന്നത് സഭയും അവസാനിപ്പിക്കണം. ഇതെല്ലാം അക്രൈസ്തവമാണ് എന്ന ചിന്ത പരത്തരുത്.
നാം ആയിരിക്കുന്ന ഇടത്തെ, അതായത്, ഭാരതത്തിലെ ഭാഷയും സംസ്കാരവും ശൈലികളും ആണ് ഭാരതീയ സന്യസ്തർ സ്വാംശീകരിക്കേണ്ടത്. അല്ലാതെ വേറൊരിടത്തു നിന്നു ഭാഷയും ശൈലിയും ഇറക്കുമതി ചെയ്യുകയല്ല വേണ്ടത്. വിശ്വാസം ജലം പോലെയാണ്. ആയിരിക്കുന്ന പാത്രത്തിന്റെ രൂപം അത് സ്വീകരിക്കണം.
പൗരസ്ത്യ ശൈലിയിലുള്ള സന്യാസാശ്രമങ്ങൾ ഇവിടെ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ആശ്രമജീവിതം പ്രോത്സാഹിപ്പിക്കാനുള്ള ഏതുതരം ശ്രമങ്ങളെയും നാം പിന്തുണയ്ക്കണം. അതിൽ തർക്കമില്ല. ഒരു പരീക്ഷണം എന്ന നിലയിൽ, പക്ഷേ അതിന്റെ ഭാവിയെക്കുറിച്ച് എനിക്ക് സംശയമുണ്ട്. കാരണം ഈ മണ്ണിനു ചേർന്ന ചെടികളാണ് ഇവിടെ നട്ടു വളർത്തേണ്ടത്. അവയ്ക്ക് മാത്രമേ ഇവിടെ വളർന്ന് ഫലം പുറപ്പെടുവിക്കാൻ കഴിയു. നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഇണങ്ങാത്തവ ഇവിടെ ഏറെക്കാലം പിടിച്ചുനിൽക്കുകയില്ല. കേരളത്തിൽ നല്ല മലയാളവും ഉത്തരേന്ത്യയിൽ നല്ല ഹിന്ദിയും ആണ് ആവശ്യം, മറ്റു ഭാഷകൾ അല്ല. അതുപോലെയാണ് ബാക്കി എല്ലാ കാര്യങ്ങളും.
ആശ്രമജീവിതം സഭയിൽ ഇനി വർദ്ധിച്ചുവരും എന്നാണ് തോന്നുന്നത്. പരിശ്രമ മേഖല കുറഞ്ഞു വരികയാണ്. ആളുകൾ, ശേഷി, ആഭിമുഖ്യം എന്നിവയെല്ലാം പരിശ്രമ മേഖലയിൽ നമുക്ക് കുറയും. സമൂഹത്തിൽ പരിശ്രമത്തിന്റെ ആവശ്യവും കുറഞ്ഞു വരും. അപ്പോൾ സ്വാഭാവികമായി നമ്മൾ ആശ്രമത്തിലേക്ക് തിരിയും. സഭയുടെ ചരിത്രത്തിൽ ഇതു വളരെ വ്യക്തമാണ്. അപ്പോഴാണ് സന്യാസികൾ മരുഭൂമി അന്വേഷിച്ച് അല്ലെങ്കിൽ മലമുകൾ അന്വേഷിച്ച് പോകുന്നത്. ഇതൊരു ചാക്രിക പ്രതിഭാസം ആണ്. സഭ ഇത് മനസ്സിലാക്കുന്നുണ്ട്. ഭക്തി കേന്ദ്രീകൃതമായ മതാത്മകതയ്ക്കു പകരം ഇത്തരത്തിൽ ആഴമേറിയ മനനത്തിനും പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകുന്ന സന്യാസത്തെ സഭ പ്രോത്സാഹിപ്പിക്കണം. വൈകാരികമായ ഭക്തിപ്രകടനങ്ങളിൽ അധിഷ്ഠിതമായ ആധ്യാത്മികതയേക്കാൾ ഗാഢമായ മൗനധ്യാനത്തെ അധിഷ്ഠിതമാക്കിയ ആധ്യാത്മികത സഭയിൽ വളരണം.
