വിശുദ്ധ അത്തനേഷ്യസ് (295-373) : മെയ് 2

വിശുദ്ധ അത്തനേഷ്യസ് (295-373) : മെയ് 2
നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കാതിരുന്നതുകൊണ്ടുമാത്രം അതു ധര്‍മ്മവും നീതിയുമാവില്ല. വേണ്ടപ്പോള്‍ നന്മ പ്രവര്‍ത്തിക്കാതിരിക്കുന്നതും തിന്മയാണ്.
വി. അത്തനേഷ്യസ്‌

ക്രിസ്തുമതത്തിന്റെ ആരംഭകാലത്തെ ശക്തനായ ഒരു വക്താവാണ് വി. അത്തനേഷ്യസ്. ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയയാണ് ജന്മദേശം. മാതാപിതാക്കള്‍ പ്രസിദ്ധരായ ക്രിസ്ത്യാനികള്‍ ആയിരിക്കാം. ഏതായാലും അലക്‌സാണ്‍ഡ്രിയായില്‍ അത്തനേഷ്യസിന് ഉന്നതമായ വിദ്യാഭ്യാസം ലഭിച്ചു. അന്ന് ഒന്നാന്തരം വ്യവസായകേന്ദ്രവും വിജ്ഞാനത്തിന്റെ കലവറയുമാണ് അലക്‌സാണ്‍ഡ്രിയ. യുവാവായിരിക്കുമ്പോള്‍ ത്തന്നെ അഗാധമായ ഭക്തിയും വിജ്ഞാനവുംകൊണ്ട് അത്തനേഷ്യസ് ശ്രദ്ധേയനായി. അങ്ങനെ, ഡീക്കനായിരുന്നപ്പോള്‍ത്തന്നെ, അലക്‌സാണ്‍ ഡ്രിയായുടെ പാട്രിയാര്‍ക്ക് ബിഷപ്പ് അലക്‌സാണ്ടറിന്റെ സെക്രട്ടറിയും ദൈവശാസ്ത്രം സംബന്ധിച്ച ഉപദേശകനുമായി തിരഞ്ഞെടുക്കപ്പെട്ടു. 325-ല്‍ ബിത്തീനിയ (ഏഷ്യാമൈനര്‍)യില്‍ ചേര്‍ന്ന പ്രസിദ്ധമായ നിഖ്യാ (ടര്‍ക്കി) സൂനഹദോസില്‍ പങ്കെടുക്കാന്‍ അത്തനേഷ്യസിനെയും അയച്ചിരുന്നു. ആ സൂനഹദോസിലാണ് ആരിയൂസിന്റെ പാഷണ്ഡതയെ എതിര്‍ത്തു തോല്പിക്കുകയും ക്രിസ്തുവിന്റെ ദൈവത്വത്തിന് അംഗീകാരം നേടിയെടുക്കുകയും ചെയ്തത്. വൃദ്ധനായ ആര്‍ച്ചുബിഷപ്പ് അലക്‌സാണ്ടറിനുവേണ്ടി അന്നു കൗണ്‍സിലില്‍ സംസാരിച്ചത് അത്തനേഷ്യസാണ്. ഗലേറിയന്‍ സഭാപീഡനകാലത്ത് പരുക്കേറ്റ ആര്‍ച്ചുബിഷപ്പ് മുടന്തനായി മാറിയിരുന്നു. 328-ല്‍ അദ്ദേഹം ദിവംഗതനായി. വെറും 33 വയസ്സുണ്ടായിരുന്ന അത്തനേഷ്യസ് ഏകകണ്ഠമായി ആര്‍ച്ചുബിഷപ്പിന്റെ പിന്‍ഗാമിയായി നിയമിതനായി.

43 വര്‍ഷം അത്തനേഷ്യസിന്റെ ഔദ്യോഗികജീവിതം നീണ്ടുനിന്നു. ആരിയന്‍ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചിരുന്നില്ല. അവര്‍ അത്തനേഷ്യസിനെ തിരെ നിയമയുദ്ധം നടത്തി അദ്ദേഹത്തെ തടവിലാക്കുകയും നാടുകടത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹം തടവില്‍ കഴിയേണ്ടിവന്നത് 17 വര്‍ഷമാണ്. അലക്‌സാണ്‍ഡ്രിയയില്‍നിന്നു നാടുകടത്തപ്പെട്ടത് അഞ്ചുപ്രാവശ്യമാണ്. ഈ സമയമെല്ലാം, അദ്ദേഹം അക്ഷോഭ്യനായി ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ വക്താവായി നിലകൊണ്ടു. ശത്രുവിനെ നിഗ്രഹിക്കാനോ അധിക്ഷേപിക്കാനോ ശ്രമിക്കാതെ, എല്ലാം ക്ഷമിച്ച്, സഹിച്ച്, ശത്രുവിനെ സ്‌നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യനായി നിലകൊണ്ടു. ക്ഷമയും കരുണയുംകൊണ്ട് ശത്രുവിനെ കീഴടക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സ്വതവേ അദ്ദേഹത്തിനുണ്ടായിരുന്ന നര്‍മ്മബോധം നഷ്ടപ്പെടാതെ, അദ്ദേഹം സൂക്ഷിക്കുകയും ചെയ്തു. പലപ്പോഴും, തുളച്ചുകയറുന്ന നര്‍മ്മപ്രയോഗങ്ങള്‍ എതിരാളികളെ നിര്‍വീര്യരാക്കിയിരുന്നു. ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ അമ്പതുവര്‍ഷം കത്തോലിക്കാ വിശ്വാസം സംരക്ഷിക്കാനായി പൊരുതിയ ധീരനായ ഒരു പടയാളിയായിരുന്നു അത്തനേഷ്യസ്. രക്തസാക്ഷിത്വമാണ് അദ്ദേഹം മുന്നില്‍ കണ്ടിരുന്നതെങ്കിലും, അദ്ദേഹത്തിന്റെ അവസാനവര്‍ഷങ്ങള്‍ വളരെ ശാന്തമായിരുന്നു. അങ്ങനെ 78-ാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു.

പണ്ഡിതനായ അദ്ദേഹം അനേകം ദൈവശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ്. അദ്ദേഹം നന്നേ ചെറുപ്പത്തില്‍ രചിച്ചതാണ്. "On the Incarnation" എന്ന കൃതി. അന്നദ്ദേഹം വെറും ഡീക്കനാണ്. മൂന്നാ മത്തെ നാടുകടത്തല്‍ സമയത്ത് തടവില്‍ കഴിഞ്ഞപ്പോള്‍ രചിച്ചതാണ് "History of the Arians." ഈജിപ്ഷ്യന്‍ മരുഭൂമിയില്‍ ഏതാനും സന്ന്യാസി മാരുടെ കൂടെ താമസിച്ചാണ് ആ രചന പൂര്‍ത്തിയാക്കിയത്. "Life of St. Antony" എന്ന പ്രസിദ്ധമായ കൃതി അനേകരെ സന്ന്യാസ ജീവിതം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ചരിത്രം പറയുന്നു.

Related Stories

No stories found.