ഒരു വാഴ്വ്... പല ജീവിതങ്ങൾ

ഒരു വാഴ്വ്... പല ജീവിതങ്ങൾ
Published on
  • മുഹമ്മദ്‌ മുബാറക്ക്‌ - പാക്കിസ്ഥാനി

എന്റെ ഒപ്പം ജോലി ചെയ്യുന്ന പാകിസ്താന്‍ സുഹൃത്ത്. ഗണിതശാസ്ത്ര അധ്യാപകനാണ് അദ്ദേഹം. വിവാദ വിഷയങ്ങള്‍ സംസാരിക്കാതിരിക്കുക എന്ന മാന്യത ഞങ്ങള്‍ പരസ്പരം കാണിക്കാറുണ്ട്. ഒരു മുതിര്‍ന്ന ജ്യേഷ്ഠ സഹോദരനാണ് അയാള്‍ എനിക്ക്. മികച്ച വായനയും ചിന്താശേഷിയും ഉള്ള ആള്‍. പെട്ടെന്ന് പൈസയ്ക്കല്‍പ്പം ആവശ്യം വന്നാല്‍ ധൈര്യമായി സമീപിക്കാന്‍ പറ്റുന്ന അപൂർവ സുഹൃത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം പുള്ളി എന്നോട് ചോദിച്ചു, “ഇനിയൊരു യുദ്ധമുണ്ടാകുമെങ്കില്‍ അതാര് തമ്മിലാകും എന്നാണു നിനക്ക് തോന്നുന്നത്..?” ഞാന്‍ പറഞ്ഞു, “നമ്മള്‍ തമ്മില്‍... അല്ലെങ്കില്‍ മുസ്ലീം ക്രിസ്ത്യന്‍ രാജ്യങ്ങള്‍ തമ്മില്‍.” പുള്ളി നിഷേധാർത്ഥത്തില്‍ തലയാട്ടി. അല്ല മിസ്റ്റര്‍ ഞങ്ങള്‍, തമ്മില്‍ തല്ലി മരിക്കും. സ്വന്തം ജനങ്ങള്‍ തമ്മില്‍... അതിന്റെ അടുത്ത കൊല്ലം മുല്ലപ്പൂ വിപ്ലവങ്ങളും സുന്നി-ഷിയാ തര്‍ക്കങ്ങളും, പശ്ചിമേഷ്യയുടെ അശാന്തിയുടെ ദിനങ്ങളും പുനരാരംഭിച്ചു. പുഴകളില്ലാത്ത നാട്ടില്‍ ചോര, ചാലുക്കീറി ഒഴുകിക്കൊണ്ടേയിരിക്കുന്നു.

  • അഹമദ്ദ് മുത്താവ - ഈജിപ്ഷ്യന്‍

ഞങ്ങടെ സെക്യൂരിറ്റിക്കാരനാണ്. എപ്പോഴും നിറഞ്ഞ ചിരിയോടെ സലാം പറയും. “ഹോവാര്‍യൂ” എന്ന് ചോദിക്കും. “ഫൈന്‍” എന്ന് പറഞ്ഞാല്‍ ഉടന്‍ അടുത്ത ചോദ്യം വരും, “മിയാ മിയാ... ഓര്‍ കംസൂന്‍ കംസൂന്‍..?” (നൂറു ശതമാനവും സുഖമാണോ അതോ അമ്പതോ? കളി പറയുന്നതാണ്) ചിരി മാത്രം ഉത്തരം നല്‍കും ഞാന്‍. ഒരിക്കല്‍ എന്റെ കൈപിടിച്ചിട്ടു അറിയാവുന്ന ഇംഗ്ലീഷില്‍ പുള്ളി പറഞ്ഞു., “എനിക്ക് നിന്നോട് ഒത്തിരി സംസാരിക്കണമെന്നുണ്ട്. കാരണം, നീ മാത്രമാണ് എന്നോട് എന്തെങ്കിലും സ്നേഹത്തോടെ സംസാരിക്കാറുള്ളൂ... പക്ഷെ എനിക്ക് ഇംഗ്ലീഷ് അറിയില്ല. നീ വേഗം അറബി പഠിക്കണം.” അറബ് വസന്തത്തിനു മുമ്പ് നാട്ടിലേക്കു പോയ മുത്താവ പിന്നെ തിരിച്ചു വന്നില്ല. മറ്റു സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ കലാപത്തില്‍ അയാളുടെ ഗ്രാമം ഒന്നടങ്കം തകര്‍ക്കപ്പെട്ടുവത്രേ..