ധ്യാനാശ്രമങ്ങൾ എന്ന പേരിൽ സ്ഥാപിതമാകുന്ന ആശ്രമങ്ങളിലെ ജീവിതം മുഴുവൻ സമയവും പ്രാർത്ഥനയ്ക്കുവേണ്ടി ചെലവഴിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല. ധ്യാനജീവിതം എന്ന സങ്കൽപത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽ നിന്നാകാം പ്രാർഥനക്കു മാത്രമായുള്ള സ്ഥാപനങ്ങൾ എന്ന ചിന്ത വരുന്നതെന്നു തോന്നുന്നു. ആശ്രമങ്ങളിലെ മൗനമായ മനനത്തിന്റെ ഫലമായി ദർശനങ്ങൾ ഉണ്ടാവുകയും ആ ദർശനങ്ങൾ പുറംലോകത്തേക്ക് പകർന്നു കൊടുക്കാൻ പറ്റുകയും വേണം. ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതുമല്ല. ആശ്രമ ജീവിതത്തെ നിലനിർത്തുന്നത് അവിടത്തെ കൂട്ടായ്മയാണ്. ആശ്രമത്തിൽ ഒരാൾ ഒറ്റയ്ക്കാണെങ്കിൽ അതിന്റെ അച്ചടക്കം ഒരുപാട് കാലം ആരും പിന്തുടരുകയില്ല. ഒരു കൂട്ടായ്മ ഉണ്ടാകുമ്പോൾ പരസ്പരം പിന്തുണയ്ക്കുകയും കരുതുകയും ചെയ്യും. ഏകാന്ത സന്യാസം എന്നാൽ ഒറ്റയ്ക്കായിരിക്കുക എന്നല്ല, ചിന്തകളിൽ ഒറ്റയ്ക്കാകുക, അവനവന്റെ ആന്തരികത തേടുക എന്നതാണ്. ആ ശ്രമം, അതായത് ആശ്രമം നിലനിൽക്കുന്നതും അതിനെ സംരക്ഷിക്കുന്നതും കൂട്ടായ്മയാണ്.
വർഗീയവാദികൾ ഉന്നയിക്കുന്ന മോഷണം, അനുകരണം തുടങ്ങിയ ആരോപണങ്ങളെ അത് അർഹിക്കുന്ന വിധത്തിൽ നാം തള്ളിക്കളയുക എന്നത് ഒന്നാമത്തെ കാര്യം. അവരുടെ അനുമതിയോ അംഗീകാരമോ നാം തേടുന്നില്ല. ഇവിടെ ജനിച്ചു വളർന്ന നമുക്ക് സ്വന്തമാണ് ഇവിടത്തെ സംസ്കാരവും ഭാഷയും ആത്മീയതയും എല്ലാം. അവയൊന്നും ഏതെങ്കിലും വർഗീയ വാദ സംഘടനകളുടെ സ്വകാര്യസ്വത്തല്ല. അതേസമയം, ഭാരതീയശൈലികൾ നാം സ്വീകരിക്കേണ്ടത് ഉപരിപ്ലവമായിട്ടല്ല.
(ഹിമാലയസാനുക്കൾ ദർശനം നൽകുന്ന ജയ്ഹരിഖാലിൽ, വാഹനങ്ങൾ കടന്നുചെല്ലാത്ത ഒരു മലമുകളിൽ സ്ഥിതിചെയ്യുന്ന ആശ്രമമാണ് ജീവൻധാര. വന്ദന മാതാജി എന്നറിയപ്പെട്ട സന്യാസിനി ആരംഭിച്ച ആശ്രമം പിന്നീട് സിഎംഐ സഭാംഗമായ ഫാ. തോമസ് കൊച്ചുമുട്ടത്തെ ഏൽപ്പിക്കുകയായിരുന്നു. നീണ്ട പതിറ്റാണ്ടുകൾ അവിടെ ആചാര്യനായിരുന്നുകൊണ്ട് ഭാരതീയ ശൈലിയിലുള്ള ഒരു സന്യാസശൈലി ഫാ. കൊച്ചുമുട്ടം ജീവൻധാരായിൽ രൂപപ്പെടുത്തിയെടുത്തു. സി എം ഐ ബിജ്നോർ പ്രൊവിൻസിലെ ഫാ. വർഗീസ് കൈതാരൻ, ഫാ. ടോം മുണ്ടാടൻ, ലേഖകൻ എന്നിവരാണ് ഇപ്പോൾ ജീവൻധാര ആശ്രമത്തിലെ അംഗങ്ങൾ. ബെൽജിയം ലുവൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഐക്കണുകളെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ലേഖകൻ തിരുച്ചിത്രധ്യാനം എന്ന ധ്യാനരീതി ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യയിലും പുറത്തുമുള്ള വിവിധ സെമിനാരികളിൽ ഏസ്തെറ്റിക്സും അനുബന്ധവിഷയങ്ങളും പഠിപ്പിക്കുന്നു.)