കാണാതായ അനേകരില്‍ അയാളുമുണ്ടെന്ന്..!

  • അബ്ല മലാക്ക് - ഫലസ്തീനി-ഗാസ

അബ്ല എന്നു അറബിയില്‍ പറഞ്ഞാല്‍ ടീച്ചര്‍ എന്നര്‍ത്ഥം. ഏകദേശം അമ്പത് വയസ്സ് പ്രായമുണ്ടാകാം. ഒരിക്കല്‍ അവരെ നോക്കി ഞാന്‍ പറഞ്ഞു, “നിങ്ങളെ കാണുമ്പോള്‍ സിനിമകളില്‍ പരിചയിച്ച യേശുക്രിസ്തുവിന്റെ അമ്മയുടെ രൂപം - മറിയത്തെ - ഓർമ്മ വരുന്നു.” ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു, “പ്രവാചകന്‍ എന്റെ നാട്ടുക്കാരനല്ലേ...അപ്പൊ അവന്റെ അമ്മയും ഞാനും ഒരുപോലെ തോന്നാം.” ചിരിക്കുമ്പോഴും ദുഃഖം ഘനീഭവിച്ചു കിടക്കും അവരുടെ മുഖത്ത്. അതെ മക്കളെ നഷ്ട്ടപ്പെട്ട അമ്മമാര്‍ക്ക് പുത്തന്‍ പാനയിലെ - അമ്മയുടെ ഭാവമാണല്ലോ അല്ലേ!

  • ഷഹ്മീന - ഇന്ത്യന്‍ - (കാഷ്മീരി)

ഒരിക്കലും അവര്‍ ഇന്ത്യക്കാരിയെന്നു പറയാറില്ല, കാഷ്മീരിയെന്നു മാത്രം പറയും. ആദ്യമൊക്കെ അവരോടു വഴക്കിടാനും തര്‍ക്കിക്കാനും എനിക്ക് വലിയ താല്പര്യമായിരുന്നു. നിനക്കത് മനസ്സിലാവില്ല സന്തോഷ്‌... കോളേജിലേക്കുള്ള വഴിയില്‍ പല ചെക്ക് പോസ്റ്റുകള്‍ കടന്നുപോകേണ്ടിവന്നിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. നിങ്ങള്‍ ആണുങ്ങള്‍ എന്നും എവിടെയും ആണുങ്ങളാണ്, അവരേത് യൂണിഫോം ധരിച്ചാലും... പരിശോധനകള്‍ക്ക് വിധേയപ്പെട്ട്‌ നില്‍ക്കേണ്ടിവരുമ്പോള്‍ ഞാനും അനുജത്തിയും മുഖത്തോടു മുഖം നോക്കാതെ തിരിഞ്ഞു നില്‍ക്കുമായിരുന്നു. പെണ്ണായി പിറന്നതിലും അതിലുപരി കാഷ്മീരിയായതിലും സ്വയം ശപിച്ച്. ദേശസ്നേഹത്തിന്റെ തോത് മാത്രം പോരാ മനുഷ്യനെ മനസ്സിലാക്കാന്‍.

  • സാറ - സിറിയന്‍ പെണ്‍കുട്ടി

പന്ത്രണ്ട് വയസ്സുകാരിയായ സിറിയന്‍ പെണ്‍കുട്ടി. സാറയും കുടുംബവുമാണ് ഞങ്ങളുടെ അടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. എന്റെ മനുവും ചിമ്മുവും അവളും തമ്മില്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്കും കളികള്‍ക്കും അവര്‍ ഏതു ഭാഷയാണ്‌ ഉപയോഗിക്കുന്നുണ്ടാവുക..? അവര്‍ ചിരിക്കുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യുന്നത് ഞാന്‍ കാണാറുണ്ട്. എന്നും എല്ലാ കുട്ടികളും കയറിപ്പോയതിനുശേഷം മാത്രമാണ് അവളും സഹോദരനും കളിക്കാനിറങ്ങുക. അന്നേരം എന്റെ വാതിലില്‍ ഒരു ചെറിയ മുട്ട് കേള്‍ക്കാം...

“ഷിമ്മൂ... മിനൂ...” അവര്‍ എന്റെ മക്കളെ കളിക്കാന്‍ വിളിക്കാണ്.

  • ഗള്‍ഫ് ബാലേട്ടന്‍

വെള്ളിയാഴ്ച ഒരു ദിവസത്തെ അവധിയുടെ ആര്‍ഭാടത്തില്‍, വ്യാഴാഴ്ച വല്ലാതെ വൈകി ഉറങ്ങാന്‍ കിടക്കുന്നവരാണ് ശരാശരി പ്രവാസികള്‍. അതുകൊണ്ട് തന്നെ പ്രാതലും, ഉച്ചഭക്ഷണവുമെല്ലാം ചിലപ്പോഴൊക്കെ ഹോട്ടലില്‍ നിന്ന് വരുത്തിക്കും. പതിവായി ഭക്ഷണം കൊണ്ടുവന്ന് തരുന്ന വൃദ്ധനായ ആ മനുഷ്യന്‍ തന്നെയാണ് ഇന്നും വന്നിട്ടുള്ളത്. മലയാളിയാണ്. ചെറിയ കുശലം സദാ പതിവുണ്ട്. ‘ഇനി കാണാന്‍ ഇടയില്ല. ഇന്ന് നാട്ടിലേക്ക് പോവുകയാണ്. ഇനിയൊരു മടക്കമില്ല.’ നീണ്ട 43 വര്‍ഷങ്ങളുടെ പ്രവാസവും അദ്ധ്വാനവും, ശരീരത്തെയും മുഖത്തേയും മാത്രമല്ല, അയാളുടെ മനസ്സിനെയും തളര്‍ത്തിയിട്ടുണ്ട്. ഒരുപക്ഷെ അയാള്‍ ഭാഗ്യവാനാണ്. മടങ്ങിച്ചെല്ലാന്‍ അയാള്‍ക്കൊരു ഇടമുണ്ട്. അതുപോലുമില്ലാതെ, ഇവിടെ തന്നെ ഒടുങ്ങുന്ന എത്രയോ നിര്‍ഭാഗ്യ ജന്മങ്ങള്‍... (അല്ല ഗള്‍ഫുകാരായ ധനികന്മാര്‍!)

  • പേരറിയാത്ത ഒരു സുഡാനി... അതോ എത്യോപ്യനോ?

സ്കൂളിലെ ഇൻസ്പെക്ഷനും മീറ്റിംഗുകള്‍ക്കുംശേഷം ക്ഷീണിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് എതിരെ നിന്ന് വല്ലാത്ത ധൃതിയില്‍ ഒരു കറുത്തു മെലിഞ്ഞ് ഉയരം കൂടിയ ഒരാള്‍ വരുന്നത് കണ്ടത്.

റോഡ്‌ വിജനമാണ്. കഴിഞ്ഞ ദിവസം അതേ റോഡില്‍ നടന്ന ‘തട്ടിപ്പറിക്കല്‍’ ലൈവായി കണ്ടതുകൊണ്ട് ഉള്ളില്‍ ഒരു ഭയം തോന്നി. ഞാന്‍ നടത്തം സാവധാനത്തിലാക്കി. പെട്ടെന്ന് റോഡിലേക്ക് കുനിഞ്ഞ് “ഹറാം... ഹറാം...” എന്നും പറഞ്ഞ് അയാള്‍ എന്തോ എടുക്കുന്നത് കണ്ടു.

ആരോ വഴിയില്‍ ഉപേക്ഷിച്ചുപോയ ഖുബ്ബൂസിന്റെ കവറാണ്, ഇപ്പോള്‍ അയാളുടെ കയ്യില്‍. ഭക്ഷണം മണ്ണില്‍ എറിഞ്ഞുകളയുന്ന പാപം അയാള്‍ക്ക് പൊറുക്കാനാവുന്നതല്ല. എന്നെ നോക്കി അയാള്‍ ഒന്ന് പുഞ്ചിരിച്ചു. ഞാനും.

logo
Sathyadeepam Online
www.sathyadeepam.org